സാംബശിവനും മലയാളിയും

സാമൂഹ്യവിമർശനം പ്രഭാഷണ വേദികളിൽ മിമിക്രി ഏറ്റെടുക്കുന്നതിന് മുമ്പ്, സാംബശിവൻ കേരള ജനതയെ കലയിലൂടെ വിമർശിക്കാൻ പഠിപ്പിച്ചു. കഥാപ്രസംഗം പുരാതനമായ ക്ഷേത്രകലകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒരു സവിശേഷകലയായി. കൂത്തും കൂടിയാട്ടവും തുള്ളലും പാഠകവും നാടകവും സംഗീതവും ഒരുമിക്കുന്ന ഒരു ഏകാംഗപ്രദർശനമായിരുന്നു കഥാപ്രസംഗം. ജോണി എംഎൽ എഴുതുന്നു.

സാംബശിവനും മലയാളിയും

ജോണി എംഎൽ

ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച നടപ്പുവർഷത്തെ (2016-17) ബജറ്റിൽ അന്തരിച്ച നടൻ കലാഭവൻ മണിയുടെ സ്മാരകം നിർമ്മിതിയ്ക്കായി അമ്പതുലക്ഷം രൂപ മാറ്റി വെച്ചതിനെ തുടർന്ന് പ്രമുഖ കാഥികനായിരുന്ന വി സാംബശിവന്റെ മകൻ പ്രൊഫസർ വസന്ത്കുമാർ സാംബശിവൻ, എന്തുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക സ്തംഭങ്ങളിൽ ഒന്നായിരുന്ന സാംബശിവനുവേണ്ടി ഒരു സ്മൃതിമന്ദിരം നിർമ്മിക്കാൻ സർക്കാർ തയ്യാറായില്ല എന്നൊരു പരാതിയുമായി രംഗത്തുവന്നു. കൊല്ലത്തുനിന്നുള്ള എംഎൽഎയും സിനിമാനടനും സാംബശിവന്റെ കടുത്ത ആരാധകനുമായ മുകേഷ് പോലും ഇതിനായി മുൻകൈ എടുക്കുന്നില്ല എന്ന് വസന്ത്കുമാർ പറയുന്നു. സ്വന്തം പിതാവിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഒരുപുത്രന്റെ ശ്രമം ആണെന്ന് കരുതി ഈ ആവശ്യത്തെ വേണമെങ്കിൽ പുച്ഛിക്കാനോ തള്ളിക്കളയാനോ ആളുകൾ ഉണ്ടാകുമെങ്കിലും, സാംബശിവന് ഒരു സ്മാരകം ഇല്ല എന്ന് പറയുന്നത് മലയാളികൾക്ക് ഭൂഷണമല്ല എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ഒരു സംസ്ഥാന സ്മാരകം വേണമെന്ന് അദ്ദേഹത്തിന്റെ മകൻതന്നെ ആവശ്യപ്പെടേണ്ടിവരുന്ന അവസ്ഥ കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക അഭിമാനത്തിന് കുറവ് വരുത്തിയിരിക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നെങ്കിലും കോൺഗ്രസിനോടും അടിയന്തരാവസ്ഥയോടും ഉള്ള തന്റെ വിരോധം അല്പംപോലും മറകൂടാതെ വേദികളിൽ വിളിച്ച് പറയുമായിരുന്നെങ്കിലും, സാംബശിവൻ കമ്യൂണിസ്റ്റുകാരുടെ മാത്രം കാഥികനായിരുന്നില്ല. പ്രേംനസീറിനെ അവനെന്നും നസീറെന്നും വിളിയ്ക്കുന്ന അതേ സ്‌നേഹത്തോടെയും അടുപ്പത്തോടെയും കേരളത്തിലെ മുതിർന്നവരൊക്കെയും സാംബശിവനെ സാംബൻ എന്ന് വിളിച്ചു. എന്നാൽ സാംബൻ ഒരു ഒറ്റയാൾ പ്രസ്ഥാനം കൂടിയായിരുന്നു. സാമൂഹ്യവിമർശനം പ്രഭാഷണ വേദികളിൽ മിമിക്രി ഏറ്റെടുക്കുന്നതിന് മുമ്പ്, സാംബശിവൻ കേരള ജനതയെ കലയിലൂടെ വിമർശിക്കാൻ പഠിപ്പിച്ചു.


കലയിലൂടെയുള്ള വിമർശനം സാംബശിവൻ മാത്രമല്ല നിർവഹിച്ചിട്ടുള്ളത്. ബഷീറും കേശവദേവും തകഴിയും ഒക്കെ അതു അവരവരുടെ രീതികളിൽ അത് നിർവഹിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയ പ്രചരണാർത്ഥം ഇപ്റ്റയുടെ ചുവട് പിടിച്ചുണ്ടായ കെപിഎസിയിലൂടെ നാടകങ്ങൾ സാമൂഹ്യ വിമർശനത്തിനും വിപ്ലവത്തിനും വഴിയായി. എന്നാൽ കഥാപ്രസംഗം പുരാതനമായ ക്ഷേത്രകലകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒരു സവിശേഷകലയായി. കൂത്തും കൂടിയാട്ടവും തുള്ളലും പാഠകവും നാടകവും സംഗീതവും ഒരുമിക്കുന്ന ഒരു ഏകാംഗപ്രദർശനമായിരുന്നു കഥാപ്രസംഗം. നാടകത്തിൽ നിന്ന് അത് ഹാർമോണിയം, തബല, ക്ലാർനെറ്റ് അപൂർവ്വമായി പിന്നീട് ഗിറ്റാറും സ്വന്തമാക്കി. പഴയ ക്ഷേത്രകലകളുടെ കൂടുതൽ മതനിരപേക്ഷമായ ഒരിടം ക്ഷേത്രപരിസരങ്ങളിൽതന്നെ സമ്പാദിച്ച്‌കൊണ്ട് കഥാപ്രസംഗം അതിന്റെ ആദ്യകാല പ്രയോക്താക്കളായ സ്വാമി സത്യദേവനിലൂടെയും സ്വാമി ബ്രഹ്നവ്രതനിലൂടെയും മുന്നേറി. നാടോടി പാരമ്പര്യങ്ങളിലും കുറെക്കൂടി ചിട്ടയായ ക്ഷേത്രകലാപാരമ്പര്യങ്ങളിലും പൊതുജനത്തിന് പരിചിതമായ കഥകളാണ് അവതാരകർ പൊതുവെ തെരഞ്ഞെടുത്തിരുന്നത്. ബംഗാളിലെ പടുവകളും രാജസ്ഥാനിലെ ഭോപ്പകളും ഒക്കെ ഇത്തരം പരിചിതമായ സാഹിത്യാന്തരീക്ഷത്തെയാണ് ചിത്രം, അഭിനയം , വിവരണം, വെളിച്ചം, എന്നിവയിലൂടെ വിവരിച്ചിരുന്നത്. അതിനാൽ പണ്ഡിതനും പാമരനും ഒരുപോലെ അവ ആസ്വാദ്യകരമായി. കാഥികനും ഏറെക്കുറെ ഈ രീതി തന്നെയാണ് അവലംബിച്ചിരുന്നത്. സാമൂഹ്യ പരിഷ്‌കരണമായിരുന്നു ആദ്യകാല കാഥികരുടെ ലക്ഷ്യം. എം പി മന്മഥൻ, കെ കെ വാദ്യാർ, കെ സി എബ്രഹാം എന്നിവരിലും ഇതു തുടർന്നു. കെടാമംഗലം സദാനന്ദനിൽ എത്തുന്നതോടെ സമകാലത്ത് പ്രാചുര്യമാർന്ന സാഹിത്യവും കവിതകളും കഥാപ്രസംഗത്തിന് വിഷയമായി. അതുകൊണ്ട് തന്നെയാണ് ചങ്ങമ്പുഴയ്ക്കും അദ്ദേഹത്തിന്റെ രമണനും ലഭിച്ച പ്രസിദ്ധിയെ അവലംബിച്ച് കെടാമംഗലം സദാനന്ദനും കരുണ അവതരിപ്പിക്കുന്നത്.

സാംബശിവൻ കെടാമംഗലത്തിൽനിന്ന് ഒരു പടികൂടി മുന്നോട്ട് പോയി. അദ്ദേഹം രമണനെപ്പോലെ പൊതുജനങ്ങൾ പാടിനടക്കുന്ന ഒരു കാവ്യത്തെ മറികടന്ന്, ജനങ്ങളെ വിജ്ഞാനികളുടെ വ്യാഖ്യാനത്തിലൂടെയും സ്വാധീനിച്ച ആധുനിക കവിയായ കുമാരാനാശന്റെ കവിതയും ഷേക്‌സ്പിയറെയും ടോൾസ്‌റ്റോയിയേയും ഡോസ്‌റ്റോയെവ്‌സ്‌കിയേയും പോലുള്ള വിശ്വസാഹിത്യകാരന്മാരുടെ കൃതികളെയും ഒപ്പം ഇന്ത്യൻ നവോത്ഥാനത്തിന്റെ കളിത്തൊട്ടിലായ ബംഗാളിലെ വിശ്രുത സാഹിത്യകാരനായ ബിമൽമിത്രയുടെയും കേരളത്തിലെ നിഷേധിയായ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെയും ഒക്കെ കൃതികൾ തന്റെ കഥാപ്രസംഗങ്ങൾക്ക് വിഷയങ്ങളായി. മലയാളത്തിലെ കമിതാക്കൾ പരസ്പരം റോമിയോയും ജൂലിയറ്റുമായി, ഒഥല്ലോയും ഡെസ്ഡിമണയുമായി. അനീസ്യ എന്നും നികിതാ എന്നും അവർ പരസ്പരം വിളിച്ചു. കേരളത്തിലെ എഴുപതുകളിലെ തിളയ്ക്കുന്ന യുവത്വം സ്വയം ദീപാങ്കുരന്മാരായും കിരണന്മാരായും വളർന്നു. അവർ ലക്ഷ്മിയേടത്തിമാരെയും സതിമാരെയും പ്രണയിച്ചു. സനാതനന്മാരെ പുച്ഛിച്ചു. മറ്റൊരു കാഥികന്റെയും കഥാപ്രസംഗത്തിന് ഇത്രയധികം ജനങ്ങളെ പിടിച്ചിരുത്താനുള്ള ശക്തി ഉണ്ടായിരുന്നില്ല.

കഥാപ്രസംഗരംഗത്തേക്ക് ചുവട് വെയ്ക്കുന്നതിനുള്ള കാരണം സാംബശിവൻ പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കഥകൾ പറയുന്ന വേളയിലും പല ലേഖനങ്ങളിലും കൊല്ലം എസ് എൻ കോളേജിൽ വിദ്യാർത്ഥിയാകാൻ തുടങ്ങുമ്പോഴാണ് ഒരു കാര്യം മനസിലാകുന്നത്. കെട്ടിവെയ്ക്കാൻ പണമില്ല. പാടാനും പറയാനും വാസനയുണ്ടായിരുന്ന സാംബശിവൻ താൻ അക്കാലത്തു കണ്ടും കേട്ടും വളർന്ന ചില കഥാപ്രസംഗങ്ങളെ അനുസരിച്ച് ഒരു കഥ മെനഞ്ഞെടുത്ത് ചവറ തെക്കുംഭാഗത്തുണ്ടായിരുന്നു സുബ്രഹ്മണ്യക്ഷേത്രത്തിൽ ഒരു ഉത്സവനാളിൽ അവതരിപ്പിച്ചു. അവതരിപ്പിക്കുന്നതിന് തൊട്ട് മുമ്പ് നടത്തിയ ആമുഖ പ്രഭാഷണത്തിൽ നവയുവാവായ സാംബശിവൻ സദസ്സിനോട് പറഞ്ഞു. താൻ ഒരു കഥ പറയാൻ പോകുവയാണ്. അത് കേട്ടിട്ട് നല്ലതാണെന്ന് തോന്നിയാൽ ചെറിയ തുകകൾ തന്ന് എന്നെ സഹായിക്കുകയും തന്റെ കോളേജ് വിദ്യാഭ്യാസത്തെ സഹായിക്കുകയും ചെയ്യണം. അതിനുശേഷം സാംബശിവൻ കഥപറഞ്ഞു. അതിനെ അക്കാലത്ത് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എങ്കിലും സാംബശിവന്റെ കാഥികജീവിതത്തിന്റെ വിജയം കണക്കിലെടുക്കമ്പോൾ ഗണപതിക്കൈ മോസമായില്ല എന്നുതന്നെ പറയാം. കോളേജ് വിദ്യാഭ്യാസത്തിനുള്ള പണവും കാഥികൻ എന്ന നിലയിലുള്ള ഖ്യാതിയും സാംബശിവന് ലഭിച്ചു.

അത് കോളേജ് വിഭ്യാഭ്യാസകാലത്ത് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള ആവേശവും ആത്മവിശ്വാസവും സാംബശിവന് നൽകി. പുരോഗമന ആശയങ്ങൾ അടങ്ങുന്ന, ദൈവനിഷേധി പോലുമായ കഥകൾ ക്ഷേത്രപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും വായനാശാല വാർഷികാഘോഷങ്ങളിലും സാഹിത്യസായാഹ്നങ്ങളിലും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സാംബശിവൻ നേടിയെടുത്തു.

വിദേശികളും സ്വദേശികളുമായ കഥകൾ കഥാപ്രസംഗരൂപത്തിൽ ആവിഷ്‌കരിക്കുമ്പോഴും സാംബശിവൻ സ്വന്തം സർഗാത്മകരചനയെ അമർത്തിവെയ്ക്കാൻ ആഗ്രഹിച്ചില്ല. ചില വർഷങ്ങളിൽ ശരിയായ ഒരു കഥയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങൾക്കൊടുവിൽ സ്വന്തമായി കഥ രചിച്ച് അതിന്റെ കഥാപ്രസംഗാവിഷ്‌കരണം അദ്ദേഹം നടത്തിയിട്ടുള്ളതായി സാംബശിവന്റെ ഭാര്യ സുഭദ്ര രേഖപ്പെടുത്തിയിട്ടുണ്ട്. കുമാരാനാശന്റെ ഉൾപ്പെടെയുള്ള കവിതഖൽ കഥാപ്രസംഗത്തിന് അനുയോജ്യമായ രീതിയിൽ പാകപ്പെടുത്തുന്നതിനും, അതേ കവിതകളെ മറ്റ് കഥകളിൽ സന്ദർഭാനുസരണം കോർത്തിക്കാനും സാംബശിവന് കഴിഞ്ഞിരുന്നു. അതുപോലെ തന്നെയാണ് ഷേക്‌സ്പിയറുടെ മധ്യകാല ഇംഗ്ലീഷ് ഭാഷയെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ ഷേക്‌സ്പിയർ മലയാളത്തിലാണോ റോമിയോയും ജൂലിയറ്റും ഒഥല്ലോയുമൊക്കെ എഴുതിയതെന്ന് തോന്നിപ്പോകും. ഒരിക്കൽപ്പോലും വിശ്വസാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ നേരിട്ട് വായിച്ചിട്ടാതിരുന്ന മലയാളി ആസ്വാദകർക്ക് മുന്നിൽ ടോൾസ്‌റ്റോയിയേയും ഡസ്‌റ്റോവ്‌സ്‌കിയേയും കാരൂരിനേയും പൊറ്റക്കാടിനെയും അവതരിപ്പിക്കുന്നതുപോലെ പരിചിതമാക്കുകയും ചെയ്തു. സാംസ്‌കാരിക ബോധത്തിലുള്ള കഥകളെ അവതരിപ്പിച്ചിരുന്ന കാഥികരുടെ പഴയ രീതിയെ ഉപേക്ഷിച്ച് പുതിയൊരു സാംസ്‌കാരിക ബോധം സൃഷ്ടിക്കുക എന്നൊരു മഹാത്തായ കർത്തവ്യം കൂടി സാംബശിവൻ നിർവഹിച്ചു.

സാംബശിവന്റെ കഥാപ്രസംഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് കഥയിലുടനീളം അദ്ദേഹം ഉപയോഗിക്കുന്ന ഗാനങ്ങളും കവിതകളുമാണ്. അത് പാടി ഫലിപ്പിക്കാനുള്ള കഴിവും അതിലൂടെ കഥാപാത്രങ്ങളുടെ മൊത്തം സ്വഭാവത്തേയും തത്കാല സ്ഥിതി വിശേഷത്തെയും അവതിപ്പിക്കാനുള്ള അസാമാന്യമായ പാടവവുമുണ്ട്. ഒരു സിനിമാഗാനം പോലെ പാടി നടക്കാവുന്ന രീതിയിലാണ് കവിതകൾ സാംബശിവൻ തന്നെ എഴുതിയിരിക്കുന്നതും അതിനെ സംഗീതമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും. ഉദാഹരണമായി, സാംബശിവന്റെ രജതജൂബിലിക്കഥയായ വിലയ്ക്ക് വാങ്ങാം എന്ന കഥാപ്രസംഗത്തിന്റെ അവതരണ ഗാനം

വിലയ്ക്ക് വാങ്ങാം പ്രേമം
വിലയ്ക്കുവാങ്ങാം മാതാപിതാക്കളെ
വിലയ്ക്കു വാങ്ങാം കാമുകിയെ
നിയമം വിലയ്ക്കു വാങ്ങാം
നീതിപാലകനെ വാങ്ങാം
സ്വകാര്യസ്വത്തിൽ പർവ്വതമുകളിൽ
സ്വന്തം കൊടികളുയർത്താം
സ്വർഗം വിലയ്ക്ക് വാങ്ങാം
സ്വാർത്ഥത്തിൽ തേൻ നുകരാം
ജനകീയക്കൊടി പാറും മണ്ണിനെ വിലയ്ക്ക് വാങ്ങാം

സാംബശിവന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൂടി അതിലെ സ്വകാര്യസ്വത്തിന്റെ പരാമർശത്തിൽ വ്യക്തമാക്കുന്നു. അതുപോലെ തന്നെയാണ് പ്രണയാർദ്രമായ കവിതകൾ രചിക്കാനുള്ള സാംബശിവനുള്ള കഴിവ്.

കത്തുകൾ.. അനുരാഗത്തിന്റെ കത്തുകൾ
രാഗവിവശയാം മാനിനി തന്നുടെ മാനസമെന്നൊരു
സാഗരം പ്രേമസാഗരം
തീരങ്ങളെ വാരിവാരിപ്പുണരുന്ന സാഗരം പ്രേമസാഗരം
സാഗരത്തിന്നടിത്തട്ടിലെ പൊന്മണിമുത്തുകൾ
നിന്നുടെ കത്തുകൾ (വിലയ്ക്കു വാങ്ങാം)

കഥാപാത്ര നിർമ്മിതിയിലുള്ള സാംബശിവന്റെ ചാരുത കാണണമെങ്കിൽ ഇതാ

ഷർട്ടും പാന്റും വെള്ളനിറം

ഷൂസും തൂവെള്ള, കോട്ടിനുചുറ്റും മഞ്ഞനിറം
കോട്ടിൻ ബട്ടൻ ഹോളിൽ വിടർന്ന പനിനീർപ്പൂ
(വിലയ്ക്കു വാങ്ങാം)

സിവി രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങൾ അവരുടെ നാടിനും യോഗ്യതയ്ക്കും അനുസരിച്ചുള്ള ഭാഷാപ്രയോഗങ്ങൾ നടത്തുന്നതിനെ കൂലങ്കഷമായി എൻ കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. സാംബശിവന്റെ കാര്യത്തിൽ ഇത്തരമൊരു പഠനത്തിനുള്ള സാധ്യത കാണപ്പെടുന്നത് അദ്ദേഹം പലരുടെ ഭാഷ പല ശബ്ദങ്ങളിൽ പല ഈണങ്ങളിൽ ഉപയോഗിക്കുന്നതിലാണ്. നിമിഷങ്ങൾക്കുള്ളിലാണ് സാംബശിവന്റെ തൊണ്ടയിൽനിന്ന് വിവിധ കഥാപാത്രങ്ങളുടെ സ്വരഭേദങ്ങൾ പുറത്തുവരുന്നത്. സാംബശിവന്റെ കഥാപ്രസംഗങ്ങളുടെ റെക്കോർഡുകളിൽനിന്ന് ടോൺ സാംപ്ലീങ്ങ് (Tone sampling) നടത്തി വളരെ രസകരവും സങ്കീർണ്ണവുമായ ഒരു ആർക്കൈവ്‌സ് സൃഷ്ടിക്കാൻ കഴിയും. ഗ്രാമത്തേയും സംസ്‌കൃതമായ രീതികളെയും തമ്മിൽ കലർത്താൻ പരസ്പരം ചേർച്ചയില്ലാത്തവയെ ചേർത്തുവച്ച് വിഷമാലങ്കാരം സൃഷ്ടിക്കാൻ സാംബശിവനുള്ള വിരുത് സവിശേഷം തന്നെയാണ്. വീട്ടിൽനിന്ന് ഇറങ്ങാൻ പറയുന്ന ലക്ഷ്മിയേടത്തിയും ഇറങ്ങരുത് എന്നു പറയുന്ന സതിയ്ക്കും ഇടയിൽപ്പെട്ടുപോകുന്ന ദീപാങ്കുരനെ അടുത്തനിമിഷം സാംബശിവൻ ഉപമിക്കുന്നത് തർക്കത്തെങ്ങിൽ കയറുന്ന ഒരുവനോടാണ്. കൊച്ചുനാണുവെ.. നീ കേറി തേങ്ങ വെട്ടെടാ.. ഒരു ഉടമ പറയും. രണ്ട് കൊത കീറി, കൊച്ചു നാണുവെ.. നിന്റെ കാല് ഞാൻ വെട്ടി താഴെയിടും. മറ്റേ ഉടമ, രണ്ട് കൊത ഇറങ്ങി. രണ്ട് കഥാപാത്രങ്ങളായും സാംബശിവനായും ഈ രംഗത്തിൽ കാഥികൻ മാറുകയാണ്. ഒപ്പം ഒരു പ്രണയകലഹത്തിന്റെ ഗൗരവത്തിലേക്ക് ഗ്രാമ്യസന്ദർഭത്തിന്റെ ആനയിക്കലും നടക്കുന്നു.

സാംബശിവൻ എന്ന കാഥികൻ ജീവിച്ചിരിക്കവേ അദ്ദേഹത്തിന് ലഭിച്ച ജനപ്രിയത അദ്ദേഹത്തെ ഒരുസിനിമയിൽ നായകനാക്കാനുള്ള പ്രചോദനം ചിലർക്ക് നൽകി. പല്ലാങ്കുഴി എന്ന ചിത്രത്തിൽ ഒരു കാഥികനായിത്തന്നെ അഭിനയിക്കുന്ന സാംബശിവൻ ഒരു നടനെന്ന നിലയിൽ തീർത്തും പരാജയമാകുന്നത് നാം കാണുന്നു. സ്റ്റേജിൽ വിവിധ കഥാപാത്രമായി പകർന്നാടുന്ന സാംബശിവന് പക്ഷേ സിനിമയിലെ ഒരു കഥാപാത്രമായി മാറുന്നതിൽ പ്രശ്‌നങ്ങളുള്ളതായി നാം മനസിലാക്കുന്നു. കുമാരാനാശാനെക്കുറിച്ചെടുത്ത ഒരു ഡോക്യുമെന്ററിയിൽ കുമാരാനാശാനായി സാംബശിവൻ വേഷമിടുന്നുണ്ട്. കൂടുതൽ നിഴലായി നിൽക്കുന്ന സാംബശിവൻ കുമാരാനാശാൻ എന്ന സൂചനയായി മാത്രം നിലകൊള്ളുന്നതിനാൽ ഈ ഡോക്യുമെന്ററി അരോചകമാകുന്നില്ല.

മലയാള ദൃശ്യമാധ്യമ രംഗത്തിന് മികച്ച സംഭാവനകൾ നൽകുന്നത് കൂടാതെ രംഗത്തിന് വളരെ വ്യക്തമായി സ്വാധീനിക്കുക കൂടി സാംബശിവൻ ചെയ്തിട്ടുണ്ട്. സാംസ്‌കാരിക രംഗത്തെ ആ സ്വാധീനം ആദ്യം പ്രതിഫലിച്ചത് എ കെ രാജു എന്ന നടനിലാണ്. സ്‌റ്റേജിൽ കഥാപ്രസംഗം പറഞ്ഞുകൊണ്ട് പ്രവേശിക്കുന്ന രാജു ക്രമേണ അയാൾ പറയുന്ന നാടകകഥയിലെ കഥാപാത്രമാകുകയാണ്. കഥാപ്രസംഗത്തിന്റെ സ്വയം ജീർണ്ണതയായിരുന്ു കോമഡി കഥാപ്രസംഗങ്ങൾ. സാംബശിവന്റെ കഥാപ്രസംഗങ്ങളുടെ ചുവട് പിടിച്ചെത്തിയ വി ഡി രാജപ്പന് കുറെ വർഷങ്ങളോളം കോമഡി കഥാപ്രസംഗരംഗം കീഴടക്കി വാഴാനായി. കാസറ്റ് തരംഗം ഇതിനൊരു കാരണമായിരുന്നു. തൊട്ടുപിന്നാലെ സാംബശിവന്റെ സ്വാധീനം മിമിക്രിയിൽ എത്തി. സാംബശിവന്റെ അടഞ്ഞ തൊണ്ടയും മറ്റ് മാനറിസങ്ങളും മിമിക്രി കലാകാരന്മാർ ഏറ്റെടുത്തു. ദിലീപ് അത്തരത്തിൽ സാംബശിവനെ അനുകരിച്ച് സ്റ്റേജിലും തിരശ്ചീലയിലും കൈയടി നേടിയിട്ടുണ്ട്. കാഥികനായി വന്ന് പ്രതികാരം നിർവഹിക്കുന്ന നായകന്മാരുള്ള സിനിമകളും രണ്ട് കരക്കാർ തമ്മിലുള്ള തർക്കം കഥാപ്രസംഗങ്ങളിലൂടെ പരിഹരിക്കുന്ന തരത്തിലുള്ള സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട്. സാംബശിവനുശേഷം കുറെനാൾ കൂടി കഥാപ്രസംഗം സജീവമായി നിന്നെങ്കിലും ടെലിവിഷന്റെ വരവോടെ ഈ കലാരൂപം ക്രമേണ പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. സ്‌കൂൾ, കോളേജ് യുവജനോത്സവങ്ങളിലും ചില ടെലിവിഷൻ റിയാലിറ്റി ഷോകളിലും കഥാപ്രസംഗം ജീവിക്കുന്നുണ്ടെങ്കിലും സാംബശിവന്റെ പ്രതാപകാലത്തിന്റെ നിഴൽരൂപങ്ങൾപോലും അവയ്ക്കാകാൻ കഴിയുന്നില്ല. സാംബശിവന്റെ മകനായ വസന്ത് കുമാർ, തന്റെ പിതാവിന്റെ കഥകൾ അതേപടി അവതരിപ്പിക്കുമ്പോഴും അവ വേണ്ടത്ര ശോഭിക്കുന്നില്ല. കാരണം പകരം വയ്ക്കാൻ കഴിയാത്ത ഒരു പ്രതിഭയായിരുന്നു സാംബശിവൻ. അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം മാത്രമല്ല ഒരുസർവ്വകലാശാല ചെയറും ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതുപോലും കൂടുതലാകില്ല.