വീരേന്ദ്രകുമാറിനെതിരെ വിജിലൻസ് അന്വേഷണം; പരാതി നൽകിയത് മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്റർ

വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭ ഗൗഡർ ഭാഗം നൽകിയ ഭൂമിയില്‍ ഉള്‍പ്പെട്ടതല്ല വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും കൈവശം വെയ്ക്കുന്ന ഭൂമിയെന്നും വ്യാജരേഖയുണ്ടാക്കി ഇരുവരും വൻ‍തോതില്‍ കൈയേറിയ സര്‍ക്കാർ ഭൂമിയാണെന്നും പി രാജൻ ആരോപിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാർ തയാറായിട്ടില്ല. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വയനാട് ജില്ലയില്‍ ഭൂമിയില്ലെന്ന നിലപാടാണ് സര്‍ക്കാർ സ്വീകരിച്ചത്.

വീരേന്ദ്രകുമാറിനെതിരെ വിജിലൻസ് അന്വേഷണം; പരാതി നൽകിയത് മാതൃഭൂമി മുൻ അസിസ്റ്റൻറ് എഡിറ്റർ

വീരേന്ദ്രകുമാറും മകൻ ശ്രേയാംസ് കുമാറും ആദിവാസി ഭൂമി കൈയേറി വിൽപന നടത്തിയെന്ന പരാതിയിന്മേൽ ഒടുവിൽ വിജിലൻസ് അന്വേഷണം. അസിസ്റ്റൻറ് എഡിറ്ററായിരിക്കെ മാതൃഭൂമിയിൽ നിന്ന് വീരേന്ദ്രകുമാർ പിരിച്ചുവിട്ട പി രാജനാണ് പരാതിക്കാരൻ. വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ജേക്കബ് തോമസ്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ. ഉദ്വേഗജനകമായ രംഗങ്ങൾക്കു കാതോർക്കുകയാണ് കേരളരാഷ്ട്രീയം.

ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍, എം വി ശ്രേയാംസ് കുമാർ, എം പി വീരേന്ദ്രകുമാർ എന്നിവരാണ് പി രാജന്റെ പരാതിയിലെ പ്രതികൾ. സുല്‍ത്താന്‍ ബത്തേരിയിലെ കൃഷ്ണഗിരി വില്ലേജിലെ പ്ലാന്റേഷൻ ഭൂമിയിൽ നിന്ന് 135.14 ഏക്കർ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നും 54.05 ഏക്കര്‍ഭൂമി വീരേന്ദ്രകുമാറും മകനും പലര്‍ക്കുമായി വിറ്റുവെന്നുമാണ് പരാതി. ഈ പരാതിയിന്മേലാണ് ദ്രുതപരിശോധനയ്ക്ക് തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം ഉത്തരവിട്ടത്. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുക. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിർദ്ദേശം.


കൈയേറ്റം വ്യക്തമാക്കി 1988 ആഗസ്റ്റ് 30ന് വയനാട് സബ് കളക്ടർ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് റിപ്പോർട്ടു നൽകിയെന്ന് പി രാജൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭൂമി കൈയേറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 1991 ജനുവരി 18ന് വയനാട് ജില്ലാ കലക്ടർ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേലും നടപടിയുണ്ടായില്ല. ഈ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് കൈയേറ്റ ഭൂമിക്ക് പതിച്ചുകൊടുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിന് കൂട്ടുനിന്ന റവന്യൂ അധികൃതര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നതായും കുറ്റപത്രം സമര്‍പ്പിച്ചതായും പരാതിയിൽ പറയുന്നു. ശ്രേയാംസ് കുമാർ 13.83 ഏക്കര്‍ഭൂമി കൈവശംവെച്ചതായും വയനാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭ ഗൗഡർ ഭാഗം നൽകിയ ഭൂമിയില്‍ ഉള്‍പ്പെട്ടതല്ല വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും കൈവശം വെയ്ക്കുന്ന ഭൂമിയെന്നും വ്യാജരേഖയുണ്ടാക്കി ഇരുവരും വൻ‍തോതില്‍ കൈയേറിയ സര്‍ക്കാർ ഭൂമിയാണെന്നും പി രാജൻ ആരോപിക്കുന്നു. ഇരുവരും യുഡിഎഫിലെ ഘടകകക്ഷിയും നേതാക്കളുമായതിനാലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവരെ സഹായിച്ചത്. ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാർ തയാറായിട്ടില്ല. മാത്രമല്ല, ഭൂമി കൈവശംവെക്കാന്‍ ഇരുവരെയും അനുവദിക്കുകയാണ് ചെയ്തത്. ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ വയനാട് ജില്ലയില്‍ ഭൂമിയില്ലെന്ന നിലപാടാണ് സര്‍ക്കാർ സ്വീകരിച്ചത്.

വീരേന്ദ്രകുമാറും ജനതാദളും എൽഡിഎഫിൽ ഉണ്ടായിരുന്നപ്പോഴും ഈ കൈയേറ്റം ഒരു രാഷ്ട്രീയവിഷയമായി സിപിഎം ഉയർത്തിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2007 ജൂലൈ മാസത്തിൽ വീരേന്ദ്രകുമാറിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ഒരു വാർത്താ പരമ്പര തന്നെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയിൽ വീരേന്ദ്രകുമാർ വിഎസിന്റെ പക്ഷം ചേരുകയും മാതൃഭൂമിയെ വിഎസിനു വേണ്ടി ഉപയോഗിക്കുകയും ചെയ്തുവെന്നും അക്കാലത്ത് ഔദ്യോഗികവിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെയൊക്കെ തുടർച്ചയായിട്ടാണ് വീരേന്ദ്രകുമാറും ജനതാദളും എൽഡിഎഫിന്റെ പടിയിറങ്ങിയത്.

(വായിക്കുക: പി രാജന്റെ പോരാട്ടം: ഒമ്പതു വർഷം മുമ്പ് ദേശാഭിമാനിയ്ക്കു നൽകിയ അഭിമുഖം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു...)

Read More >>