ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞു, ലൈറ്റ്നിങ് ബോള്‍ട്ട് റിയോയില്‍

ഉത്തേജക വിവാദവും റഷ്യന്‍ വിലക്കും ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള മുന്‍നിര അത്ലറ്റുകളുടെ പരിക്കും കൊണ്ട് നിറംമങ്ങിപ്പോകുമോയെന്ന ആശങ്കയിലായിരുന്നു റിയോ ഡി ജനീറോയിലെ ഒളിമ്പിക് ഗ്രാമം. റഷ്യന്‍ വിലക്ക് നീങ്ങാത്തതിനാല്‍ പോള്‍ വാള്‍ട്ടിലെ പെണ്‍ ഇതിഹാസം ഇസിന്‍ ബയേവയ്ക്കും 110 മീറ്റര്‍ ഹര്‍ഡില്‍സിലെ ലോക ചാമ്പ്യനായ സെര്‍ജി ഷുബെങ്കോവിനും ഹൈജമ്പ് ലോക ചാമ്പ്യന്‍ മരിയ കുച്ചിനയ്ക്കും ഒളിമ്പിക്സില്‍ പങ്കെടുക്കാനാകില്ല.

ആശങ്കയുടെ കാര്‍മേഘം ഒഴിഞ്ഞു, ലൈറ്റ്നിങ് ബോള്‍ട്ട് റിയോയില്‍

നിരഞ്ജന്‍
കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, അതിശക്തിയായി ലോകം കീഴടക്കാനെത്തുന്നവരുടെ ഒരു കൂട്ടമാണ് എന്നും ഒളിമ്പിക്സ് വേദിയിലെത്തുക. മെഡല്‍ നേടുക എന്നതിനേക്കാളേറെ പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് പറയുമ്പോഴും ലോക കായിക മാമാങ്കത്തില്‍ മെഡലണിഞ്ഞ് പോഡിയത്തില്‍ കയറി ശിരസുയര്‍ത്തി സ്വന്തം രാഷ്ട്രപതാക വീശി നില്‍ക്കാന്‍ കൊതിക്കാത്തവര്‍ ആരുമുണ്ടാകില്ല. റിയോയിലേക്ക് 200 രാജ്യങ്ങളില്‍ നിന്നായി എത്തുന്ന പതിനായിരത്തിലേറെ കായികതാരങ്ങളുടെ മനസില്‍ സ്വയം ആഗ്രഹിക്കുന്ന ചിത്രവും മറ്റൊന്നാകില്ല. ഈ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും കഥകള്‍ തന്നെയാകും ഓരോ നാലു വര്‍ഷം കൂടുമ്പോഴുമുള്ള കായിക മാമാങ്കത്തില്‍ മെഡലണിയുന്ന ഓരോ താരത്തിനും പറയാനുണ്ടാകുക. ഒളിമ്പിക് വേദികളില്‍ ഭേദിക്കപ്പെടുന്ന റെക്കോഡുകള്‍ക്ക് പിന്നിലും ഈ ആഗ്രഹസാഫല്യത്തിന്റെ കഥയുണ്ടാകും.


ഉത്തേജക വിവാദവും റഷ്യന്‍ വിലക്കും ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള മുന്‍നിര അത്ലറ്റുകളുടെ പരിക്കും കൊണ്ട് നിറംമങ്ങിപ്പോകുമോയെന്ന ആശങ്കയിലായിരുന്നു റിയോ ഡി ജനീറോയിലെ ഒളിമ്പിക് ഗ്രാമം. റഷ്യന്‍ വിലക്ക് നീങ്ങാത്തതിനാല്‍ പോള്‍ വാള്‍ട്ടിലെ പെണ്‍ ഇതിഹാസം ഇസിന്‍ ബയേവയ്ക്കും 110 മീറ്റര്‍ ഹര്‍ഡില്‍സിലെ ലോക ചാമ്പ്യനായ സെര്‍ജി ഷുബെങ്കോവിനും ഹൈജമ്പ് ലോക ചാമ്പ്യന്‍ മരിയ കുച്ചിനയ്ക്കും ഒളിമ്പിക്സില്‍ പങ്കെടുക്കാനാകില്ല. ഇതിനിടെയാണ് ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന സ്വപ്നവുമായി നടക്കുന്ന ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേശിവലിവ് കായിക ലോകത്തിന് ആശങ്ക സമ്മാനിച്ചത്. ഒളിമ്പിക് ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ ആശങ്ക വര്‍ദ്ധിച്ചെങ്കിലും കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതിന് റിയോ രാജ്യാന്തര വിമാനത്താവളത്തില്‍ ലണ്ടനില്‍ നിന്നും പറന്നിറങ്ങിയ ട്രാന്‍സ് അറ്റ്ലാന്റിക് വിമാനം ആശങ്കകള്‍ക്ക് വിരാമമിട്ടു. സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ ഹാജര്‍..!

ആശങ്കയുടെ മൈതാനത്ത് നിന്നും


ഒളിമ്പിക്സ് നഷ്ടമാകുമെന്ന ആശങ്കകള്‍ക്കിടയില്‍ നിന്നുമാണ് ഉസൈന്‍ ബോള്‍ട്ട് എന്ന 29 കാരന്റെ വരവ്. കാലിലെ പേശിവലിവ് മൂലം ബോള്‍ട്ടിന് ഒളിമ്പിക് ട്രയല്‍സില്‍ പങ്കെടുക്കാനാകാതെ വന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാല്‍ ലണ്ടനില്‍ നടന്ന ആനിവേഴ്സറി മീറ്റില്‍ 200 മീറ്ററില്‍ സ്വര്‍ണ്ണമണിഞ്ഞ് ബോള്‍ട്ട് മിന്നല്‍പ്പിണറായി. പിന്നീട് ലണ്ടനില്‍ നിന്നും നേരെ റിയോയിലേക്ക്.

2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4 ഃ 100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ ട്രിപ്പിള്‍ നേടിയ ബോള്‍ട്ട് റിയോ ഡി ജനീറോയിലും എത്തുന്നത് ഈ മൂന്നിനങ്ങളിലും ട്രിപ്പിള്‍ സ്വര്‍ണ്ണം നേടുകയെന്ന ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന പ്രതീക്ഷയുമായാണ്. റിയോ ഒളിമ്പിക്സിന് ശേഷം വിരമിക്കല്‍ തീരുമാനവും ലോകത്തെ ഏറ്റവും വേഗമേറിയ ജമൈക്കന്‍ അത്ലറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വപ്നനേട്ടം കൈയെത്തിപ്പിടിച്ച ശേഷം കായികലോകത്ത് നിന്നും വിട പറയുക തന്നെയാകും താരത്തിന്റെ ലക്ഷ്യം.

2009ല്‍ ബര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നൂറു മീറ്ററില്‍ 9.58 സെക്കന്‍ഡ് എന്ന് ബോള്‍ട്ട് കുറിച്ച സമയമാണ് നിലവിലെ ലോക റെക്കോഡ്. 200 മീറ്ററിലെ ലോക റെക്കോഡും ഉസൈന്‍ ബോള്‍ട്ടിന്റെ കാലുകളില്‍ നിന്നും തന്നെ. 2009  ബര്‍ലിനില്‍ തന്നെ കുറിച്ച 19.19 എന്ന മാജിക് സമയമാണ് 200 മീറ്ററിലെ ബോള്‍ട്ടിന്റെ ഏറ്റവും മികച്ച സമയം. സ്പ്രിന്റില്‍ ആറ് ഒളിമ്പിക് സ്വര്‍ണ്ണമെഡലുകളും 11 ലോക ചാമ്പ്യന്‍ കിരീടങ്ങളും നേടുന്ന ആദ്യ കായിക താരമാണ് ബോള്‍ട്ട്. തുടര്‍ച്ചയായ ഒളിമ്പിക്സുകളില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ താരവും ലൈറ്റ്നിംഗ് ബോള്‍ട്ട് എന്നറിയപ്പെടുന്ന ഈ ജമൈക്കന്‍ താരം തന്നെ.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേട്ടയാടുന്ന പരിക്ക് ജമൈക്കന്‍ താരത്തിന്റെ സുവര്‍ണ്ണ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ബോള്‍ട്ടിന്റെ പ്രധാന എതിരാളിയായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റിന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഫോമിലുമാണ്. 2014ലും 2015ലും ലോകത്തെ ഏറ്റവും മികച്ച സമയം കുറിക്കാനായത് ജസ്റ്റിന്‍ ഗാറ്റിനാണ്, യഥാക്രമം 9.77, 9.74 സെക്കന്‍ഡ്. നൂറു മീറ്ററില്‍ റിയോയില്‍ ബോള്‍ട്ടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും ഈ യു.എസ് താരം തന്നെ. ലോകത്തിലെ ഏറ്റവും വേഗമേറിയവര്‍ താന്‍ തന്നെയെന്ന് തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാകും ബോള്‍ട്ട് ഒളിമ്പിക്സിനെത്തുന്നത്. എന്നാല്‍ ആ അശ്വമേധത്തിന് തടയിടുകയാകും ഗാറ്റിന്റെ സ്വപ്നം. എന്തായാലും ബ്രസീലിലെ ട്രാക്കില്‍ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നുറപ്പ്.

ബോള്‍ട്ട് പങ്കെടുക്കുന്ന 4* 100 മീറ്റര്‍ റിലേയില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പുരുഷ ടീം ട്രാക്കിലിറങ്ങുന്നുണ്ട്. ബോള്‍ട്ട് സ്വര്‍ണ്ണപ്രതീക്ഷയുമായി ഇറങ്ങുന്ന 200 മീറ്ററിലും 36 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ടെന്നത് ഇന്ത്യന്‍ അത്ലറ്റിക്സിന്റെ മികവാണെന്ന് പറയാം. പുരുഷന്‍മാരുടെ 200 മീറ്ററില്‍ ധരംബീര്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വനിതകളുടെ നൂറു മീറ്ററില്‍ ദ്യുതി ചന്ദും പങ്കെടുക്കുന്നു. 800 മീറ്ററില്‍ 32 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യക്കാരന്‍ ട്രാക്കില്‍ ഇറങ്ങുന്നതും അത്ലറ്റിക്സ് രംഗത്തെ ഉണര്‍വായി കരുതാം. ജിണ്‍സനാണ് 800 മീറ്ററില്‍ ഓടുക.

122 അംഗങ്ങളുള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തില്‍ 37 അത്ലറ്റുകളുണ്ട്. ഇവരില്‍ ഒമ്പതുപേര്‍ മലയാളികളുമാണ്. വനിതാ വിഭാഗത്തില്‍ മലയാളികളായ ടിന്റു ലൂക്ക (800 മീറ്റര്‍), ഒ.പി. ജെയ്ഷ (മാരത്തണ്‍) എന്നിവര്‍ വ്യക്തിഗത ഇനത്തിലും ജിസ്ന മാത്യു, അനില്‍ഡ തോമസ് എന്നിവര്‍ 4 * 100 മീറ്റര്‍ റിലേ ടീമിലും ഇടം നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസ് (400 മീറ്റര്‍), ജിണ്‍സന്‍ ജോണ്‍സന്‍ (800 മീറ്റര്‍), രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), ടി. ഗോപി (മാരത്തണ്‍) എന്നിവര്‍ വ്യക്തിഗതയിനത്തിലും കുഞ്ഞുമുഹമ്മദ് റിലേ ടീമിലും ഇടം നേടിയ മലയാളികളാണ്.

Read More >>