ദാമോദരന്റെ വിഎസ് വിരോധത്തിനു പിന്നിലെന്ത്? ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിന്റെ ചരിത്രത്തിലൂടെ...

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി താൻ നിയമിതനായപ്പോൾ അതു വലിയ വാർത്തയായില്ല എന്നും ഐസ്‌ക്രീം പാർലർ അട്ടിമറി കേസിൽ സുപ്രീം കോടതിയിൽ വിഎസ് സമർപ്പിച്ച ഹർജി തള്ളിയപ്പോഴാണ് തനിക്കെതിരെ 'ചില കേന്ദ്രങ്ങളിൽ' നിന്ന് ഗൂഢാലോചന ഉണ്ടായതെന്നുമുള്ള ആരോപണവുമായി എം കെ ദാമോദരൻ രംഗത്തെത്തിയിരിക്കുന്നു. ഏതാണ് ഈ കേന്ദ്രങ്ങളെന്നു വ്യക്തമാണെങ്കിലും താനായിട്ട് അതു വെളിപ്പെടുത്തുന്നില്ലെന്നാണ് ദ ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ ദാമോദരൻ പറയുന്നത്. ലക്ഷ്യം വിഎസ് ആണെന്ന് അതുവായിക്കുന്ന ആർക്കും മനസ്സിലാകും. ഈ പശ്ചാത്തലത്തിൽ എന്താണ് ഇവർ തമ്മിലുള്ള വൈര്യത്തിന്റെ പിന്നാമ്പുറം എന്നന്വേഷിക്കുകയാണ്, നാരദ ന്യൂസ്.

ദാമോദരന്റെ വിഎസ് വിരോധത്തിനു പിന്നിലെന്ത്? ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിന്റെ ചരിത്രത്തിലൂടെ...

തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന്  എം.കെ.ദാമോദരന്‍ ദ ഹിന്ദു ദിനപത്രത്തോട് പറഞ്ഞതോട് കൂടി  ഒരു  ഇടവേളയ്ക്കു ശേഷം ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നടന്ന അന്തര്‍നാടകങ്ങള്‍ ഒരിക്കല്‍ കൂടെ ചർച്ചയാകുകയാണ്. അന്ന് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം കെ ദാമോദരനും ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയിരുന്ന കല്ലട സുകുമാരനും കൊടുത്ത നിയമോപദേശവും, കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കേണ്ട എന്ന സി പി ഐ (എം)  സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനവും ആണ് വീണ്ടും ചർച്ചയാകുന്നത്.


അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് നടക്കാവില്‍ ശ്രീദേവി നടത്തുന്ന ആർകെഎസ് ഐസ് ക്രീം പാര്‍ലര്‍ നടക്കാവു പൊലീസ് റെയ്ഡ് നടത്തുന്നതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കമാകുന്നത്. നേരത്തെ കോഴിക്കോടു ബീച്ചിനടുത്ത് മഹൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശ്രീദേവി പ്രാദേശികമായ എതിർപ്പിനെ തുടർന്നാണ് ഐസ് ക്രീം പാർലർ തുടങ്ങിയത്. റെയ്ഡിനെ തുടര്‍ന്ന് 282/97 നമ്പര്‍ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റര്‍ ചെയ്യുകയും ശ്രീദേവിയെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇരകളായ ബേബി, രജുല, റജീന തുടങ്ങിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി, അദ്ദേഹത്തിന്റെ ഡ്രൈവര്‍ അരവിന്ദാക്ഷന്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഈ സെക്സ് റാക്കറ്റുമായി ബന്ധമുണ്ട്  എന്നു  തെളിഞ്ഞു.

കൂടാതെ 12 സെപ്റ്റംബർ 1997 ല്‍ ബേബി നല്‍കിയ മൊഴിയിൽ  ശ്രീദേവി ബേബിയെയും വിമലയെയും കോഴിക്കോട് YMCA ക്ക് അടുത്തുള്ള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടു പോയെന്നും അവിടെവച്ചു കുഞ്ഞാലിക്കുട്ടി വിമലയേയും ഡ്രൈവര്‍ അരവിന്ദാക്ഷന്‍ ബേബിയെയും പീഡിപ്പിച്ചുവെന്നും പറയുന്നു.

28 സെപ്റ്റംബർ 1997 ല്‍ രജുല നല്‍കിയ മൊഴി പ്രകാരം കുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവര്‍ അരവിന്ദാക്ഷന്‍ ഐസ്‌ക്രീം പാർലറിൽ എത്തി പെണ്‍കുട്ടികളെ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍ പ്രകാരം ശ്രീദേവി റജീനയെയും മറ്റൊരു പെണ്‍കുട്ടിയെയും പറഞ്ഞ സ്ഥലത്ത് എത്തിക്കുകയും കുഞ്ഞാലിക്കുട്ടി രണ്ടുപേരെയും പീഡിപ്പിക്കുകയും ചെയ്തു. കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് റജീനയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. 24 ഓഗസ്റ്റ് 1997ൽ റജീന നൽകിയ മൊഴിയിലും സമാനമായ കാര്യം പറയുന്നുണ്ട്. തന്നെയും വിമലയേയും രജുലയേയും പേരാമ്പ്ര സ്റ്റേഡിയത്തിനടുത്ത് ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് അതിൽ പറയുന്നത്. മൂവരെയും നഗ്നനൃത്തം ചെയ്യിപ്പിച്ചതായും സംഘരതിയിൽ ഏർപ്പെട്ടതായും മൊഴിയിൽ പറയുന്നു.

സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും നിരവധി ഉണ്ടായിട്ടും ഇതുവരെ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിയാകുകയോ വിചാരണ നേരിടുകയോ ചെയ്തിട്ടില്ല. ചടയന്‍ ഗോവിന്ദന്‍റെ മരണ ശേഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും തമ്മില്‍ പിൽക്കാലത്ത് ഉടലെടുത്ത രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്നാണ്‌ കേസ് തേഞ്ഞുമാഞ്ഞു പോകുന്നതില്‍ നടന്ന അണിയറ നീക്കങ്ങള്‍ പുറത്തുവന്നത്.

1

വിഭാഗീയതക്കാലത്ത് തലങ്ങുംവിലങ്ങും ഇറങ്ങിയ ഉടയോരില്ലാത്ത ലഘുലേഖകളിലൂടെയും ക്രൈം വാരികകളിലൂടെയും മറ്റുമായി അതുസംബന്ധിച്ച രണ്ടു സമാന്തര ഭാഷണങ്ങൾ (parallel narratives) കേരളത്തിലെ പൊതുമണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ കുഞ്ഞാലിക്കുട്ടി നേരിൽക്കണ്ടു കാലിൽവീണു എന്നാണ് രണ്ടിലും പൊതുവായി പറയുന്നത്. അന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് എന്നും ആരോപിക്കപ്പെടുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം സംബന്ധിച്ചാണ് ഭാഷണങ്ങളിൽ വ്യത്യാസം.  കേസില്‍ തന്നെ പ്രതിയാക്കരുത് എന്ന് ആവശ്യപ്പെടാന്‍ പി കെ കുഞ്ഞാലിക്കുട്ടി, ശശിയുമൊത്ത് കല്യാശേരിയിൽ നായനാരുടെ വീട്ടില്‍ പോയി എന്നും, അവിടെ വച്ച്  നായനാരുടെ കാലുപിടിച്ചു രക്ഷിക്കണം എന്ന് അപേക്ഷിച്ചതായും പറയപ്പെടുന്നു. വീട്ടിൽവച്ചല്ല, തിരുവനന്തപുരത്തുനിന്ന് മലബാറിലേക്കു പോകുന്ന ട്രെയിനിൽ വച്ചാണ് ഇതു നടന്നതെന്ന് മറ്റൊരു വേർഷനിൽ പറയുന്നു. ഏതായാലും അതോടെ നായനാരുടെ മനമലിഞ്ഞെന്നും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാൻ വഴിയൊരുങ്ങി എന്നുമാണ് ആക്ഷേപം.

തുടർന്ന് ഈ വിഷയം ചർച്ച ചെയ്യാൻ സിപിഐ(എം) സംസ്ഥാനകമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങൾ അടങ്ങുന്ന അഞ്ചംഗ ഉപസമിതിയെ വച്ചു. സുശീല ഗോപാലൻ, ചടയൻ ഗോവിന്ദൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, പാലൊളി മുഹമ്മദുകുട്ടി എന്നിവരായിരുന്നു അംഗങ്ങൾ. നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം തന്നെ ഇങ്ങനെയൊരു സമിതിക്കില്ലായിരിക്കെ സംസ്ഥാനത്തു നടന്നതായി ആരോപിക്കപ്പെട്ട ഒരു വലിയ ക്രൈമിൽ പ്രതിപക്ഷനേതൃനിരയിലെ പ്രധാനിയെ പ്രതിയാക്കണോ വേണ്ടയോ എന്നു ചർച്ചചെയ്യാൻ സിപിഐ(എം) പോലെ ഒരു പാർട്ടി ഇത്തരമൊരു നീക്കം നടത്തി എന്ന വിവരം വിഭാഗീയതയില്ലായിരുന്നുവെങ്കിൽ പുറത്തെത്തുക പോലുമില്ലായിരുന്നു.

2

സമിതിയുടെ ആദ്യ യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വാദം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി നായനാർ മാത്രമായിരുന്നു. മറ്റുള്ള നാലുപേരും മുൻമന്ത്രിയെ പ്രതിയാക്കണം എന്ന നിലപാടാണു കൈക്കൊണ്ടത്. അപ്പോഴാണ്, എജിയോടു നിയമോപദേശം തേടാം എന്ന ഓപ്ഷൻ നായനാർ മുന്നോട്ടുവച്ചത്. ദാമോദരന്റെ നിയമോപദേശം കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കുന്നതിന് എതിരായിരുന്നു. ആ നിയമോപദേശം അങ്ങനെയാവാനിടയാക്കിയ കാരണങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ അളിയനായിരുന്ന റൗഫ് കഴിഞ്ഞ വിഎസ് മന്ത്രിസഭയുടെ അവസാനകാലത്ത് നടത്തിയ വെളിപ്പെടുത്തലിൽ ഉണ്ട്. ചെമ്മീൻകെട്ടു നടത്തി പരാജയപ്പെട്ടതിലൂടെ ദാമോദരനുണ്ടായ കടം വീട്ടാൻ 32 ലക്ഷം രൂപ നൽകി സഹായിച്ചു എന്നായിരുന്നു റൗഫിന്റെ ആരോപണം.

എ കെ ആന്റണി മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരിക്കുമ്പോഴാണ് ഐസ്‌ക്രീം പാർലർ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷി പ്രസിഡന്റ് അജിതയുടെ പരാതിയെ തുടർന്നാണ് നായനാർ മന്ത്രിസഭയുടെ കാലത്ത് ഇതുവീണ്ടും പൊങ്ങിവരുന്നത്. അതേത്തുടർന്ന് കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കണം എന്ന് അന്നു ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട സുകുമാരൻ നിലപാടെടുത്തിരുന്നു. അഡീഷണൽ അഡ്വ. ജനറലായിരുന്ന ബീരാൻകുട്ടി അടക്കമുള്ള പ്രമുഖർ ഇത്തരമൊരു റിപ്പോർട്ട് നൽകരുതെന്നു തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശശി പരസ്യമായി തന്നെ ഇതിനെതിരെയ നീരസം പ്രകടിപ്പിച്ചതായും കല്ലട സുകുമാരൻ പിൽക്കാലത്ത് ഇന്ത്യാ വിഷനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

സുകുമാരന്റെ റിപ്പോർട്ട് തള്ളാനും ദാമോദരന്റേതു കൊള്ളാനും നായനാർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒടുവിൽ സമിതിയുടെ അടുത്ത യോഗത്തിലും തുടർന്ന് സംസ്ഥാനകമ്മിറ്റിയിലും ദാമോദരന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനാവില്ല എന്ന നിലപാടു വിശദീകരിച്ചത് അന്നു സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയൻ ഗോവിന്ദൻ തന്നെയാണ്.

സമിതി ആ നിലപാടു സ്വീകരിക്കുമ്പോൾ എൽഡിഎഫ് കൺവീനറായിരുന്ന വി എസ് അച്യുതാനന്ദൻ പാർടിക്കുള്ളിൽ സർവ്വാധികാരിയായി വാഴുകയാണ്. അച്യുതാനന്ദന്റെ മൗനാനുവാദമില്ലാതെ സെക്രട്ടേറിയറ്റ് ഉപസമിതിയെ മറികടന്ന് ഇങ്ങനെയൊരു റിപ്പോർട്ട് സംസ്ഥാനകമ്മിറ്റിയിൽ വയ്ക്കാൻ ചടയൻ ഗോവിന്ദന് ആവുമായിരുന്നില്ല.  മാരാരിക്കുളത്തെ പരാജയത്തിനു കണക്കുപറഞ്ഞ് പ്രതികാരം ചെയ്തുകൊണ്ടാണ്, വിഎസ് അന്ന് ഇഎംഎസിന്റെ പിന്തുണയുണ്ടായിരുന്ന സുശീല ഗോപാലനെ അട്ടിമറിച്ച് നായനാരെ മുഖ്യമന്ത്രിയാക്കുന്നതും സംസ്ഥാന സെക്രട്ടറിയാവുമെന്നു കരുതപ്പെട്ടിരുന്ന സിഐടിയു നേതാവ് രവീന്ദ്രനാഥിനെ ഒതുക്കി ചടയൻ ഗോവിന്ദനെ പാർടി സെക്രട്ടറിയാക്കുന്നതും. ചടയൻ ഗോവിന്ദന്റെ മരണശേഷം അന്നു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവപ്പിച്ചു പാർട്ടി സെക്രട്ടറിയാക്കുന്നതും വിഎസ് ആണ്. അന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇ പി ജയരാജനും പി ശശിയും അടക്കമുള്ളവർ കടുത്ത വിഎസ് അനുകൂലികളുമായിരുന്നു. എം എം ലോറൻസ്, എ മാധവൻ, കെ എൻ രവീന്ദ്രനാഥ്, ബാലാനന്ദൻ, വി ബി ചെറിയാൻ തുടങ്ങിയവരായിരുന്നു എതിർപക്ഷത്തെ പ്രബലർ. കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ലോറൻസിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയാണ് വിഎസ് ഇടതുപക്ഷമുന്നണിയുടെ കൺവീനർ ആകുന്നത്.

എന്നാൽ പിൽക്കാലത്ത് പാർടിക്കുള്ളിലെ അധികാര സമവാക്യങ്ങൾ മാറിമറിഞ്ഞു. കൊച്ചി കപ്പൽശാലയിൽ തുടങ്ങിയ സേവ് സിപിഎം ഫോറവും സിഐടിയു പക്ഷവും അപ്രസക്തമായി. വിഎസ് പക്ഷവും ഔദ്യോഗിക പക്ഷവുമായി കാര്യങ്ങൾ തിരിഞ്ഞു. ജനകീയാസൂത്രണം സാമ്രാജ്യത്വ ഗൂഢാലോചനയാണെന്ന ആരോപണവുമായി പാഠം രംഗത്തുവന്നു. എം എൻ വിജയൻ ഒരേ സമയം ദേശാഭിമാനി വാരികയുടെയും പാഠത്തിന്റെയും പത്രാധിപരായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ശത്രുപക്ഷത്താക്കി ചിത്രീകരിച്ചു. തോമസ് ഐസക്കിനെ വിദേശ ചാരനാക്കിയുള്ള പ്രചാരണം ആരംഭിച്ചു. പഠനത്തിന് നെഥർലാൻഡ് സർക്കാരിൽ നിന്നു ഫണ്ടു സ്വീകരിച്ചതിന്റെ പേരിൽ ജോയ് ഇളമൺ, ബി ഇക്ബാൽ എന്നിവർ പാർട്ടിക്കു പുറത്തായി. നാലാംലോകവാദത്തിന്റെ പേരിൽ എം പി പരമേശ്വരനും പുറത്തേക്കുള്ള വാതിൽ തുറന്നു. ജനകീയാസൂത്രണ വിവാദത്തിൽ ഐസക്കിനെ സംരക്ഷിച്ചതിന്റെ പേരിൽ ക്രൈം വാരിക പിണറായി വിജയനെതിരെ കുരിശുയുദ്ധം തുടങ്ങി. ശൂന്യതയിൽ നിന്നു ലാവലിൻ കേസ് ഉത്ഭവിച്ചു. സിഎജി തന്നെ ഫൈനൽ റിപ്പോർട്ടിൽ ഒഴിവാക്കിയ ഡ്രാഫ്റ്റ് റിപ്പോർട്ടിലെ പരാമർശങ്ങളുടെ പേരിൽ ഒന്നരപ്പതിറ്റാണ്ടു നീണ്ട മാദ്ധ്യമവേട്ടയ്ക്ക് അരങ്ങൊരുങ്ങുകയായിരുന്നു.

അക്കാലത്ത് പാർട്ടി തീരുമാനപ്രകാരമാണ് കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാതിരുന്നതെന്ന് പിണറായി ഒരു ജില്ലാസമ്മേളനത്തിൽ പറഞ്ഞത് വിവാദമായി. നിയമോപദേശത്തെ അടിസ്ഥാനമാക്കിയാണ് പാർട്ടി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് എന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ അന്നു പാർടി സെക്രട്ടറിയായ പിണറായി വിജയൻ റിപ്പോർട്ട് ചെയ്തതായാണു വാർത്ത വന്നത്. ഇതു ചോദ്യം ചെയ്ത് അന്ന് എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറിയായിരുന്ന രാജേന്ദ്രൻ രംഗത്തുവന്നുവെന്നും പഴയ സെക്രട്ടേറിയറ്റ് ഉപസമിതിയുടെ ആദ്യയോഗത്തിന്റെ മിനിറ്റ്സ് രാജേന്ദ്രൻ ചോർത്തിക്കൊടുത്തുവെന്നും ആരോപണം ഉയർന്നു. ഇതേ തുടർന്നാണ് കൊല്ലം സ്വദേശി രാജേന്ദ്രനു സ്ഥാനചലനമുണ്ടാകുന്നതും കണ്ണൂർ സ്വദേശി സജീവൻ ആ സ്ഥാനത്തേക്ക് എത്തുന്നതും.

വിഭാഗീയതയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഈ കഥകളൊക്കെ പുറംലോകമറിയുന്നത്. ഇരുമ്പുമറയുള്ള പാർട്ടിയിൽ നിന്ന് അല്ലാത്തപക്ഷം പുറത്തുവരാനിടയില്ലാത്ത ഈ വാർത്തകൾ ശരിയെന്നോ തെറ്റെന്നോ ഉറപ്പിച്ചുപറയാൻ വിഭാഗീയതക്കാലത്തെ ലഘുലേഖകളല്ലാതെ രേഖകളൊന്നും അവശേഷിച്ചിട്ടില്ല. സിപിഐ(എം)-ന്റെ ഏതെങ്കിലും യോഗത്തിന്റെ മിനിറ്റ്സ് വിവരാവകാശപ്രകാരം പരിശോധിക്കാൻ ലഭ്യമാകാത്തിടത്തോളം ഇവയൊന്നും സംശയരഹിതമായി തെളിയിക്കാനുമാവില്ല. അതാവട്ടെ, ഒരു രാഷ്ട്രീയപാർടിക്കുള്ളിലെ ജനാധിപത്യപരമായ ചർച്ചകളുടെ സാധ്യതയെ തന്നെ അടച്ചുകളയുകയും ചെയ്യാം.

കേസ് ഡയറിയും ഇരകളുടെ മൊഴിയും അടക്കം പരിശോധിച്ചെന്നും മൊഴി വിശ്വസനീയമല്ല എന്നും അതിനാൽ കുഞ്ഞാലിക്കുട്ടിയെ കേസിലെ പ്രതിയാക്കുവാന്‍ സാധിക്കില്ല എന്നുമായിരുന്നു ദാമോദരന്‍ അന്നു നല്‍കിയ നിയമോപദേശം. എന്നാല്‍ കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ഇരയായ റജീന പ്രായപൂര്‍ത്തിയായിരുന്നില്ല എന്നും അതുകൊണ്ടു തന്നെ 'സമ്മതം' (consent) ഈ കേസില്‍ നിലനില്‍ക്കില്ല എന്നുമുള്ള വാദങ്ങളെ എം കെ ദാമോദരന്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു. കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറിയുൾപ്പടെയുള്ളവ രണ്ടാമത് വ്യാജമായി എഴുതി ഉണ്ടാക്കിയതാണ് എന്ന ആരോപണവും എം കെ ദാമോദരന്‍ തള്ളുകയായിരുന്നു.

എന്നാല്‍ ഡി ജി പി ആയിരുന്ന കല്ലട സുകുമാരന്‍ ഇതിനു തികച്ചും വിപരീതമായ നിയമോപദേശം ആയിരുന്നു നല്‍കിയത്. കുഞ്ഞാലിക്കുട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ നായനാര്‍ സര്‍ക്കാര്‍ കല്ലട സുകുമാരന്‍റെ നിയമോപദേശം മുഖവിലയ്ക്കെടുത്തില്ല. പിന്നീട് വിഭാഗീയത മൂർച്ഛിച്ചപ്പോള്‍ ഈ നിയമോപദേശം ആയുധം ആക്കി കണ്ണൂര്‍ ലോബിക്കെതിരെ വി എസ് അച്യുതാനന്ദന്‍ ആഞ്ഞടിക്കുകയായിരുന്നു. ആ കാലയളവില്‍ നടന്ന പാര്‍ട്ടി സമ്മേളനങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം ആയിരുന്നു ഐസ് ക്രീം പാര്‍ലര്‍ കേസും വി എസ്സിന്റെ നിയമ പോരാട്ടവും. വെട്ടിനിരത്തൽ എന്ന ദുഷ്പേരു വീണ നിലംനികത്തൽ വിരുദ്ധ സമരത്തിനൊപ്പം, അദ്ദേഹത്തിന്റെ പ്രതിച്ഛായാ നിർമ്മിതിയിലെ പ്രധാന ആയുധങ്ങളായി അവ മാറി.

കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കേസ് ഒതുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവായിരുന്ന റഊഫ് ആയിരുന്നു. മഹാരാഷ്ട്രയിൽ കൃഷിഭൂമി കർഷകർക്കു മാത്രമേ വാങ്ങാനാവൂ എന്ന നിയമം നിലനിൽക്കേ കർഷകനാണെന്ന വ്യാജരേഖ ചമച്ചു ഭൂമി വാങ്ങിയ കേസിൽ റഊഫ് അറസ്റ്റിലായിരുന്നു. നേരത്തെ ഐസ്‌ക്രീം പാർലർ കേസിലെ പ്രതികൾക്കു കൊടുക്കാനാണെന്നു പറഞ്ഞ് കണക്കില്ലാത്ത പണം കുഞ്ഞാലിക്കുട്ടിയിൽ നിന്നു റഊഫ് കൈക്കലാക്കിയിരുന്നു. ഈ പണത്തിന്റെ ഉപയോഗത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാവണം, തന്നെ കുടുക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നു റഊഫ് വിശ്വസിച്ചു. അതോടെയാണ് ജയിൽമോചിതനായ ശേഷം അദ്ദേഹം കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിക്കുന്നത്. ഈ അവസരം കൃത്യമായി ഉപയോഗിച്ച് അന്ന് ഇന്ത്യാവിഷന്റെ തലപ്പത്തുണ്ടായിരുന്ന ബഷീർ റൗഫിനെ സ്റ്റിങ് ഓപ്പറേഷനിൽ കുടുക്കി. റൗഫിന്റെ അവകാശവാദങ്ങൾ ശരിയാണെന്നുറപ്പുവരുത്താൻ ഇരകളുടെ മൊഴിയും ആവശ്യമായിരുന്നു. റജീനയുടെയും കേസിൽ ഇരകളായ മറ്റുയുവതികളുടെയും സ്റ്റിങ് കൂടി റെക്കോഡ് ചെയ്തുകൊണ്ടാണ് ബഷീർ അതുറപ്പാക്കിയത്.

മുമ്പ്, ആന്റണി മന്ത്രിസഭയുടെ കാലത്ത് ഏഷ്യാനെറ്റ് റിപ്പോർട്ടർ ദീപയോടു റജീന നടത്തിയ വെളിപ്പെടുത്തലുകൾ സംപ്രേഷണം ചെയ്യാൻ ചാനൽ തയ്യാറാവാതിരുന്നപ്പോൾ ഇന്ത്യ വിഷനിലൂടെയായിരുന്നു അതു പുറത്തുവന്നത്. വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ കുഞ്ഞാലിക്കുട്ടി ഡൽഹിയിലായിരുന്നു. അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ സ്വീകരിക്കാനെത്തിയ ലീഗ് അണികൾ ദീപ അടക്കമുള്ള പത്രപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും എയർപോർട്ടിനുമുകളിൽ കയറി ദേശീയപതാക അഴിച്ച് ലീഗിന്റെ പതാക കെട്ടുകയും ചെയ്തത് വിവാദമായി. ദീപ ഏഷ്യാനെറ്റിൽ നിന്നു പടിയിറങ്ങി. കുഞ്ഞാലിക്കുട്ടിക്കു രാജിവയ്ക്കേണ്ടിവന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം കെ ടി ജലീലിനോടു കുറ്റിപ്പുറത്ത് പരാജയപ്പെടുകയും ചെയ്തു.

അതിനുശേഷം റജീനയും മറ്റും മൊഴി മാറ്റിയിരുന്നു. ഈ മൊഴിമാറ്റത്തിലേക്കു നയിച്ച കാര്യങ്ങളാണ് റഊഫിന്റെ വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നത്. കേസിൽ ഉൾപ്പെട്ട പെൺകുട്ടികൾക്കു വീടുവച്ചുകൊടുക്കുന്നതും വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതും ചിലരെ ഗൾഫിലേക്കു വിടുന്നതും അടക്കമുള്ള കാര്യങ്ങൾ ഇതിലുണ്ട്. റെയിൽവേ ട്രാക്കിൽ മരിച്ചുകിടന്ന രണ്ടു പെൺകുട്ടികളെ സംബന്ധിക്കുന്ന വെളിപ്പെടുത്തലുകളും സ്റ്റിങ്ങിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നതെങ്കിലും അത് പുറത്തുവരികയുണ്ടായില്ല. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസ് അന്വേഷിക്കാൻ വി എസ് അച്യുതാനന്ദൻ സർക്കാർ, വിൻസന്റ് എം പോളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത്. റഊഫിന്റെ വെളിപ്പെടുത്തലിന്റെയും സമാന്തരമായി നടന്ന സ്റ്റിങ് ഓപ്പറേഷന്റെയും മുഴുവൻ വീഡിയോ ഫൂട്ടേജും അന്വേഷകസംഘത്തിനു കൈമാറിയിരുന്നു.

വിഎസ് സർക്കാർ മാറി ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നു. കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായി. കുഞ്ഞാലിക്കുട്ടി ഉൾപ്പെടുന്ന മന്ത്രിസഭയുടെ കീഴിലുള്ള അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണത്തിൽ തനിക്കു വിശ്വാസമില്ലെന്നും കേസ് സിബിഐയെക്കൊണ്ടു പുനരന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചു. വിഎസ് തന്നെ നിയോഗിച്ച അന്വേഷണ സംഘത്തിനെതിരെയാണ് അദ്ദേഹം അവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും സർക്കാരിന് ആ നിലപാടില്ലെന്നും യുഡിഎഫ് സർക്കാർ കോടതിയിൽ നിലപാടു സ്വീകരിച്ചു. കോടതി അതംഗീകരിച്ചു. ഇതിനെതിരെയാണ് വിഎസ് സുപ്രീംകോടതിയിലെത്തിയത്.

കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന വി എസ്സിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയും കോടതിയില്‍  സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ആണ് ഇപ്പോള്‍ വീണ്ടും എം കെ ദാമോദരന്റെ അഭിമുഖത്തിലൂടെ ചര്‍ച്ചയായിരിക്കുന്നത്. ദാമോദരന്‍ ലക്ഷ്യം വയ്ക്കുന്നതു വി എസ് അച്യുതാനന്ദനെ ആണെന്ന് വ്യക്തം. പക്ഷെ ഭരണ പരിഷ്കരണ ചെയര്‍മാന്‍ ആകാനിരിക്കുന്ന  വി എസ് ആരോപണങ്ങളോടു പ്രതികരിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം. ‌

Read More >>