ഞങ്ങള്‍ സര്‍ക്കാരിന് എതിരല്ല; കേസ് നല്‍കിയത് വിഎസിനെ തെറ്റിദ്ധരിപ്പിച്ച്: വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസമാണ് മൈക്രോ ഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്.

ഞങ്ങള്‍ സര്‍ക്കാരിന് എതിരല്ല; കേസ് നല്‍കിയത് വിഎസിനെ തെറ്റിദ്ധരിപ്പിച്ച്: വെള്ളാപ്പള്ളി

മൈക്രോ ഫിനാന്‍സ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട വിജിലന്‍സ് നടപടി നേരിടാനൊരുങ്ങി എസ്എന്‍ഡിപി യോഗം. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വരുന് ശനിയാഴ്ച എസ്എന്‍ഡിപി നേതൃയോഗം ചേരാന്‍ തീരുമാനിച്ചു. നിയമപരമായും സംഘടനാബലം കൊണ്ടും കേസിനെ നേരിടാനാണ് യോഗ നീക്കമെന്ന് സൂചനകള്‍.

കഴിഞ്ഞ ദിവസമാണ് മൈക്രോ ഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുകുളണ്ട്. വിദഗ്ദ ഉപദേശത്തിനു ശേഷം മാത്രം അറസ്റ്റിനായി ശ്രമിച്ചാല്‍ മതിയെന്നാണ് വിജിലന്‍സിന് മുകളില്‍ നിന്നും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.


ഈ സാഹചര്യത്തിലാണ് എസ്എന്‍ഡിപിയുടെ സംഘടനാതലം ശക്തിപ്പെടുത്തുവാന്‍ വെള്ളാപ്പള്ളി നീക്കം തുടങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളികളായി മത്സരിച്ച ബിഡിജെ.എസിനെയും എസ്എന്‍ഡിപിയെയും രാഷ്ട്രീയമായി നേരിടാനുള്ള സിപിഐ(എം)ന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കേസ് എന്നാണ് യോഗം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളി മുന്നോട്ടവയ്ക്കുന്ന വിശദീകരണം.

അതേസമയം തങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വിഎസ് അച്ച്യുതാനന്ദനാണ് തനിക്കെതിരെ കേസ് നല്‍കിയത്. എസ്എന്‍ഡിപി യോഗത്തിനകത്ത് തന്നെയുണ്ടായിരുന്ന തിരുവനന്തപുരത്തെ ചില നേതാക്കളാണ് വി.എസിനെ തെറ്റിദ്ധരിപ്പിച്ചത്- വെള്ളാപ്പള്ളി പറഞ്ഞു.

പിന്നോക്ക ക്ഷേമ വകുപ്പില്‍ നിന്ന് 15 കോടി തന്നിട്ടില്ല. 2003 മുതല്‍ ഇതുവരെ നോക്കിയാല്‍ 15 കോടിയുണ്ടാവും. അത് അടച്ചു തീര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അത് അടച്ചുതീര്‍ത്ത ശേഷം അഞ്ച് കോടി തന്നു. ഇനി അതില്‍ രണ്ട് കോടിക്ക് താഴെ മാത്രമാണ് തിരികെ നല്‍കാനുള്ളത്. വാങ്ങിയ തുക ഇന്നും കൃത്യമായി തിരിച്ചടക്കുന്നുണ്ട്- വെള്ളാപ്പള്ളി ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി.

യോഗത്തിന്റേതായി താന്‍ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും ഈ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ടതുള്ളതിനാല്‍ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ക്കുന്നുവെന്ന വാര്‍ത്ത സത്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More >>