മോശം പ്രസിദ്ധി എന്നൊന്നില്ല; അതുകൊണ്ട് നമുക്ക് തുറിച്ചുനോട്ടത്തെ കുറിച്ച് സംസാരിക്കാം 

നോട്ടത്തിനും തുറിച്ചുനോട്ടത്തിനുമിടയിലെ അതിർവരമ്പ് വളരെ നേർത്തതാണ്. അതിനെക്കുറിച്ച് ഭൂരിപക്ഷം പേരും ബോധവാന്മാരല്ലതാനും. നോട്ടം എങ്ങനെയാണ് തുറിച്ചുനോട്ടമാകുന്നതെന്നും അത് മറ്റൊരാൾക്ക് അലോസരമുണ്ടാക്കുന്ന വിധമാകുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഡാ ലി എഴുതുന്നു.

മോശം പ്രസിദ്ധി എന്നൊന്നില്ല; അതുകൊണ്ട് നമുക്ക് തുറിച്ചുനോട്ടത്തെ കുറിച്ച് സംസാരിക്കാം 

ഡാ ലി

ഭാഷയിൽ വ്യത്യസ്തമായ അർത്ഥങ്ങളോടെ ഉപയോഗിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് നോട്ടവും തുറിച്ചുനോട്ടവും. ലിംഗവർണ്ണ വ്യത്യാസമന്യേ തുറിച്ചുനോട്ടം, അതിന് ഇരയാക്കുന്നവരെ അസ്വസ്ഥരാക്കാൻ  14 സെക്കന്റ് പോയിട്ട് രണ്ട് സെക്കന്റ് പോലും വേണ്ട. ഒട്ടുമിക്ക ജനങ്ങളും ഒരിക്കലെങ്കിലും ഈ അസ്വസ്ഥത സ്വന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും.

തുറിച്ചുനോട്ടത്തിന് വിധേയരായിട്ടുള്ള സ്ത്രീകളിൽ പലരും അതുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ പലവിധത്തിലും അനുഭവിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രസ്താവന പുറത്തുവരുന്നത്. പൊതുസ്ഥലത്തെ തുറിച്ചുനോട്ടങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥരായിട്ടുള്ള സ്ത്രീകൾ ഈ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതാണ് ആദ്യഘട്ടത്തിൽ കണ്ടതെങ്കിൽ പിന്നീട് ട്രോളുകളുടെ പ്രളയമായിരുന്നു.


ഋഷിരാജ് സിംഗ് പറഞ്ഞത് 14 സെക്കന്റ് തുറിച്ചു നോക്കിയാൽ പെൺകുട്ടിയ്ക്ക് പരാതിയുണ്ടെങ്കിൽ (ശ്രദ്ധിക്കുക പെൺകുട്ടിയുടെ സമ്മതമാണ് പ്രധാനം) കേസെടുക്കാമെന്നാണ്. അദ്ദേഹം പറയുന്നത്  ലൈംഗികാതിക്രമത്തിന്റെ പട്ടികയിൽ പെടുത്താവുന്ന തുറിച്ചുനോട്ടത്തെക്കുറിച്ചാണ്. അസ്വസ്ഥതയുണ്ടാക്കുന്ന തുറിച്ചുനോട്ടങ്ങൾ വേറെയുമുണ്ട്. സമൂഹം പുരോഗമനപരമാകണമെങ്കിൽ ആ നോട്ടങ്ങളും  ഒഴിവാക്കണം.

ഉദാഹരണത്തിനു പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയെ തുറിച്ചുനോക്കുന്നവരുണ്ട്. ആ നോട്ടം കുട്ടിയുടെ മാതാപിതാക്കളിലുണ്ടാക്കുന്ന  മാനസികസംഘർഷത്തെ കുറിച്ച് നോക്കുന്നവർ ഓർക്കുന്നേയില്ല.  കറുത്ത ശരീരങ്ങളോടും  ഭിന്നശേഷിയോടും വിഭിന്ന ലൈംഗികതയോടുമൊക്കെയുളള  സമൂഹത്തിന്റെ പ്രതിലോമകരമായ നിലപാട് ഏറ്റവും ആദ്യം പ്രകടമാകുന്നത് തുറിച്ചുനോട്ടത്തിലാണ്.

നോട്ടത്തിനും തുറിച്ചുനോട്ടത്തിനുമിടയിലെ അതിർവരമ്പ് വളരെ നേർത്തതാണ്. അതിനെക്കുറിച്ച് ഭൂരിപക്ഷം പേരും ബോധവാന്മാരല്ലതാനും. നോട്ടം എങ്ങനെയാണ് തുറിച്ചുനോട്ടമാകുന്നതെന്നും അത് മറ്റൊരാൾക്ക് അലോസരമുണ്ടാക്കുന്ന വിധമാകുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

എന്നിട്ടും ഋഷിരാജ് സിംഗിന്റെ പ്രസംഗം എന്തുകൊണ്ടാണ്  ഇത്രയധികം ട്രോൾ പരിഹാസങ്ങൾക്ക് കാരണമായത്?  പരിഹസിക്കുന്നവർക്ക് പലവിധത്തിലുളള ഉത്തരങ്ങളുണ്ട്. പറഞ്ഞയാളുടെ മെഗലോമാനിയ മുതൽ 14 സെക്കന്റിലെ പരിധിയോട്  പ്രണയാതുരർക്കുളള രസക്കേടും  ഇക്കാലത്ത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനെടുക്കുന്ന സമയവുമൊക്കെ ഉത്തരങ്ങളാണ്.

പക്ഷേ  തുറിച്ചുനോട്ടത്തെ  തെറ്റായ പ്രവൃത്തിയായി  മലയാളി അംഗീകരിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശക്തമായ കാരണം. താനുൾപ്പെടെ ഏതെങ്കിലും കാലത്ത് തുറിച്ചുനോട്ടത്തിന്റെ അസ്വസ്ഥത അനുഭവിച്ചതാണെങ്കിലും മറ്റൊരു ശരീരത്തിലേക്ക് അഥവാ മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് പ്രത്യേകിച്ചും പെൺസ്വകാര്യതയിലേക്ക് തുറിച്ച് നോക്കുന്നത് ഒരു അവകാശമായി കാണുന്നൊരു സമൂഹമാണു മലയാളി.

അതുകൊണ്ടാണു, "കോങ്കണ്ണുള്ളവർക്ക് ഡിസ്കൗണ്ട് ഉണ്ടാകുമോ"? "ക്യാമറയിൽ കൂടെയോ, കൂളിംഗ് ഗ്ലാസ്സ് വച്ചോ നോക്കിയാൽ കുഴപ്പമുണ്ടാകുമോ" എന്നിങ്ങനെയുള്ള (സിക്) ട്രോളുകൾ വരുന്നത്.

എന്നാൽ പുരോഗമനപരമായ സമൂഹങ്ങളിൽ  സമൂഹിക മര്യാദയുടെ പട്ടികയിൽ നിന്നു  വിലക്കപ്പെട്ട പെരുമാറ്റ ദോഷമാണ് തുറിച്ചു നോട്ടം.  പല നിയമങ്ങളിലും, പ്രത്യേകിച്ച് ജോലിസ്ഥലത്തെ പീഡനങ്ങളിൽ നിന്നു സംരക്ഷണമേർപ്പെടുത്തുന്ന നിയമങ്ങളിൽ ഇത് ലൈംഗികാതിക്രമങ്ങളിൽ ഒന്നാമത്തേതാണ്.

ഇന്ത്യയിൽ തന്നെ 2013 ലെ നിയമഭേദഗതി അനുസരിച്ച് ഒരു സ്ത്രീയ്ക്ക് ശല്യമാകുന്നു എന്ന കാരണമുണ്ടെങ്കിൽ തുറിച്ചുനോട്ടവും ലൈംഗികാതിക്രമ വകുപ്പിൽ വരാവുന്നതാണു.  ഇതു കൂടാതെ,  അമേരിക്കയിലെ പല സ്റ്റേറ്റുകളിലും, ലൈംഗീകാതിക്രമത്തിന്റെ പരിധിയിലല്ലാതെ തന്നെ അഗ്ലി ലോ എന്ന പേരിൽ  ഉള്ള ഒരുകൂട്ടം നിയമങ്ങൾ തുറിച്ച് നോട്ടത്തെ നിയമവിരുദ്ധമാക്കുന്നു.

അപ്പോൾ 14 സെക്കന്റിന്റെ  ട്രോളുകൾ അവിടെ നിൽക്കട്ടെ, നമുക്ക് തുറിച്ചുനോട്ടം എന്ന മറ്റൊരാളുടെ സ്വകാര്യ ഇടത്തേക്കുള്ള കടന്നുകയറ്റത്തേയും അതിന്റെ നൈതികതയേയും കുറിച്ച് സംസാരിക്കാം. പ്രശ്നങ്ങൾ തിരിച്ചറിയുന്നതും അതിനെ കുറിച്ചുള്ള സംവാദങ്ങളുമാണ് പരിഹാരങ്ങളെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സംവാദങ്ങൾ സാധ്യമാക്കുന്ന പ്രസംഗങ്ങൾ ഇനിയും ഉണ്ടാകട്ടെ. നമുക്ക് ട്രോളുകയും കൂടുതൽ ഉയർന്ന് ചിന്തിക്കുകയും ചെയ്യാം.