പാമ്പുകളുടെ കൂട്ടുകാരന്‍, പാവപ്പെട്ടവരുടേയും: വാവസുരേഷുമായി അഭിമുഖം

പാമ്പുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മൂര്‍ഖനോ രാജവെമ്പാലയോ അണലിയോ ഒന്നുമായിരിക്കില്ല. പകരം വാവസുരേഷ് എന്ന പേരായിരിക്കും. പാമ്പുകളുടെ തോഴനായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച വാവാസുരേഷ് ഇന്ന് മനുഷ്യസ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ്. വാവ സുരേഷുമായി നാരദാ ന്യൂസ് പ്രതിനിധി പ്രഹ്ളാദ് രതീഷ് തിലകൻ നടത്തിയ അഭിമുഖം.

പാമ്പുകളുടെ കൂട്ടുകാരന്‍, പാവപ്പെട്ടവരുടേയും: വാവസുരേഷുമായി അഭിമുഖം

പാമ്പുകളുമായി അടുപ്പത്തിലായത്?

മിക്കവരുടേയും കുട്ടിക്കാലത്ത് മറ്റുള്ളവര്‍ വിപുലീകരിച്ച് പറഞ്ഞ് ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് പാമ്പ് എന്നുള്ളത്. എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യമായി ഒരു പാമ്പിനെ വ്യക്തമായി കാണുന്നത്. സ്‌കൂളില്‍ പോകുന്ന വഴി ഒരു കുഞ്ഞു മൂര്‍ഖന്‍ പാമ്പിനെ പത്തി വിടര്‍ത്തിയ രൂപത്തില്‍ കാണുകയായിരുന്നു. എന്താണെന്ന് അറിയില്ല, എനിക്ക് ആ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. ഞാനും അതിന് എതിര്‍ഭാഗത്ത് നിലയുറപ്പിച്ച് അതിനെ വീക്ഷിച്ചു തുടങ്ങി. അതുകാരണം അന്ന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.


നേരം ഉച്ചകഴിഞ്ഞപ്പോള്‍ ഞാന്‍ ആ പാമ്പിനെ കയ്യിലെടുത്ത് വീട്ടിലേക്കു കൊണ്ടുപോയി. പാമ്പുമായുള്ള എന്റെ വരവ് കണ്ട് പലരും പേടിച്ചു. പക്ഷേ എന്റെ സ്ഥിതി വ്യത്യസ്തമായിരുന്നു. പാമ്പ് കടിക്കും എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും, ഈ പാമ്പ് എെന്ന ആക്രമിക്കുന്നില്ല എന്നുള്ളതിലായിരുന്നു എനിക്ക് കൗതുകം.

സത്യത്തില്‍ പാമ്പുകളുമായുള്ള ബന്ധത്തിന്റെ തുടക്കം അതായിരുന്നു. പിന്നീട് ഞാന്‍ ചിന്തിച്ചു തുടങ്ങി, ജനങ്ങള്‍ ഭയക്കുന്ന പാമ്പ് എന്തുകൊണ്ട് എന്നെ ഒന്നും ചെയ്യുന്നില്ല എന്നുള്ളതിനെപ്പറ്റി. അന്നു തുടങ്ങിയ ആ ചോദ്യം മനസ്സിലിട്ട് കുറേനാള്‍ ഞാന്‍ പഠനങ്ങള്‍ നടത്തിയെന്നുള്ളതാണ് വാസ്തവം.

വര്‍ഷങ്ങളോളം നടത്തിയ, അല്ലെങ്കില്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പഠനങ്ങളില്‍ നിന്നും മനസ്സിലായ കാര്യങ്ങള്‍ എന്തൊക്കെയാണ്?


എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രധാനകാര്യം, ഞാന്‍ പല പഠനക്ലാസുകളിലും പറയുന്നപോലെ പാമ്പ് ഒരു മിത്രജീവിയാണെന്നുള്ളതാണ്. ജൈവവൈവിദ്ധ്യത്തിന് അത്യാവശ്യ ഘടകങ്ങള്‍ കൂടിയാണ് പാമ്പുകള്‍. പല ജീവന്‍രക്ഷാ മരുന്നുകള്‍ക്കും സഹായകമാകുന്ന ഒരു ഘടകം കൂടിയാണ് ഈ ജീവികള്‍. ഇപ്പോള്‍ ആശുപത്രികളിലും ആംബുലന്‍സുകളിലുമൊക്കെ മെഡിക്കല്‍ ചിഹ്നമായി ഉപയോഗിക്കുന്നതില്‍ പാമ്പുകളുടെ ചിത്രവും കാണാം. ഇത്തരത്തില്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ വരെ പ്രാധിനിത്യമുള്ള പാമ്പുകള്‍ എന്തായാലും ചില്ലറക്കാരായിരിക്കില്ലല്ലോ.

യഥാര്‍ത്ഥത്തില്‍ പാമ്പുകള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. മൂക്കുകൊണ്ട് മണമെടുക്കാനും കഴിയില്ല. പാമ്പുകള്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് പ്രത്യാക്രമണം എന്ന രീതിയില്‍ മാത്രമാണ്. മനുഷ്യര്‍ പാമ്പുകളെ ചവിട്ടുമ്പോഴോ മറ്റേതെങ്കിലും രീതിയില്‍ ശല്യപ്പെടുത്തുമ്പോഴോ മാത്രമാണ് പാമ്പുകള്‍ തിരിച്ചാക്രമിക്കുക എന്നുള്ളതാണ് സത്യം.

'എട്ടടി മൂര്‍ഖന്‍ കടിച്ചാല്‍ എട്ട് അടി നടക്കുമ്പോള്‍ മരിക്കും' എന്നുള്ളതുപോലെ നമ്മുടെ സമൂഹത്തില്‍ പാമ്പുകളെപ്പറ്റിയുള്ള ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജനങ്ങളുടെ ഇടയില്‍ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതുകൊണ്ടുകൂടിയാണ് പാമ്പുകളെ അവര്‍ ശത്രുപക്ഷത്ത് കാണുന്നതും. ഇക്കാര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു?


പാമ്പുകളെപ്പറ്റി പഴമക്കാര്‍ പറയുന്ന് 90 ശതമാനം കാര്യങ്ങളും വെറും കെട്ടുകഥകള്‍ മാത്രമാണ്. അതിലൊന്നാണ് ഈ എട്ടടിമൂര്‍ഖന്റെ കഥയും. എട്ടടി മൂര്‍ഖന്‍ കടിച്ചതിനുശേഷം എട്ടടി നടന്നാല്‍ മരണപ്പെടുമെന്നുള്ളത് കേരളീയരുടെ ഇടയില്‍ പണ്ടേ പ്രചരിച്ചിരിക്കുന്ന കാര്യമാണ്. ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍, എട്ടടി മൂര്‍ഖന്‍ എന്നു പറയുന്ന ഒരു പാമ്പ് ഇല്ല എന്നുള്ളതാണ്. വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍ എന്നു പറയുന്ന പാമ്പിനെയാണ് പണ്ടുള്ളവര്‍ എട്ടടി മൂര്‍ഖന്‍ എന്ന പേരിട്ടു വിളിച്ചത്. എന്നാല്‍ ആ പാമ്പ് കടിച്ചാല്‍ പഴമക്കാർ പറയുന്ന രീതിയിലുള്ള കാര്യങ്ങൾ സംഭവിക്കില്ല എന്നുള്ളതാണ് സത്യം.

അതുപോലെ പ്രചരിക്കുന്ന ഒരു കാര്യമാണ് പാമ്പുകള്‍ക്ക് നാഗമാണിക്ക്യം ഉണ്ടെന്നുള്ള കാര്യം. തീര്‍ത്തും കല്‍പ്പിതവും അന്ധവിശ്വാസവുമായ ഒരു കാര്യമാണത്. അതുപോലെ പഴമക്കാര്‍ പറയുന്ന മറ്റൊരു കാര്യമാണ് സന്ധ്യ സമയങ്ങളില്‍ ചൂളമടിച്ചാല്‍ വീട്ടില്‍ പാമ്പുകള്‍ വരുമെന്നത്. കുട്ടികള്‍ ചൂളമടിക്കാതിരിക്കാന്‍ അവര്‍ പറഞ്ഞുണ്ടാക്കിയ കാര്യമാകാം അത്. അല്ലാതെ ചെവിയില്ലാത്ത പാമ്പുകള്‍ക്ക് ചൂളം വിളി എന്നല്ല, ഒരു ശബ്ദവും കേള്‍ക്കാന്‍ കഴിയില്ല. കമ്പനങ്ങളെ തന്റെ ത്വക്ക് വഴി പിടിച്ചെടുത്താണ് പാമ്പുകള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നത്.

വൈകുന്നേരങ്ങളില്‍ മരിച്ചിനി (കൊള്ളിക്കിഴങ്ങ്) വേവിച്ച് ഊറ്റിയെടുക്കുന്ന ഗന്ധം വന്നാല്‍ അത് അണലി വായ് തുറക്കുന്നതിന്റെ ഗന്ധമാണെന്ന് പറയുമായിരുന്നു. പലരും അത് വിവെസിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഇതിനെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചു. നാലുവര്‍ഷത്തെ നിരീക്ഷണത്തിന് ഒടുവിലാണ് അതിന്റെ രഹസ്യം എനിക്കും പിടികിട്ടിയത്. വെെകിട്ട് വിരിയുന്ന പാടത്താളി എന്ന ഔഷധ പൂച്ചെടിയുടെ ഗന്ധമാണ് അണലിയുടെ ഗന്ധമായി ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. ഒരു കടുക് മണിയുടെ വലിപ്പം മാത്രമുള്ള നീല നിറത്തിലുള്ള ഈ പൂവ് വിരിയുമ്പോള്‍ ഈ ഗന്ധം പുറപ്പെടുവിക്കും. അതിനെ ജനങ്ങള്‍ മറ്റുകാര്യങ്ങളായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

അന്ധവിശ്വാസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ ്രചരിക്കുന്ന മറ്റൊരു കാര്യമാണ് വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ് തളിച്ചാല്‍ ആ പരിസരത്ത് പാമ്പുകള്‍ വരില്ലെന്നത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാമ്പിനെ അകറ്റുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ വെളുത്തുള്ളിയും പാമ്പുമായി യാതൊരു ബന്ധവുമില്ല. പാമ്പിന് ഗന്ധം ആവാഹിക്കാന്‍ കഴിവ് ഇല്ല. നാക്കുകൊണ്ടാണ് അവ വസ്തുക്കളെ തിരിച്ചറിയുന്നത്. തന്റെ ഇരയേയും ഇണയേയും പാമ്പുകള്‍ തിരിച്ചറിയുന്നത് നാവുകൊണ്ടാണ്. പിന്നെ തിരിച്ചറിയാന്‍ കഴിയുന്ന മറ്റൊരു കാര്യം ആസിഡുകളാണ്. മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയ വസ്തുക്കൾ പാമ്പുകളെ സംബന്ധിച്ച് ആസിഡുകളാണ്. ഇവ പാമ്പുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയും അവര്‍ അതില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ തുടങ്ങിയവയൊക്കെ പാമ്പിനെ അകറ്റുന്ന കാര്യങ്ങളാണെങ്കിലും ഒരിക്കലും വെളുത്തുള്ളി അത്തരത്തില്‍ ഒന്നല്ല.

ഞാന്‍ സ്‌കൂളുകളിലും റെസിഡന്റ്‌സ് അസോസിയേഷനിലുമൊക്കെ എടുക്കുന്ന ക്ലാസുകളില്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും സുചിപ്പിക്കാറുണ്ട്.

IMG-20151212-WA0058

പാമ്പുകളെ പിടിക്കുന്ന സമയത്ത് ഒത്തിരി തവണ താങ്കള്‍ക്ക് പാമ്പുകളുടെ കടിയേല്‍ക്കേണ്ടി വന്നിട്ടുണ്ട്. പല സമയത്തും താങ്കളുടെ ജീവന്‍ വരെ അപകടത്തിലായിട്ടുണ്ട്. എന്നാല്‍ അതിനുശേഷവും യാതൊരു ഭാവമാറ്റവും കൂടാതെ താങ്കള്‍ പാമ്പുകളോട് ചങ്ങാത്തത്തിലാകുന്നുമുണ്ട്. എങ്ങനെയാണ് ഈ മനസ്ഥിതി സാധ്യമാകുന്നത്?


പാമ്പുകളെ പിടിക്കുന്ന വേളയില്‍ പലതവണ ഞാന്‍ പാമ്പുകളുടെ കടിയ്ക്കിരയായിട്ടുണ്ട്. അതില്‍ എന്റെ അശ്രദ്ധയും ഉള്‍പ്പെടുമെങ്കിലും കാഴ്ചക്കാര്‍ പാമ്പുപിടുത്തം മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ തിക്കിതിരിക്കുകയും മറ്റുള്ളവര്‍ പറയുന്ന മോശം കമന്റുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ കടികളും എനിക്ക് കിട്ടിയിട്ടുള്ളത്. അതില്‍ ഒരു കടിയുടെ ഫലമായി എനിക്ക് എന്റെ കൈ പകുതിവെച്ച് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും എനിക്ക് ആ കൈ മടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതുവരെ എനിക്ക് ഏകദേശം 377 കടികള്‍ പാമ്പുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതില്‍ പത്ത് കടികൾ അപകടകരങ്ങളായിരുന്നു. ദിവസങ്ങളോളം എനിക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. പാമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനെ വിഷം എന്ന് ഞാൻ പറയാറില്ല. ഒൗഷധമെന്നാണ് ഞാൻ അതിനെ വിളിക്കുന്നത്. ഥയാർത്ഥത്തിൽ ഒൗഷധം തന്നെയാണത്. പാമ്പുകളില്‍ നിന്നും കിട്ടിയിട്ടുള്ള ചെറുകടികളില്‍ കൂടിയുള്ള ചെറിയ ഒൗഷധങ്ങൾ എന്റെ ശരീരത്തില്‍ കടിയ്ക്ക് എതിരായുള്ള ഔഷധം ഉത്പാദിപ്പിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പാമ്പുകളെ സംരക്ഷിച്ചാല്‍ അത് മനുഷ്യനെ സംരക്ഷിക്കുന്നതിന് തുല്യമാണ്. ഇനി വരുന്ന കാലത്ത് മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് പാമ്പ് എന്ന് തെളിഞ്ഞിട്ടുള്ള സംഗതിയാണ്. ഭൂമിയില്‍ ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാനപങ്ക് പാമ്പുകള്‍ വഹിക്കുന്നുമുണ്ട്. ഒത്തിരി ഔഷധങ്ങള്‍ പാമ്പിന്‍ വിഷത്തില്‍ നിന്നും കണ്ടുപിടിച്ചവയായി നമ്മുടെയിടയിലുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് വേദനയ്ക്കായി ഉപയോഗിക്കുന്ന മരുന്നും ഹൃദയരോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നും പാമ്പിന്‍വിഷത്തില്‍ നിന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. പാമ്പിന്റെ കടിയേറ്റാല്‍ ഉപയോഗിക്കാനുള്ള മറുമരുന്നും നിര്‍മ്മിക്കുന്നത് അതേ പാമ്പിന്‍ വിഷത്തില്‍ നിന്നും തന്നെയാണ്. അതുകൊണ്ടുതന്നെ പാമ്പുകള്‍ സംരക്ഷിക്കപ്പെടേണ്ട ജീവികള്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വാവസുരേഷ് എന്ന വ്യക്തി പാമ്പുകളുടെ സംരക്ഷന്‍ മാത്രമായിട്ടല്ല ഇപ്പോള്‍ അറിയപ്പെടുന്നത്. കുറേയേറെ സേവനപ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുന്ന വ്യക്തിയായിട്ടാണ്. എന്താണ് ഇത്തരം കാര്യങ്ങളിലുള്ള പ്രചോദനം?

പാമ്പുപിടിക്കാനും മറ്റുമായി ഒരുപാട് നാടുകള്‍ സഞ്ചരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. ആ യാത്രകള്‍ക്കിടയില്‍ പലതരത്തിലുള്ള ജനങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ മൂന്നുനേരം ആഹാരം കഴിക്കുമ്പോള്‍ ഒരുനേരം മാത്രം ആഹാരം കഴിക്കുന്നവരേയും തുടര്‍ന്ന് പഠിക്കാന്‍ സൗകര്യമില്ലാതെ പഠനം മതിയാക്കിയ കുട്ടികളുമൊക്കെ അതിപ്പെടും. ഈ ഒരു കാഴ്ചയില്‍ നിന്നാണ് അവര്‍ക്കൊക്കെ എന്തെങ്കിലും സഹായം ചെയ്യണമെന്ന തോന്നല്‍ എനിക്കുണ്ടായത്.

ഇക്കാര്യങ്ങള്‍ എന്റെ സുഹൃത്തുക്കളുമായി ഞാന്‍ സംസാരിക്കുകയും അവര്‍ അത് മുന്‍കൈയെടുത്ത് നടപ്പിലാക്കുകയുമായിരുന്നു. എന്റെ പേരില്‍തന്നെ ഒരു സംഘടന അവരുടെ നേതൃത്വത്തില്‍ ഉണ്ടാക്കി അതിന്റെ പേരില്‍ ഇത്തരത്തിലുള്ള ജനങ്ങളെ കണ്ടുപിടിച്ച് സഹായമെത്തിക്കുകയാണ് ചെയ്യുന്നത്.

കോട്ടൂര്‍ വനമേഖലയിലെ ആദിവാസി കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തത് വാര്‍ത്തയായിരുന്നല്ലോ?

IMG-20151212-WA0045

അതേ. പാമ്പ് പിടിക്കാനുള്ള ഒരു യാത്രയ്ക്കിടെയാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആദിവാസി മേഖല എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വളരെ കഷ്ടതയനുഭവിച്ച് പഠിക്കുന്ന കുട്ടികളാണ് ഈ ഊരുകളിലുള്ളത്. സ്‌കൂള്‍ തുറക്കുന്ന സമയങ്ങളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ക്ക് റെസിഡന്റ്‌സ് അസോസിയേഷനും മറ്റു സന്നദ്ധ സംഘടനകളും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഇവര്‍ക്ക് അങ്ങനെയൊന്നും ലഭിക്കാറില്ല. പലരും നദിക്കക്കരെയുള്ള ഊരുകളില്‍ നിന്നും തോണിയേറിയും നീന്തിയുമൊക്കെയാണ് സ്‌കൂളുകളില്‍ എത്താറുള്ളതു തന്നെ.

ഇക്കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. കാരണം അവരും ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ആലോചിച്ചു. അവരുടെ കൂടി പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ തുറക്കുന്ന സമയം കോട്ടൂര്‍ വനമേഘലയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പഠനോപകരണം, വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏഴ് ഊരുകളില്‍ നിന്നായി 350ഓളം കുട്ടികള്‍ക്കാണ് അന്ന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പഠനോപകരണ വിതരണ ദിവസം പക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികള്‍ എത്തിയിരുന്നു. കൊണ്ടുപോയ കാര്യങ്ങള്‍ തികയാത്തതിനാല്‍ ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസം അത് എത്തിച്ചുകൊടുത്തു. ഏകദേശം 3.5 ലക്ഷം രൂപയാണ് അന്ന് ചെലവായത്. പക്ഷേ ബുക്കുകളും ബാഗും കുടയുമുള്‍പ്പെടെയുള്ള കിറ്റുകള്‍ ഏറ്റുവാങ്ങിയപ്പോള്‍ ആ കുട്ടികളുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയേക്കാളും മുകളിലല്ല ആ തുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ഓണക്കാലത്താണ് ബോണക്കാട് ഫാക്ടറിയിലെ തൊഴിലാളികളുടെ ദുരിത ജീവതത്തെക്കുറിച്ച് ഞാന്‍ കാണാനിടയായത്. ജോലിയില്ലാത്ത അവസ്ഥയില്‍ കഴിക്കാന്‍ ഭക്ഷണവും ധരിക്കാന്‍ നല്ല വസ്ത്രങ്ങളുമില്ലാത്ത അവസ്ഥയിലായിരുന്നു തൊഴിലാളികള്‍. ഓണമാഘോഷിക്കാന്‍ പോയിട്ട് ദിനവും ഒരുനേരത്തെ ഭക്ഷണം കഴിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുകയായിരുന്നു അവര്‍. അവരെ സഹായിക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോറസ്റ്റ് ഓഫീസറെ സമീപിക്കുകയും അവരുടെ സഹായത്തോടെ അവിടെയുള്ള 300 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കുകയും ചെയ്തിരുന്നു.

മറ്റ് പ്രവര്‍ത്തനങ്ങള്‍?

തിരുവവന്തപുരം ജില്ലയിലെ ചെറുവയ്ക്കല്‍ കേന്ദ്രമാക്കി രണ്ടു വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അശരണരായ ഒരു കുടുംബത്തിന്റെ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിത് നല്‍കുന്നതാണ് അതിലൊന്ന്. അതിന്റെ ജോലി ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റൊന്ന് മനസ്സിന്റ താളംതെറ്റിയ ഒരു സ്ത്രീക്ക് വീട്‌വെച്ച് നല്‍കുന്ന പ്രവര്‍ത്തിയാണ്. അതും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

IMG-20151212-WA0030

നട്ടെല്ല് തകര്‍ന്ന പേയാട് സ്വദേശി ശ്രീജിത്തിന്റെ ചികിത്സാ ചെലവും വാവസുരേഷ് ഫാന്‍സാണ് ഇപ്പോള്‍ നോക്കുന്നത്. അദ്ദേഹത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍, വീടിന്റെ വാടക, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ എന്നിവയും ഞങ്ങള്‍ നല്‍കുന്നു. കൂടാതെ പാലിയേറ്റീവ് കെയറിലും കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു 50000 രൂപ തുകയായി തന്നെ അദ്ദേഹത്തിന്റെ കൈയില്‍ ഏല്‍പ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

കുറച്ചു കുട്ടികളെ പഠിപ്പിക്കുന്ന ചെലവ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. കുറച്ചുപേര്‍ക്ക് ചികിത്സാ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. മരണംവരെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളെ എനിക്കുള്ളൂ, പാമ്പു പിടുത്തവും സേവന പ്രവര്‍ത്തനങ്ങളും.

ഇതിനുള്ള ഫണ്ട്?

സാധാരണയായി ഞാന്‍ പാമ്പുപിടിക്കാനും ക്ലാസ് എടുക്കാനും പോകുന്നിടത്തു നിന്നും ചോദിച്ച് ഒന്നും വാങ്ങാറില്ല. പക്ഷേ ചെല്ലുന്നിടങ്ങളില്‍ ചിലയിടങ്ങളില്‍ നിന്നും സഹായങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ കിട്ടുന്ന തുകയില്‍ നിന്നും അവിടെയെത്താനുള്ള ടാക്‌സിക്കൂലി കഴിച്ച് ബാക്കി തുക നീക്കിവെച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഞങ്ങള്‍ കണ്ടെത്തുന്നത്. സോഷ്യല്‍ മീഡിയവഴിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ചില സഹായങ്ങളും ഉണ്ടാകാറുണ്ട്.

ഇന്ത്യയില്‍ തന്നെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു ഭാഗ്യമാണ് ബ്രിട്ടന്റെ ചാള്‍സ് രാജകുമാരനുമായുള്ള കൂടിക്കാഴ്ച. അദ്ദേഹമാണ് താങ്കള്‍ക്ക് 'സ്‌നേക്ക് മാന്‍' എന്ന ബഹുമതി നല്‍കിയതും. ആ കൂടിക്കാഴ്ചയെപ്പറ്റിയുള്ള ഒാർമ്മ ഒന്നു വിവരിക്കാേമോ?


അതൊരു നല്ല അനുഭവമായിരുന്നു. ലോകപ്രശസ്തനായിട്ടുള്ള ഒരു വ്യക്തിയെ അടുത്ത് നിന്ന് പരിചയപ്പെടുക. അദ്ദേഹം നമ്മളോട് കാര്യങ്ങള്‍ ചോദിക്കുക. തോളില്‍ തട്ടി അഭിന്ദിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ എന്നെ സംബന്ധിച്ച് സ്വപ്‌നങ്ങളാണ്. അത് നേരില്‍ അനുഭവിക്കുകയായിരുന്നു ചാള്‍സ് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയിലൂടെ.

കൂടിക്കാഴ്ചയക്ക് തൊട്ടുമുമ്പാണ് മേനകാഗാന്ധിയില്‍ നിന്നും ഞാനുള്‍പ്പെടുന്ന നാലുപേര്‍ ഒരുലക്ഷം രൂപയും പ്രശംസപത്രവുമടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയത്. നാലുപേരില്‍ മലയാളികയായി ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുപിന്നാലെയാണ് ആതിരപ്പള്ളിയില്‍ ചാള്‍സ് രാജകുമാരന്‍ എത്തിയതും. പരിസ്ഥിതി പ്രവര്‍ത്തകനായ ബാലന്‍ സാറാണ് ഈ അവാര്‍ഡ് ഏറ്റുവാങ്ങിയവര്‍ക്ക് രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തന്നത്. 10 മിനിട്ട് സമയമാണ് കൂടിക്കാഴ്ചയ്ക്ക് രാജകുമാരന്‍ തന്നിരുന്നതെങ്കിലും അരമണിക്കൂറിലേറെ സമയം അദ്ദേഹം എന്നോട് സംസാരിച്ചു. വെറും കൈകൊണ്ട് പാമ്പ് പിടിക്കുന്നതൊക്കെ അദ്ദേഹത്തിന് അത്ഭുതമായിരുന്നു.

എന്റെ കൈയില്‍ പാമ്പുകടിയേറ്റുണ്ടായ മുറവുകള്‍ അദ്ദേഹം കൈപിടിച്ചു നോക്കി. സ്‌നേക്ക് മാന്‍ എന്ന് വിളിച്ചാണ് അദ്ദേഹം എന്നോട് സംസാരിച്ചതും. അദ്ദേഹം എന്നെപ്പോലുള്ളവരോട് സംസാരിക്കാന്‍ സമയം കണ്ടെത്തിയത് സത്യത്തില്‍ എന്നെ അമ്പരപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ ഇനിയും കാണാം എന്ന വാക്കു നല്‍കിയാണ് ചാള്‍സ് രാജകുമാരന്‍ ഞങ്ങളെ യാത്രയാക്കിയത്.

IMG-20151212-WA0036

ഇട്ടക്കാലത്തുണ്ടായ ഒരു വലിയ വാര്‍ത്തയായിരുന്നു ചില തിക്താനുഭവങ്ങളുടെ പേരില്‍ താങ്കള്‍ പാമ്പുപിടുത്തവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ പോകുന്നുവെന്നുള്ളത്. എന്നാല്‍ താങ്കള്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ വന്‍ കാംപയിങാണ് നടന്നത്. ജനങ്ങളുടെ ശക്തമായ പിന്തുണകൂടിയില്ലേ ആ തീരുമാനം മാറ്റിയതിന് പിന്നില്‍?

തീര്‍ച്ചായായും. ഞാന്‍ പാമ്പുപിടുത്തം അവസാനിപ്പിക്കാനുള്ള ഒരു തീരുമാനം എടുത്തിരുന്നു. നേരത്തേ പറഞ്ഞതുപോലെ ചില തിക്താനുഭവങ്ങളുടെ പേരില്‍ തന്നെയായിരുന്നു ആ തീരുമാനം. ഞാന്‍ പാമ്പുകളെ പിടിച്ചശേഷം അതിനെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അതിലൂടെ ജനങ്ങള്‍ക്ക് പാമ്പിനോടുള്ള ഭയം വിട്ടുമാറട്ടെ എന്നുള്ളതുതന്നെയാണ് പ്രദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രദര്‍ശനശേഷം ചാക്കിനുള്ളിലാക്കുന്ന പാമ്പിനെ തിരിച്ചെടുത്ത് കാണിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാഹചര്യം വളരെക്കൂടുതലുമാണ്.

കഴിഞ്ഞവര്‍ഷം ഒരു ഹര്‍ത്താല്‍ ദിവസം ബാലരാമപുരത്തു നിന്നും ഒരു കോള്‍ ഉണ്ടായിരുന്നു. ഒരു ഹൗസിങ് കോളനിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടുാെന്നുള്ളതായിരുന്നു അത്. ഞാന്‍ അവിടെയെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അവര്‍ ഫോട്ടോയും എടുത്തിരുന്നു. ഈ സമയത്താണ് എനിക്ക് കുളത്തൂപ്പുഴയില്‍ നിന്നും ഫോറസ്റ്റ് ഓഫീസറുടെ ഫോണ്‍ വരുന്നത്. ഒരു രാജവെമ്പാലയെ പിടികൂടുന്നതിനായാണ് അവര്‍ എന്നെ വിളിച്ചത്.

ബാലരാമപുരത്തു നിന്നും പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കിനുള്ളിലാക്കി കുളത്തൂപ്പുഴയിലേക്ക് പോകാന്‍ ശ്രമിച്ച അവസരത്തിലാണ് രണ്ടുപേര്‍ ബൈക്കില്‍ അവിടെയെത്തുന്നത്. ചാക്കിനുള്ളിലാക്കിയ പാമ്പിനെ അഴിച്ചു കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കുളത്തൂപ്പുഴയില്‍ പിടികൂടാനുള്ള രാജവെമ്പാലയുടെ കാര്യം ഞാന്‍ അവരെ അറിയിച്ചു. എടുത്ത ഫോട്ടോ മറ്റുള്ളവരുടെ കൈയിലുണ്ടെന്നും അത് നോക്കിയാല്‍ മതിയെന്നും ഞാന്‍ അവരോട് പറയുകയും ചെയ്തു. ഞങ്ങള്‍ പത്രക്കാരാണ്, അതുകൊണ്ട് പാമ്പിനെ കണ്ടേതീരു എന്നാണ് പിന്നീടവര്‍ പറഞ്ഞത്. ഇനി പാമ്പിനെ പുറത്തെടുക്കുന്ന പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഞാന്‍ കുളത്തൂപ്പുഴയിലേക്ക് തിരിക്കുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസത്തെ ചില പത്രങ്ങളുടെ ലോക്കല്‍ പേജുകളില്‍ എന്നെ സംബന്ധിച്ച് വളരെ മോശമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടത്. ഞാന്‍ പാമ്പിനെ പിടികൂടി അതിന്റെ വിഷം എടുത്ത് വില്‍ക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് അതിലുണ്ടായിരുന്നത്. ഇത് എനിക്ക് വളരെയേറേ വിഷമമുണ്ടാക്കി. ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് ഇത്രയും കാലം ഞാന്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചത്. പക്ഷേ അതിന് ഒടുവില്‍ കിട്ടിയ പ്രതിഫലം നന്ദികേടും. എന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും ഈ വാര്‍ത്ത ഒത്തിരി സങ്കടമുണ്ടാക്കി. അവര്‍ തന്നെയാണ് ഈ രംഗത്ത് ഇനി തുടരേണ്ട എന്ന നിര്‍ദ്ദേശം മുന്നില്‍ വെച്ചതും. എന്നാല്‍ സത്യത്തില്‍ എനിക്കതാകുമായിരുന്നില്ല. പാമ്പിനെ പിടിക്കുവാന്‍ വിളിക്കുന്ന കോളുകള്‍ എടുത്ത്, അതില്‍ അത്യാവശ്യമുള്ളവ മാത്രം നോക്കി പോകാന്‍ ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. പോകാതിരിക്കാന്‍ എനിക്കാകുമായിരുന്നില്ല എന്നുള്ളസത്യം എന്‍െര്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് അറിയുകയും ചെയ്യാം.

കേസുമായി മുന്നോട്ടുപോകാമെന്ന് പലരും പറഞ്ഞെങ്കിലും ഞാനത് കൈക്കൊണ്ടില്ല. കാരണം ഇതിന്റെ പേരിലൊക്കെ കേസുമായി പോകുന്നത് മോശമായ കാര്യമായാണ് എനിക്കു തോന്നിയത്. എന്നാല്‍ ഈ വിഷയം രണ്ടു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ വഴി കത്തിപ്പടര്‍ന്നു. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പിന്തുണയാണ് എനിക്ക് നാനാതുറകളില്‍ നിന്നും കിട്ടിയത്. പലരും നേരിട്ട് വന്ന് എന്നെ കണ്ട് തീരുമാനം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയകളിലൂടെയുള്ള പ്രതിഷേധത്തിന്റെ ഫലമായി എനിക്കെതിരെ വ്യാജവാര്‍ത്തയിട്ട പത്രങ്ങള്‍ നേരിട്ട് വിളിച്ച് മാപ്പു പറഞ്ഞു. സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ, അത് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ- ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്ന രീതി അവസാനിപ്പിക്കേണ്ടതാണെന്നുള്ളതാണ് എന്റെ പക്ഷം. പാമ്പിന്‍വിഷം സാധാരണക്കാരന് ശേഖരിക്കാനും സൂക്ഷിച്ചുവെയ്ക്കാനും കഴിയില്ല എന്നുള്ളത് ഈ ആരോപണമുയര്‍ത്തിയവര്‍ക്കും അറിയാം. പക്ഷേ വൈരാഗ്യത്തിന്റെ പേരില്‍ കൈയിലുള്ള മാധ്യമശക്തി അവര്‍ എനിക്കെതിരെ ഉപയോഗപ്പെടുത്തുകയായിരുന്നു.

വാവസുരേഷിന്റെ കുടുംബത്തെക്കുറിച്ച്?

IMG-20151212-WA0046

അച്ഛന്‍, അമ്മ, മൂത്ത സഹോദരന്‍, സഹോദരി എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് വീട്ടുകാര്‍ നല്‍കുന്നത്. വീട്ടിലെ കാര്യങ്ങളേക്കാള്‍ നാട്ടുകാരുടെ കാര്യങ്ങള്‍ക്കാണ് ഞാന്‍ പ്രാമൂഖ്യം കൊടുക്കുന്നതെന്ന പരാതി ഒരിക്കലും അവര്‍ പറയാറില്ല.

വാവസുരേഷിന് വീട് വെച്ചു നല്‍കുന്ന കാര്യവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളം ഈ അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ?

വാവസുരേഷിന് വീടില്ലെന്നും കുറച്ച് പുരയിടം വാങ്ങി വീട് കെട്ടിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രചരണവും പണപ്പിരിവും നടന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ക്കോ പണപ്പിരിവിനോ ഞാനുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതാണ് വാസ്തവം. എനിക്കൊരു വീടുണ്ട്. ഓലമേഞ്ഞുള്ള സാധാരണ വീട്. പക്ഷേ വീടിന്റെ ആധാരം ലോണിന്റെ പേരില്‍ ബാങ്കിലാണ്. പലരും എനിക്ക് വീടില്ലെന്നും വീടുവെച്ച് നല്‍കിണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്ത് എത്തിയത് കണ്ടിരുന്നു. ഇതൊന്നും ഞാന്‍ അറയാതെയുള്ള നീക്കങ്ങളാണ്. പബ്ലിസിറ്റി മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളായി മാത്രമേ അതിനെ വിലയിരുത്താന്‍ കഴിയുകയുള്ളൂ.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മാര്‍ക്രിസ്‌റ്റോം തിരുമേനി വാവ സുരേഷിന് വീടുവെച്ച് നല്‍കുന്നുവെന്ന് പ്രചരണം സോഷ്യല്‍ മീഡിയകള്‍ വഴി ഉയര്‍ന്നിരുന്നു. പലരും ഇക്കാര്യത്തെപ്പറ്റി എന്നോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ തൊരു തെറ്റായ പ്രചരണമായിരുന്നു. അതിന്റെ പേരില്‍ കാശ് പിരിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് എനിക്ക് പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തേണ്ടി വന്നു. എന്റെ ഒരു സുഹൃത്തായ ശ്രീകുമാര്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാര്‍ക്രിസ്‌റ്റോം തിരുമേനിയും ഞാനും പങ്കെടുത്തിരുന്നു. അവിടെ വെച്ച് എന്റെ വീടിന്റെ കാര്യം അദ്ദേഹം ചോദിച്ചു. ഞാന്‍ എന്റെ അവസ്ഥ അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തു. 'തിരുവനന്തപുരം കോര്‍പ്പറേഷനുമായി ഒന്ന് ബന്ധപ്പെട്ടു നോക്കൂ. വീട് വയ്ക്കാനുള്ള സഹായം അവര്‍ ചെയ്യും' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇതിനെയാണ് വാവ സുരേഷിന് വീട് വെയ്ക്കാന്‍ സഹായവുമായി മാര്‍ക്രിസ്‌റ്റോം തിരുമേനി രംഗത്ത് എന്ന പേരില്‍ സോഷ്യല്‍മീഡിയകള്‍ വഴി പ്രചരണം നടന്നത്.

എന്നാല്‍ തിരുവനന്തപുരത്തുള്ള രണ്ട് സന്നദ്ധ സംഘടനകള്‍ എനിക്ക് വീടുവെയ്ക്കുവാനുള്ള വസ്തു വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

അവസാനമായി പാമ്പുകളെ സംബന്ധിച്ച് വാവസുരേഷിന് ജനങ്ങള്‍ക്ക് നല്‍കുവാനുള്ള പൊതുവായ ഉപദേശങ്ങള്‍ എന്തൊക്കെയാണ്?

ഒരു ആവാസ്ഥവ്യവസ്ഥയുടെ ക്രമമനുസരിച്ച് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ സുഹൃത്താണ് പാമ്പുകള്‍. പാമ്പുകള്‍ ഒരിക്കലും ഇങ്ങോട്ട് ഉപദ്രവിക്കാറില്ല. ഒഴിഞ്ഞ് കാടുപിടിച്ച് കിടക്കുന്ന പറമ്പുകളില്‍ കയറിവരെ ജനങ്ങള്‍ പാമ്പുകളെ തല്ലിക്കൊല്ലാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് തികച്ചും തെറ്റാണ്. പാമ്പുകളും ഈ ലോകത്ത് ജീവിക്കേണ്ടവ തന്നെയാണ്. അവരുടെ പാര്‍പ്പിടം ഇങ്ങനെയുള്ള ഇടങ്ങളാണ്. അതിനുള്ളില്‍ കയറി പാമ്പുകളെ തല്ലിക്കൊല്ലുന്നത് ക്രൂരതയാണ്. വീടുകളിലും പറമ്പുകളിലും പാമ്പുകളെ കണ്ടെത്തിയാല്‍ അവയെ കൊല്ലാന്‍ ശ്രമിക്കാതെ എന്നെപ്പോലുള്ളവരെ വിവരമറിയിക്കുന്നതാകും നല്ലത്.

രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ ചെരിപ്പുപയോഗിച്ച് തറയില്‍ ശബ്ദമുണ്ടാക്കി നടക്കുന്നത് നന്നായിരിക്കും. തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലി ചെയ്യുന്നവര്‍ ചപ്പുചവറുകള്‍ വാരുന്നതിന് മുമ്പ്് ഒരു വടിയുപയോഗിച്ച് തട്ടിനോക്കണം. ചപ്പുചവറുകള്‍, പോച്ചകള്‍ തുടങ്ങിയവയ്ക്കിടയില്‍ പാമ്പുകള്‍ പതുങ്ങിയിരിക്കാന്‍ സാധ്യതുള്ളതിനാലാണത്.

ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഭയക്കരുതെന്നുള്ളതാണ് ആദ്യ പാഠം. യഥാര്‍ത്ഥത്തില്‍ പാമ്പുകടിയേല്‍ക്കുന്നവര്‍ ഒൗഷധം ഉള്ളിൽച്ചെന്ന് മരിക്കുന്നതു പോലെ ഭയന്ന് അറ്റാക്ക് വന്നും മരിക്കുന്നുണ്ട്. പാമ്പുകടിയേല്‍ക്കുന്നതിന് കുറച്ചു മുകളില്‍ വെച്ച് തുണികൊണ്ട് കെട്ടുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. കെട്ട് നന്നായി മുറുക്കുകയുമരുത്. ആ കെട്ടിന് കുറച്ചു മുകളിലായി ഒരു കെട്ടുകൂടി കെട്ടുക. മുറിവ് ശുദ്ധജലം കൊണ്ട് കഴുകിയ ശേഷം കടിയേറ്റയാളെ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ ഒരു കാരണവശാലും കടിയേറ്റയാളെ കിടത്തുകയോ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയോ ചെയ്യരുത്.

കേരളത്തില്‍ ഈ അടുത്ത കാലത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. പാമ്പുകളെ കാണുമ്പോഴുള്ള മനുഷ്യന്റെ ഇടപെടലും അതിന് കാരണമാകാറുണ്ട്. പാമ്പിനൊപ്പം ഫോട്ടോ പിടിച്ച് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ളവയില്‍ ഇടാന്‍ കാണിക്കുന്ന പ്രവണത ഇന്നത്തെ സമൂഹത്തില്‍ കൂടുതലാണ്. അത് ഒഴിവാക്കേണ്ടിയിരിക്കുന്നു. സിനിമാ നടന്‍മാരെ അനുകരിച്ചാലും ആരും എന്നെ അനുകരിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്.

Read More >>