അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ ടിപി ദാസന്‍ വീണ്ടും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി

യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതോടെയാണ് ഇടതു സര്‍ക്കാര്‍ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

അഴിമതി ആരോപണങ്ങള്‍ക്കിടയില്‍ ടിപി ദാസന്‍ വീണ്ടും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി

സിപിഎം നേതാവ് ടിപി ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സ്‌പോര്‍ട്‌സ് ലോട്ടറി സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ടിപി ദാസന്‍ വീണ്ടും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതോടെയാണ് ഇടതു സര്‍ക്കാര്‍ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.

മുന്‍ അത്‌ലറ്റ് മേഴ്‌സികുട്ടനാണ് വൈസ് പ്രസിഡന്റ്. നിരവധി ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലാണ് ദാസന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ ഇടതു സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ദാസന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കാലത്തെ ഉള്‍പ്പടെയുള്ള അഴിമതികള്‍ അന്വേഷിക്കണമെന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവെയ്ക്കുന്നതിന് മുമ്പ്് വിജിലന്‍സിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.