വീരേന്ദ്രകുമാർ ഭൂമി കൈയേറിയെന്ന വാദം വസ്തുതാവിരുദ്ധമെന്ന് പിണറായിയുടെ വിജിലൻസ്; ഐസ്ക്രീം കേസിനു സമാനമായ യൂടേൺ കൃഷ്ണഗിരി എസ്റ്റേറ്റ് കേസിലും; കോടിയേരിക്കു മറുപടിയുണ്ടോ?

സത്യവാങ്മൂലം നൽകിയത് ഇക്കഴിഞ്ഞ ജൂലൈ ഒന്നിന്; ഒന്നുകിൽ ഇത്രയും കാലത്തെ സമരത്തിന് സിപിഐഎം മാപ്പുപറയണം; അല്ലെങ്കിൽ കോടതിയിൽ കള്ളം പറഞ്ഞ വിജിലൻസുകാർക്കെതിരെ നടപടിയെടുക്കണം; ഇരട്ടച്ചങ്കുള്ളവർക്കും ചുവപ്പു കാർഡ് പോക്കലിട്ടു നടക്കുന്നവർക്കും നട്ടെല്ലുണ്ടോ?

വീരേന്ദ്രകുമാർ ഭൂമി കൈയേറിയെന്ന വാദം വസ്തുതാവിരുദ്ധമെന്ന് പിണറായിയുടെ വിജിലൻസ്; ഐസ്ക്രീം കേസിനു സമാനമായ യൂടേൺ കൃഷ്ണഗിരി എസ്റ്റേറ്റ് കേസിലും; കോടിയേരിക്കു മറുപടിയുണ്ടോ?

"ഏതു കുമാരന്‍മാരായാലും കൈയേറ്റം അനുവദിക്കില്ല. ആദിവാസികളല്ല, വന്‍കിട ഭൂപ്രമാണികളാണു വയനാട്ടിലെ കൈയേറ്റക്കാര്‍. കോടതി ആവശ്യപ്പെട്ടിട്ടും ഭൂമി വിട്ടു കൊടുക്കാന്‍ ഇവര്‍ തയാറായിട്ടില്ല". പിണറായി വിജയൻ 2010 ഫെബ്രുവരി 27 ശനിയാഴ്ച കൽപറ്റയിൽ പറഞ്ഞ വാചകങ്ങളാണിവ. വയനാട്ടിൽ വീരേന്ദ്രകുമാറും മകനും സർക്കാർ ഭൂമി കൈയേറി എന്ന വാദത്തിൽ നിന്ന് ഇതേവരെ സിപിഐഎമ്മോ പിണറായി വിജയനോ പിന്നോട്ടു പോയിട്ടില്ല. സി കെ ശശീന്ദ്രനോ കൃഷ്ണപ്രസാദിനോ ആദിവാസി ക്ഷേമസമിതിയ്ക്കോ മറിച്ചൊരു അഭിപ്രായമില്ല.


എന്നിട്ടാണ് എം വി ശ്രേയാംസ് കുമാറിനെതിരെയുളള ആരോപണങ്ങൾ വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് പിണറായി വിജയന്റെ വിജിലൻസ് തലശേരി സ്പെഷ്യൽ കോടതി മുമ്പാകെ സത്യവാങ്മൂലം സമർപ്പിച്ചത്.

എം പി വീരേന്ദ്രകുമാറും സഹോദരൻ എം പി ചന്ദ്രനാഥും ഭൂമി കൈയേറിയെന്ന് ആരോപിച്ച് മുൻ വയനാട് എംഎൽഎ പി കൃഷ്ണപ്രസാദും മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്റർ പി രാജനുമാണ് പരാതി നൽകിയത്. ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചെന്നും എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്നുമാണ് വിജിലൻസ് കോടതിയെ ബോധിപ്പിച്ചത്. ഈ സത്യവാങ്മൂലം തള്ളിക്കളഞ്ഞ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

[caption id="attachment_29889" align="aligncenter" width="640"]വീരേന്ദ്രകുമാറിന്റെ ഭൂമി സംബന്ധിച്ച് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് വീരേന്ദ്രകുമാറിന്റെ ഭൂമി സംബന്ധിച്ച് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്[/caption]

പിണറായി വിജയൻ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴാണ് ഇങ്ങനെയൊരു സത്യവാങ്മൂലം കോടതിയിലെത്തിയത്. വയനാട് ഭൂമി പ്രശ്നത്തിൽ സിപിഎം പിന്നാക്കം പോകുന്നുവെന്ന അഭ്യൂഹം ഇതോടെ ശക്തമാകുന്നു.

[caption id="attachment_29884" align="alignleft" width="328"]നിയമസഭയിൽ പി ടി തോമസിന് ഉമ്മൻ ചാണ്ടി നൽകിയ മറുപടി നിയമസഭയിൽ പി ടി തോമസിന് ഉമ്മൻ ചാണ്ടി നൽകിയ മറുപടി[/caption]

വീരേന്ദ്രകുമാറിന്റെയും ശ്രേയാംസ് കുമാറിന്റെയും കൈവശമുള്ളത് കൈയേറ്റ ഭൂമിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞ വിവരം 2005ൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിപോലും കേരള നിയമസഭയിൽ സമ്മതിച്ചിട്ടുള്ളതാണ്. പി ടി തോമസിന്റെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീരേന്ദ്രകുമാറും മകനും ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് വയനാട് പോലീസ് സൂപ്രണ്ട് അന്വേഷിച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച ഒരു രേഖയും ഇരുവരും ഹാജരാക്കിയില്ലെന്നും ഉമ്മൻചാണ്ടിയുടെ മറുപടിയിലുണ്ട്.

ഭൂമി കൈയേറ്റത്തെക്കുറിച്ചും മറിച്ചുവിൽപനയെക്കുറിച്ചും 1988ൽ വയനാട് സബ് കളക്ടറായിരിക്കെ ഇന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യൻ നൽകിയ റിപ്പോർട്ടും സർക്കാരിന്റെ പക്കലുണ്ട്. കൂടാതെ വയനാട്ടിലെ കൃഷ്ണഗിരിയിലുളള ഭൂമി തിരിച്ചുനൽകണമെന്ന് കേരള ഹൈക്കോടതി 2011 ജൂണിൽ ശ്രേയാംസ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ തിരിച്ചുനൽകിയില്ലെങ്കിൽ സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ജസ്റ്റിസ് സിരിജഗന്റെ ഉത്തരവിലുണ്ടായിരുന്നു.

[caption id="attachment_29888" align="aligncenter" width="640"]സബ് കളക്റ്ററായിരിക്കെ മാരപാണ്ഡ്യൻ സമർപ്പിച്ച റിപ്പോർട്ട് സബ് കളക്റ്ററായിരിക്കെ മാരപാണ്ഡ്യൻ സമർപ്പിച്ച റിപ്പോർട്ട്[/caption]

ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചാണ് വിജിലൻസിന്റെ സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്. The Crime Branch sleuths had conducted elaborate and meticulous investigation in the matter and had come to the conclusion that the accused had not violated any provisions of law as alleged in the petition എന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശം.

റവന്യൂ അധികാരികളുടെ ഇതേവരെയുളള കണ്ടെത്തലുകളും 2002ലെ വയനാട് പോലീസ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ടും വീരേന്ദ്രകുമാറിനും ശ്രേയാംസ് കുമാറിനുമെതിരെ നിലനിൽക്കെയാണ് "വിശദവും അതീവസൂക്ഷ്മവുമായ" അന്വേഷണം നടത്തി ഈ റിപ്പോർട്ട് തട്ടിക്കൂട്ടിയത്. ഉന്നതങ്ങളിൽ നിന്നുളള പ്രേരണയോ ഇടപെടലോ ഇല്ലാതെ ഡിവൈഎസ്‌പി നിലവാരത്തിലുളള ഉദ്യോഗസ്ഥർ ഇങ്ങനെയൊരു റിപ്പോർട്ടുണ്ടാക്കി കോടതിയ്ക്കു നൽകുകയില്ല.

ഒന്നുകിൽ, പിണറായി വിജയനും സിപിഎമ്മിനും പുല്ലുവിലപോലും കൽപ്പിക്കാൻ തയ്യാറല്ലാത്തവരാണ് കോഴിക്കോട്ടെ വിജിലൻസ് ഓഫീസിലുളളത്. അല്ലെങ്കിൽ വീരേന്ദ്രകുമാറിനും ശ്രേയാംസിനുമെതിരെയുളള ആരോപണത്തിൽ നിന്ന് സിപിഎം പിന്മാറുന്നു. ഇതിലേതാണ് സത്യമെന്ന് സിപിഎം തന്നെ വിശദീകരിക്കണം.

കോടതിയുടെ ഉത്തരവു പ്രകാരം അന്വേഷണച്ചുമതല വീണ്ടും ഇതേ വിജിലൻസ് ഉദ്യോഗസ്ഥരിൽത്തന്നെയാണ് എത്തുന്നത്. സിപിഎം അധികാരത്തിലിരിക്കുമ്പോൾ, അവരുന്നയിച്ച രാഷ്ട്രീയ പ്രശ്നത്തെ സാധൂകരിക്കുന്ന അസംഖ്യം റിപ്പോർട്ടുകൾ അവഗണിച്ച് കോടതിയിലെത്താൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥർക്ക് ഇനിയാരെയാണ് പേടിക്കാനുള്ളത്?

Read More >>