ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും; പ്രതീക്ഷയോടെ തീരം

നിരോധനം അവസാനിക്കുന്ന അര്‍ദ്ധരാത്രി മുതല്‍ തന്നെ കടലിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ് ബോട്ടുകള്‍. ബോട്ടുകളുടെ അറ്റകുറ്റപ്പണിയും വലയൊരുക്കലും അവസാനഘട്ടത്തിലാണ്.

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും; പ്രതീക്ഷയോടെ തീരം

കണ്ണൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ 47 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. മത്സ്യബന്ധന ബോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കടലിലിറങ്ങും.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൂവായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൂടാതെ ആയിരത്തി ഇരുനൂറോളം ബോട്ടുകള്‍ അന്യസംസ്ഥാനത്ത് നിന്നുമുള്ളതാണ്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്ന ബോട്ടുകളും ഇവയില്‍ ഉള്‍പ്പെടും.

നിരോധനം അവസാനിക്കുന്ന അര്‍ദ്ധരാത്രി മുതല്‍ തന്നെ കടലിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ് ബോട്ടുകള്‍. ബോട്ടുകളുടെ അറ്റകുറ്റപ്പണിയും വലയൊരുക്കലും അവസാനഘട്ടത്തിലാണ്. പലയിടങ്ങളിലും പൂജയും പ്രാര്‍ത്ഥനയും നടത്തിയാണ് ബോട്ടുകള്‍ ഇറങ്ങുക. കഷ്ടപ്പാടിന്റെ കാലം അവസാനിക്കുന്ന ദിവസമാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്ന ദിവസമെന്ന് കണ്ണൂരിലെ മല്‍സ്യബന്ധന തൊഴിലാളി വിജയന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ളവ എങ്ങനെയാണ് മല്‍സ്യസമ്പത്തിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം മീന്‍പിടുത്തതിന് പോകുന്ന ആദ്യ ബോട്ട് മടങ്ങിയാലേ ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. എങ്കിലും എല്ലാവരും കഷ്ടതകള്‍ നീങ്ങാന്‍ ഒരു ചാകരയാണ് പ്രതീക്ഷിക്കുന്നത്.

Story by