കാസർകോട്ട് പകർച്ചപ്പനി; മംഗലാപുരത്തെ ആശുപത്രികളിൽ വൻതിരക്ക്

കാസർകോടു ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പണിയെടുത്തിരുന്ന ഏക ഫിസിഷ്യൻ പിരിഞ്ഞുപോയിട്ട് മാസമൊന്നായി. ഇതേവരെ പകരമൊരാളെ കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. പൊതുജനാരോഗ്യം താറുമാറാകുന്നതിന് കാരണം വേറെ വേണോ? ആരോഗ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.

കാസർകോട്ട് പകർച്ചപ്പനി; മംഗലാപുരത്തെ ആശുപത്രികളിൽ വൻതിരക്ക്

പകർച്ചപ്പനി വ്യാപകമാകുമ്പോഴും കാസർഗോഡ് ജില്ലയിൽ കാര്യക്ഷമമായ നടപടികൾ ഇല്ല. രോഗബാധിതരുടെ എണ്ണം ദിനം പ്രതി പെരുകുമ്പോഴും ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ ഡോക്ടർമാർ ലഭ്യമല്ല. ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി ഫിസിഷ്യന്റെ സേവനം ലഭ്യമല്ല. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഏക ഫിസിഷ്യൻ കഴിഞ്ഞ മാസം ഏഴിന് പിരിഞ്ഞു പോയതോടെയാണ് രോഗികൾ വഴിയാധാരമായത്. ഒരു മാസം പിന്നിട്ടിട്ടും പുതിയ ഡോക്ടർ എത്തിയിട്ടില്ല. ഇതിനെത്തുടർന്ന് ശസ്ത്രക്രിയകൾ നിലച്ചിരിക്കുകയാണ്. ഫിസിഷ്യന്റെ നിർദേശത്തോടുകൂടി മാത്രമേ ശസ്ത്രക്രിയകൾ നടത്താവൂ എന്ന സാങ്കേതികത്വമാണ് ഇതിന് കാരണം.


കഴിഞ്ഞ ദിവസം ഡെങ്കിപ്പനിയെത്തുടർന്ന് യുവാവ് മരണപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. കാഞ്ഞങ്ങാട് വിനായക തീയേറ്ററിന് സമീപത്തെ കെ വി പ്രഭാകരന്റെ മകൻ കൃഷ്ണദാസാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ രക്തപരിശോധന ഉൾപ്പെടെയുള്ള രോഗനിർണയ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. നിരവധിപേർക്ക് ഇവിടെനിന്നും ഡെങ്കിപ്പനിയുൾപ്പെടെയുള്ള വിവിധ തരം പകർച്ചപ്പനികൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

രോഗം സ്ഥിരീകരിക്കപ്പെടുന്നവർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സ തേടുകയാണ്. നിരവധിപേരെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന പനിവാർഡിൽ ഡോക്ടറുടെ അഭാവം മൂലം ഇപ്പോൾ രണ്ടുപേർ മാത്രമാണ് അഡ്‌മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പനി ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ പ്രത്യേക സായാഹ്‌ന ഒ പി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കേണ്ട ക്ലിനിക്കിൽ വൈകീട്ട് ആറിന് ശേഷം ഡോക്ടർമാർ ഉണ്ടാകാറില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. അത്യാസന്ന നിലയിൽ കാഷ്വാലിറ്റിയിൽ എത്തുന്ന പനി ബാധിതരെ കാഷ്വാലിറ്റിയിൽ എടുക്കാൻ മടിക്കുന്നതായും ആരോപണമുയരുന്നുണ്ട്.

ആരോഗ്യവകുപ്പ് ജില്ലയോട് കാണിക്കുന്ന അവഗണന മംഗളുരുവിലെ സ്വകാര്യ ആശുപത്രികൾക്ക് വൻലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. നൂറുകണക്കിന് രോഗികളാണ് ഓരോ ദിവസവും മംഗളുരുവിലേക്ക് ചികിത്സതേടി പോകുന്നത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിതനുമായി മംഗളുരുവിലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തിൽ പെട്ട് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ബന്തടുക്ക സ്വദേശികളായ ടി സി അനീഷ്, സഹോദരങ്ങളായ പ്രമോദ് പള്ളക്കാട്, പ്രദീപ് പള്ളക്കാട് എന്നിവർക്കാണ് പരിക്കേറ്റത്. ഡെങ്കിപ്പനി ബാധിതനായ പ്രമോദുമായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേ മംഗളൂർ-തലപ്പാടി ദേശീയ പാതയിൽ വച്ച് അപകടം സംഭവിക്കുകയായിരുന്നു.