ഓരോ അഞ്ച് മിനിറ്റിലും പുതിയ ലേഖനം; വിക്കിപീഡിയ ബഹുഭാഷാ സാന്നിധ്യം വർദ്ധിപ്പിക്കുന്നു

ഓരോ 5 മിനിറ്റിലും പുതിയൊരു ലേഖനം പരിഭാഷവഴി ഏതെങ്കിലും ഭാഷയിലേയ്ക്ക് രചിക്കപ്പെടുന്നു. ഇതുവഴി സ്വതന്ത്ര അറിവിന്റെ ശേഖരം ഇംഗ്ലീഷിലൊതുങ്ങാതെ എല്ലാ ഭാഷകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് വിക്കിയ്ക്കുള്ളതു. താരതമ്യേന ചെറിയ വിക്കിപീഡിയയായ മലയാളം വിക്കിയിലിതുവരെ 383 ലേഖനങ്ങൾ ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ഓരോ അഞ്ച് മിനിറ്റിലും പുതിയ ലേഖനം; വിക്കിപീഡിയ ബഹുഭാഷാ സാന്നിധ്യം വർദ്ധിപ്പിക്കുന്നു

സന്തോഷ് തോട്ടിങ്ങൽ

ഇന്റർനെറ്റിലെ ആദ്യ അഞ്ചു വെബ്‌സൈറ്റുകളിലൊന്നായ വിക്കിപീഡിയ 283 ഭാഷകളിൽ പ്രവർത്തിക്കുന്നുണ്ടു. ഇതിൽ ഏറ്റവും വലുതും പ്രശസ്തവും ഇംഗ്ലീഷ് പതിപ്പാണു. 20 ഇന്ത്യൻ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ടു്. ഇന്ത്യൻ ഭാഷാ പതിപ്പുകളെല്ലാം ഇംഗ്ലീഷ് ഭാഷാ പതിപ്പിനെ അപേക്ഷിച്ചു വളരെ ചെറുതാണു. യൂറോപ്യൻ ഭാഷകളാണു ഇംഗ്ലീഷിനു തൊട്ടുതാഴെ വലുപ്പത്തിലും പ്രശസ്തിയിലും ഉള്ളതു. ലേഖനങ്ങളുടെ എണ്ണത്തിലും അവയുടെ ഉള്ളടക്കത്തിന്റെ ആഴത്തിന്റെ കാര്യത്തിലും ഈ താരതമ്യം ശരിയാണു്. ഈ താരതമ്യം പക്ഷേ ആ ഭാഷ സംസാരിയ്ക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ ആനുപാതികമല്ല താനും. സംസാരിയ്ക്കുന്നവരുടെ എണ്ണത്തിൽ ഹിന്ദി ലോകത്തിൽ നാലാം സ്ഥാനത്താണു. ഒരു ലക്ഷത്തിൽ പരം ലേഖനങ്ങളാണു ഹിന്ദി വിക്കിപീഡിയയിലുള്ളതെങ്കിൽ ഇംഗ്ലീഷിൽ 50 ലക്ഷത്തോളം ലേഖനങ്ങളുണ്ടു്. മലയാളം വിക്കിപീഡിയയിൽ നാൽപതിനായിരം ലേഖനങ്ങളാണുള്ളതു.
ഇത്തരം ചെറിയ വിക്കികൾക്കു വലിയ വിക്കികളിൽ നിന്നും ഉദാഹരണത്തിനു ഇംഗ്ലീഷിൽ നിന്നും ലേഖനങ്ങൾ പരിഭാഷപ്പെടുത്തിയെടുത്തുകൂടേ എന്ന ചോദ്യം പ്രസക്തമാണു. നിരവധി വിക്കിപീഡിയ എഡിറ്റർമാർ അങ്ങനെ ഭാഗികമായി ലേഖനങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ടു. പരിഭാഷപ്പെടുത്തൽ എളുപ്പമാക്കാൻ പല ഭാഷകൾക്കും മെഷീൻ ട്രാൻസ്ലേഷൻ സൗകര്യങ്ങൾ ലഭ്യമാണു്. ഇതിനായി വിക്കിപീഡിയ കഴിഞ്ഞവർഷം ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. വിക്കിയ്ക്കുള്ളിൽ തന്നെ വിവിധതരം പരിഭാഷാ സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഭാഷയിൽ നിന്നും വേറൊരു ഭാഷയിലേയ്ക്ക് ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ ഇതുവഴി സാധിയ്ക്കും. നിഘണ്ടുക്കൾ, മെഷീൻ ട്രാൻസ്ലേഷൻ എന്നിവയ്ക്കു പുറേമേ, വിക്കിയിലെ ലിങ്കുകൾ വേറെ ഭാഷയിലേയ്ക്ക് ഓട്ടോമാറ്റിക് ആയി മാറ്റാനുള്ള സൌകര്യവും ഉണ്ട്. വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തുന്നതിനു് പലരും മടിക്കുന്നതിനുള്ള ഒരു കാരണം അതിന്റെ കുറച്ചു വിഷമം പിടിച്ച വിക്കി മാർക്കപ്പ് ഭാഷ പഠിച്ചെടുക്കാൻ മടിക്കുന്നതിനാലാണു. ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ വരാൻ പോകുന്ന ഈ സംവിധാനത്തിൽ ഗൂഗിൾ ഡോക്കോ വേഡ് പോലുള്ള ഡോക്യുമെന്റോ എഡിറ്റു ചെയ്യുന്നപോലെ ലേഖനങ്ങൾ തയ്യാറാക്കാൻ കഴിയും.

ഈ പരിഭാഷാ സംവിധാനം വളരെപ്പെട്ടെന്നു തന്നെ വിക്കിപീഡിയ എഡിറ്റർമാർക്കിടയിൽ പ്രശസ്തിയാർജിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ ലേഖനങ്ങളാണ് ഇങ്ങനെ പരിഭാഷ വഴി പല ഭാഷകളിലായി വിക്കി അതിന്റെ ബൃഹത്തായ അറിവുശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതു്. ഓരോ 5 മിനിറ്റിലും പുതിയൊരു ലേഖനം പരിഭാഷവഴി ഏതെങ്കിലും ഭാഷയിലേയ്ക്ക് രചിക്കപ്പെടുന്നു. ഇതുവഴി സ്വതന്ത്ര അറിവിന്റെ ശേഖരം ഇംഗ്ലീഷിലൊതുങ്ങാതെ എല്ലാ ഭാഷകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് വിക്കിയ്ക്കുള്ളതു. താരതമ്യേന ചെറിയ വിക്കിപീഡിയയായ മലയാളം വിക്കിയിലിതുവരെ 383 ലേഖനങ്ങൾ ഇംഗ്ലീഷിൽ നിന്നും അറബിയിൽ നിന്നും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ നിന്നും ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്കും വിക്കി ലേഖനങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഇതേ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുത്ത വിഷയങ്ങളിലെ ലേഖനങ്ങളുടെ എണ്ണം എല്ലാ ഭാഷകളിലും വർദ്ധിപ്പിക്കുന്നതിനുള്ള കാമ്പയിനുകളും നടക്കുന്നുണ്ട്. അതിലെ ശ്രദ്ധേയമായ ഒരു പദ്ധതിയാണു് അവശ്യ വാക്‌സിനുകളെക്കുറിച്ചുള്ള ലേഖനങ്ങൾ എല്ലാ ഭാഷകളിലും ലഭ്യമാക്കൽ. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന 23 അവശ്യ വാക്‌സിനുകളെക്കുറിച്ച് എല്ലാ ഭാഷാ വിക്കികളിലും ലേഖനങ്ങൾ ഉണ്ടെന്നുറപ്പുവരുത്തലാണു് പദ്ധതിയുടെ ലക്ഷ്യം. വെവ്വേറെ എഴുതുന്നതിനുപകരം പരിഭാഷവഴിയാണു് ഇതു് സാധ്യമാവുന്നതു്.

(മേല്‍പ്പറഞ്ഞ പ്രൊജക്ടിന്റെ ടെക്നിക്കല്‍ ലീഡ്, സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, വിക്കിമീഡിയ ഭാഷാ എന്‍ജിനിയറിങ്ങ് എന്നിവയിലെ അംഗമാണ് ലേഖകൻ)