തൃശൂരില്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ അക്രമം; പോലീസും ഹോട്ടലുടമയും രണ്ടുതട്ടില്‍

ബിജെപിക്കാരായ പ്രവീണ്‍, ബിഎംഎസ് യൂണിയനിലെ ചുമട്ടുതൊഴിലാളി ഉണ്ണിമോന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ ദേവേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിന് സമീപമുള്ള മഹാട്ടലില്‍ ബീഫ് ഉള്‍പ്പെടെയുള്ള മാംസം വിതരണം ചെയ്യുന്നതെന്തിനാണെന്ന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മര്‍ദ്ദനമെന്നും ഹോട്ടലുടമ പറഞ്ഞു.

തൃശൂരില്‍ ബീഫ് വിളമ്പിയതിന്റെ പേരില്‍ അക്രമം; പോലീസും ഹോട്ടലുടമയും രണ്ടുതട്ടില്‍

ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ വിളമ്പിയതിന്റെ പേരില്‍ തൃശൂര്‍ താണിക്കുടത്തെ ശ്രീഭവന്‍ ഹോട്ടലിനു നേരെബിജെപി പ്രവര്‍ത്തകര്‍ ആരകമണം നടത്തിയത് സംബന്ധിച്ച് ഹോട്ടലുടമയും പോലീസും രണ്ടു തട്ടില്‍. ബീഫ് വിളമ്പിയതിന്റെ പേരില്‍ ആക്രമിച്ചുവെന്ന രീതിയില്‍ പരാതി കിട്ടിയിട്ടില്ലെന്ന് വിയ്യൂര്‍ പോലീസ് പറഞ്ഞു. എന്നാല്‍ പരാതി പോലീസ് ഒതുക്കിതീര്‍ക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് ഹോട്ടലുടമയുടെ പരാതി.

ഹോട്ടല്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഹോട്ടലില്‍ മാംസാഹാരം വിളമ്പിയതിന്റെ പേരിലാണ് ആക്രമണമെന്ന് ഹോട്ടലുടമ തന്ന പരാതിയിലില്ല- വിയ്യൂര്‍ പോലീസ് പറഞ്ഞു.


എന്നാല്‍ പോലീസ് അക്രമികളുമായി ഒത്തുകളിച്ച് കേസ് ഒതുക്കിതീര്‍ക്കുവാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് ഹോട്ടലുടമ ദേവേന്ദ്രന് ഉള്ളത്. പരാതി നല്‍കിയപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ പോലീസിന് നിസംഗഭാവമാണെന്നും അക്രമികളുടെ പേരില്‍ ഒത്തുതീര്‍പ്പിന് പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നും ദേവേന്ദ്രന്‍ പറഞ്ഞു.

താണിക്കുടം ശ്രീഭവന്‍ ഹോട്ടലിന് നേരെയാണ് ബീഫ് വിളമ്പിയതിന്റെ പേരില്‍ ആക്രമണമുണ്ടായത്. ബിജെപിക്കാരായ പ്രവീണ്‍, ബിഎംഎസ് യൂണിയനിലെ ചുമട്ടുതൊഴിലാളി ഉണ്ണിമോന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ ദേവേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തിന് സമീപമുള്ള മഹാട്ടലില്‍ ബീഫ് ഉള്‍പ്പെടെയുള്ള മാംസം വിതരണം ചെയ്യുന്നതെന്തിനാണെന്ന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മര്‍ദ്ദനമെന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുടമ ദേവേന്ദ്രന്‍ പറയുന്നത് ഇങ്ങനെ: താണിക്കുടം അമ്പലത്തിന് 500 മീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. രണ്ട് മാസം മുമ്പാണ് ഹോട്ടലില്‍ മാംസാഹാരങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയത്. മാംസാഹാരങ്ങള്‍ വില്‍പ്പനയ്ക്കില്ലാത്തതിനാല്‍ ഹോട്ടലിന്റെ വരുമാനം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് മാംസാഹാര വില്‍പ്പന ആരംഭിച്ചത്.

എന്നാല്‍ കഴിഞ്ഞ 29 ന് വൈകുന്നേരം മൂന്ന് മണിയോടുകൂടി ബിജെപി പ്രവര്‍ത്തകരായ മൂന്നുപേര്‍ ഹോട്ടലിലെത്തുകയും കഴിക്കാന്‍ ആഹാരം എന്തൊക്കെയുണ്ട് എന്ന് ചോദിക്കുകയും ചെയ്തു. അവര്‍ നന്നായി മദ്യപിച്ചിരുന്നു. ഹോട്ടലില്‍ അപ്പോഴുണ്ടായിരുന്ന ആഹാരസാധനങ്ങളുടെ പേര് പറഞ്ഞപ്പോള്‍ വെജിറ്റേറിയന്‍ ഒന്നുമില്ലേ എന്ന് ചോദിച്ച് അവര്‍ പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. ഇതിന് മുമ്പ് ഈ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന കടകളിലൊന്നും മാംസാഹാരം നല്‍കിയിട്ടില്ലെന്നും ക്ഷേത്ത്രതിന് സമീപമുള്ള കടയില്‍ ഈ രീതി ആശാസ്യമല്ലെന്നുമാണ് അവര്‍ പറഞ്ഞത്.

ക്ഷേത്രത്തിന് 50 മീറ്റര്‍ മാത്രം അകലെയുള്ള ആഡിറ്റോറിയത്തില്‍ വിവാഹം സംബന്ധിച്ച് മാംസാഹാരങ്ങള്‍ പാകം ചെയ്യുകയും വിതരണം നടത്തുന്നതും തിരിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ പ്രകോപിതരാകുകയും അക്രമത്തിലേക്ക് തിരിയുകയും ചെയ്തു. ഹോട്ടലിനുള്ളിലെ സാധനങ്ങള്‍ എറിഞ്ഞുടച്ച അക്രമികള്‍ തരികെപ്പോയ ശേഷം രാത്രി വീണ്ടും ഹോട്ടലിലെത്തി പ്രശ്‌നമുണ്ടാക്കി. ആഹാരം കഴിക്കാന്‍ വന്നവരുടെ മുന്നില്‍ വെച്ച് അസഭ്യം പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ക്ഷേത്രത്തിന് സമീപമുള്ള വീടുകളില്‍ മാംസം പാകം ചെയ്യാറുണ്ടെന്ന് ദേവേന്ദ്രന്‍ പറയുന്നു. മാത്രമല്ല ക്ഷേത്രത്തിന് സമീപമുള്ള ആഡിറ്റോറിയത്തില്‍ വിവാഹാവശ്യങ്ങള്‍ക്ക് മാംസാഹാരം പാകം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊന്നും പ്രശ്‌നമില്ലാതിരിക്കേ മാംസാഹാരത്തിന്റെ പേരില്‍ എന്തുകൊണ്ട് ഈ ഹോട്ടലിനെ മാത്രം ലക്ഷ്യം വെയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ിതേ ഇടത്തില്‍ നടത്തിയ ഹോട്ടലുകള്‍ മാംസാഹാരം ഇല്ലാത്തതിന്റെ പേരില്‍ വില്‍പ്പന കുറഞ്ഞ് പൂട്ടിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>