വാഗ്ദാനം യുഡിഎഫിന്റേതാകാം; ഞങ്ങൾ നടപ്പാക്കും: പഞ്ചായത്ത് അംഗങ്ങളുടെ ശമ്പളപരിഷ്കരണത്തെ കുറിച്ച് ധനമന്ത്രി നാരദാ ന്യൂസിനോട്

മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം മാത്രമാണ് നടത്തിയത്. സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ നൽകിയ വാഗ്ദാനമാണെങ്കിലും ഇത് ഈ ഗവര്‍മെന്റ് നടപ്പിലാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കാരണം ജനപ്രതിനിധികളുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.

വാഗ്ദാനം യുഡിഎഫിന്റേതാകാം; ഞങ്ങൾ നടപ്പാക്കും: പഞ്ചായത്ത് അംഗങ്ങളുടെ ശമ്പളപരിഷ്കരണത്തെ കുറിച്ച് ധനമന്ത്രി നാരദാ ന്യൂസിനോട്

തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടേയും ജനപ്രതിനിധികളുടേയും വേതനം വര്‍ദ്ധിപ്പിക്കുമെന്ന  മുന്‍ സര്‍ക്കാറിന്റെ നടപ്പിലാക്കാത്ത വാഗ്ദാനം നടപ്പിലാക്കാന്‍ ഒരുങ്ങി എൽഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള മന്ത്രിമാരുടെ ഏകോപന സമിതിയാണ് വേതന വർധനയുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച്  സര്‍ക്കാര്‍ ഉത്തരവൊന്നും ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും തീരുമാനമെടുത്തില്ല.


ഏപ്രില്‍ ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ വേതനം മൂന്നിരട്ടിയായും ജനപ്രതിനിധികളുടേത് ഇരട്ടിയാക്കിയും വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. വേതനം മൂന്നിരട്ടിയാക്കുന്നത് സംബന്ധിച്ച്  പ്രമുഖ പത്രങ്ങളിലും മറ്റും ഒന്നാം പേജില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. വാര്‍ത്തകള്‍ കണ്ട് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെ സര്‍ക്കാറിനെ അഭിനന്ദിച്ച്  പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പിലാവുമെന്ന് കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികള്‍ വെട്ടിലായി. ഈ അവസരത്തിലാണ് പുതിയ സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള നയപരമായ തീരുമാനം എന്താണെന്നറിയാന്‍ നാരദ ന്യൂസ് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കുമായി ബന്ധപ്പെട്ടത്. മന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം നാരദ ന്യൂസിനോട് പങ്കുവെച്ചു.

മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പ്രഖ്യാപനം മാത്രമാണ് നടത്തിയത്. സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ നൽകിയ വാഗ്ദാനമാണെങ്കിലും ഇത് ഈ ഗവര്‍മെന്റ് നടപ്പിലാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. കാരണം ജനപ്രതിനിധികളുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.

താഴെ തട്ടില്‍ ജനങ്ങളുമായി നേരിട്ടു ഇടപെടുന്ന ജനപ്രതിനിധികളാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഇവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന പ്രതിഫലം വളരെ തുച്ഛമാണ്. ചെലവ് നടത്താന്‍ മറ്റു വഴികള്‍ നോക്കേണ്ടി വരും. അത് അഴിമതിക്കു വളം വയ്ക്കും. ജനപ്രതിനിധികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് സര്‍ക്കാറിന് അധിക ബാധ്യതയൊന്നും വരുന്നില്ല. കാരണം ഇവര്‍ക്കുള്ള പ്രതിഫലം അതാത് തദ്ദേശ സ്ഥാപനങ്ങളാണ് നല്‍കുന്നത് . ഇതു കൂടാതെ വളരെ അത്യാവശ്യമായ ആശാ വര്‍ക്കേഴ്സ്, പാചക തൊഴിലാളികള്‍, തുടങ്ങിയവരുടെ പ്രതിഫലവും ഉയര്‍ത്തേണ്ടതാണ്.

അംഗണവാടി ടീച്ചര്‍മാര്‍ക്ക് ശമ്പളം കൂട്ടിയെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. ആശാ വര്‍ക്കേഴ്സ്, പാചക തൊഴിലാഴികള്‍ എന്നിവരുടെ ശമ്പളവും സര്‍ക്കാര്‍ ഉയര്‍ത്തും. അഞ്ഞൂറ് കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാറിന് വരും. സര്‍ക്കാറിന്റെ കയ്യില്‍ ഇപ്പോള്‍ പണം ഇല്ലാത്തത് കൊണ്ട് ഉടന്‍ ഇത് നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക പ്രശ്നം തീര്‍ന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കുമെന്നും ഡോ. തോമസ് ഐസക് നാരദ ന്യൂസിനോട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , മേയര്‍ എന്നിവര്‍ക്ക് നിലവിലുള്ള 7900 രൂപ  മാസം 30,000 രൂപയായും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 6600 രൂപയില്‍ നിന്ന് 20000 രൂപയായും മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ 7300 ല്‍ നിന്ന് 22000 രൂപയായും വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു മുൻ ഗവൺമെന്റിന്റെ നടപ്പിലാവാഞ്ഞ പ്രഖ്യാപനം. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ വേതനം 3500 ല്‍ നിന്ന് ഏഴായിരം രൂപയായും നഗരസഭ അംഗങ്ങളുടെ വേതനം 3800 ല്‍ നിന്ന് 7600 ആയും വര്‍ദ്ധിക്കുമെന്നും പറഞ്ഞിരുന്നു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലുമായി മേധാവികള്‍ ഉള്‍പ്പടെ 21,905 അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 941 പേര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരാണ്. 15,962 ഗ്രാമപഞ്ചായത്ത് അംഗങ്ങളുമുണ്ട്.

തദ്ദേശ ജനപ്രതിനിധികളുടെ വേതനം കൂട്ടാന്‍ ഡോ. ബി. എ പ്രകാശ് അധ്യക്ഷനായ അഞ്ചാം ധനകാര്യ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. തദ്ദേശ പ്രതിനിധികളുടെ പ്രവര്‍ത്തന സൗകര്യത്തിനായി മൊബൈല്‍ ഫോണ്‍, ഇരുചക്രവാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലാണ്.

Read More >>