V for Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ച പിണറായി വിജയൻ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പി ജിംഷാര്‍ എഴുതുന്നു.

V for Vendettaയും കേരളത്തിലെ കമ്യൂണിസ്റ്റ് ഹത്യകളും

പി.ജിംഷാർ

' People should not fear their government, their government should fear the people'
V for Vendetta 

ലോകത്തിലെ ഏതൊരു ഭരണകൂടവും ഭയക്കുന്നൊരു മുദ്രാവാക്യമാണ് V for Vendetta എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം മുന്നോട്ട് വെക്കുന്നത്. വിപ്ലവകാലത്ത് ഈ മുദ്രാവാക്യത്തെ നെഞ്ചേറ്റിയവർ തന്നെ പ്രതിവിപ്ലവകാലത്ത് ഈ മുദ്രാവാക്യത്തിന് ഘടകവിരുദ്ധമായി പ്രവർത്തിക്കും എന്നതിന് ചരിത്രത്തിൽ തന്നെ നിറയെ ഉദാഹരണങ്ങളുണ്ട്. ഞങ്ങളുടെ പട്ടിണിക്കോളത്തിൽ പേര് ചേർത്തവർ മാത്രമാണ് അടിസ്ഥാന വർഗ്ഗമെന്ന ധാഷ്ട്യം ഗവൺമെന്‍റുകളെ ഭരിക്കുമ്പോൾ രാജ്യത്ത് വിവിധതട്ടിലുള്ള പൗരന്മാർ സൃഷ്ടിക്കപ്പെടും. ഞങ്ങൾ നടത്തുന്ന ഹിംസകളെല്ലാം നന്മയുടേയും വിപ്ലവത്തിന്‍റേയും പേരിൽ തങ്കലിപികളാൽ എഴുതപ്പെടുകയും, മറ്റുള്ളവരുടെ ഏതൊരു പ്രവർത്തനവും രാജ്യദ്രോഹവും സാമൂഹ്യതിന്മയുമായി എണ്ണപ്പെടുകയും ചെയ്യും. നാട്ടുഭാഷയിൽ പറഞ്ഞാൽ ; നമ്മളിട്ടാൽ ബർമുഡ, ഇങ്ങളിട്ടാൽ വള്ളിക്കളസം എന്ന ലൈൻ.


ഇടത് വേരോട്ടം ഏറെയുള്ള കയ്യൂരിന്‍റെയും കരിവള്ളൂരിന്‍റെയും പാരമ്പര്യം പേറുന്ന, കത്തുന്ന, പുകയുന്ന കൂത്തുപറമ്പിന് മുദ്രാവാക്യം വിളിച്ചിട്ടുള്ള, ഇരട്ടച്ചങ്കുള്ള പിണറായിയെ മുഖ്യമന്ത്രിയാക്കിയ കേരള ജനത എല്ലായ്‌പ്പോഴും വലതുപക്ഷ ഹിംസയെ പ്രശ്‌നവൽക്കരിച്ചിട്ടുണ്ട്. എന്നാൽ, അധികാരത്തിൽ ഇരുന്നുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി നടത്തി വന്ന ഹിംസകളെ നമ്മൾ ബോധപൂർവ്വം മറന്നുകളയുകയാണ് പതിവ്. കമ്യൂണിസ്റ്റുകാർ നടത്തുന്ന ഏതൊരു കൂട്ടക്കുരുതിയും രാഷ്ട്രീയകൊലപാതകവും പ്രതിവിപ്ലവത്തെ അടിച്ചമർത്താനും വിപ്ലവത്തിന്‍റെ കൊടിക്കൂറയെ ചുവപ്പിക്കാനുമാണെന്ന് നമ്മൾ ധരിച്ചുവെക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുകയാണ്.

ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സമാനതകളില്ലാത്ത ഹിംസയ്ക്ക് എപ്പോഴും കമ്യൂണിസ്റ്റ് ഗവൺമെന്‍റ് ചുക്കാൻ പിടിച്ചിട്ടുണ്ടെന്ന സത്യത്തെ വിചാരണ ചെയ്യുക എന്നത് കേവലമായ ഇടതുവിരോധമായ ചാപ്പകുത്താനുള്ള സാധ്യത എല്ലായ്‌പ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിന്റെ പുകമറയിലാണ് വിമോചനകാലത്തെ അങ്കമാലി വെടിവെപ്പ് മുതൽ അച്ചുതാനന്ദൻ ഗവൺമെന്‍റിന്‍റെ കാലത്തെ ബീമാപ്പള്ളി വെടിവെപ്പ് വരെ കേരളത്തിൽ അരങ്ങേറിയത്.

വിപ്ലവത്തെ അട്ടിമറിക്കാൻ അമേരിക്കയുടെ അച്ചാരം വാങ്ങിയ നസ്രാണികളേയും ബീമാപ്പള്ളിയിലെ കാക്കാമാരേയും വെടിവെച്ചു കൊന്നാൽ സമത്വസുന്ദരമായ വിപ്ലവം വരും എന്ന ചിന്തയെ കാലാകാലങ്ങളായി കമ്യൂണിസ്റ്റ് പാർട്ടി വെച്ചുപുലർത്തുന്നുണ്ടോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദളിത്/ മുസ്ലീം വിഭാഗങ്ങളുടെ പോരാട്ടങ്ങളുടേയും സംസ്‌ക്കാരത്തിന്‍റേയും മുഴുവൻ കർതൃത്വത്തവും പോരാട്ടവും തങ്ങളുടെ കേറോഫിൽ ലഭ്യമായ ഔദാര്യമാണെന്ന കമ്യൂണിസ്റ്റ് തിയറിയുടെ ജുഗുപ്‌സ നമ്മുടെ പൊതുബോധത്തിൽ വല്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. ഈ അടുത്തിടയ്ക്ക് തലശ്ശേരിയിൽ ദളിത് യുവതികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് തികച്ചും നിരുത്തരവാദപരമായ പരാമർശം നടത്തിയ മുഖ്യമന്ത്രി തന്‍റെ പൂർവ്വികരായ കമ്യൂണിസ്റ്റ് ഭരണാധികാരികളിൽ നിന്നും ഒട്ടും ഭിന്നനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

ചെങ്ങറ ഭൂസമരം നടത്തുന്നവരെ മോഷ്ടാക്കളെന്ന് വിളിച്ച അച്ചുതാനന്ദന്‍റെ സർക്കാരാണ് ഏഴ് കൊല്ലം കൊല്ലം മുൻപ് ഒരു മേയ് 17ന്, ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്‍റെ പിറ്റേന്ന് ആറു മുസ്ലിങ്ങളെ വെടിവെച്ച് കൊന്നത്. ആറ് പേരുടെ കൊലപാതകത്തിനും 47 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ബീമാപ്പള്ളി വെടിവെപ്പ് കമ്യൂണിസ്റ്റ് സർക്കാരിന്‍റെ ഹിംസയായോ വംശഹത്യയായോ കണക്കാക്കാൻ നമ്മളിനിയും തയ്യാറായിട്ടില്ല.

പിണറായിയ്ക്കും അച്ചുതാനന്ദനും മുമ്പ്, വിമോചന സമരത്തിനും അടിയന്തരാവസ്ഥയ്ക്കും ശേഷം കൃത്യമായി പറഞ്ഞാൽ 1980 ജൂലൈ 30ന് നായനാർ സർക്കാർ മൂന്ന് ചെറുപ്പക്കാരെ വെടിവെച്ച് കൊന്ന ചരിത്രവും ഇതുപോലെ വിസ്മൃതിയിൽ ആണ്ടുപോയിട്ടുണ്ട്. ഉറുദു, സംസ്‌കൃതം, അറബി എന്നീ ഭാഷകളുടെ സംരക്ഷണത്തിനായി സമരം നടത്തിയ ചെറുപ്പക്കാരെ പെരുന്തൽമണ്ണ ഡി.വൈ.എസ്.പി. വാസുദേവ മേനോന്‍റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നിട്ടുണ്ട്. ശുദ്ധരിൽ ശുദ്ധനായ ഇ.കെ.നായനാരായിരുന്നു അന്നത്തെ കേരള മുഖ്യമന്ത്രി. ഭാഷകളുടെ നിലനിൽപ്പിനായി കമ്യൂണിസ്റ്റ് സർക്കാരിന്‍റെ കരിനിയമത്തിനെതിരെ മുസ്ലീംലീഗ് സമരത്തിനിറങ്ങിയതും കുഞ്ഞിപ്പ, മജീദ്, അബ്ദുറഹ്മാൻ എന്നീ മൂന്ന് യുവാക്കളെ പ്രകോപനമൊന്നും കൂടാതെ വെടിവെച്ചു കൊന്നു എന്നതും ചരിത്രത്തിൽ നിന്ന് എത്ര സമർത്ഥമായാണ് തുടച്ചു നീക്കപ്പെട്ടത്.

കൂത്തുപറമ്പ് രക്തസാക്ഷികളെ പോലെ എന്തുകൊണ്ടാണ് കുഞ്ഞിപ്പയ്ക്കും മജീദിനും അബ്ദുറഹ്മിമാനും ബീമാപ്പള്ളിയിൽ വെടിയേറ്റവർക്കും സ്മാരകങ്ങൾ ഉയരാത്തത്? എന്തുകൊണ്ടാണ് കേരളത്തിന്‍റെ പൊതുബോധം അവരെ രക്തസാക്ഷികളായി കണക്കാക്കാത്തത്? രക്തസാക്ഷിത്വം എന്ന കുത്തക കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രം ബൗദ്ധിക സ്വത്താണോ?

ജയകൃഷ്ണൻ മാസ്റ്റർ, ടി.പി.ചന്ദ്രശേഖരൻ എന്നിങ്ങനെ നിരവധി പേരെ കമ്യൂണിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് ഗവൺമെന്‍റും കൊന്നുകളയുമ്പോൾ തങ്ങളുടെ കോളത്തിലെ രക്തസാക്ഷികളുടെ എണ്ണം കാട്ടിയാണ് പാർട്ടി പലപ്പോഴും പ്രതിരോധിക്കാറുള്ളത്. കൊല്ലപ്പെട്ടത് ഏറെയും ഞങ്ങളുടെ ആൾക്കാരാണ്, ഞങ്ങളുടെ ആളുകൾ കൊല്ലപ്പെടുമ്പോൾ നിങ്ങൾ നിശബ്ദരാകുകയും ഞങ്ങൾ കൊല്ലുമ്പോൾ നിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കുപ്പായമണിയുകയും ചെയ്യുകയാണ് എന്ന വാദവും കൊണ്ടാണ് ശരാശരി പാർട്ടിക്കാരൻ പാർട്ടി കൊലപാതകങ്ങളെ ന്യായീകരിക്കാനെത്തുന്നത്. ഇത്തരമൊരു ന്യായീകരണ തൊഴിലാളിയുടെ വേഷമിട്ട പാർട്ടി സെക്രട്ടറിയായ മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയനെന്ന് പറയേണ്ടി വരും! പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ച പിണറായി വിജയൻ, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

കമ്യൂണിസ്റ്റുകാരനെ കൊല ചെയ്തതിന്‍റെ സ്വാഭാവിക പ്രതികരണമായും പകരം വീട്ടലായും പയ്യന്നൂർ കൊലപാതകത്തെ ന്യായീകരിച്ച മുഖ്യമന്ത്രി സി.വി.ധനരാജിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ബി.ജെ.പി.പ്രവർത്തകനായ രാമചന്ദ്രന്‍റെ കൊലപാതകം എന്ന് പറയുന്നത് വഴി കുറ്റകരമായ ഗൂഢാലോചനയിൽ പങ്കാളിയായിരിക്കുകയാണ്. പ്രതികാര നടപടിയായി ആസൂത്രണം ചെയ്ത കൊലപാതകത്തിൽ ഒരു സ്‌റ്റേറ്റിലെ ഭരണത്തലവന് പങ്കുണ്ടെന്ന് അയാൾ തന്നെ സമ്മതിക്കുന്നു. ഈയൊരു ഏറ്റുപറച്ചിൽ വഴി ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യത പിണറായി വിജയന് ഇല്ല എന്ന് ഉറക്കെ പറയാൻ ജനങ്ങൾ തയ്യാറാവേണ്ടതുണ്ട്.

നമ്മുടെ മുഖ്യമന്ത്രിയ്ക്ക് സമാനമായി പ്രതികാര കൊലയെ പണ്ട് ഗുജറാത്തിലെ മുഖ്യമന്ത്രിയും ന്യായീകരിച്ചിരുന്നു. ഗോദ്രാ തീവണ്ടി ആക്രമണത്തിന്‍റെ പ്രതികാരമായി ഒരു വംശഹത്യയ്ക്ക് കളമൊരുക്കിയ മുഖ്യമന്ത്രിയുടെ തണലിൽ ആയിരങ്ങൾ അന്ന് കൊല്ലപ്പെട്ടിരുന്നു.

ആയിരംപേരായാലും ഒരാളായാലും കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിയും ജനാധിപത്യത്തിന് ഭൂഷണമല്ല. വിപ്ലവകാലത്തായാലും പ്രതിവിപ്ലവകാലത്തായാലും വിയോജിപ്പുകളെ കൊന്നുകളയുന്നത് ശരിയല്ല. അധികാരത്തിന്‍റെ കൂടംകൊണ്ട് ജനങ്ങളുടെ തലക്കടിച്ചുകൊല്ലുന്ന ഭരണകൂടങ്ങൾ ഇടതായാലും വലതായാലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

' People should not fear their government, their government should fear the people'
-V for Vendetta - എന്ന സിനിമാറ്റിക് യുക്തിയെങ്കിലും ഭരണകൂടത്തിനെതിരെ പ്രയോഗിക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ട്. എല്ലാം ശരിയാക്കുന്ന സമത്വസുന്ദരമായ കമ്യൂണിസ്റ്റ് ഭരണത്തിനെ കുറിച്ചുള്ള ഉട്യോപ്യൻ സ്വപ്‌നത്തെക്കുറിച്ച് ; 'നിങ്ങൾക്ക് പൂക്കളെ നുള്ളിയെറിയാം. എന്നാൽ, വസന്തത്തിന്‍റെ വരവിനെ തടയാൻ കഴിയില്ല' എന്ന് വിപ്ലവകവി നെരൂദ പാടിയിട്ടുണ്ട്. എന്നാൽ, പിണറായി വിജയന്‍റെ കമ്യൂണിസ്റ്റ് ശരിയാക്കലിനെ കുറിച്ച് പരാമർശിക്കാൻ ഞാനിപ്പോൾ ലൂയീസ് പീറ്ററിന്റെ വരികൾ കടമെടുക്കുന്നു; 'വസന്തം ഇങ്ങനെയാണെങ്കിൽ, ഞാൻ പൂക്കളോട് പോലും കലഹിച്ചു പോകും.'