ജിംഷാറിനെതിരായ ക്രൂരമർദ്ദനം; എഴുത്തുകാർ പ്രതികരിക്കുന്നു

പി ജിംഷാർ ഉൾപ്പെടെ ഏഴ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് അടുത്ത മാസം അഞ്ചിന് നടക്കുന്ന പ്രകാശനച്ചടങ്ങിൽ പ്രകാശനം ചെയ്യപ്പെടാനിരുന്നത്. അതിനിടയിലാണ് ഇന്നലെ മതമൗലീകവാദികൾ ജിംഷാറിനെ ആക്രമിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചത്. വിഷയത്തിൽ എഴുത്തുകാർ പ്രതികരിക്കുന്നു.

ജിംഷാറിനെതിരായ ക്രൂരമർദ്ദനം; എഴുത്തുകാർ പ്രതികരിക്കുന്നു

ഒരു സാഹിത്യസൃഷ്ടിയുടെ പേരിൽ നടത്തിയ ആക്രമണം ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് എഴുത്തുകാർ. ജിംഷാറിനൊപ്പം പ്രകാശനം ചെയ്യാപ്പെടാനിരുന്ന പുസ്തകങ്ങളുടെ രചയിതാക്കളാണ് വിഷയത്തിൽ നാരദ ന്യൂസിനോട് പ്രതികരിച്ചത്. ധന്യാരാജ്, ദേവദാസ് വിഎം, ലാസൻ ഷൈൻ, അബിൻ ജോസഫ്, വിഎച്ച് നിഷാദ്, കെ വി മണികണ്ഠൻ എന്നിവരുടെ പുസ്തകങ്ങളാണ് ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം എന്ന പുസ്തകത്തോടൊപ്പം പ്രകാശനം ചെയ്യാതിരുന്നത്. ജിംഷാറിനെതിരായ ആക്രമണത്തിൽ സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ടതുണ്ടെന്ന് എഴുത്തുകാർ ആവശ്യപ്പെട്ടു.


പടച്ചോന്റെ ചിത്ര പ്രദർശ്ശനമെന്ന കഥാസമാഹാരം എഴുതിയ ജിംഷാറിന് മത തീവ്രവാദികളുടെ ക്രൂരമർദ്ദനം

ഇത് ജോസഫ് സാറിനെതിരെ ഉണ്ടായതിന് സമാനമായ ആക്രമണം 

ലാസര്‍ ഷൈന്‍ 
കൈവെട്ടുക, എന്നിട്ട് ആ കൈ പോസ്റ്ററാക്കി കേരളം മുഴുവൻ പ്രചിരിപ്പിക്കുക എന്നത് കയ്യുംകെട്ടി നോക്കി നിൽക്കുന്ന ഭരണകൂടം ജനത്തിന്റെ ശവക്കുഴി തോണ്ടുന്നവരാണ് എന്നതു തന്നെയാണ് പടച്ചോന്റെ ചിത്രപ്രദർശനം എന്ന് പുസ്തകത്തിന് പേരിട്ടതിന് ജിംഷാറിനു നേരെ തൃത്താലയിലുണ്ടായ അക്രമത്തിന്‍റെ കാരണം. തൃത്താലയെ തൃത്താലിബാനാക്കുന്നതിൽ മതപ്രീണനം നടത്തി വോട്ട് നേടുന്ന ഓരോ രാഷ്ട്രീയ കരിയറിസ്റ്റിനും ബാധ്യതയുണ്ട്. ആർഎസ്എസ് ഫാസിസത്തിനെതിരെ കുരച്ചു ചാടുകയും കൈവെട്ട് വർഗ്ഗീയതയ്ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നതെന്തേയെന്ന് അവിടുത്തെ എംഎൽഎയായ വി.ടി ബൽറാമിനോട് സോഷ്യൽ മീഡിയയിൽ പരസ്യമായി ചോദിച്ചിട്ടുണ്ട്. വോട്ടും അതിനു ചുറ്റുവട്ടത്തുള്ള നേട്ടങ്ങളും ഉന്നമാക്കി ഏത് കൊലപാതകിയുടേയും പിന്തുണ തേടുന്ന രാഷ്ട്രീയക്കാരാണ് വലിയ ആപത്ത്. ആ ആപത്താണ് തൃത്താലയിൽ സംഭവിച്ചിരിക്കുന്നത്.

പടച്ചോൻ, എന്ന മലയാളം വാക്കിന്റെ കുത്തക ഇവിടെയൊരു സംഘം ഐഎസുകാർക്ക് ആരാണ് പതിച്ചു കൊടുത്തത്. അത്തരം അക്രമങ്ങൾ മതത്തിന്റേതല്ല. ആയുധക്കച്ചവടത്തിന്റേതാണ്.

കേരളത്തിൽ നാളിതുവരെ ആർഎസ്എസിനു കഴിയാത്ത ഒന്ന് ചെയ്യുന്ന സംഘം ഓരോ തവണ നിരോധിക്കപ്പെടുമ്പോഴും പുതിയ പേരുകളിൽ അക്രമപ്രവർത്തനം തുടരുകയാണ്. ജിംഷാറിനു നേരെയുണ്ടായത് ജോസഫ് സാറിനു നേരെയുണ്ടായ അതേ കുറ്റകൃത്യമാണ്. ആശയപരമായ എതിരുകളെ ആയുധം കൊണ്ടു നേരിടുന്ന സാമൂഹിക വിപത്തുകളോട് സർക്കാർ പുലർത്തുന്ന മൃദു സമീപനമാണ് അവരെ വളർത്തുന്നത്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിലെ ചില നേതാക്കൾ തന്നെയാണ് ഈ സംഘത്തിൽപ്പെട്ടവരെ സംരക്ഷിക്കുന്നത്. മുസ്ലീം ലീഗിനെ തകർക്കാൻ ഭസ്മാസുരന് കൊടുത്ത വരം പോലെയാണ് ഇവരുടെ നശീകരണ പ്രവർത്തനങ്ങൾ. മുസ്ലീം ലീഗിന് തീവ്രവത പോരെന്ന് പരിഹസിക്കുന്നവരാണിവർ. നിലവിളക്ക് കത്തിക്കില്ലെന്നതു പോലുള്ള വർഗ്ഗീയ നിലപാടെത്തുത്ത മന്ത്രിയുള്ള ലീഗിനെക്കാളും തീവ്രത തങ്ങൾക്കുണ്ടെന്നത് സ്വയം പ്രചരിപ്പിക്കുന്നവരാണിവർ. എന്നാൽ നോക്കുക, ഇവരും ആർഎസ്എസും തമ്മിലല്ല പ്രശ്‌നം. ഇവർ അക്രമിക്കുന്നത് ഇടതുപക്ഷത്തെയാണ്. കലാകാരന്മാരിലെ ഇടതന്മാരെയാണ് തിരഞ്ഞു പിടിക്കുന്നത്. സദാചാര ഗുണ്ടായിസം മുതൽ ബോംബ് നർമ്മാണം വരെയാണ് ഇക്കൂട്ടത്തിന്റെ കുലത്തൊഴിൽ.

അവർ കെട്ടിപ്പൊതിഞ്ഞ് വെയ്ക്കാൻ ശ്രമിക്കുന്ന യുവതലമുറ അവർക്കുള്ളിൽ തന്നെ പോരാട്ടത്തിലാണ്. എഴുത്തുകാരും മാധ്യമ സാമൂഹ്യ പ്രവർത്തകരുമായി മുസ്ലിം പേരുകളുള്ള യുവതയുടെ എണ്ണം പെരുകുകയാണ്. ധൈര്യമുള്ളവനാണ് ജിംഷാർ. അവന്റെ എഴുത്തിലും നിലപാടിലുമുള്ള കൂസലില്ലായ്മ അവന്റെ പടച്ചോനെ അവനറിയാമെന്നതു തന്നെയാണ്. ആ പടച്ചോന്റെ ചിത്രപ്രദർശനം അവൻ നടത്തുക തന്നെ ചെയ്യും. അത് അക്രമികളുടെ പടച്ചോനല്ല. ജിംഷാറിന്റെ പടച്ചോനാണ്. അക്രമികളുടെ പടച്ചോനുമായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് ജിംഷാറിന്റെ കുറ്റമല്ല എഴുത്തുകാരന് തലയെക്കാൾ വേണ്ടത് കയ്യാണ്. അതുവെട്ടിക്കളഞ്ഞ തീവ്രവാദികളെ മനുഷ്യരോ മൃഗങ്ങളോ ആയി കാണാനാവില്ല. വിനാശകരമായ യന്ത്രങ്ങളാണവർ. അവരെ പൗരന്മാരായി കാണാനാവില്ല. ജനാധിപത്യത്തെ തകർക്കാനാണ് അവർ നിരന്തരം ശ്രമിക്കുന്നത്. ജിംഷാറിനെ അക്രമിച്ചത് ആരെന്നറിയാൻ വാട്ട്‌സപ്പിലെ ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്തിയാൽ മതിയല്ലോ. ആ നമ്പർ നൽകിയിട്ടും പോലീസ് ഇത്ര നേരമായിട്ടും ഒന്നു ചെയ്തിട്ടില്ല. ജിംഷാറിനെ അക്രമിച്ച സംഘത്തെ കണ്ടെത്താൻ അമാന്തിക്കുന്നത് എന്താണ്?

എഴുത്തുകാരന് പിന്തുണ, പ്രതിഷേധങ്ങളോട് ഐക്യദാര്‍ഡ്യം

വി എം ദേവദാസ്
മതമൗലികവാദികളുടെ പ്രധാന നോട്ടപ്പുള്ളികളായി എഴുത്തുകാർ മാറുകയെന്നത് സമകാലത്തിലെ കെട്ട കാഴ്ചകളിലൊന്നാണ്. ഒരു പുസ്തകത്തിനെതിരെയുള്ള വിലക്കോ, സഫ്ദർ ഹാഷ്മിയെപ്പോലെ ഒരാൾക്ക് നേരിടേണ്ടി വന്ന ആക്രമണമോ ഒക്കെ ഒറ്റപ്പെട്ട സംഭവമായി കാണുന്ന മാനസികനിലയിൽ നിന്ന് സമൂഹിക മാനസികാവസ്ഥ കൂടുതൽ ഇരുണ്ട കാലത്തേയ്ക്ക് പോകുകയാണോ എന്ന് സംശയമുണ്ട്. പുസ്തകങ്ങൾ തുടരെ വിലക്കുക, എഴുത്തുകാരെ നാടുകടത്തുക, തെരുവിലിട്ട് വെടിവച്ചുകൊല്ലുക, പരസ്യമായി മർദ്ധിക്കുക, മാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കുക, മരിച്ചാൽ മധുരം വിതരണം ചെയ്യുക എന്നതൊക്കെ നിത്യസംഭവങ്ങളാകുന്നതും സമൂഹവും സർക്കാരുകളുമെല്ലാം അതിനെ ലാഘവബുദ്ധിയോടെ കാണുന്നതും ആശാവഹമായ കാര്യമല്ല. മതമൗലിക സംഘത്തിൽ നിന്ന് മർദ്ദനമേറ്റ എഴുത്തുകാരന് പിന്തുണയും, അതിനെതിരെയുള്ള പ്രതിഷേധങ്ങളോട് ഐക്യദാർഡ്യവും രേഖപ്പെടുത്തുന്നു.

കെട്ടകാലത്തിന്റെ നാറ്റം പുറത്തേക്ക് വമിച്ച് തുടങ്ങിയിരിക്കുന്നു

കെ വി മണികണ്ഠന്‍
അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണു ഇത് എന്നകാര്യത്തിൽ സംശയമേതുമില്ല. ഫാസിസം പടിപ്പുറത്തെത്തി എന്നൊക്കെ പറയുന്നവരെ ഒരു പുച്ഛത്തോടെ കണ്ടിരുന്ന സെമിപുരോഗമനവാദികൾ ഇപ്പോൾ എന്തുപറയുന്നു എന്ന് നിരീക്ഷിക്കുന്നത് കൗതുകമായിരിക്കും. ജിംഷാറിനുണ്ടായ അനുഭവത്തേക്കാൾ നമ്മൾ ഭയപ്പെടേണ്ടത് അവനെന്തിനു അങ്ങനെയൊക്കെ എഴുതാൻ പോയി എന്ന് വിചാരിക്കുന്ന/വിളിച്ചു പറയുന്ന അർദ്ധപുരോഗമനവാദികളെയാണ്. ഫാസിസം യഥാർത്ഥത്തിൽ 'മതേതര'മാണ്. പെരുമാൾമുരുഗനും ജിംഷാറും ആദ്യത്തെ ഇരകൾ എന്നേ പറയാനാവൂ. നമുക്ക് മിണ്ടാതിരിക്കാം ഊഴവും കാത്ത്. കെട്ടകാലത്തിന്റെ നാറ്റം പുറത്തേക്ക് വമിച്ച് തുടങ്ങിയിരിക്കുന്നു.അടിയേറ്റത് മലയാളിയുടെ മുഖത്ത്

അബിൻ ജോസഫ്‌
പി. ജിംഷാറിനേറ്റ അടി വന്നുകൊണ്ടത് മലയാള സാഹിത്യത്തിന്റെ ചെകിട്ടത്താണ്, ഓരോ മലയാളിയുടെയും മുഖത്താണ്. ഭാഷയിൽ ഒരു ലിറ്ററൽ ബൂം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എഴുത്തുകാരനെ നിശബ്ദനാക്കാനുള്ള ഫാഷിസ്റ്റ് രീതിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തൽക്കാലം മനസ്സില്ല. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത പുസ്തകത്തിൻറെ ടൈറ്റിൽ പ്രവോക്കിങ്ങായി ഒന്നുമില്ല. കുറച്ചുനാൾ മുൻപ് കഥ പ്രസിദ്ധീകരിച്ചപ്പോഴും പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ഒരു വാക്കിൻറെ പേരിൽ എഴുത്തുകാരനെ മർദിക്കുമ്പോൾ മലയാളത്തിൻറെ സാംസ്‌കാരി സാഹിത്യ ചരിത്രമാണ് മലിനപ്പെടുന്നത്. ഒരു വാക്കിനും ആർക്കും പേറ്റൻറില്ല. പ്രകോപിപ്പിച്ച് ഞങ്ങളെ വെറുതെ ക്രിയേറ്റീവാക്കരുത്.