ടൈറ്റാനിയം അഴിമതി: ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വച്ച് ജേക്കബ് തോമസിന്റെ ആക്ഷന്‍ പ്ലാന്‍

പണി തുടങ്ങും ഇറക്കുമതി ചെയ്തത് അവസാന ഘട്ടത്തിനുള്ള യന്ത്രസാമഗ്രികള്‍.നഷ്ടമായത് 90 കോടിയിലധികം രൂപ

ടൈറ്റാനിയം അഴിമതി: ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വച്ച് ജേക്കബ് തോമസിന്റെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. കേസ് അന്വേഷണം ഉടന്‍ തന്നെ ആരംഭിക്കും. ടൈറ്റാനിയത്തിലെ മലിനജല സംസ്‌കരണത്തിന് 256 കോടി രൂപ ചെലവിട്ട പദ്ധതിയിലെ അഴിമതിയാണ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് അന്വേഷിക്കുക. കേസ് അന്വേഷണത്തിന് ജേക്കബ് തോമസ് നേരിട്ട് മേല്‍നോട്ടം വഹിക്കും. വിജിലന്‍സിലെ എഞ്ചിനീയറിംഗ് വിഭാഗവും കെഎംഎംഎല്ലിലേയും ഐആര്‍ഇയിലേയും സാങ്കേതിക വിദഗ്ധരുമടങ്ങിയ പ്രത്യേക സംഘം അന്വേഷണത്തില്‍ സഹായിക്കും.


പദ്ധതിയുടെ അവസാന ഘട്ടത്തിലേക്ക് ആവശ്യമുള്ള യന്ത്ര സാമഗ്രികള്‍ 89.79 കോടി രൂപ ചെലവഴിച്ച് വിദേശ കമ്പനികളില്‍ നിന്ന് വാങ്ങി എന്നതാണ് പ്രധാന അഴിമതി. 2007 ല്‍ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ടൈറ്റാനിയം 62 കോടി രൂപ അനുവദിച്ചു. 22 കോടി രൂപ യന്ത്രങ്ങളുടെ ഡിസൈനുകള്‍ക്കായാണ് നല്‍കിയത്. എന്നാല്‍ ഈ ഡിസൈനുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. നാല് കണ്ടെയ്‌നറുകളിലായി ഇറക്കിയ യന്ത്രങ്ങള്‍ ഇതുവരെ പൊട്ടിച്ച് നോക്കിയിട്ട് പോലുമില്ല. പല വിലപിടിപ്പുള്ള യന്ത്രങ്ങളും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു.

13681997_1306642439346234_2107129516_o

മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരാണ് കേസിലെ പ്രതിസ്ഥാനത്തുള്ളത്. അതിനാല്‍ തന്നെ പഴുതടച്ച് അന്വേഷണം നടത്താനാണ് ജേക്കബ് തോമസിന്റെ തീരുമാനം. ഇടപാടില്‍ ഭാഗമായ എല്ലാവരേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യും. മാത്രമല്ല വിജിലന്‍സിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഖ്യപ്രതികളും ഇടനിലക്കാരുമായ ഗ്രിന്‍ഡെക്‌സ് രാജീവന്‍,മെക്കോണ്‍ ജനറല്‍ മാനേജര്‍ ഡി.കെ ബസു എന്നിവരെ കണ്ടെത്താനും ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശമുണ്ട്.

ഖജനാവ് കാലിയായതിനാല്‍ യൂണിയന്‍ ബാങ്ക്,ഫെഡറല്‍ ബാങ്ക്,എസ്ബിടി എന്നിവിടങ്ങളില്‍ നിന്നായി വായ്പ എടുത്താണ് മെക്കോണിന് 62 കോടി രൂപ നല്‍കിയത്. 2006 മാര്‍ച്ചിലാണ് പണം കൈമാറിയത്. 45 കോടി രൂപ വായ്പ എടുത്തതില്‍ പലിസ ഇനത്തില്‍ മാത്രം 32 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. വായ്പ എടുത്ത കാലഘട്ടത്തിലെ ഫയലുകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫയലുകള്‍ വിശദമായി പരിശോധിക്കും.

Read More >>