പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനമെന്ന കഥാസമാഹാരം എഴുതിയ ജിംഷാറിന് മത തീവ്രവാദികളുടെ ക്രൂരമര്‍ദ്ദനം

കൂറ്റനാട് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയപൂര്‍വ്വം സംസാരിക്കുകയായിരുന്നു. സംസാരം തുടരുന്നതിനിടയില്‍ മറ്റ് മൂന്നു പേര്‍കൂടി എത്തുകയും ജിംഷാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ചായിരുന്നു ആക്രമണം.

പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനമെന്ന കഥാസമാഹാരം എഴുതിയ ജിംഷാറിന് മത തീവ്രവാദികളുടെ ക്രൂരമര്‍ദ്ദനം

സാഹിത്യസൃഷ്ടിയുടെ പേരില്‍ കേരളത്തില്‍ എഴുത്തുകാരനെതിരെ മര്‍ദ്ദനം. 'പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനം' എന്ന കഥാസമാഹരത്തിന്റെ കര്‍ത്താവായ ജിംഷാറിനാണ് പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ട് മര്‍ദ്ദനമേറ്റത്. വിവാദ ചോദ്യപേപ്പര്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ തൊടുപുഴ ന്യുമാന്‍കോളേജ് അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈവെട്ടുമായി ബന്ധപ്പെട്ട അക്രമം ശ്രദ്ധയില്‍ നിന്നും മാറുന്നതിന് മുമ്പാണ് സാഹിത്യ സൃഷ്ടിയുടെ പേരില്‍ മറ്റൊരു എഴുത്തുകാരന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നത്.


ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ജിംഷാറിന്റെ 'പടച്ചോന്റെ ചിത്ര പ്രദര്‍ശനം' എന്ന പുസ്തകത്തിന്റം കവര്‍ വാട്സാപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ജിംഷാറിന് എതിരെ അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം ഒരു ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയിലായിരുന്നു ആക്രമണം. കൂറ്റനാട് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയപൂര്‍വ്വം സംസാരിക്കുകയായിരുന്നു. സംസാരം തുടരുന്നതിനിടയില്‍ മറ്റ് മൂന്നു പേര്‍കൂടി എത്തുകയും ജിംഷാറിനെ അപ്രതീക്ഷിതമായി ആരകമിക്കുകയായിരുന്നുവെന്നും പറയുന്നു. 'നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ' എന്ന് ചോദിച്ചായിരുന്നു ആകമണം.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ തളര്‍ന്ന് നിലത്തുവീണ ജിംഷാറിനെ ഉപേക്ഷിച്ച് സംഘം ഓടിമറയുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞെത്തിയ കൂട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജിംഷാറിനെ കൂറ്റനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലിശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയിരുന്നു. മര്‍ദ്ദനമേറ്റതിന്റെ പേരില്‍ താനാണ് പരാതി നല്‍കിയതെങ്കിലും പോലീസുകാര്‍ തന്നെ പ്രതിയാക്കുന്ന നിലപാടാണ് എടുത്തതെന്ന് ജിംഷാര്‍ പറയുന്നു. പോലീസുകാര്‍ മൊഴിയെടുക്കലിനിടയില്‍ തന്നോട് മദ്യപിച്ചിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചതായും ജിംഷാര്‍ പറഞ്ഞു.

തന്നെ മര്‍ദ്ദിച്ചത് പോപ്പുലര്‍ഫ്രണ്ട്കാരാണെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിംഷാര്‍ പറഞ്ഞു. പടച്ചവന്‍ എന്ന വാക്ക് ഉപയോഗിച്ചത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. ആ വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും പ്രസ്തുത വാക്ക് ചില മത തീവ്രവാദികളുടെ മാത്രം കുത്തകയല്ലെന്നും ജിംഷാര്‍ പറഞ്ഞു.

ജിംഷാറിന് ആക്രമിച്ച സംഭവത്തില്‍ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇന്നു രാവിലെ ജിംഷാറിന്റെ വിശദമായ മൊഴിയെടുക്കുമെന്ന് ചാലിശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ രാാജേഷ്‌കുമാര്‍ അറിയിച്ചു.

Read More >>