തെക്കൻ ജില്ലകളിൽ ഗ്യാസ് കിട്ടാക്കനിയാകും; ട്രക്ക് തൊഴിലാളി സമരം തുടരുന്നു

തെക്കൻ ജില്ലകളിൽ ഗ്യാസ് കിട്ടാക്കനിയാകും എന്ന് സൂചന നൽകി ട്രക്ക് തൊഴിലാളി സമരം തുടരുന്നു.

തെക്കൻ ജില്ലകളിൽ ഗ്യാസ് കിട്ടാക്കനിയാകും; ട്രക്ക് തൊഴിലാളി സമരം തുടരുന്നു

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഗ്യാസ് കിട്ടാക്കനിയാകും എന്ന് സൂചന നൽകി ട്രക്ക് തൊഴിലാളി സമരം തുടരുന്നു. ബിപിസിഎൽ കഴക്കൂട്ടം എൽപിജി പ്ലാന്റിലെ സിലിണ്ടർ ട്രക്ക് തൊഴിലാളികളാണ് കഴിഞ്ഞ നാല് ദിവസമായി സമരം ചെയ്യുന്നത്. തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് തെക്കൻ ജില്ലകളിലെ പാചകവാതക വിതരണം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ഭൂരിഭാഗം ഗ്യാസ് ഏജൻസികൾക്കും നിലവിൽ അമ്പതിൽ താഴെ സിലിണ്ടറുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പണിമുടക്ക് വിവരം അറിഞ്ഞതോടെ ഗ്യാസ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഉപയോക്താക്കൾ. ഇത് പല ഏജൻസികളിലും വൻ തിരക്കിനും തർക്കങ്ങൾക്കും ചെറിയ തോതിലുള്ള സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്. പ്ലാന്റിൽനിന്നുള്ള പാതകവാചക വിതരണം അടിയന്തിരമായി പുനഃസ്ഥാപിച്ചില്ല എന്നുണ്ടെങ്കിൽ ഭാരത് പെട്രോളിയം ഗ്യാസ് ഏജൻസികളും പ്രവർത്തനം പൂർണ്ണമായും നിലയ്ക്കും. ഇത് വലിയ പ്രതിസന്ധിയാകും തെക്കൻ ജില്ലകളിൽ ഉണ്ടാക്കുന്നത്.


കൂലി വർദ്ധനവ് ആവശ്യപ്പെട്ടാണ് പതിനഞ്ച് ദിവസം മുമ്പ് നോട്ടീസ് നൽകി ട്രക്ക് തൊഴിലാളികൾ സമരം തുടങ്ങിയത്. നാല് ദിവസമായി തുടരുന്ന സമരം ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ അനന്തമായി നീളാനാണ് സാധ്യത. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ബന്ധപ്പെട്ടവരുടെ കടുംപിടുത്തം കാരണം ചർച്ച അലസിപ്പിരിഞ്ഞെന്നാണ് അറിയുന്നത്.

നിലവിൽ 725 രൂപയാണ് കൂലിയായി ലഭിക്കുന്നത്. നൂറ് കൂട്ടി 825 രൂപയാക്കണം എന്നതാണ് ട്രക്ക് തൊഴിലാളികൾ പ്രധാന ആവശ്യം. ഈ ആവശ്യത്തിന്മേലാണ് ചർച്ച തുടരുന്നത്. തൽക്കാലം 50 രൂപയുടെ വർദ്ധനവ് നൽകാമെന്നും 100 രൂപയുടെ വർദ്ധനവിന് ഒരു മാസം സമയം തരണമെന്നുമാണ് അധികാരികൾ വ്യക്തമാക്കിയത്. എന്നാൽ ഈ ഫോർമുല അംഗീകരിക്കാൻ തൊഴിലാളികൾ തയ്യാറായിട്ടില്ല. അതാണ് സമരം തുടരാൻ കാരണം.

ഭാരത് പെട്രോളിയം കമ്പനി പുതിയ ടെൻഡർ വിളിച്ച് നിരക്ക് പുതുക്കിയാൽ മാത്രമേ തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലി നൽകാൻ സാധിക്കുകയുള്ളു. നിലവിൽ ലോക്കൽ ട്രിപ്പിന് 4200 രൂപയും 70 കിലോമീറ്ററിന് മുകളിലുള്ള ട്രിപ്പിന് 5200 രൂപയുമാണ് നിരക്ക്. ഈ തുക നഷ്ടമാണെന്നാണ് ട്രക്ക് തൊഴിലാളികളുടെ വാദം. അതേസമയം ട്രിപ്പിന്റെ നിരക്ക് കുറയ്ക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. അതുകൊണ്ടുതന്നെ സമരം ഉടനെ തീരാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ട്രക്ക് ഉടമകളും കമ്പനി അധികൃതരും തമ്മിലുള്ള ചർച്ചയിൽ ഇത് സംബന്ധിച്ചുള്ള സൂചനയും നൽകിയിട്ടുണ്ട്.

ട്രിപ്പിന് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായാൽ കൂട്ടത്തോടെ കമ്പനി വിടാനാണ് ട്രക്ക് ഉടമകളുടെ തീരുമാനം. ഇത് വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. മൂന്ന് വർഷത്തിനിടെ ആറ് തവണയാണ് പ്ലാന്റിൽ തൊഴിൽ സമരങ്ങളും പണിമുടക്കും നടക്കുന്നത്. നിരക്ക് വർദ്ധനവ് തന്നെയാണ് എപ്പോഴത്തേയും പ്രശ്‌നം. 2015 ഒക്ടോബറിൽ തൊഴിലാളികളും ലോറി ഉടമകളും തമ്മിലുള്ള കരാർ അവസാനിച്ചതാണ്. കരാർ പുതുക്കണമെന്നും നിരക്കുകൾ പുനർനിശ്ചയിക്കണമെന്നും ക്ലീനർമാരെ നിയമിക്കണമെന്നും അപ്പോൾ മുതൽ തൊഴിലാളികൾ ആവശ്യപ്പെടുകയാണ്. എന്നാൽ അതൊന്നും നടപ്പിലായിട്ടില്ല.

ഇന്ന് വൈകീട്ട് ലേബർ കമ്മീഷണറുമായി ചർച്ച നടത്തുന്നുണ്ട്. അതിൽ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ തെക്കൻ ജില്ലക്കാർക്ക് ദുരിതമായിരിക്കും ഫലം.

Read More >>