ടൈറ്റാനിയം അഴിമതി: ഒന്നാം പ്രതിയാകേണ്ടത് കുഞ്ഞാലിക്കുട്ടി; പൂഴ്ത്തിയ തെളിവുകള്‍ വിജിലൻസിന്

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് എല്ലാ മാസവും ഒരു ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി എത്തിച്ചുകൊടുക്കുമായിരുന്നു

ടൈറ്റാനിയം അഴിമതി: ഒന്നാം പ്രതിയാകേണ്ടത് കുഞ്ഞാലിക്കുട്ടി; പൂഴ്ത്തിയ തെളിവുകള്‍ വിജിലൻസിന്

90 കോടിയുടെ ടൈറ്റാനിയം അഴിമതിയിൽ ഒന്നാം പ്രതിയാകേണ്ടത് മുൻ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ലഭ്യമായെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് പരിശോധനയ്ക്കു ശേഷം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രസ്താവിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടി ബാലകൃഷ്ണന്‍ ഐഎഎസ് എന്നിവരടക്കം പതിനൊന്ന് പേർക്കെതിരെ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ 2014 ആഗസ്റ്റ് 14നാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.


കുഞ്ഞാലിക്കുട്ടിയും അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞും കേസിലെ മറ്റൊരു പ്രതിയായ ഗ്രീന്‍ ടെക് രാജീവുമായി ചേര്‍ന്നാണ് ടൈറ്റാനിയം ഫാക്ടറിയിലേക്ക് മാലിന്യ നിവാരണ പദ്ധതി എത്തിച്ചത് എന്ന് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ റൗഫ് 2012 മാര്‍ച്ചില്‍ തന്നെ  വിജിലൻസിനു മൊഴി നൽകിയിരുന്നു.  ഈ മൊഴിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് തയാറായിരുന്നില്ല. ഉമ്മൻചാണ്ടിയെ ഇവർ എങ്ങനെ ഈ പദ്ധതിയിലേയ്ക്ക് എത്തിച്ചുവെന്നും ആ മൊഴിയിലുണ്ട്. എറണാകുളത്തെ ലെ മേറഡിയന്‍ ഹോട്ടലിലും ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലും വെച്ച് തന്റെ സാന്നിധ്യത്തിലാണ് ഈ കേസിന്റെ ഗൂഢാലോചന നടക്കുന്നത് എന്നാണ് റൗഫിന്‍റെ മൊഴി.

സര്‍ക്കാരില്‍ നിന്നും മലിനീകരണ നിവാരണ പദ്ധതിക്കായുള്ള അനുമതി 2005 ഏപ്രില്‍ 19 ന് മുന്‍പ് വാങ്ങി നല്‍കാമെന്നും, സുപ്രീംകോടതി മോണിറ്ററിംഗ് കമ്മിറ്റിക്ക് മുഖ്യമന്ത്രിയെക്കൊണ്ട് കത്ത് നല്‍കിക്കാമെന്നും കുഞ്ഞാലിക്കുട്ടി ഗ്രീന്‍ ടെക് രാജീവിന് ഉറപ്പു നല്‍കിയതായി മൊഴിയിലുണ്ട്.

മലിനീകരണ നിവാരണ പദ്ധതിക്ക് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് അംഗീകാരം നല്‍കുന്നത് 2005 മെയ് 19 നാണ്. എന്നാല്‍ ഇതേ പദ്ധതിക്ക് മെക്കോണിനെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച് സുപ്രീംകോടതി മോണിറ്ററിംഗ് കമ്മിറ്റിക്ക് 2005 മാര്‍ച്ച് 11 ന് തന്നെ മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തു. റൗഫിന്‍റെ മൊഴിക്ക് വിശ്വാസ്യത നൽകുന്നത് ഈ കത്താണ്. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് രണ്ടു മാസം മുമ്പ് തന്നെ മുഖ്യമന്ത്രിയെ കൊണ്ട് കത്ത് എഴുതിക്കാന്‍ കുഞ്ഞാലികുട്ടിക്ക് സാധിച്ചു. ഈ കത്താണ് പിന്നീട് ഉമ്മന്‍ ചാണ്ടിയെ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ പ്രതിയാക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും ഇക്കോപ്ലാന്റിംഗിനായി 61 കോടിയുടെ എല്‍സി ഓപ്പണ്‍ ചെയ്യുന്ന സമയത്ത് എട്ടു കോടി രൂപ കോഴയായി ലഭിച്ചതായും ഇതില്‍ കുഞ്ഞാലിക്കുട്ടിയുടെ നാല് കോടി ദുബായില്‍ വെച്ച് അദ്ദേഹത്തിന്റെ മരുമകന്‍ സുല്‍ഫീക്കറിന് കൈമാറിയെന്നും ഇബ്രാഹീം കുഞ്ഞിനുള്ള പണം രാജീവ് നേരിട്ടാണ് നല്‍കിയെന്നും റൗഫിന്റെ മൊഴിയില്‍ വ്യക്തമാക്കുന്നു.

പില്‍ക്കാലത്ത് ഇന്ത്യാ ടുഡേയ്ക്ക് റൗഫ് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോഴപ്പണത്തിന്റെ വിഹിതം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് 'അവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ളവരാണ്' എന്നായിരുന്നു റൗഫിന്റെ മറുപടി. ഇതുകൂടാതെ, എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് എല്ലാ മാസവും ഒരു ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി എത്തിച്ചുകൊടുക്കുമായിരുന്നു എന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം മലിനീകരണ നിവാരണ പദ്ധതി ഒരു തരത്തിലും കമ്പനിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കുഞ്ഞാലിക്കുട്ടിയും ഇബ്രാഹീംകുഞ്ഞും പദ്ധതിക്ക് തുനിഞ്ഞത് എന്ന കൃത്യമായ മൊഴി ലഭിച്ചിട്ടും അഴിമിതിയുടെ മുഖ്യ ആസൂത്രകനായ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത്  വിജിലന്‍സ് തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ഈ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ കൂടി കിട്ടിയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെയും ഈ കേസില്‍ പ്രതിയാക്കുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Read More >>