സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും പദവി വേണമെന്ന് വിഎസ്

എആർസി മാത്രം പോരാ, പാർട്ടിയിലെ പദവിയും തിരിച്ചുവേണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും പദവി വേണമെന്ന് വിഎസ്

ന്യൂഡൽഹി: ഭരണപരിഷ്‌കാര കമ്മിഷൻ (എആർസി) അധ്യക്ഷ പദവി കൊണ്ട് മാത്രം താന്‍ തൃപ്തനല്ലെന്നും എആർസിക്കൊപ്പം  പാർട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റിലും തന്നെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിഎസ് അച്യുതാനന്ദൻ രംഗത്ത്. പദവി ഏറ്റെടുക്കാമെന്നു വിഎസ് വ്യക്‌തമാക്കിയശേഷം മാത്രമാണു മന്ത്രിസഭാതീരുമാനമുണ്ടായത്. അതുകൊണ്ടുതന്നെ തുടർനടപടിയുണ്ടാകുമ്പോൾ വിഎസ് ചുവടുമാറ്റുന്നതു പാർട്ടിയെ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ ദിവസം നിയമസഭ വിഎസിന്റെ ഇരട്ടി സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ പുതിയ ബില്ലുണ്ടാക്കി പാസാക്കി മാറ്റിയിരുന്നു.


കേരളത്തിലെ സംഘടനാപ്രശ്‌നങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തില്‍ ഒരു തരത്തിലും വിഎസിന്റെ പുതിയ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലയെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്.

പാർട്ടിയിലെ കാര്യങ്ങളിൽക്കൂടി തീരുമാനമായിട്ടുമതി എആർസി പദവിയെന്ന വിഎസിന്റെ പുതിയ നിലപാട് നേരത്തെയുണ്ടാക്കിയ ധാരണയ്‌ക്കു വിരുദ്ധമാണെന്നും സമ്മർദതന്ത്രത്തിനു വഴങ്ങില്ലെന്നും എആർസി രൂപീകരിച്ചാലുടനെ അധ്യക്ഷപദവി ഏറ്റെടുക്കാൻ വിഎസ് തയാറായില്ലെങ്കിൽ ഒന്നും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും പിണറായിപക്ഷ നേതാക്കൾ സൂചിപ്പിച്ചു.

വിഎസിന് ഉചിതമായ സ്‌ഥാനം നൽകാൻ ഉദ്ദേശിച്ചു മാത്രമുള്ളതാണ് എആർസി രൂപീകരണം. നിയമഭേദഗതി കൊണ്ടുവന്നതും വിഎസിനെ ഉദ്ദേശിച്ചുമാത്രമാണ്. അത് കൊണ്ട് തന്നെ വിഎസ്സിന്റെ ചുവടുമാറ്റം പാര്‍ട്ടിയെ വീണ്ടും രണ്ടു തട്ടില്‍ ആക്കിയേക്കും.

Read More >>