കാശ്മീരികളോട് ഐക്യദാർഢ്യപ്പെട്ടാൽ രാജ്യദ്രോഹി; ഇസ്ലാമിക തീവ്രവാദികളുടെ ചാവേര്‍; സോഷ്യൽ മീഡിയയിലെ പരിചിത മുഖങ്ങൾക്കുമേൽ നിഷ്കളങ്കമല്ലാത്ത ടാഗുകൾ!

കണ്ണൂര്‍ സ്വദേശി ജീവനാണ് കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു കൂട്ടായ്മ സംഘടിപ്പിക്കാം എന്ന ആശയം ആദ്യം ഫെയ്സ്ബുക്കില്‍ അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന കൂട്ടായ്മ.

കാശ്മീരികളോട് ഐക്യദാർഢ്യപ്പെട്ടാൽ രാജ്യദ്രോഹി; ഇസ്ലാമിക തീവ്രവാദികളുടെ ചാവേര്‍; സോഷ്യൽ മീഡിയയിലെ പരിചിത മുഖങ്ങൾക്കുമേൽ നിഷ്കളങ്കമല്ലാത്ത ടാഗുകൾ!"ഈ കഴിഞ്ഞ നേരങ്ങളില്‍ അനുഭവിക്കേണ്ടി വന്നത്, ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ ക്രൂരമായ കാര്യങ്ങളാണ്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ഹൃദയസ്തംഭനം വന്ന് മരിക്കുകയോ ചെയ്‌തേനെ," പറയുന്നത് സിനിമാ പ്രവര്‍ത്തകനും ദളിത് ആക്ടിവിസ്റ്റുമായ രൂപേഷ് കുമാറാണ്.

[caption id="attachment_31421" align="alignleft" width="300"]roopesh-kumsr രൂപേഷ് കുമാര്‍[/caption]

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന കശ്മീര്‍ ഐക്യദാര്‍ഢ്യ പരിപാടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വാര്‍ത്തകളും പ്രചാരണങ്ങളും കാരണം ജീവനു പോലും ഭീഷണിയുയരുന്ന അവസ്ഥയിലാണ് രൂപേഷ് കുമാര്‍. മാധ്യമങ്ങളില്‍ പതിവായി എഴുതുകയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയൊരു വിഭാഗത്തോട് സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന രൂപേഷ് കുമാറിനോട് കണ്ണൂരില്‍ രൂപേഷ് പങ്കെടുത്ത ഒരു പരിപാടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ആരും ഒരു കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല.

"ഞങ്ങള്‍ പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ച് വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ഞങ്ങളോടുകൂടി ചോദിക്കേണ്ടത് മാധ്യമ ധര്‍മമല്ലേ? ഈ വിഷയത്തില്‍ ഞങ്ങളുമായി ബന്ധപ്പെടുന്ന ആദ്യ മാധ്യമം നാരദ ന്യൂസ് ആണ്," ജേണലിസം അധ്യാപകന്‍ കൂടിയായ രൂപേഷ് കുമാര്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ കാശ്മീര്‍ ഐക്യദാര്‍ഢ്യം

കണ്ണൂര്‍ സ്വദേശി ജീവനാണ് കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു കൂട്ടായ്മ സംഘടിപ്പിക്കാം എന്ന ആശയം ആദ്യം ഫെയ്സ്ബുക്കില്‍ അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന കൂട്ടായ്മ.

[caption id="attachment_31422" align="alignright" width="300"]akhil-bharathan അഖിൽ ഭരതൻ[/caption]

ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയോ സംഘടനയുടെയോ ബാനറില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നില്ല എന്ന് പരിപാടിയില്‍ പങ്കെടുത്ത അഖില്‍ ഭരതന്‍ പറയുന്നു. വിദ്യാർത്ഥി സംഘടനകൾക്കു പ്രവർത്തിക്കാൻ കർശന നിയന്ത്രണമുള്ള ഐഐടി മദ്രാസില്‍ എസ്എഫ്‌ഐ അനുഭാവ സാംസ്കാരിക സംഘടനയായ ചിന്താ ബാറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന വ്യക്തിയാണ്, അഖിൽ. കാശ്മീരിലെ ജനത നേരിടുന്ന അവസ്ഥകള്‍, പെല്ലറ്റ് തോക്കുപയോഗം ഉള്‍പ്പെടെ ചര്‍ച്ചചെയ്യാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രരചന നടത്താനുമായിരുന്നു തീരുമാനം.

പരിപാടി നടത്താനുള്ള അനുമതിക്കായി കണ്ണൂര്‍ ടൗണ്‍ പോലീസിനെ സമീപിച്ചത് അഖില്‍ ഭരതനും ജീവനും ചേര്‍ന്നായിരുന്നു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ഒപ്പിട്ടത് ജീവനാണ്. പോലീസില്‍ നിന്നും സൗഹാര്‍ദ പൂര്‍ണമായ സമീപനം ആണ് ഉണ്ടായതെന്ന് അഖില്‍ പറയുന്നു. മഴക്കാലമല്ലേ, മഴ പെയ്താല്‍ നിങ്ങളുടെ ചിത്രം വര വെള്ളത്തിലാകില്ലേ, എന്ന് മാത്രമാണ് എസ്‌ഐ ചോദിച്ചത്. പരിപാടിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ ഉദ്ദേശമില്ലാത്തതിനാല്‍ അതിനുള്ള അനുമതി ആവശ്യമുണ്ടായിരുന്നില്ല. പരിപാടിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുകയും ചെയ്തില്ലെന്ന് അഖില്‍ പറയുന്നു.

protest

പാട്ടും വരയും പിന്നെ ബഹളവും


മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അവിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കി എന്നൊക്കെയാണ്. ഏതാനും നാടന്‍പാട്ടുകള്‍ പാടുകയും ചിലര്‍ സംസാരിക്കുകയും ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഫ്താബ് ഇല്ലത്ത് നാരദാ ന്യൂസിനോട് പറഞ്ഞു. അവിടെ എത്തിയവരില്‍ ചിലര്‍ പാട്ടുകള്‍ പാടി. പാടിയത് നാടന്‍ പാട്ടുകളായിരുന്നു. ഇതിനിടയില്‍ ചിത്രം വരക്കാനുള്ള തുണിയെല്ലാം വലിച്ച് കെട്ടി. ടൗണ്‍ സ്‌ക്വയറില്‍ നേരം പോക്കാനെത്തിയ ചിലരും പരിപാടി കാണാന്‍ എത്തിയിരുന്നു - അഫ്താബ് തുടരുന്നു.

[caption id="attachment_31425" align="alignleft" width="300"]aftab അഫ്താബ് ഇല്ലത്ത്[/caption]

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ സംസാരിച്ചത് കാശ്മീരിനെക്കുറിച്ചും അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന രീതിയെക്കുറിച്ചും ആണ്. കുട്ടികള്‍ക്കുള്‍പ്പെടെ പെല്ലറ്റ് തോക്കില്‍ നിന്നും വെടിയേറ്റതിനെക്കുറിച്ചും ഒക്കെ സംസാരമുണ്ടായി. ഇതിനിടയിലേക്കാണ് വിരമിച്ച സൈനികന്‍ എന്ന് സ്വയം അവകാശപ്പെട്ട് ഒരാള്‍ കടന്നു വരുന്നത്.

പട്ടാളത്തെ കുറ്റം പറയരുത് എന്നതായിരുന്നു അയാളുടെ ആവശ്യം. അതിന് കാരണമായി മഞ്ഞിലും മരുഭൂമിയിലും പ്രതികൂല കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ അവസ്ഥ അയാള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ അയാളോട് തികച്ചും സമാധാനപരമായി സംസാരിക്കുകയായിരുന്നു തങ്ങള്‍ എന്ന് അഖില്‍ പറയുന്നു. കാശ്മീര്‍ എന്ന ഭൂവിഭാഗത്തില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്ന പട്ടാളം ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ വേദിയൊരുക്കുന്നതെന്നും താങ്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കാം എന്നും പറഞ്ഞു.

ഈ സമയത്താണ് മൂന്നുപേര്‍ കടന്നു വന്ന് ഒരു തരത്തിലുള്ള ചര്‍ച്ചയും അനുവദിക്കില്ലെന്നും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പട്ടാളത്തെക്കുറിച്ച് മിണ്ടരുത് എന്നുമൊക്കെ പറഞ്ഞു പരിപാടി തടസപ്പെടുത്തിയതെന്ന് അഫ്താബ് നാരദാ ന്യൂസിനോട് പറഞ്ഞു. ഇതിനിടയില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ആരെയോ വിളിക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ കരുതിയത് അയാള്‍ അവരുടെ സംഘത്തില്‍ പെട്ടവരെ വിളിച്ച് വരുത്താന്‍ ശ്രമിക്കുകയാണെന്നാണ്, എന്നാല്‍ അവര്‍ പോലീസിനെയാണ് വിളിച്ചതെന്ന് പിന്നീട് ബോധ്യപ്പെട്ടു - രൂപേഷ് പറഞ്ഞു.

kannur-protest

പരിപാടി തടയാനെത്തിയവര്‍ അവര്‍ ഏതെങ്കിലും സംഘടനയുടെയോ മറ്റോ ആളുകളാണെന്നൊന്നും പറഞ്ഞില്ല, പക്ഷെ അവരുടെ രാഷ്ട്രീയം അവരുടെ രൂപഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു എന്നാണ് അഖിലിന്റെ അഭിപ്രായം.

[caption id="attachment_31427" align="alignright" width="300"]jeevan ജീവൻ[/caption]

പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി കൂട്ടായ്മയില്‍ പങ്കെടുത്തവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. രൂപേഷിന് ഇക്കാര്യത്തില്‍ പോലീസിനോട് അഭിപ്രായ വ്യത്യാസമില്ല. പോലീസ് അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം പോലും ഉണ്ടായേനേ - രൂപേഷ് പറയുന്നു. പക്ഷെ പരിപാടി തടസ്സപ്പെടുത്തിയവരെക്കൂടി കസ്റ്റഡിയില്‍ എടുക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നെന്നുകൂടി രൂപേഷ്  അഭിപ്രായപ്പെടുന്നു.

പോലീസ് നല്ല രീതിയിലാണ് പെരുമാറിയതെന്ന് അഖില്‍. ജീവനെ മാത്രം മാറ്റി നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിച്ച പോലീസുകാര്‍ എല്ലാവരോടും അവിടെ ഇരിക്കാനാണ് ആവശ്യപ്പെട്ടത്. എല്ലാവരുടെയും ഐഡി കാര്‍ഡുകളും അഡ്രസ്സ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും പോലീസ് ശേഖരിച്ചു. മൊബൈല്‍ ഫോൺ കാമറയിൽ എല്ലാവരുടെയും ചിത്രങ്ങള്‍ പോലീസ് പകര്‍ത്തുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുള്ള ''കരുതല്‍ അറസ്റ്റ്'' മാത്രമാണ് ഇത് എന്ന് വിശദീകരിച്ച പോലീസ് എല്ലാവരെയും വിട്ടയക്കുകയും ചെയ്തു. അടുത്ത ദിവസം ഐഡി കാര്‍ഡുകളുടെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കി അഫ്താബ് പോലീസ് സ്റ്റേഷനില്‍ നിന്നും ഒറിജിനല്‍ രേഖകള്‍ തിരിച്ചു വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യദ്രോഹം - പ്രചാരണം

പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയതില്‍ പിന്നെയാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി കൂടിയായ രൂപേഷ് കുമാറിനെതിരെ ചില കോണുകളില്‍ നിന്ന് ശക്തമായ പ്രചാരണം ആരംഭിച്ചത്. പ്രധാനമായും പഴയങ്ങാടി പ്രദേശത്തുള്ള നവമാധ്യമ കൂട്ടായ്മകളില്‍ പ്രചരിച്ച സന്ദേശം രൂപേഷിനെ ഒരു തീവ്രവാദിയായി ചൂണ്ടികാട്ടിക്കൊണ്ടായിരുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്താന്‍ ഇസ്ലാമിക തീവ്രവാദികള്‍ ഏര്‍പ്പാടാക്കിയ ചാവേര്‍ ആണ് രൂപേഷ് എന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. വിവിധ തീവ്രവാദ സംഘടനകളുടെ പണം കൈപ്പറ്റി രൂപേഷ് പഴയങ്ങാടിയില്‍ ആയുധപരിശീലനം ഉള്‍പ്പെടെ സംഘടിപ്പിക്കുന്നതായും സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്റലിജന്‍സ് ബ്യുറോ ഓഫ് ഇന്ത്യ റിപ്പോര്‍ട് ചെയ്തതാണെന്നും രൂപേഷിനെ 'പ്രതിരോധിക്കേണ്ടത്' രാജ്യസ്‌നേഹികളുടെ ബാധ്യത ആണെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

rupesh

ഇത്തരം ഒരു സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയതിനുശേഷം ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഏറെ പരിഭ്രാന്തിയിലാണെന്ന് രൂപേഷ് പറയുന്നു. ഇനി താന്‍ എങ്ങനെ ധൈര്യത്തോടെ പഴയങ്ങാടിയിലേക്ക് പോകുമെന്നാണ് രൂപേഷിന്റെ ചോദ്യം. പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത രീതിയില്‍ ഉള്ള പ്രചാരണമാണ് നടക്കുന്നത്. രാഷ്ട്രീയമടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദളിതുകള്‍ ഉയര്‍ന്നുവരുന്നത് തടയുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്ന് രൂപേഷ് കരുതുന്നു. തനിക്കെതിരെ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ദളിത് അട്രോസിറ്റി ആക്ട് പ്രകാരം ഡിജിപിക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് രൂപേഷ് കുമാര്‍.

രൂപേഷുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷിന്റെ സുഹൃത്തുക്കള്‍ക്കും അജ്ഞാത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. വിദേശത്ത് നിന്നും ഇത്തരം ഭീഷണിയുമായി ഇന്റർനെറ്റ് കോള്‍ വരെ ലഭിച്ചിട്ടുണ്ടെന്ന് രൂപേഷിന്റെ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

രാവിലെ അഞ്ചലില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍ സീറ്റില്‍ ചാരി അടുത്തിരക്കുന്നവന്‍റെ തോള്‍ തലയണയാക്കി മയങ്ങുമ്പോള...

Posted by Sajeed Khalid on 18 July 2016


''ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു'' എന്നൊക്കെയുള്ള വാര്‍ത്തകളെ രൂപേഷ് അത്യന്തം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട പത്രങ്ങള്‍ തന്നെ ഇത്തരത്തില്‍ അച്ചുനിരത്തുമ്പോള്‍ കേസിന്റെ ഗതിയില്‍ മാറ്റമുണ്ടാകാന്‍ ഇടയുണ്ടെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്.

രൂപേഷേട്ടനും അഫ്ത്താബ്ക്കയടക്കമുള്ളവരെ കശ്മീർ വിഷയത്തിൽ ശബ്ദിച്ചതിൽ വേട്ടയാടാൻ തീരുമാനിച്ചത് സംഘ് സൈബർ ഭീകരർ മാത്രമല്ല...

Posted by Aslah Vadakara on 19 July 2016


"മാധ്യമപ്രവര്‍ത്തകര്‍ ഏതോ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും ഞങ്ങളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ലഭിക്കുമെന്നിരിക്കെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ് ആണ് നടക്കുന്നത്,"  ഇതിലുള്ള ആശങ്ക ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രൂപേഷ് പങ്കുവെക്കുന്നു.

[caption id="attachment_31437" align="alignleft" width="300"]Shan Mhd ഷാൻ മുഹമ്മദ്[/caption]

ആക്ടിവിസ്റ്റായ ഷാന്‍ മുഹമ്മദ് പറയുന്നത്  തികച്ചും സമാധാനപരമായി, നിയമപരമായ അനുമതി വാങ്ങി നടത്തുന്ന ഇത്തരം പരിപാടികളില്‍ കശ്മീര്‍ വിഷയത്തെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയാണ് ചെയ്തത് എന്നാണ്. ഇതില്‍ യാതൊരു വിധ തെറ്റും ഇല്ലെന്നാണ് ഷാനിന്റെ പക്ഷം. പോലീസ് കസ്റ്റഡിയില്‍ എടുത്ത പതിനാറുപേരില്‍ പകുതിയില്‍ അധികം പേരും മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ അല്ലെന്നിരിക്കെ മുസ്ലിം സംഘടനകളാണ് സംഭവത്തിനു പിറകില്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് ശുഭ ലക്ഷണമല്ലെന്നാണ് കണ്ണൂരിലെ ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ പോലും അഭിപ്രായപ്പെടുന്നത്. ഇതിനു പിറകില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് ആക്ഷേപിക്കുന്നവരും കുറവല്ല. രാജ്യദ്രോഹിയാണ് എന്ന് പറഞ്ഞ് ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ അയാളെ ആര്‍ക്കുവേണമെങ്കിലും തല്ലിക്കൊല്ലാം എന്ന പൊതുബോധം സൃഷ്ടിക്കുകയാണ് മാധ്യമങ്ങള്‍ എന്നും നിരീക്ഷണം ഉണ്ട്.

വാലറ്റം : സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സംഭവങ്ങള്‍ നേരിട്ടു കണ്ടിരുന്നോ ചേട്ടാ, എന്ന് അതിന് സമീപത്തുള്ള ഒരാളോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പെട്ടന്നുള്ള മറുപടി. തുടര്‍ന്നു തിരിച്ചൊരു ചോദ്യവും ''ങ്ങള് സ്പെഷ്യൽ ബ്രാഞ്ചാ'' ഞാന്‍ പോലീസ് അല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ആണെന്നും പറഞ്ഞപ്പോഴും അയാള്‍ സംഭവം കണ്ടില്ലെന്ന അഭിപ്രായം മാറ്റിയില്ല. എന്തുകൊണ്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ആണോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറയുന്നു - രഹസ്യപ്പോലീസിനു താടിയുണ്ടാവും എന്ന് ! ഏതായാലും ആ ഗുണപാഠവുമായി ഞാന്‍ മടങ്ങി. എല്ലാവരും ആരെയൊക്കെയോ ഭയപ്പെടുന്നു.

Read More >>