കണ്ണൂർ കോൺഗ്രസിൽ അഴിമതി പുകയുന്നു; തളിപ്പറമ്പിൽ പോസ്റ്റർ പ്രചാരണം; ഭൂമിയിടപാടിൽ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

സേവ് കോൺഗ്രസ് ഫോറത്തിന്റെയും കെ എസ് യുവിന്റെയും പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ പണം വാങ്ങിയുള്ള നിയമനത്തെക്കുറിച്ചാണ് പറയുന്നത്. അഴിമതി പണത്തിന്റെ പങ്കു കിട്ടാത്തവർ ബന്ധപ്പെടണമെന്ന് പറഞ്ഞു നേതാക്കളുടെ ഫോൺ നമ്പറുകളും പോസ്റ്ററിൽ ഉണ്ട്.

കണ്ണൂർ കോൺഗ്രസിൽ അഴിമതി പുകയുന്നു; തളിപ്പറമ്പിൽ പോസ്റ്റർ പ്രചാരണം; ഭൂമിയിടപാടിൽ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കണ്ണൂർ: തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ജില്ലയിൽ നിന്നു തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങളും കോൺഗ്രസ് നേതൃത്വത്തിനു തലവേദനയാവുന്നു.

യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് ആരോപിച്ച് തളിപ്പറമ്പ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് ഫോറത്തിന്റെയും കെ എസ് യുവിന്റെയും പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ പണം വാങ്ങിയുള്ള നിയമനത്തെക്കുറിച്ചാണ് പറയുന്നത്. അഴിമതി പണത്തിന്റെ പങ്കു കിട്ടാത്തവർ ബന്ധപ്പെടണമെന്ന് പറഞ്ഞു നേതാക്കളുടെ ഫോൺ നമ്പറുകളും പോസ്റ്ററിൽ ഉണ്ട്.


കുടിശിക ക്രമാതീതമായി വർധിച്ചതിനാൽ ബാങ്കിനെ സഹകരണവകുപ്പ് തരംതാഴ്ത്തിയിരിക്കുകയാണ്. പല വായ്പകളും ക്രമരഹിതമായി നല്കിയതിനാലാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായതെന്നും ആക്ഷേപമുണ്ട്.

ഇതിനിടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ സ്റ്റോറിന്റെ ദേശീയപാതയോരത്തുള്ള കോടികൾ വിലമതിക്കുന്ന സ്ഥലം നിയമവിരുദ്ധമായി വിറ്റ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കെപിസിസി അംഗമായിരുന്ന സഹകരണസ്റ്റോർ പ്രസിഡന്റ് കല്ലിങ്കീൽ പദ്മനാഭൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് അയച്ചത്.

നേരത്തെ തലശ്ശേരിക്ക് സമീപമുള്ള പാർട്ടി സാംസ്കാരിക കേന്ദ്രം വ്യാജരേഖ നിർമിച്ച് സ്വന്തം പേരിലേക്ക് മാറ്റിയെന്ന പരാതിയിൽ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ക്രിമിനൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ ആഴം വർധിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സംഭവങ്ങളിൽ ഉന്നത കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണെന്നാണ് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.

Read More >>