യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനം വിജിലൻസ് അന്വേഷിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് ഏതാണ്ട് 840 അനധികൃത നിയമനങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടന്നത്. നിലവിലുള്ളതിനെക്കാള്‍ അധികം തസ്തികകള്‍ സൃഷ്ടിച്ച് അവിടെയെല്ലാം അനധിക്യത നിയമനങ്ങള്‍ നടത്തുകയായിരുന്നു. ഇതിലും കോടികളുടെ കോഴ ഇടപാടുകള്‍ നടന്നതായി സൂചനയുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനം  വിജിലൻസ് അന്വേഷിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്:  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ അനധികൃത നിയമനം നടത്തിയത് സംബന്ധിച്ചുള്ള അഴിമതി അന്വേഷണം വിജിലന്‍സിന് വിടുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നാരദാ ന്യൂസിനോട് പറഞ്ഞു. ആരോഗ്യവകുപ്പിലെ അനധിക്യത നിയമനം സംബന്ധിച്ചുള്ള അഴിമതി മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണ കാര്യങ്ങള്‍ ഉപസമിതിയാണ് തീരുമാനിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആരോഗ്യവകുപ്പില്‍ വ്യാപകമായി  അനധിക്യത നിയമനം നടന്നത് . മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ഉപസമിതി കഴിഞ്ഞ ആഴ്ച്ചയാണ് ആരോഗ്യ വകുപ്പിന്റെ ഫയലുകള്‍ പരിശോധിച്ച് ക്രമക്കേടുകള്‍ കണ്ടെത്തിയത്.


മുന്‍ വകുപ്പ് മന്ത്രി വി എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന കാലത്ത് ഏതാണ്ട് 840 അനധികൃത നിയമനങ്ങളാണ് ആരോഗ്യ വകുപ്പില്‍ നടന്നത്. നിലവിലുള്ളതിനെക്കാള്‍ അധികം തസ്തികകള്‍ സൃഷ്ടിച്ച് അവിടെയെല്ലാം അനധിക്യത നിയമനങ്ങള്‍ നടത്തുകയായിരുന്നു. ഇതിലും കോടികളുടെ കോഴ ഇടപാടുകള്‍ നടന്നതായി സൂചനയുണ്ട്.

പല തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചിരുന്നത്. അനധിക്യത നിയമനം നടന്നെന്നു കണ്ടെത്തിയ 840 ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുകയും ഈ ലിസ്റ്റില്‍ നിയമനം നേടിയവരുടെ ശമ്പളവും നിയമനങ്ങളും മറ്റും തടഞ്ഞ് വെച്ചിരിക്കുകയുമാണ്. അനധിക്യത നിയമനങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം കിട്ടിയവര്‍ക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ എല്ലാ ഫയലും പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുക.

ആരോഗ്യമന്ത്രിയായിരിക്കെ വിഎസ് ശിവകുമാർ ആധുനിക ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 600 കോടിയുടെ വെട്ടിപ്പ് നടത്തിയതായും  ഈ പണം ഉപയോഗിച്ച് മന്ത്രിയുടെ ബന്ധുക്കളുടെ പേരില്‍ മൂന്ന് ആശുപത്രികള്‍ വാങ്ങിയതായും ആരോപണം വന്നിരുന്നു. ഈ പരാതിയിൽ  ശിവകുമാറിന്റെ പേരില്‍ വിജിലന്‍സ് ദ്രുത പരിശോധനക്ക് ഉത്തരവിട്ടതിന് പുറകെയാണ് അനധികൃത നിയമനങ്ങളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം വരുന്നത്.