മൈക്രോഫിനാൻസ് തട്ടിപ്പ്: അന്വേഷണം പൂർത്തിയാക്കുന്നതിന് രണ്ടാഴ്ച്ച കൂടി സമയം അനുവദിച്ചു

പ്രാഥമിക അന്വേഷണം പൂർത്തിയാക്കുന്നതിന് ഇരുപത് ദിവസത്തെ സമയം കൂടി വേണമെന്ന് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കോടതി രണ്ടാഴ്ച കൂടെ സമയം അനുവദിച്ചത്. അന്വേഷണം തുടങ്ങിയിട്ട് ഏഴു മാസമായെന്നും ഇതിനിടക്ക്‌ രണ്ട് പ്രാവശ്യം സമയം നീട്ടി നല്‍കിയെന്നുമുള്ള കാര്യവും കോടതി വിജിലന്‍സിനെ ഓര്‍മ്മിപ്പിച്ചു

മൈക്രോഫിനാൻസ് തട്ടിപ്പ്: അന്വേഷണം പൂർത്തിയാക്കുന്നതിന് രണ്ടാഴ്ച്ച കൂടി സമയം  അനുവദിച്ചു

തിരുവനന്തപുരം: എസ്.എൻ.ഡി.പിക്കു കീഴിലുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസിന് രണ്ടാഴ്ചത്തെ സമയം  അനുവദിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കുന്നതിന് ഇരുപത് ദിവസത്തെ സമയം കൂടി വേണമെന്ന് വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കോടതി രണ്ടാഴ്ച കൂടെ സമയം അനുവദിച്ചത്. അന്വേഷണം തുടങ്ങിയിട്ട് ഏഴു മാസമായെന്നും  ഇതിനിടക്ക്‌ രണ്ട് പ്രാവശ്യം സമയം നീട്ടി  നല്‍കിയെന്നുമുള്ള കാര്യവും കോടതി വിജിലന്‍സിനെ ഓര്‍മ്മിപ്പിച്ചു. കേസിൽ 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും നിരവധി രേഖകൾ പരിശോധിച്ചതായും വിജിലൻസ്, കോടതിയെ അറിയിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യുന്ന കാര്യം വിജിലൻസിന് തന്നെ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.


അതേസമയം മൈക്രോ ഫിനാൻസ് ഇടപാടിന്‍റെ പേരിൽ എസ്എന്‍ഡിപി യോഗ നേതൃത്വത്തിനോ ജനറൽ സെക്രട്ടറിക്കോ എതിരെ കേസെടുക്കാനാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.  മൈക്രോ ഫിനാന്‍സിന്‍റെ പണം യോഗം നേതൃത്വത്തിന്‍റെ കയ്യിലേക്ക് വരുന്നില്ലെന്നും കയ്യിലെത്താത്ത പണത്തില്‍ എങ്ങനെ  ക്രമക്കേട് നടത്താനാവുമെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് ആയിരിക്കെ വി.എസ്.അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. തുടർന്ന് വെള്ളാപ്പള്ളിക്കെതിരെ പ്രാഥമികാന്വേഷണം നടത്താനും തെളിവു ലഭിച്ചാൽ കേസ് രജിസ്‌റ്റർ ചെയ്യാനുമാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മൈക്രോഫിനാൻസ് സംസ്ഥാന കോ-ഓർ‌‌ഡിനേറ്റർ കെ.കെ. മഹേശൻ, പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി എൻ. നജീബ് എന്നിവർക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.കേസ് ഈ മാസം 27 ന് തിരുവനന്തപുരം വിജിലൻസ് കോടതി വീണ്ടും പരിഗണിക്കും

Read More >>