കെട്ടിട നികുതി വർദ്ധന 'വേണ്ടണം' എന്നു തോമസ് ഐസക്; കഴിഞ്ഞ ബജറ്റിൽ കൂട്ടാത്തതിനു യുഡിഎഫിനു പഴി!

യുഡിഎഫിനെതിരെ വിചിത്രമായ ആരോപണമാണ് ധനമന്ത്രി ഉന്നയിച്ചിരിക്കുന്നത്. മൂല്യവർദ്ധിതനികുതിയും വിൽപ്പന നികുതിയും വർദ്ധിപ്പിച്ച യുഡിഎഫ് കെട്ടിട നികുതി വർദ്ധിപ്പിച്ചില്ലപോലും! എന്നാൽ തന്റെ ബജറ്റിലും അതിന് ഐസക് തയ്യാറാകുന്നില്ല. പകരം ആ ഭാരം തദ്ദേശസ്വയംഭരണവകുപ്പിന് താലത്തിൽവച്ചു നൽകുകയാണ്. കൂട്ടത്തിൽ പഞ്ചായത്തുകൾക്കു വേണേൽ കൂട്ടാമെന്നു സൗജന്യ ഉപദേശവും. കൂട്ടിയേടത്തൊക്കെ സമരവുമായി സിപിഐഎം ഉണ്ടെന്നതാണ് ഇതിലെ തമാശ.

കെട്ടിട നികുതി വർദ്ധന

നികുതി വർദ്ധനയുണ്ടായാൽ ജനങ്ങളുടെ ചുമലിൽ അമിതഭാരം കയറ്റിവെയ്ക്കുന്നു എന്നാണ് സ്ഥിരമായി ഉയരുന്ന ആരോപണം. വർദ്ധനയ്ക്കെതിരെ സമരവും പതിവാണ്. പക്ഷേ, കെട്ടിട നികുതിയുടെ കാര്യത്തിൽ സംഗതി അൽപം സങ്കീർണമാണ്. വർദ്ധിപ്പിച്ചാലും കുറ്റം, വർദ്ധിപ്പിച്ചില്ലെങ്കിലും കുറ്റം. ചെയ്യുന്നത് യുഡിഎഫ് ആയിരിക്കണമെന്നു മാത്രം.

സംസ്ഥാന ബജറ്റിലെ ഖണ്ഡിക 188 വായിക്കുക:

സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന വാറ്റ് നികുതിയും വില്‍പ്പനനികുതിയും ഗണ്യമായി ഉയര്‍ത്തിയ കഴിഞ്ഞ സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയില്ല എത് ഒരു വൈരുദ്ധ്യമാണ്. നികുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ല. അത് തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ആവശ്യമുള്ളവര്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട മാനദണ്ഡപ്രകാരം ഒരു നിര്‍ദ്ദിഷ്ട ബാന്‍ഡില്‍ ഏറിയതോ കുറഞ്ഞതോ ആയ നിരക്ക് നിശ്ചയിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് തദ്ദേശഭരണവകുപ്പ് പുറപ്പെടുവിക്കും.

വാറ്റ്, വിൽപന നികുതികൾ വർദ്ധിപ്പിച്ചവർ കെട്ടിടനികുതിയും വർദ്ധിപ്പിച്ചുകൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ, ഐസക് അതിൽ വൈരുദ്ധ്യം കാണുന്നു. എന്നുവെച്ചാൽ കഴിഞ്ഞ സർക്കാർ കെട്ടിട നികുതി വർദ്ധിപ്പിക്കണമായിരുന്നു എന്നാണ് ഐസക് പറഞ്ഞുവെയ്ക്കുന്നത്.

കെട്ടിട നികുതി വർദ്ധിപ്പിച്ചാലോ? എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഉയര്‍ന്ന നിരക്കിലുള്ള കെട്ടിട നികുതി വാങ്ങുന്നുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തിയത് 2014 ഡിസംബർ 22നാണ്. കെട്ടിടനികുതി വർദ്ധന അന്യായമാണെന്ന് ആരോപിച്ച് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ എൽഡിഎഫ് ധര്‍ണ നടത്തിയത് 2015 ഫെബ്രുവരി ഏഴിന്. ഉദ്ഘാടനം നടത്തിയത് സിപിഎം ഏരിയ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്‍.

ഇനി ഐസക്കിൻറെ ബജറ്റിലെ ബന്ധപ്പെട്ട പാരഗ്രാഫ് വീണ്ടും വായിക്കുക. കെട്ടിട നികുതി വർദ്ധിപ്പിക്കണമെന്ന് ഈ സർക്കാരിന് നിർബന്ധമൊന്നുമില്ല. പക്ഷേ, വർദ്ധിപ്പിച്ചാൽ സന്തോഷം. ആവശ്യമുളളവർക്ക് കൂട്ടാം. കൂട്ടുന്നത് യുഡിഎഫ് ഭരണസമിതികളാണെങ്കിൽ ധർണയും പിക്കറ്റിംഗും എൽഡിഎഫ് വക. ഉദ്ഘാടനത്തിന് ധനമന്ത്രിയെ വേണമെങ്കിലും സമീപിക്കാം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് കെട്ടിടനികുതിയിൽ കൈ വെച്ച അനുഭവം മറക്കാറായിട്ടില്ല. അമ്പും തുമ്പുമില്ലാത്ത ഉത്തരവുകൾ തുരുതുരാ പുറപ്പെടുവിക്കുകയായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്. ഒടുവിൽ വകുപ്പു മന്ത്രിയ്ക്കും ഓഫീസിനുമെതിരെ രൂക്ഷവിമർശനം സിപിഎമ്മിനുളളിൽത്തന്നെ ഉയർന്നു.

അന്ന് തറ വിസ്‌തീര്‍ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി നിര്‍ണയിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവു കൂടിയായിരുന്ന പ്രൊഫ. പി കെ രവീന്ദ്രനായിരുന്നു അന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് വകുപ്പു സെക്രട്ടറിയും.

ഇവരിറക്കിയ ഉത്തരവുകൾ മൂലമായിരുന്നു അക്കാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടത് എന്ന ആരോപണം ഇപ്പോഴും സജീവമാണ്. മന്ത്രിയോഫീസുകളിൽ ശാസ്ത്രസാഹിത്യപരിഷത്തിൻറെ മുൻനിര നേതാക്കളുടെ സേവനം ഇനി വേണ്ട എന്ന് സിപിഎം തീരുമാനിച്ചതിനു പിന്നിൽ ഈ ഉത്തരവുകൾക്കും പങ്കുണ്ട്. ഒടുവിൽ ഉത്തരവു മരവിപ്പിക്കുന്നുവെന്ന് പാലൊളി മുഹമ്മദു കുട്ടിയ്ക്ക് നിയമസഭയിൽ പ്രസ്താവിക്കേണ്ടി വന്നതും ചരിത്രം.

ഏതായാലും വീണ്ടും കെട്ടിട നികുതിയിൽ കൈവെയ്ക്കാനൊരുങ്ങുകയാണ് ഇടതു സർക്കാർ. എന്താകുമെന്ന് കണ്ടറിയാം.

Read More >>