വെള്ളാപ്പള്ളിക്ക് കുടുക്ക് മുറുകി; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു

വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് നജീബ് എന്നിവരും പ്രതികളാണ്.

വെള്ളാപ്പള്ളിക്ക് കുടുക്ക് മുറുകി; മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു

വെള്ളാപ്പള്ളിക്കുള്ള കുടുക്ക് മുറുക്കി വിജിലന്‍സ്. മൈക്രോഫിനാന്‍സ് ഇടപാടില്‍ കോടികളുടെ തട്ടിപ്പു നടന്നെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഉത്തരവ്. നിയമോപദേശം കിട്ടിയാലുടന്‍ അറസ്റ്റുണ്ടാകുമെന്നു സൂചന.

വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് നജീബ് എന്നിവരും പ്രതികളാണ്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തിയുള്ള റിപ്പോര്‍ട്ട്് വിജിലന്‍സ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അതിനു പിന്നാലെ കോടതി മുമ്പാകെ എഫ്ഐആര്‍ സമര്‍പ്പിക്കാനാണ് നീക്കം.


മൈക്രോഫിനാന്‍സ് സംബന്ധിച്ച് 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളിയുടെ പേരിലുള്ളത്. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് വിജിലന്‍സിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.

പിന്നാക്ക വികസന കോര്‍പറേഷന്‍ എസ്എന്‍ഡിപി യോഗത്തിനു നല്‍കിയ 15 കോടിയോളം രൂപ യോഗം ശാഖകള്‍ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തില്‍ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളില്‍നിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുര്‍വിനിയോഗം ചെയ്തതായും വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. വായ്പ അംഗങ്ങള്‍ക്കു നേരിട്ടു നല്‍കാതെ വെള്ളാപ്പളളിയുടെ പേരിലുള്ള ചെക്കായാണു നല്‍കിയതെന്നും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു.

മൈക്രോഫിനാന്‍സ് വഴി ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ കോര്‍പറേഷനില്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും യോഗം അത് പാലിച്ചില്ല. ഇങ്ങനെ ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാതെ, 2015-ല്‍ കോര്‍പറേഷന്‍ അഞ്ചുകോടി രൂപകൂടി വായ്പ നല്‍കിയകാര്യവും കണ്ടെത്തിയിരുന്നു.

Read More >>