ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് യൂറോ കപ്പ് സെമിയില്‍

കളിയുടെ 13-ആം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തിന് വേണ്ടി രാഡ്യാ നൈന്‍ഗോളന്‍ വെയില്‍സിന്റെ വല കുലുക്കിയെങ്കിലും വെയില്‍സ് ക്യാപ്റ്റന്‍ ആഷ്ലി വില്യംസും സ്ട്രൈക്കര്‍ റോബ്സണ്‍ കാനുവും പകരക്കാരനായി ഇറങ്ങിയ സാം വോക്സും, ബെല്‍ജിയം ഗോളി തിബോട്ട് കുര്‍ട്ടോയിയെയും ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. ഇതോടെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗാരെത് ബെയിലിന്റെ വെയില്‍സ് യൂറോ കപ്പിന്റെ അവസാന നാലിലേക്ക് കുതിച്ചു.

ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് യൂറോ കപ്പ് സെമിയില്‍

കരുത്തരായ ബെല്‍ജിയത്തെ 3 -1 ന് തോല്‍പ്പിച്ച് വെയില്‍സ് യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ സെമിയിലേക്ക്. കളിയുടെ  13-ആം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തിന് വേണ്ടി രാഡ്യാ നൈന്‍ഗോളന്‍  വെയില്‍സിന്റെ വല കുലുക്കിയെങ്കിലും വെയില്‍സ് ക്യാപ്റ്റന്‍ ആഷ്ലി വില്യംസും സ്ട്രൈക്കര്‍ റോബ്സണ്‍ കാനുവും പകരക്കാരനായി ഇറങ്ങിയ സാം വോക്സും, ബെല്‍ജിയം ഗോളി തിബോട്ട് കുര്‍ട്ടോയിയെയും ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. ഇതോടെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗാരെത് ബെയിലിന്റെ വെയില്‍സ് യൂറോ കപ്പിന്റെ അവസാന നാലിലേക്ക് കുതിച്ചു.

കളിയുടെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ച ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. ബെല്‍ജിയത്തെ പ്രതിരോധിച്ചതിന് വെയില്‍സ് ഡിഫന്‍ഡര്‍ ബെന്‍ ഡേവിസിന് അഞ്ചാം മിനിറ്റില്‍ തന്നെ മഞ്ഞക്കാര്‍ഡ് കിട്ടി. ആക്രമണത്തിനൊടുവില്‍ ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് 13-ആം മിനിറ്റില്‍ ലീഡ്. സ്ട്രൈക്കര്‍ എഡന്‍ ഹസാര്‍ഡിന്റെ പാസ് സ്വീകരിച്ച് റോമയുടെ മിഡ്ഫീല്‍ഡര്‍ കൂടിയായ നൈന്‍ഗോളന്‍ തൊടുത്ത പന്ത് പോസ്റ്റിന്റെ ഇടത്തെ മൂലയില്‍ തുളച്ചുകയറി. വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നസി ഉരുഗ്രന്‍ ഡൈവിലൂടെ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് കൈകളിലുരസി വലയില്‍ തന്നെ പതിച്ചു.
പിന്നീട് ബെല്‍ജിയത്തിന്റെ ആക്രമണം പ്രതിരോധിക്കാന്‍ വെയില്‍സ് ഡിഫന്‍ഡര്‍മാര്‍ക്ക് കളി കടുപ്പിക്കേണ്ടിവന്നു. ഇതിന്റെ ഭാഗമായി ഡിഫന്‍ഡര്‍മാരായ ജയിംസ് ചെസ്റ്ററും (16ആം മിനിറ്റില്‍) ക്രിസ് ഗുന്തറും (24ആം മിനിറ്റില്‍) മഞ്ഞക്കാര്‍ഡ് കണ്ടു. എന്നാല്‍ പ്രതിരോധങ്ങള്‍ക്ക് ഒടുവില്‍ നടത്തിയ ഒരു മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ആഷ്ലി വില്യംസിലൂടെ വെയില്‍സിന് സമനില ഗോള്‍... ! മിഡ്ഫീല്‍ഡര്‍ ആരോണ്‍ റാംസി നല്‍കിയ പന്ത് ക്യാപ്റ്റന്‍ എളുപ്പത്തില്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
പിന്നീടൊരിക്കലും ലോക റാങ്കിംഗില്‍ 26-ആം സ്ഥാനത്തുള്ള വെയില്‍സിനെ പരീക്ഷിക്കാന്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 46-ആം മിനിറ്റില്‍ ബെല്‍ജിയം കോച്ച് മാര്‍ക് വില്‍മോട്സ് മുന്നേറ്റനിരയില്‍ നിന്നും യാന്നിക് കാരസ്‌കോയെ പിന്‍വലിച്ച് മൗറാന്‍ ഫെല്ലെയ്നിയെ ഇറക്കിയെങ്കിലും ക്രിസ് കോള്‍സ്മാന്റ കുട്ടികള്‍ കളം നിറഞ്ഞു കളിച്ചു. 55-ആം മിനിറ്റില്‍ മറ്റൊരു ഗോളിലൂടെ അതവര്‍ തെളിയിച്ചു. പ്രതിരോധം ഭേദിച്ച് വലത് വിംഗിലൂടെ മുന്നേറിയ റാംസി പെനാല്‍റ്റി ബോക്സിലേക്ക് നല്‍കിയ പന്ത് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സ്ട്രൈക്കര്‍ ഹാള്‍ റോബ്സണ്‍ കാനു വലയ്ക്കുള്ളിലാക്കി. ഇതോടെ വെയില്‍സ് 2-1 എന്ന നിലയില്‍ കളിയില്‍ മുന്‍പിലെത്തി. പിന്നീട് 85-ആം മിനിറ്റില്‍ ഗുന്തറിന്റെ ക്രോസ്, വോക്സ് കൂടി വലയില്‍ എത്തിച്ചതോടെ ആദ്യമായി യൂറോ കപ്പില്‍ കളിക്കാനെത്തുന്ന വെയില്‍സ് കരുത്തരായ ബെല്‍ജിയത്തിന് പുറത്തേക്കുള്ള വഴിയൊരുക്കി.
4-2-3-1 എന്ന ലൈനപ്പില്‍ കളത്തിലിറങ്ങിയ ബെല്‍ജിയത്തെ 3-4-2-1 എന്ന ലൈനപ്പിലായിരുന്നു വെയില്‍സ് നേരിട്ടത്. കളിയില്‍ 54 ശതമാനവും പന്ത് കൈയടക്കി വച്ച ബെല്‍ജിയമാണ് 472 പാസുകളോടെ മൈതാനത്ത് നിറഞ്ഞുനിന്നതെങ്കിലും വെയില്‍സിന്റെ കടുത്ത പ്രതിരോധത്തിന് മുന്‍പില്‍ അവര്‍ക്ക് ലക്ഷ്യം മാത്രം അകന്നുനിന്നു. ഇതേസമയം 421 പാസുകള്‍ മാത്രമാണ് വെയില്‍സ് പരസ്പരം കൈമാറിയത്. ഏഴുതവണ വെയില്‍സ് ബെല്‍ജിയം പോസ്റ്റിന് നേര്‍ക്ക് പന്ത് പായിച്ചു. എന്നാല്‍ ബെല്‍ജിയത്തിന് എതിര്‍ ഗോള്‍മുഖത്തേക്ക് പന്ത് തൊടുത്തുവിടാനായത് അഞ്ചു തവണ മാത്രം. ഇതിനിടെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ബെല്‍ജിയം നിരയിലും നാലു മഞ്ഞക്കാര്‍ഡ് വെയില്‍സിനും പിറന്നു. സെമിയില്‍ ക്രിസ്റ്റിയാനോ റൈാണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് ബെയിലിന്റെ വെയില്‍സിന്റെ എതിരാളി. ഇന്ന്  രാത്രി 12.30ന് നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി ഇറ്റലിയെ നേരിടും.

Story by
Read More >>