ആ 2600 കോടി എവിടെ നിന്നു വരും? മറുപടി പറയുക ഐസക്കോ കെ എം എബ്രഹാമോ?

ഉമ്മൻചാണ്ടിയുടെ ബജറ്റു സൃഷ്ടിച്ച അതേ ഉദ്യോഗസ്ഥ സംഘം തന്നെയായിരുന്നു ഐസക്കിന്റെ ബജറ്റിനു പിന്നിലും. രണ്ടിന്റെയും തലപ്പത്ത് കെ എം എബ്രഹാം എന്ന അഡീഷണൽ ചീഫ് സെക്രട്ടറി. നാലുമാസത്തിന്റെ ഇടവേളയിൽ കേരളവരുമാനം ഏതുവിധേനയാണ്, ഇത്രയധികം വർദ്ധിക്കുക?

ആ 2600 കോടി എവിടെ നിന്നു വരും? മറുപടി പറയുക ഐസക്കോ കെ എം എബ്രഹാമോ?

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉമ്മൻചാണ്ടി അവതരിപ്പിച്ച ബജറ്റും ഐസക്കിന്റെ ബജറ്റും തമ്മിൽ കാൽക്കുലേറ്ററിൽ തെളിയുന്ന ദൂരമെത്രയാണ്?

ഉമ്മൻചാണ്ടിയുടെ ബജറ്റു സൃഷ്ടിച്ച അതേ ഉദ്യോഗസ്ഥ സംഘം തന്നെയായിരുന്നു ഐസക്കിന്റെ ബജറ്റിനു പിന്നിലും. രണ്ടിന്റെയും തലപ്പത്ത് കെ എം എബ്രഹാം എന്ന അഡീഷണൽ ചീഫ് സെക്രട്ടറി. ലാപ്ടോപ്പിലും കാൽക്കുലേറ്ററിലും വിരലമർത്തിയത് ധനവകുപ്പിലെ ബജറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ. താരതമ്യത്തിനൊടുവിൽ മറുപടി പറയേണ്ടി വരുന്നത് 2600 കോടിയുടെ കണക്കിനാണ്. അത് ആരു പറയുമെന്നതാണ് ചോദ്യം.


ആദ്യം വരുമാനം പരിശോധിക്കാം. റവന്യൂ വരുമാനവും മൂലധന വരുമാനവും ചേരുന്നതാണ് ആകെ സംസ്ഥാന വരുമാനം. ഉമ്മൻചാണ്ടി ആകെ പ്രതീക്ഷിച്ചത് 104160.96 കോടിയാണ്. ഐസക്ക് ബജറ്റു തയ്യാറാക്കിയപ്പോൾ അത് 107285.21 കോടിയായി. ആകെ വരുമാനത്തിൽ 3124 കോടിയുടെ വർദ്ധനയാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ നിന്ന് ജൂലൈയിലെത്തുമ്പോൾ സംഭവിച്ചത്.

റവന്യൂ വരുമാനമെടുക്കാം. ഉമ്മൻചാണ്ടിയുടെ ബജറ്റിൽ 84092.6 കോടി. ഐസക്കു വന്നപ്പോൾ അത് 84616.85 കോടിയായി. വർദ്ധന 524 കോടി.

റവന്യൂ വരുമാനത്തിൽ നികുതിവരുമാനവും നികുതിയേതര വരുമാനവും കേന്ദ്രവിഹിതവുമുണ്ട്. നികുതി വരുമാനത്തിൽ 570 കോടിയും നികുതിയേതര വരുമാനത്തിൽ 500 കോടിയുമാണ് ഉമ്മൻചാണ്ടിയുടെ കണക്കിനെക്കാൾ ഐസക്ക് അധികം പ്രതീക്ഷിക്കുന്നത്. അതേസയമം, കേന്ദ്രവിഹിതത്തിൽ 545 കോടിയുടെ കുറവും പ്രതീക്ഷിക്കുന്നു. ആകെ റവന്യൂ വരുമാനത്തിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടിയുടെ ബജറ്റുമായി വെറും 524 കോടിയുടെ വ്യത്യാസം.

ഇതിൽ, നികുതിയേതര വരുമാനത്തിലെ വർദ്ധനയായ 500 കോടിയും ലോട്ടറിയിൽ നിന്നാണ്. ലോട്ടറി വിൽപന വഴി 7990 കോടി രൂപ ഉമ്മൻചാണ്ടി പ്രതീക്ഷിച്ചപ്പോൾ ഐസക്ക് കണക്കുകൂട്ടുന്നത് 8490 കോടി. ഒക്കെ ഒരു ഭാഗ്യപരീക്ഷണമാണ്.

മൂലധനവരുമാനം പരിശോധിച്ചാലും നെറ്റി ചുളിയുന്ന കണക്കാണ് ഐസക്കിന്റേത്. ഉമ്മൻചാണ്ടി 20068.36 കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 22668.36 കോടിയാണ് ഐസക് കണക്കാക്കുന്നത്. വ്യത്യാസം 2600 കോടി. ഈ അധികവരവ് എവിടെ നിന്ന് എന്ന് തോമസ് ഐസക്ക് വിശദീകരിക്കേണ്ടി വരും.

[caption id="attachment_29181" align="aligncenter" width="640"]ഉമ്മൻ ചാണ്ടിയുടെയും തോമസ് ഐസക്കിന്റെയും ബജറ്റുകൾ തമ്മിലുള്ള താരതമ്യം ഉമ്മൻ ചാണ്ടിയുടെയും തോമസ് ഐസക്കിന്റെയും ബജറ്റുകൾ തമ്മിലുള്ള താരതമ്യം[/caption]

പബ്ലിക് അക്കൗണ്ട് (നെറ്റ്) എന്നൊരിനത്തിലാണ് ഈ 2600 കോടി വകകൊള്ളിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി 1902.37 കോടി കണക്കാക്കിയ സ്ഥാനത്ത് ഐസക്ക് 4502.37 കോടി പ്രതീക്ഷിക്കുന്നു. അതിനെന്താണ് അടിസ്ഥാനം?

ഡെപ്പോസിറ്റ് ആൻഡ് അഡ്വാൻസ് (നെറ്റ്) എന്ന ഇനത്തിൽ ഉമ്മൻചാണ്ടി കണക്കാക്കിയ 887 കോടിയുടെ കമ്മിയെ 437 കോടിയായി കുറച്ചും മറ്റുള്ളവ എന്ന ഇനത്തിലെ 714.20 കോടി 2564 കോടിയായി ഉയർത്തിയുമാണ് മൂലധനവരുമാനത്തിലെ 2600 കോടിയുടെ വ്യത്യാസം സൃഷ്ടിച്ചിരിക്കുന്നത്. ഈ വരവിന്റെ യുക്തിയാണ് ധനമന്ത്രിയും വകുപ്പും വിശദീകരിക്കേണ്ടത്.

പദ്ധതിച്ചെലവിൽ രണ്ടു ബജറ്റുകളും തമ്മിൽ ഒരു രൂപയുടെ പോലും വ്യത്യാസമില്ല. അതേസമയം 3693 കോടി പദ്ധതിയേതര ചെലവിൽ അധികമായി ഐസക് പ്രതീക്ഷിക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ബജറ്റിലെ 9897.46 കോടിയുടെ റവന്യൂ കമ്മി പുതുക്കിയ ബജറ്റിൽ 13066.25 കോടിയായി ഉയർന്നത് അങ്ങനെയാണ്.

ഉമ്മൻചാണ്ടിയുടെ അവസാന ബജറ്റിൽ ചെറിയൊരു കൈക്രിയ മാത്രം നടത്തിയാണ് ഇടതുമുന്നണിയുടെ "അടിപൊളി" ബജറ്റ് ഐസക് തയ്യാറാക്കിയത്. പ്രഖ്യാപനങ്ങൾക്കുള്ള പണം പുറത്തുനിന്നുതന്നെ കണ്ടെത്തേണ്ടി വരും. അടുത്ത വർഷത്തെ ബജറ്റവതരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് ഈ ബജറ്റു തന്നെയായിരിക്കും.

Read More >>