രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ആഞ്ഞടിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി

വീരപ്പന്റെ ജീവിതവുമായി യാതൊരു സാമ്യവും ചിത്രത്തിനില്ലെന്നും വീരപ്പന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ്മ ധൈര്യപ്പെടുമോ എന്നും മുത്തുലക്ഷ്മി ചോദിക്കുന്നു

രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ആഞ്ഞടിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി

രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ആഞ്ഞടിച്ച് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി. വീരപ്പന്റെ ജീവിതത്തെ പ്രമേയമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ദ്വിഭാഷാ ചിത്രം 'കില്ലിങ്ങ് വീരപ്പന്‍' എന്ന ചിത്രത്തെച്ചൊല്ലിയാണ് മുത്തുലക്ഷ്മി രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വീരപ്പന്റെ ഭാര്യ എന്ന നിലയില്‍ അദ്ദേഹത്തെ ഏറ്റവും അടുത്തറിയാവുന്നത് തനിക്കാണെന്നും അദ്ദേഹത്തിന്റെ ജീവിതവുമായി യാതൊരു സാമ്യവും ചിത്രത്തിനില്ലെന്നും മുത്തുലക്ഷ്മി ആരോപിച്ചു.


"  അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ അടുത്തറിഞ്ഞത് ഞാന്‍ മാത്രമാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ നാലു വർഷം ജീവിച്ചു. ഞങ്ങളുടെ രണ്ടു മക്കള്‍ ജനിച്ചത്‌ കാട്ടിലായിരുന്നു. മറ്റാര്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് ആരും തന്നെ ഈ ചിത്രം കാണുകയോ അതില്‍ പറഞ്ഞിരിക്കുന്ന കഥ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു"- മുത്തുലക്ഷ്മി മാധ്യമങ്ങളോട് വ്യക്തമാക്കി.

വീരപ്പന് ആവശ്യമായ ബഹുമാനം നല്‍കാതെയും അദ്ദേഹത്തിന്റെ ജീവിതത്തോടു നീതി പുലര്‍ത്താതെയുമാണ് രാം ഗോപാല്‍ വര്‍മ്മ ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും മുത്തുലക്ഷ്മി വിശദീകരിക്കുകയുണ്ടായി. വീരപ്പന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ്മ ധൈര്യപ്പെടുമോ എന്നും മുത്തുലക്ഷ്മി ചോദിക്കുന്നു.