ട്രെയിനില്‍ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ; വൈദ്യസഹായം ലഭിച്ചില്ലെന്ന് പരാതി

ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തുന്നതിന് മുമ്പെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. സഹയാത്രികര്‍ വിവരം അറിയിച്ചതോടെ റെയില്‍വേ പോലീസും അധികൃതരും എത്തിയെങ്കിലും പുരുഷന്‍മാര്‍ ആയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു . റെയില്‍വേ സ്റ്റേഷനിലോ തൊട്ടടുത്ത ആശുപത്രിയിലോ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. വളരെ വൈകി റെയില്‍വേ ആശുപത്രിയില്‍ നിന്ന് അറ്റന്‍ഡര്‍ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു .

ട്രെയിനില്‍ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ;  വൈദ്യസഹായം ലഭിച്ചില്ലെന്ന് പരാതി

പാലക്കാട് :  മംഗളൂരു- ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരിയായ ജാര്‍ഖണ്ഡ് സ്വദേശിനി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി . ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ സീതറാം പൂര്‍ മുരക്കി സി സ്വദേശി ജോസഫ് ചുലുവിന്റെ ഭാര്യ ബാലെ എബ്രം (27) ആണ് പ്രസവിച്ചത് . ഏഴ്മാസം ഗർഭിണിയായിരുന്നു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത യുവതിയുടെ കൂടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു . ഭര്‍ത്താവ് ജോസഫും മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു .


മംഗലാപുരത്ത് നിന്ന്  വരികയായിരുന്ന ഇവര്‍ ഷൊര്‍ണൂരില്‍ ഇറങ്ങി മറ്റൊരു ട്രെയിനില്‍ കോട്ടയത്തേക്ക് പോകാനിരിക്കുകയായിരുന്നു .ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തുന്നതിന് മുമ്പെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു.  സഹയാത്രികര്‍ വിവരം അറിയിച്ചതോടെ റെയില്‍വേ പോലീസും അധികൃതരും  എത്തിയെങ്കിലും പുരുഷന്‍മാര്‍ ആയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു . റെയില്‍വേ സ്റ്റേഷനിലോ തൊട്ടടുത്ത ആശുപത്രിയിലോ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല.  വളരെ വൈകി റെയില്‍വേ ആശുപത്രിയില്‍ നിന്ന് അറ്റന്‍ഡര്‍ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു .
പ്രസവത്തിനുശേഷം പ്രഥമ ശുശ്രൂഷ നല്‍കി അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയിലേക്ക് മാറ്റാനും ആംബുലന്‍സ് സൗകര്യം കിട്ടിയില്ല . ഒരു ടാക്‌സി കാറിലാണ് ഇവരെ രാത്രി പത്തരയോടെ  തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം .ഡോക്ടര്‍ അടക്കമുള്ളവരുടെ സേവനവും ആംബുലന്‍സും ലഭ്യമാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതായി പരാതിയുണ്ട്. അമ്മയും കുഞ്ഞുങ്ങളും തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയാണെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് സി ഐ  വി സന്തോഷ് നാരദ ന്യൂസിനോട് പറഞ്ഞു .

Story by
Read More >>