ശൂന്യമായ ഖജനാവിനെ നിറയ്ക്കുന്ന മാന്ത്രികത; സംസ്ഥാന സമ്പദ്ഘടന വലുതാക്കാനൊരുങ്ങി തോമസ് ഐസക്

സാമൂഹിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനോപകാര പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദൗര്‍ലഭ്യമേതുമില്ലാതെ പണംവകയിരുത്തി തയ്യാറാക്കിയ ബജറ്റ് പക്ഷേ ചിലരുടെ മനസ്സിലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് പോലെ യാഥാര്‍ത്ഥ്യത്തിന്റെ ചോദ്യമെറിയുന്നുണ്ട്.

ശൂന്യമായ ഖജനാവിനെ നിറയ്ക്കുന്ന മാന്ത്രികത; സംസ്ഥാന സമ്പദ്ഘടന വലുതാക്കാനൊരുങ്ങി തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ ഉയര്‍ന്ന പ്രധാന ചോദ്യമായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്തിന്റെ നിത്യച്ചെലവിനും എങ്ങനെ പണം കണ്ടെത്തും എന്നുള്ളത്. അതിന് അനുബന്ധമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റ് ജനവിരുദ്ധമാകുമോ എന്ന സംശയവും സാമ്പത്തിക വിദഗ്ദരുടെ മനസ്സിലുയര്‍ന്നു. പക്ഷേ സംശയങ്ങളെ അസ്ഥാനത്താക്കി ജനപ്രിയ ബജറ്റിന്റെ അവതരണത്തിലൂടെ സംസ്ഥാന ധനമന്ത്രി ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു. സാമൂഹിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനോപകാര പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദൗര്‍ലഭ്യമേതുമില്ലാതെ പണംവകയിരുത്തി തയ്യാറാക്കിയ ബജറ്റ് പക്ഷേ ചിലരുടെ മനസ്സിലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് പോലെ യാഥാര്‍ത്ഥ്യത്തിന്റെ ചോദ്യമെറിയുന്നുണ്ട്.


2006 ല്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഖജനാവില്‍ ബാക്കിവെച്ചത് ഒന്നുമില്ലായ്മയായിരുന്നുവെന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പക്ഷേ അതിനുശേഷം അധികാരത്തിലേറിയ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വികസനകാര്യങ്ങളിലൊന്നും സാമ്പത്തിക മുടക്കം വരുത്തിയില്ല എന്നുള്ളതാണ് ഇന്നത്തെയും അന്നത്തെയും ധനമന്ത്രിയുടെ കഴിവിനെ എടുത്തുകാട്ടുന്ന ഒരു വസ്തുത. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കവാരിന്റെ അവസാന കാലത്ത് ഒന്നരവര്‍ഷത്തോളം കരാറുകാരുടെ കഷ്ടകാല ദിനങ്ങളായിരുന്നു. ബില്ലുകളൊന്നും മാറാതെ, പലതവണ ട്രഷറി പൂട്ടിയ അവസ്ഥയില്‍ നിന്നുമാണ് 2006 മുതലുള്ള അച്യുതാന്ദന്‍ സര്‍ക്കാരിന്റെ യാത്ര. എന്നാല്‍ ആ ഭരണകാലയളവില്‍ ഒരു ദിനം പോലും ശമ്പളമുടക്കമോ ട്രഷറി മുടക്കമോ ഉണ്ടായിരുന്നില്ല. ആ ഒരു മികവ് തന്നെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രി സ്ഥാനത്തേക്ക് വേറൊരു പേര് ചിന്തിക്കാനുള്ള അവസരം നല്‍കാത്തതും.

എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നന്നും വത്യസ്തമാണ് ഈ ഭരണകാലം. നികുതി വരുമാനവും നികുതി പിരിക്കലുമായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ട്രഷറി നിറയ്ക്കുവാനും അതുവഴി ഭരണം മുന്നോട്ടുകൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന വഴി. പക്ഷേ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇത്തവണ അതീവ ഗുരുതരമാണെന്ന കാര്യം ശ്രദ്ധേയമാണ്. നികുതി വരുമാനമല്ലാതെ നിര്‍ബന്ധിത നികുതി പിരിവ് ഭരണകൂടത്തെ സംബന്ധിച്ച് അപ്രാമയാഗികവുമാണ്. ഈ സാഹചര്യത്തില്‍ പ്രായോഗികല്ലാത്ത രീതിയില്‍ തലതിരിഞ്ഞ നീക്കങ്ങള്‍ നടത്തിയാല്‍ ഒരു വര്‍ഷത്തിനു ശേഷം സര്‍ക്കാരിന് ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയേണ്ട അവസ്ഥയുണ്ടാകും. എന്നാല്‍ ഈ ഒരു സാഹചര്യത്തെ ധനമന്ത്രി നേരിടുന്നത് മികച്ചൊരു സാമ്പത്തിക തന്ത്രജ്ഞന്റെ ബുദ്ധികൂര്‍മ്മതയോടെയാണ്.

സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്നും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ കഴിഞ്ഞ് ബാക്കി വരുന്നതു കൊണ്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതാണ് തോമസ് ഐസക് മനസ്സില്‍ കാണുന്നത്. വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മുതലാളിത്ത വിപണിയില്‍ നിന്നും കടമെടുത്ത് നടത്തുക. അങ്ങനെ സംസ്ഥാന സമ്പദ്ഘടന വലുതാകുന്ന ഒരുവസ്ഥയില്‍ എത്തിക്കുക. സമ്പദ്ഘടന വലുതാകുന്ന അവസ്ഥയില്‍ കൂടുതല്‍ കിട്ടുന്ന നികുതി, നികുതിയിതര വരുമാനം കൊണ്ട് എടുത്ത കടം പടിപടിയായി അടയ്ക്കുക. ഈ ഒരു നീക്കം ശന്യമാകാത്ത ഖജനാവ് സൃഷ്ടിക്കുന്നതിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുന്ന അവസ്ഥയും സംജാതമാക്കും.

മുതാളിത്ത വിപണിയില്‍ നിന്നുമെടുക്കുന്ന കടം സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന പ്രവര്‍ത്തികള്‍ക്ക് മാത്രം ഉപയോഗിക്കുക എന്നുള്ളതാണ് പ്രധാനം. സമ്പദ്ഘടന വലുതാക്കുക എന്നുള്ളതു മാത്രമേ സംസ്ഥാനത്തെ സംബന്ധിച്ച് തടസ്സമില്ലാതെ മുന്നോട്ടുള്ള പ്രയാണത്തിന് സാധ്യമാക്കൂ. അതുകൊണ്ടു തന്നെ അതിനായി എടുത്ത കടത്തിന് ചോര്‍ന്നുപോകാതിരിക്കുന്നതിനുള്ള മതിലുകള്‍ ഉണ്ടാക്കുക എന്നുള്ളതും പ്രധാനമാണ്.

Read More >>