കല്‍പ്പണിക്കാരിയില്‍ നിന്ന് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പഞ്ചായത്ത് പ്രസിഡന്റ്‌: നറോത്തി ദേവിയുടെ ജീവിതം

"ഏതു വിദ്യാഭാസ രീതിയേക്കാള്‍ തീവ്രമായ ആഗ്രഹത്തോടെയാണ് ഞാന്‍ ഓരോ സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തിയത്. എന്‍റെ പക്കല്‍ ആത്മവിശ്വാസവും, ദൃഡനിശ്ചയവും മാത്രമാണുണ്ടായിരുന്നത്. ഇത് ഞാന്‍ പ്രയോജനപ്പെടുത്തി" നറോത്തി ദേവി പറയുന്നു

കല്‍പ്പണിക്കാരിയില്‍ നിന്ന് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പഞ്ചായത്ത് പ്രസിഡന്റ്‌: നറോത്തി ദേവിയുടെ ജീവിതം

സാമ്പത്തികമായി പിന്നോക്കമുള്ള ഒരു ദളിത കുടുംബത്തിലെയംഗമാണ് 74 വയസ്സുകാരിയായ നറോത്തി ദേവി. രാജസ്ഥാനിലെ ഹർമ്മദാ ഗ്രാമത്തിന്റെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു നറോത്തി. ഇതിലെന്താണിത്ര പുതുമയെന്നു ചിന്തിക്കും മുമ്പേ നറോത്തി ദേവി എന്ന വിദ്യാഭ്യാസമില്ലാത്ത ഒരു കൂലിപ്പണിക്കാരി, സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായതെങ്ങനെയെന്നറിയാം.

പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം പോലും നറോത്തി ദേവിയ്ക്കു ചെറുപ്പത്തില്‍ ലഭിച്ചിരുന്നില്ല. പണിയെടുക്കുവാൻ ആരോഗ്യം ലഭിച്ച കാലം മുതൽ റോഡ് പണി ചെയ്തും, കല്ലു ചുമന്നുമായിരുന്നു നറോത്തി ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നത്.സ്ത്രീ-പുരുഷ വിവേചനത്തില്‍ പരസ്യമായ പ്രതികരണം 

1981ൽ രാജസ്ഥാനിലുണ്ടായ കഠിനമായ വരൾച്ചയിൽ റോഡ് പണി അതികഠിനമായിരുന്നു. 700 ഓളം തൊഴിലാളികളുണ്ടായിരുന്ന സൈറ്റിൽ, ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും വെവ്വേറേ കൂലിയായിരുന്നു ലഭിച്ചത്. പുരുഷന് 7 രൂപ കൂലിയുള്ളപ്പോൾ സ്ത്രീയ്ക്ക് 4 രൂപയായിരുന്നു നൽകിയിരുന്നത്. ചിലർക്ക് ശമ്പളം പോലും ലഭിച്ചിരുന്നില്ല. തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് നറോത്തിക്ക് തോന്നി. ഒരുപക്ഷെ, അതായിരിക്കണം തന്നിലെ നേതൃപാടവം മനസിലാക്കാന്‍ അവര്‍ക്ക് സഹായകമായതും.

അവര്‍ മറ്റു തൊഴിലാളികളുമായി സംസാരിച്ചു സംഘടിത ശക്തിയായി വേതന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ നിശ്ചയിച്ചു. ഒരു സന്നദ്ധ സംഘടന ഇവര്‍ക്ക് സഹായമായി മുന്നോട്ടു വന്നുവെങ്കിലും, നറോത്തിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രശ്നം സുപ്രീം കോടതിയില്‍ എത്തിക്കുവാനും, ഇവര്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുവാന്‍ കഴിഞ്ഞതും.

"കേസ് വിജയിച്ചത് ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നല്‍കി. ആ വിജയം നേടാന്‍ ഞങ്ങളെ സഹായിച്ച അഭ്യസ്തവിദ്യരായവരുടെ പങ്കു ചെറുതല്ല. എഴുതുവാനോ വായിക്കുവാനോ അറിയാതിരുന്ന ഞങ്ങള്‍ അവരെ വിശ്വസിച്ചായിരുന്നു എല്ലാ നിവേദനങ്ങളിലും സത്യവാങ്ങ് മൂലത്തിലുമെല്ലാം വിരലടയാളം പതിപ്പിച്ചു നല്‍കിയത്. വിദ്യാഭാസമില്ലാത്തതിന്റെ കുറവ് ഞാന്‍ ജീവിതത്തില്‍ തിരച്ചറിഞ്ഞു. പാഴായി പോയ ദിവസങ്ങളെ ഓര്‍ത്ത്‌ ഞാന്‍ ദുഖിച്ചു." നറോത്തി പറയുന്നു.

അങ്ങനെയാണ് 4 കി.മി ദൂരെയുള്ള കോളേജില്‍ ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ആറു മാസം നീളുന്ന കോഴ്സ് നറോത്തി ദേവിക്ക് താരതമേന്യ എളുപ്പമായിരുന്നു. പഠിക്കണം എന്നും, വിദ്യ നേടണമെന്നുമുള്ള ഇച്ഛാശക്തി കാര്യങ്ങള്‍ സുഗമമാക്കി.

പഞ്ചായത്ത് സാരഥ്യത്തിലേക്ക് 

കൂടാതെ ഗ്രാമത്തിലുള്ള മറ്റു സ്ത്രീകളെയും പ്രത്യേകിച്ച് പെണ്‍കുട്ടികളെയും വിദ്യഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കുവാന്‍ അവര്‍ വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി. ഇതിനിടയില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നേടാനുള്ള അവസരവും നറോത്തി ദേവി പ്രയോജനപ്പെടുത്തി. കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ ബേസിക്സും അവര്‍ പഠിച്ചെടുത്തു. സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവും ഈ സ്ത്രീ അവസാനിപ്പിച്ചിരുന്നില്ല. അങ്ങനെയാണ് 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതും, തുടര്‍ന്ന് ഹര്‍മധ ഗ്രാമത്തിന്‍റെ പഞ്ചായത്ത് പ്രസിടന്റാകുന്നതും.

ഇന്ത്യയിലെ തദ്ദേശസ്വയംഭരണ സംവിധാനം ഓണ്‍ലൈനിലേക്ക് മാറിയ കാലമായിരുന്നു 2010- 2015ലെ ഭരണസമിതികള്‍ക്ക് അഭിമുഖീകരിക്കുവാനുണ്ടായിരുന്നത്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അധികാരികള്‍ പഞ്ചായത്ത് ഭരണം സുഗമമായി കൈകാര്യം ചെയ്തപ്പോള്‍, അല്ലാതെയുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ നയിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ ഇല്ലാത്തവരായി മാറി

കമ്പ്യൂട്ടര്‍ ടൈപ്പിംഗ്‌ വശമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്‍റ്റ് തന്‍റെ ഔദ്യോഗിക കത്തുകള്‍ മെയില്‍ വഴി അയക്കാന്‍ തുടങ്ങി. കൂടാതെ ഇന്റര്‍നെറ്റില്‍ നിന്നും സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളും പദ്ധതികളും സ്വയം വായിച്ചു കണ്ടെത്താന്‍ കഴിയുമായിരുന്നതിനാല്‍ ഉദ്യോഗസ്ഥരേ അധികമായി ആശ്രയിക്കേണ്ടി വന്നതുമില്ല. കൂടാതെ, അവര്‍ ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുവാനും ഈ പഞ്ചായത്ത് പ്രസിടന്റിനു സാധിച്ചു.

അഭ്യസ്തവിദ്യരായവര്‍ എന്ന് സ്വയം പുകഴ്ത്തുന്ന കേരളത്തിലെ പല പഞ്ചായത്ത് അധ്യക്ഷന്മാരും തങ്ങളുടെ ഡിജിറ്റല്‍ ഒപ്പ് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ, അത് ഉപയോഗിക്കുവാന്‍ സെക്രട്ടറിയ്ക്ക് രഹസ്യത്തില്‍ കൈമാറിയിരിക്കുന്ന സ്ഥിതിയാണെന്നും ഓര്‍ക്കണം.

ഒരിക്കല്‍ പഞ്ചായത്ത് സെക്രട്ടറി നറോത്തി ദേവിയോട് ചോദിച്ചു- താങ്കള്‍ എങ്ങനെയാണ് ഇത്ര വിദഗ്ദ്ധമായ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്, അതും മതിയായ വിദ്യാഭ്യാസം ലഭിക്കാതെ?

"ഏതു വിദ്യാഭാസ രീതിയേക്കാള്‍ തീവ്രമായ ആഗ്രഹത്തോടെയാണ് ഞാന്‍ ഓരോ സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തിയത്. എന്‍റെ പക്കല്‍ ആത്മവിശ്വാസവും, ദൃഡനിശ്ചയവും മാത്രമാണുണ്ടായിരുന്നത്. ഇത് ഞാന്‍ പ്രയോജനപ്പെടുത്തി.കാറും ട്രെയിനും പോലെ മനുഷ്യന്‍റെ ഒരു കണ്ടുപിടുത്തം മാത്രമാണ് കമ്പ്യൂട്ടര്‍. അതുകൊണ്ട് നമ്മുക്ക് നമ്മുടെ നിയന്ത്രണത്തിലാണ് ഇവയെല്ലാം. അങ്ങനെയാണ് ഞാന്‍ ചിന്തിച്ചത്." നറോത്തി ദേവി മറ്റുള്ളവര്‍ക്കും പ്രചോദനമായി.

naurotidevi3

ഇന്റര്‍നെറ്റില്‍ നിന്നും സ്ത്രീ ശാക്തീകരണ മാര്‍ഗ്ഗങ്ങളും, ആരോഗ്യസംബന്ധമായ അറിവുകളും, കാര്‍ഷിക വിജ്ഞാനവും, മറ്റു വിവരങ്ങളും ശേഖരിക്കുവാന്‍ പഞ്ചായത്ത് പ്രസിടന്റ്റ് തന്നെ മാതൃകയായപ്പോള്‍, സാധാരണക്കാരായ മറ്റുള്ളവര്‍ക്കും ഇത് സംബന്ധിച്ച പരിജ്ഞാനം നേടുവാന്‍ തുടങ്ങി.

പൊതുജനങ്ങളുടെ പിന്തുണയാര്‍ജ്ജിച്ചത് മൂലം നവീനമായ പല ആശയങ്ങളും പഞ്ചായത്തില്‍ നടപ്പിലാക്കുവാന്‍ നറോത്തി ദേവിക്ക് സാധിച്ചു. മദ്യലോബിക്കെതിരെ ധീരമായ തീരുമാനങ്ങള്‍ എടുക്കുവാനും നറോത്തിക്ക് സാധിച്ചത് ഈ പിന്തുണ കാരണമായിരുന്നു. കൂടാതെ, രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാനുള്ള മാര്‍ഗ്ഗങ്ങളും ശുചിത്വപ്രവര്‍ത്തങ്ങളും ശ്രദ്ധേയമായ രീതിയില്‍ നടപ്പിലാക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു.

തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനത്തോടെ..

രാജസ്ഥാന്‍ പഞ്ചായത്ത്‌ രാജിന്‍റെ 2015 ലെ ഭേദഗതി പ്രകാരം, തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ നറോത്തി ദേവിക്കായില്ല. ഈ ഭേദഗതി പ്രകാരം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള അടിസ്ഥാന യോഗ്യതയില്‍ 8 ക്ലാസ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയിരുന്നു. പഞ്ചായത്ത് പ്രസിടെന്റാകാന്‍ ഒരാള്‍ 10 ക്ലാസ് വിദ്യാഭ്യാസം ഉള്ളവരായിരിക്കണം എന്നുമുണ്ട്.

കൂലിപ്പണി തുടരുവാന്‍ ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോള്‍ ആ തൊഴില്‍ ഉപേക്ഷിച്ചു കൂടുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നേടാനായിരുന്നു പിന്നീട് നറോത്തിയുടെ ശ്രമം. ഈ ശ്രമം ഫലം കാണുകയും, ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയാണവര്‍. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് പോലും ഇപ്പോള്‍ നറോത്തിയുടെ അടുക്കല്‍ വിദ്യാഭ്യാസം തേടിയെത്തുന്നവര്‍ ഉണ്ട്. നാമമാത്രമായ ഫീസ്‌ മാത്രമാണ് താന്‍ വിദ്യാര്‍ത്ഥികളോട് വാങ്ങുന്നതെന്ന് നറോത്തി പറയുന്നു. ഒരാള്‍ക്ക് മാസം 150 മുതല്‍ 200 വരെയാണ് ഫീസ്‌. കൂടാതെ, വിവരാവകാശ പ്രവര്‍ത്തക കൂടിയാണ് ഇപ്പോള്‍. സാമൂഹിക ഇടപ്പെടലുകള്‍ക്ക് ഇത് അനിവാര്യമാണെന്ന് അവര്‍ കരുതുന്നു.

തന്‍റെ ജീവിതത്തെ കുറിച്ച് നറോത്തി ദേവിക്ക് അഭിമാനം മാത്രമേയുള്ളു. കൂലിപ്പണി ചെയ്തു വന്ന വിദ്യാഭ്യാസമില്ലാത്ത ഒരു സ്ത്രീക്ക് ചെയ്യാന്‍ കഴിയുന്നതില്‍ നിന്നും താന്‍ ഏറെ പ്രവര്‍ത്തിച്ചു എന്ന് ഇവര്‍ വിശ്വസിക്കുന്നു. പ്രശ്നങ്ങളില്‍ നിന്നും ഒരിക്കലും ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ല. ലിംഗവിവേചനത്തിന് അടിമപ്പെടാതെ, അഭിമാനകരമായ രീതിയില്‍ സ്ത്രീശാക്തീകരണം നടപ്പില്‍ വരുത്തിയ വനിതയാണ്‌ താണെന്ന് അവര്‍ സ്വയം വിലയിരുത്തുന്നു.Courtesy: thebetterindia