ഇറാഖ്, സിറിയ: പോരാട്ടങ്ങളുടെ പിന്നാമ്പുറം

സിറിയയിലും ഇറാഖിലും നടന്ന/നടക്കുന്ന പോരാട്ടങ്ങൾക്കൊരു ആമുഖം. ഇവിടെ നടക്കുന്ന പോരാട്ടങ്ങൾക്ക് പിന്നിൽ ആരാണ്. എന്താണ് അതിന് കാരണം. ഖിലാഫലത്തിന്റെ കൊലയാളികൾക്ക് അതിലുള്ള പങ്ക് എന്താണ്? ഡോ. സി കെ അബ്ദുള്ള എഴുതുന്നു.

ഇറാഖ്, സിറിയ: പോരാട്ടങ്ങളുടെ പിന്നാമ്പുറം

ഡോ. സി കെ അബ്ദുള്ള

ലോക മുസ്ലിം സമൂഹം ആത്മീയ നിർവൃതിയിൽ കഴിയുന്നുവെന്ന് കരുതപ്പെടുന്ന റമദാൻ മാസത്തിൽ അറബ് മുസ്ലിം ലോകത്ത് കുറേ പ്രദേശങ്ങളിൽ ധാരാളം വ്രതമനുഷ്ടിച്ച മനുഷ്യർ വിവിധ ശക്തികളുടെ ആയുധപ്രയോഗങ്ങൾക്കിരയായി നോമ്പു പൂർത്തിയാവുന്നതിന് മുമ്പ് ജീവൻ വെടിയുന്ന ദാരുണ ദൃശ്യങ്ങളാണ് ഉള്ളത്. ചില നാടുകളിലെ യുവ മന്ത്രിമാർ സന്ധ്യക്ക് തെരുവിൽ നിരന്നു നോമ്പുകാരായ യാത്രക്കാർക്ക് ഇഫ്താർ പാക്കറ്റുകൾ നൽകുന്ന മനോഹര കാഴ്ചകൾ മീഡിയയിൽ നിറയുമ്പോൾ അതേ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽനിന്ന് പറന്നുയരുന്ന യുദ്ധ വിമാനങ്ങളുടെ ബോംബ്വർഷത്തിൽ സിറിയയിലും ഇറാഖിലും നോമ്പ് തുറക്കാൻ കാത്തിരിക്കുന്ന സാധാരണക്കാരായ മനുഷ്യർ വെന്തുകരിയുന്നു. ഇറാഖിലെ ഫലൂജ, റമാദി നഗരങ്ങളിലും സിറിയയിലെ അലപ്പോ, ഹുംസ് നഗരങ്ങളിലും ജനങ്ങളെ വേവിക്കുന്ന ദുരന്തത്തിനു രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇത്പോലൊരു റമദാനിൽ പ്രഖ്യാപിക്കപ്പെട്ട ഖിലാഫത്തിന്റെ കൊലയാളികളും കാരണക്കാരാണ്.


2014 ജൂൺ ആദ്യ വാരത്തിൽ റമദാന്റെ തുടക്കത്തിൽ സിറിയയിലെ റഖ്ഖ പ്രദേശത്തെ സർക്കാർ പട്ടാള ക്യാമ്പിൽനിന്ന് നീങ്ങിയ തൻസീമുദ്ദൗലതുൽ ഇസ്ലാമിയ്യ (ഇസ്ലാമിക് സ്റ്റേറ്റ്)യുടെ കൂറ്റൻ സൈനിക വ്യൂഹം ഇറാഖിലൂടെ നീങ്ങി അവിടുത്തെ രണ്ടാമത്തെ പ്രധാന നഗരമായ മൗസിൽ കേന്ദ്രമായി ഒരു ഖിലാഫത് ഭരണകൂടം പ്രഖ്യാപിച്ച ശേഷമാണ് മേഖലയിൽ പുതിയ പോരാട്ടങ്ങൾ രൂക്ഷമായത്. 2003 ലെ അമേരിക്കൻ അധിനിവേശത്തിനുശേഷം ഇറാഖിലും, 2011 ഓടെ തുടങ്ങിയ അഭ്യന്തര സായുധ വിപ്ലവത്തിന്റെ സാഹചര്യത്തിൽ സിറിയയിലും തികഞ്ഞ അരാജകത്വവും അരക്ഷിതാവസ്ഥയും വ്യാപകമായതോടെ കൂടുതൽ ദുർബലമായ അറബ് ലോകത്ത് അധിനിവേശങ്ങളേയും സ്വേച്ഛാധിപത്യങ്ങളെയും ചെറുക്കുന്ന ശക്തികൾക്ക് വേണ്ടി ദാഹിക്കുന്നതിനിടെയുണ്ടായ ഖിലാഫത്ത് പ്രഖ്യാപനം സ്വാഭാവികമായും മുസ്ലിം ലോകത്ത് ആകാംക്ഷയും ആശയക്കുഴപ്പങ്ങളും ഉയർത്തി. ലോകമുസ്ലിംകളോട് മുഴുവൻ ഖിലാഫത്തിന്റെ ഭാഗമാകുവാനുള്ള ആഹ്വാനവും സൈന്യത്തിലേക്ക് ആളെ ചേർക്കുവാൻ ശ്രമങ്ങളും തുടർന്നുണ്ടായി. അതേ സമയം സിറിയൻ ഏകാധിപതിക്കെതിരെ പൊരുതുന്ന ലേബലിൽ അവിടെ സജീവമായിരുന്ന ജബ്ഹതുന്നുസ്റ എന്ന സംഘം വടക്കൻ സിറിയയിലെ തങ്ങളുടെ സ്വാധീന പ്രദേശങ്ങളിൽ സ്വന്തമായൊരു ഇമാറത്ത് പ്രഖ്യാപിക്കുകയും മൗസിൽ കേന്ദ്രീകരിച്ചുള്ള ഖിലാഫത്ത് പ്രഖ്യാപനം ശരിയല്ലെന്നും പ്രമാണങ്ങളിൽ പരാമർശിക്കപ്പെട്ട ശാം പ്രദേശത്ത് തങ്ങൾ സ്ഥാപിച്ച ഇമാറത്താണ് യഥാർത്ഥ വഴിയെന്നും വിശദീകരിച്ച് രംഗത്തു വന്നത് ആശയക്കുഴപ്പത്തിന്റെ ആഴം വർദ്ധിപ്പിച്ചു. ഇറാഖ്, സിറിയ പ്രദേശങ്ങളിൽ ഏകാധിപത്യ ഭരണം നിലനിർത്തുവാനുള്ള പോരാട്ടങ്ങളും അവ തകർക്കുവാനെന്ന പേരിൽ രൂപംകൊണ്ട അവിശുദ്ധ സഖ്യങ്ങളുടെ നീക്കങ്ങളുംമൂലം വേണ്ടത്ര സങ്കീർണ്ണമായിരിക്കെയാണ് ദൗലയുടെ ഖലീഫതന്നെ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർടുകൾ പുറത്തുവരുന്നത്.

ഖിലാഫത്ത്, ഇമാറത്ത്, ശാം വിമോചനം തുടങ്ങിയ മതകീയ രാഷ്ട്രീയ സാങ്കേതിക പദങ്ങളും, അവയുമായി ബന്ധപ്പെടുന്ന പ്രമാണങ്ങളിലെയും ചരിത്ര ഗ്രന്ഥങ്ങളിലെയും പരാമർശങ്ങളും മാർക്കറ്റ് ചെയ്തു ആധിപത്യത്തിന് ശ്രമിക്കുന്ന പുതിയ നീക്കങ്ങൾ, അവയെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവർ, തകർക്കാൻ അണിനിരന്നവർ ഇസ്ലാമിക് സ്റ്റേറ്റിനെ തകർക്കുവാനെന്ന പേരിൽ രൂപംകൊണ്ട അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം, സിറിയൻ ഏകാധിപതി ബശ്ശാർ അൽ അസദിനെ എവ്വിധേനയും താങ്ങി നിർത്തുവാൻ പ്രതിജ്ഞാബദ്ധമായ ഇറാൻ-ഹിസ്ബുല്ല അച്ചുതണ്ട്, ആധിപത്യം മേഖലയിൽ പുനഃസ്ഥാപിക്കുന്നതോടൊപ്പം പുതിയ ആയുധങ്ങൾ പരീക്ഷിക്കാൻ വില കുറഞ്ഞ മനുഷ്യരെ തേടിവന്ന റഷ്യൻ കരടിക്കൂട്ടം, ഇസ്ലാമിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവർ സ്വന്തം താൽപര്യങ്ങൾക്കായി ഇസ്ലാം പേരുകൾ ഒട്ടിച്ചു ഇറക്കിയിട്ടുള്ള പ്രത്യേക സൈനികവ്യൂഹങ്ങൾ, സാമ്രാജ്യത്വം നൽകിയ സ്വതന്ത്ര രാജ്യമെന്ന വ്യാമോഹത്തിൽ വീണ കുർദുകൾ.. തുടങ്ങി കളത്തിൽ നിരന്ന എല്ലാവരും അവരവരുടെ ആധിപത്യത്തിന് വേണ്ടിയുള്ള ചോരക്കളിയിലാണ്. ഖിലാഫത്തിലോ ഇമാറത്തിലോ അവ രണ്ടിനെയും രക്ഷിക്കുവാനോ ശിക്ഷിക്കുവാനോ തകർക്കുവാനോ വന്ന വിവിധ സൈന്യങ്ങളുടെ സാന്നിധ്യത്തിലോ പൊറുതി കിട്ടാതെ ജനങ്ങൾ മരിച്ചുവീണുകൊണ്ടിരിക്കുകയും ദശ ലക്ഷങ്ങൾ സിറിയൻ, ഇറാഖി അതിർത്തികൾ വിട്ടോടി കരയും കടലും കടന്നു രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നത് തുടരുന്നു.

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം അറബ് ലോകത്തെ സലഫി പോരാട്ട സംഘങ്ങൾക്കിടെ ആശയതലത്തിലും പ്രവർത്തനതലത്തിലുമുണ്ടായ ഭിന്നതകളാണ് ഒരു കൂട്ടരുടെ ഖിലാഫത്ത് പ്രഖ്യാപനത്തിനും മറുകൂട്ടരുടെ ഇമറാത്ത് പ്രഖ്യാപനത്തിനും പിന്നിൽ. ഇത്തരം കാൽപനിക രാഷ്ട്രീയ പരികൽപനകളോട് മുസ്ലിം ലോകം പുലർത്തുന്ന വൈകാരികതയെ ഏറ്റവും സമർത്ഥമായി ചൂഷണം ചെയ്യുന്നതിൽ നവീന സാമ്രാജ്യത്വങ്ങളുടെ ഇടപെടലുകളും മേഖലയിലെ സംഭവ വികാസങ്ങളിൽ വ്യക്തമാണ്. ഇത്തരം മുന്നേറ്റങ്ങളുടെ ഉത്ഭവവും വളർച്ചയും താൽപര്യങ്ങളും വസ്തുനിഷ്ടമായി അപഗ്രഥിക്കുന്ന പഠനങ്ങൾ ഇനിയും പുറത്തു വന്നിട്ടു വേണം. പടിഞ്ഞാറൻ മാധ്യമങ്ങളുടെ നിർമിതികളിൽ ഒട്ടും വിശ്വാസം അർപ്പിച്ചുകൂടാ. പോരാട്ട സംഘങ്ങളുടെ പേരിൽ പ്രത്യക്ഷപ്പെടുന്ന അവകാശ വാദങ്ങളും ഏറ്റെടുക്കലുകളും പ്രഖ്യാപനങ്ങളുമെല്ലാം പുറത്തു വരുന്നത് പടിഞ്ഞാറൻ സംവിധാനങ്ങളിലൂടെതന്നെയാണ് എന്നതിനാൽ അവക്കും അതേ അവിശ്വസനീയത ബാധകമാണെന്നു പറയേണ്ടി വരുന്നു. അതേസമയം, അറബ് ലോകത്തെ ബദൽ മാധ്യമ സംരംഭങ്ങൾ അന്വേഷകർക്ക് മുമ്പിൽ ധാരാളം ഉറവിടങ്ങൾ തുറന്നിടുന്നുണ്ട്. പോരാട്ട മുഖങ്ങളിൽനിന്നുള്ള റിപ്പോർടുകൾ, ഇസ്ലാമിക മുന്നേറ്റങ്ങൾ നടത്തുന്ന പഠനങ്ങൾ, ഡോക്യുമെന്ററികൾ, ചിന്തകരുടെ നിരീക്ഷണങ്ങൾ, ദൃശ്യ മാധ്യമങ്ങളിലും അല്ലാതെയും പുറത്തുവന്ന അഭിമുഖങ്ങൾ തുടങ്ങിയ ഉറവിടങ്ങളെ ആധാരമാക്കിയാണ് ഇറാഖ്, സിറിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സംഭവങ്ങളെ അപഗ്രഥിക്കേണ്ടത്.

സർഖാവി മുതൽ ബഗ്ദാദി വരെ

സിറിയയിലെ റഖ്ഖ മുതൽ ഇറാഖിലെ ദയാലി വരെ നീളുന്ന വലിയൊരു സ്റ്റേറ്റ് ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ മൂലഘടകം രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ജോർദാൻ സ്വദേശിയായ അബൂ മുസ്അബ് സർഖാവി രൂപീകരിച്ച ഒരു ചെറു പോരാട്ട പ്രസ്ഥാനമാണ്. ജോർദാനിലെ സർഖാ പ്രദേശത്തുകാരനായ അഹമദ് ഫദീൽ ഖലായല എന്ന അബൂ മുസ്അബ് സർഖാവി തന്റെ നിർബന്ധിത സൈനിക സേവന കാലയളവിലാണ് ചെറുത്തു നിൽപുമായി ബന്ധപ്പെടുന്നത്. ചെറുത്തു നിൽപു രംഗത്തെ പ്രമുഖ സലഫി പണ്ഡിതനായ അബൂ മുഹമ്മദ് അൽ മഖ്ദിസി (ആസിം ബിൻ മുഹമ്മദ്) പോലുള്ളവരായിരുന്നു സർഖാവിയുടെ പ്രചോദനം. 1980 കളിൽ അറബ് മുജാഹിദുകൾ അഫ്ഗാനിൽ നടത്തിയ റഷ്യൻ വിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കുന്നതിനു സർഖാവി അഫ്ഗാനിലെത്തിയപ്പോൾ അൽ മഖ്ദിസിയും അവിടെയുണ്ടായിരുന്നു. അഫ്ഗാനിൽ റഷ്യൻ അധിനിവേശത്തെ കെട്ടുകെട്ടിച്ച പോരാട്ടത്തിന്റെ ഏതാണ്ട് അന്ത്യത്തിലാണ് സർഖാവി അവിടെയെത്തുന്നത്. അഫ്ഗാനിലെ അറബ് മുജാഹിദുകൾക്കിടെ അതിനകംതന്നെ ഇഖ്വാനി (ബ്രദർഹുഡ്), സലഫി വേർതിരിവ് ശക്തമായിരുന്നു. അറബ് മുജാഹിദുകൾക്ക് നേതൃത്വം കൊടുത്ത ഇഖ്വാനി പാരമ്പര്യമുള്ള ഡോ അബ്ദുല്ല അസ്സാമിന്റെ നയനിലപാടുകളോട് വിയോജിച്ചിരുന്ന, ഈജിപ്തുകാരായ ചിലർ പോരാളികൾക്കിടയിൽ സലഫി ചിന്താഗതിക്കാരുടെ വേർതിരിവ് സൃഷ്ടിക്കുകയും ഡോ അസ്സാമിനൊപ്പം മുന്നണിയുടെ നേതൃനിരയിലുണ്ടായിരുന്ന ഉസാമ ബിൻ ലാദിൻ പോലുള്ളവരെ വേർപെടുത്തി സലഫി ആഭിമുഖ്യമുള്ള മറ്റൊരു മുന്നേറ്റത്തിനു ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. ഈ ശ്രമമാണ് പിന്നീട് തൻസീമുൽ ഖാഇദ എന്ന പേരിൽ ശക്തമായത്. സർഖാവി ഈ പക്ഷത്തോടാണ് ആഭിമുഖ്യം പുലർത്തിയത്. ഡോ അബ്ദുല്ല അസ്സാമിന്റെ മകൻ ഹുദൈഫ അസ്സാം ഇത് സംബന്ധമായ പഠനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

റഷ്യൻ പിൻവാങ്ങലിനു ശേഷം അഫ്ഗാനിലുണ്ടായ അഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അറബ് മുജാഹിദുകളിലധികവും അഫ്ഗാൻ വിട്ട് സ്വദേശങ്ങളിലേക്കോ മറ്റു അധിനിവിഷ്ട പ്രദേശങ്ങളിലേക്കോ പോവുകയും വിവിധ അധിനിവേശ വിരുദ്ധ ചെറുത്തുനിൽപുകളുടെ ഭാഗമാവുകയും ചെയ്തു. ചില അറബ് ഭരണ കൂടങ്ങൾ തിരിച്ചുവന്ന പോരാളികളെ തുറുങ്കിൽ അടച്ചിരുന്നു. ജോർദാനിൽ തിരിച്ചു വന്ന സർഖാവിയും അൽമഖ്ദിസിയും ചേർന്ന് 1993 ൽ 'ബൈഅതുൽ ഇമാം' എന്ന സംഘടനക്കു രൂപം നൽകി. ഇസ്രയേലിനോടുള്ള ജോർദാൻ ഭരണകൂടത്തിന്റെ ചങ്ങാത്തത്തെ എതിർത്തതിനെ തുടർന്ന് രാജ്യവിരുദ്ധമെന്ന ലേബലിൽ സംഘടന വേട്ടയാടപ്പെട്ടു, സർഖാവിയും അൽമഖ്ദിസിയും 15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. 1999 ൽ പുതിയ രാജാവ് അധികാരമേൽക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പൊതുമാപ്പിൽ മോചിതരായ ശേഷം സർഖാവി ജോർദാൻ വിട്ടു. അഫ്ഗാൻ-ഇറാൻ അതിർത്തിയിലെ ഹീറാത് പ്രദേശത്ത് കേന്ദ്രീകരിച്ചു സ്വന്തം പോരാട്ട സംഘം രൂപീകരിച്ചു. താലിബാൻ പ്രസ്ഥാനത്തിന്റെയോ അവിടെ അഭയം നൽകപ്പെട്ട ഉസാമ ബിൻ ലാദൻ നേതൃത്വം കൊടുക്കുന്ന തന്സീമുൽ ഖാഇദയുടെയോ ഭാഗമാകുവാൻ സർഖാവിയോട് സലഫി പോരാട്ട സൈദ്ധാന്തികരുടെ ഉപദേശമുണ്ടായിരുന്നെങ്കിലും അദ്ദേഹം സ്വന്തം വഴിയേ നീങ്ങി.

2001 സെപ്തംബർ 11 സംഭവങ്ങൾക്ക് ശേഷം അമേരിക്കൻ ആക്രമണത്തിനെതിരെ സംയുക്ത ചെറുത്തുനിൽപു ശക്തമാക്കുവാൻ അഫ്ഗാനിൽനിന്നുള്ള ആഹ്വാന പ്രകാരം സർഖാവി തന്റെ സംഘത്തോടൊപ്പം ഹീറാതിൽനിന്നും ഖണ്ടഹാറിൽ വന്നു. താലിബാൻ, അൽ ഖാഇദ നേതാക്കൾക്കൊപ്പം സർഖാവി പങ്കെടുത്ത യോഗം നടക്കുന്ന സ്ഥലത്ത് ഉണ്ടായ അമേരിക്കൻ ആക്രമണത്തിൽനിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് വിഭാഗങ്ങളുടെയും നേതാക്കൾ രക്ഷപ്പെട്ടത്. തുടർന്ന് അഫ്ഗാൻ വിട്ട സർഖാവി ഖുർദിസ്താൻ ഇറാഖിലെ ചെറുത്തുനിൽപ് നേതാവ് ദഗ്ലസിന്റെ സഹായത്തോടെ ഇറാഖിൽ ക്യാമ്പ് ചെയ്തു. ജോർദാനിൽതന്നെ തങ്ങിയ അബൂ മുഹമ്മദ് മഖ്ദിസിയുടെ ജംഇയ്യതുന്നൂർ സംഘത്തിലെ പ്രമുഖൻ അബൂ അനസ് അശ്ശാമി സർഖാവിയോടൊപ്പം ചേർന്ന ശേഷം അവരുടെ സംഘം 'ജമാഅതുത്തൗഹീദ് വൽ ജിഹാദ്' എന്ന പേരിൽ അറിയപ്പെട്ടു.

2003 ഏപ്രിലിൽ അമേരിക്കൻ അധിനിവേശത്തോടെ പ്രസിഡണ്ട് സദ്ദാം ഹുസൈൻ പുറത്തായ ശേഷമാണ് സർഖാവി മുന്നേറ്റത്തിന്റെ സാന്നിദ്ധ്യം ഇറാഖിൽ പ്രകടമാവുന്നത്. എന്നാൽ സർഖാവിയുടെ പോരാട്ടശൈലിയിൽ ഇറാഖിലെ വിവിധ ചെറുത്തു നിൽപ്സംഘങ്ങളും സർഖാവിയുടെ ഗുരു അൽ മഖ്ദിസിയടക്കമുള്ള സലഫി സൈദ്ധാന്തികരും വിയോജിച്ചു. ശിയാ വിഭാഗത്തെ ലക്ഷ്യം വെക്കുക, സാധാരണക്കാരായ വിദേശികളെ ലക്ഷ്യമിടുക, മേഖലയിൽ മുസ്ലിം അഡ്രസിൽ നിലനിൽക്കുന്ന ഭരണകൂടങ്ങളെ ലക്ഷ്യമിടുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു വിയോജിപ്പ്. മുസ്ലിം സമൂഹത്തിൽന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന വ്യക്തികളെയോ വിഭാഗങ്ങളെയോ ലക്ഷ്യമിടുന്നതും, പ്രാദേശിക ഭരണകൂടങ്ങളെയും അധിനിവേശത്തെയും ഒരേ സമയം ആക്രമിക്കുന്നതും സംബന്ധിച്ച് അൽ ഖാഇദ നേതൃത്വവും സർഖാവിയോട് വിയോജിച്ചു. എന്നാൽ തുടക്കത്തിൽ യാങ്കികൾക്ക് ശക്തമായ പ്രഹരമേൽപിക്കുന്നതിൽ വിജയിച്ച സർഖാവി സംഘം ചെറുത്തു നിൽപിന്റെ ശ്രദ്ധാ കേന്ദ്രമായി. അതോടെ, വിശദാംശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും അമേരിക്കൻ അധിനിവേശത്തെ ചെറുക്കുന്നതിൽ കൂടുതൽ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന അൽഖാഇദ നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ചു യോജിച്ചു പ്രവർത്തിക്കുവാൻ സർഖാവി തയാറായി. 2005 അവസാനത്തോടെ അദ്ദേഹത്തിന്റെ സംഘം 'തൻസീമുൽ ഖാഇദ ഫീ ബിലാദി റാഫിദൈൻ' (മേസോപോട്ടെമിയയിലെ അൽഖാഇദ) എന്നു പുനർ നാമകരണം ചെയ്യപ്പെട്ടു. 2006 ജൂണിൽ ബഗ്ദാദിലെ ഹിബ്ഹിബ് പ്രദേശത്തെ വീട്ടിൽ അമേരിക്കൻ ബോംബാക്രമണത്തിൽ സർഖാവി വധിക്കപ്പെട്ടു. അബുല്ലിവാ അൽ മസീരി എന്ന പേരിൽ സംഘത്തിൽ കടന്നുകൂടിയ സിഐഎ ചാരൻ ടോം ഡാനിയൽ ആയിരുന്നു സർഖാവിയുടെ താമസ കേന്ദ്രം ഒറ്റു കൊടുത്തതെന്ന് പറയപ്പെടുന്നു. ഇറാഖിൽ സർഖാവി സംഘത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട ശിയാ കേന്ദ്രങ്ങളിലെ ആക്രമണങ്ങൾക്കു പിന്നിൽ ഇത്തരം ചാരന്മാരുടെ ഇടപെടലുണ്ടായിരുന്നുവെന്ന് ചില പഠനങ്ങളുണ്ട്.

കേവലം അമേരിക്കൻ അധിനിവേശത്തെ ചെറുക്കുന്നതിനപ്പുറം ഇറാഖിൽ ഒരു രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കൽ സർഖാവി ലക്ഷ്യമിട്ടിരുന്നു. കൊല്ലപ്പെടുന്നതിനു രണ്ടു മാസങ്ങൾക്ക് മുമ്പ്, 2006 ഏപ്രിലിൽ, ഇറാഖ് കേന്ദ്രീകരിച്ചു ഒരു പുതിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കപ്പെടുമെന്നു സർഖാവി പ്രസ്താവിച്ചിരുന്നു. എന്നാൽ, ഉസാമ ബിൻ ലാദൻ അടങ്ങുന്ന അൽഖാഇദ നേതൃത്വം ഈ നീക്കത്തോട് യോജിച്ചില്ല. അമേരിക്കൻ അധിനിവേശത്തെ ചെറുക്കുന്നതിൽ വിജയിക്കാതെ ഒരു ഭരണകൂടം സ്ഥാപിക്കൽ അനുയോജ്യമല്ലെന്നായിരുന്നു അവരുടെ നിലപാട്. ഇറാഖ് ഘടകം പക്ഷേ ഈ എതിർപ്പ് മുഖവിലക്കെടുത്തില്ല. തങ്ങളുടെ നീക്കത്തെ സാധൂകരിക്കുന്ന സിദ്ധാന്തങ്ങളും അവർ രചിച്ചിരുന്നു.

2006 ഒക്ടോബറിൽ, സർഖാവിയുടെ മരണത്തെ തുടർന്ന് പിന്മുറക്കാരനായി വന്ന അബൂ അയൂബ് അൽ മിസ്രി, അബൂ ഉമർ അൽബഗ്ദാദിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ദൗലതുൽ ഇറാഖ് അൽ ഇസ്ലാമിയ്യ) പ്രഖ്യാപിച്ചു. ഇറാഖിലെ പോരാട്ട ഗ്രൂപ്പുകളുടെയും ജനതയുടെയും പിന്തുണ നേടുവാനാണ് ഒരു ഇറാഖിയുടെ നേതൃത്വമെന്ന തന്ത്രം സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്ര നേതൃത്വവുമായുള്ള ഭിന്നത മൂർച്ഛിച്ച ഘട്ടത്തിൽ ഇറാഖിലെ അൽഖാഇദ പിരിച്ചു വിട്ടുവെന്നും അതിലെ നേതൃത്വം ഇപ്പോൾ 'മജ്ലിസു ശൂറാ അൽ മുജാഹിദീൻ' എന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതൃനിരയുടെ ഭാഗവും പടയാളികൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭടന്മാരുമാണെന്ന് ദൗല പ്രഖ്യാപിച്ചതോടെ കേന്ദ്ര നേതൃത്വത്തെ അംഗീകരിക്കുന്നവരും ദൗലയെ അംഗീകരിക്കുന്നവരും തമ്മിലുള്ള ഭിന്നത ഇറാഖിൽ മൂർച്ഛിക്കുകയും അഭ്യന്തര സംഘട്ടനങ്ങൾ ഉടലെടുക്കുകയും ചെയ്തു.

ചെറുത്തു നിൽപിനകത്തുണ്ടായ ഭിന്നത അധിനിവേശശക്തികൾ മുതലെടുത്തു. 2007 ൽ ഇറാഖിലെ വിവിധ ഗോത്ര വർഗങ്ങളുടെ പോരാട്ട സംഘങ്ങളെ ആയുധങ്ങളും പണവും നൽകി 'അൽ സഹ്വ' എന്ന ബാനറിൽ ഏകീകരിച്ചു ചെറുത്തുനിൽപുകാർക്കെതിരെ അമേരിക്ക തിരിച്ചുവിട്ടു. ശക്തമായ കടന്നാക്രമണത്തിൽ അൻബാർ പ്രവിശ്യയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് പിൻവാങ്ങാൻ ഇസ്ലാമിക് സ്റ്റേറ്റ് നിർബന്ധിതമായി. എന്നാൽ, ഏതാനും മാസങ്ങൾക്കകം അവിചാരിതമായ പ്രത്യാക്രമണങ്ങളിലൂടെ ഗോത്ര സംഘങ്ങളെ ഒന്നൊന്നായി അടിച്ചൊതുക്കുന്നതിൽ അവർ വിജയിച്ചതോടെ സഹ്വ ദൗത്യം പരാജയപ്പെടുകയും ഗോത്ര സംഘങ്ങളിലെ ധാരാളം പോരാളികളും അവരുടെ അമേരിക്കൻ ആയുധങ്ങളും ദൗലയുടെ ഭാഗമാവുകയും ചെയ്തു.

2010 ഏപ്രിലിൽ സംഘടനാ ശൂറാ തലവൻ അബൂ അയൂബ് അൽ മിസ്രിയും ദൗലയുടെ (സ്റ്റേറ്റ്) തലവൻ അബൂ ഉമർ അൽബഗ്ദാദിയും അവരുടെ അതീവ രഹസ്യമായ ഉന്നതതല യോഗത്തിനിടെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഒന്നിച്ചു കൊല്ലപ്പെട്ടതിനു പിന്നിൽ ദുരൂഹതകൾ ആരോപിക്കപ്പെടുന്നുണ്ട്. തുടർന്നാണ് ഇപ്പോഴത്തെ നേതാവ് അബൂബകർ അൽബഗ്ദാദി സംഘത്തിന്റെ നേതൃത്വത്തിൽ വരുന്നത്.
ഇറാഖിലെ അധിനിവേശത്തിൽ ചവിട്ടിനിന്ന് മേഖല ഛിന്നഭിന്നമാക്കുവാനും ആധിപത്യം നിലനിർത്തുവാനും യുഎസ്സും സഖ്യകക്ഷികളും വിവിധ തന്ത്രങ്ങൾ പയറ്റിയത് സുവിദിതമാണ്. അധിനിവേശത്തിന്റെ ഉടനെ യുഎസ്സിന്റെ വൈസ്രോയ് പോൾ ബ്രമർ ചെയ്തത് ഇറാഖി സൈന്യത്തെ പിരിച്ചുവിടുകയാണ്. സദ്ദാം ഹുസൈനെയും അദ്ദേഹത്തിന്റെ അടുത്ത ആളുകളെയും ഇല്ലായ്മ ചെയ്യുകയോ ജയിലിൽ അടക്കുകയോ ചെയ്യുന്നതിലായിരുന്നു ബ്രമറുടെ ഭ്രമം. അധിനിവേശ വിരുദ്ധരായ ആരെയും പിടികൂടി പീഡിപ്പിക്കുവാൻ അബു ഗുറൈബ് പോലുള്ള തടവറകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം.

സുന്നി ശിയാ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു അസ്ഥിരത നില നിർത്തുക എന്നത് പ്രധാന തന്ത്രമായിരുന്നു. ശിയാ മേൽക്കോയ്മയുള്ള ഭരണകൂടവും അവരുടെ കൈകളിലൂടെ സുന്നികളെ അടിച്ചമർത്തലും ഒരു വശത്ത് നടപ്പിലാക്കി. അതിനായി സദ്ദാം ഭരണ കാലത്ത് വേട്ടയാടലിന് വിധേയമായ, സുന്നി വിരുദ്ധ ക്രൗര്യം കൂടിയ നൂറി അൽമാലികിയെ പ്രധാന മന്ത്രിയാക്കി. മുമ്പ് ഒളിവ് ജീവിതം നയിച്ചിരുന്ന അയാൾ കൃത്യമായും ഇറാൻ പ്രതിനിധിയായിരുന്നുവെന്നും അദ്ദേഹത്തെ നിയമിക്കുന്നതിൽ ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രത്യേക താൽപര്യം ഉണ്ടായിരുന്നുവെന്നും അന്നത്തെ ഇറാഖിലെ അമേരിക്കൻ അംബാസിഡർ സൽമയ് ഖലീൽസാദ് ഈയിടെ പുറത്തിറക്കിയ 'ഡിപ്ലോമസി' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ശിയാ പോരാട്ട ഗ്രൂപ്പുകളിൽപെട്ട മുഖ്തദ അൽസദർ ഗ്രൂപ്പിന്റെ ആളുകളെ ഉപയോഗിച്ച് 2006 ൽ ബലിപെരുന്നാൾ ദിനത്തിൽ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത് ആ നീക്കത്തിന്റെ ഭാഗമായിട്ടാണ്. മറുവശത്ത് സുന്നി പോരാട്ട ഗ്രൂപ്പുകളിൽ ചാരന്മാരെ നിയോഗിച്ചു ശിയാ കേന്ദ്രങ്ങൾക്കെതിരെ ആക്രമങ്ങൾ നടപ്പാക്കുന്നതും യാങ്കീ തന്ത്രമായിരുന്നു. സർഖാവി വിഭാഗത്തിന്റെ കടുത്ത ശിയാ വിരോധം അതിനു സഹായകമായി.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വളർച്ചയിൽ ബുക്ക ക്യാമ്പ് എന്ന അമേരിക്കൻ ജയിൽ പങ്കു വഹിച്ചിരിക്കാനുള്ള സാധ്യത അൽജസീറ നെറ്റ്വർക്ക് പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെന്ററി ചർച്ച ചെയ്യുന്നുണ്ട്. അധിനിവിഷ്ട ഇറാഖിൽ മാലികി ഭരണകൂടത്തിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മുവഫിക് അൽ റുബാലി, 2007-08 കാലത്ത് ക്യാമ്പ് ബുക്കയുടെ ചുമതലയുണ്ടായിരുന്ന അമേരിക്കൻ ക്യാപ്റ്റൻ മിഷൽ ഗ്രേ, അന്നത്തെ ഇറാഖിലെ യുഎസ് ഉപദേഷ്ടാവ് അലി ഖുദൈരി തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചയിൽ ഇറാഖ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഗൗരവതരമായ ചില ആരോപണങ്ങൾ ഉയർത്തുന്നു. ഇറാഖിലെ അധിനിവേശത്തിന്റെ തുടക്കത്തിൽ കുവൈത്ത് അതിർത്തിയോട് ചേർന്ന ഉമ്മു ഖസ്ര് പ്രദേശത്ത് അമേരിക്ക സ്ഥാപിച്ച ക്യാമ്പ് ബുക്കയിൽ ബഅസ് ഉന്മൂലനം അതിജീവിച്ച ബഅസ് പാർടിയിൽ പെട്ടവരും ചെറുത്തു നിൽപു സംഘങ്ങളിൽനിന്ന് പിടികൂടിയവരുമായിരുന്നു ഭൂരിഭാഗം അന്തേവാസികൾ. 2004 ൽ അബു ഗുറൈബ് ജയിൽ പീഡന കഥകൾ പുറത്തായ ശേഷം അവിടത്തെ അന്തേവാസികളെയും ബുക്കയിലേക്ക് മാറ്റിയിരുന്നു. 2003 ൽ തുടങ്ങി 2009 വരെ നിലനിന്ന ഈ ക്യാമ്പിൽ പാവ സർക്കാരിന്റെ എതിർപ്പ് അവഗണിച്ചു സുന്നി, ശിയാ വിഭാഗങ്ങളെ പ്രത്യേകം പ്രത്യേകം വേർതിരിച്ചു പാർപ്പിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട തങ്ങളുടെ നേതൃനിരയിലെ അബൂബക്കർ അൽ ബഗ്ദാദി അടക്കമുള്ള 27 പേരെങ്കിലും ഒരേ സമയം ക്യാമ്പ് ബുക്കയിലെ അന്തേ വാസികളായിരുന്നു. പുറത്തുനിന്ന് വരുന്ന മതപണ്ഡിതരും പരിശീലകരും അന്തേവാസികളിലെ പ്രമുഖരും വിവിധ പഠന ക്ലാസുകളും പരിശീലനങ്ങളും അമേരിക്കൻ ജയിൽ ഗാർഡുകളുടെ സാന്നിധ്യത്തിൽ ബുക്ക ക്യാമ്പിൽ നൽകിയിരുന്നുവെന്ന് അൽറുബാലി ആരോപിക്കുന്നു. ഇതിന്റെ ഭവിഷ്യത്ത് തങ്ങൾ ആവർത്തിച്ചു ഉണർത്തിയിട്ടും അമേരിക്കൻ അധികൃതർ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, ഇറാഖ് സർക്കാരിന്റെ എതിർപ്പ് അവഗണിച്ചു ക്യാമ്പിലെ അന്തേവാസികളെ 2006 അവസാനത്തോടെ പടിപടിയായി തുറന്നു വിടുകയും ചെയ്തു. അങ്ങനെ പോവുന്നു മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പരാതികൾ.

ബുക്ക ക്യാമ്പ് അന്തേവാസികൾക്കിടയിൽ അമേരിക്കക്കാരായ ജയിൽ അധികൃതർ തന്നെയാണ് അബൂബക്കർ അൽ ബഗ്ദാദിയെ നേതാവാക്കി അവതരിപ്പിച്ചതെന്നും മിഷൽ ഗ്രേ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നു. മിഷൽ ഗ്രേ അദ്ദേഹത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. അമേരിക്കൻ ഭടന്മാർക്കെതിരെ നടന്ന ഒരു ആക്രമണ കേസിൽ പിടിക്കപ്പെട്ടയാളാണ് അൽ ബഗ്ദാദി. നല്ലൊരു മധ്യസ്ഥനും മതകാര്യങ്ങളിൽ അറിവുമുള്ള അദ്ദേഹം പ്രവാചകന്റെ ഗോത്രത്തിൽ പെട്ടയാളായത്കൊണ്ട് നല്ലൊരു സെലക്ഷൻ തന്നെയായിരുന്നു.'ഖിലാഫത്തിന്റെ അർഹത സംബന്ധമായി ചിലർ ഉന്നയിക്കാറുള്ള ഒരു പ്രവാചക വചനത്തിലെ പരാമാർശത്തിലാണ് മിഷൽ ഗ്രേ ഊന്നുന്നത്. 2004 ൽ അബൂ ഗുരൈബിൽ നിന്നും മറ്റു തടവുകാരോടൊപ്പം ക്യാമ്പ് ബുക്കയിലേക്ക് മാറ്റപ്പെട്ട അൽ ബഗ്ദാദി എന്നാണു ക്യാമ്പ് ബുക്ക വിട്ട് പുറത്തിറങ്ങിയത് എന്നതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാൽ അൽ ബഗ്ദാദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന മിഷൽ ഗ്രേ ക്യാമ്പ് ചുമതല വഹിച്ചിരുന്നത് 2007-2008 കാലത്തായിരുന്നു.
അൽ ബഗ്ദാദി ക്യാമ്പ് ബുക്കയിൽനിന്ന് പുറത്തുവന്നു വീണ്ടും സജീവമായ ശേഷമാണ് സർഖാവിയുടെ പിന്മുറക്കാരായിരുന്ന ദൗല നേതാക്കൾ അബൂ അയ്യൂബ് അൽ മിസ്രി, അബൂ ഉമർ അൽ ബഗ്ദാദി എന്നിവർ ഒന്നിച്ചു കൊല്ലപ്പെടുന്നതും തുടർന്ന് അൽബഗ്ദാദി സംഘത്തിന്റെ നേതൃത്വത്തിൽ വരുന്നതും. ബുക്ക ക്യാമ്പ് പരിശീലനം തൻസീമുദ്ദൗലയെ ഏതുവിധം സ്വാധീനിച്ചു എന്നത് വ്യക്തമല്ല. അഭ്യന്തര അസ്ഥിരത നിലനിർത്തുവാൻ യുഎസ് ഇത്തരമൊരു കുതന്ത്രത്തിന് ശ്രമിച്ചിരിക്കാം. അതേസമയം പോരാട്ട സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിന് ശത്രുക്കളെ ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതയുമുണ്ട്. അത് അധിനിവേശം ആഗ്രഹിച്ച രീതിയിൽ തന്നെയാവണമെന്നില്ല. തൻസീമുദ്ദൗല സംബന്ധമായ വിവരങ്ങൾ പുറത്തു വിടുന്ന അമേരിക്കൻ മാധ്യമങ്ങളെല്ലാം ബുക്ക ക്യാമ്പിനെ കുറിച്ച് മൗനം പാലിക്കുന്നത് അങ്ങനെ കുതന്ത്രങ്ങൾ പിഴച്ചത് മൂലമാകാം.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വളർച്ച സംബന്ധമായി ജോർദാനിലെ ഹസൻ അബൂ ഹനിയ്യ, ഡോ മുഹമ്മദ് അബൂ റമ്മാൻ എന്നീ രണ്ടു നിരീക്ഷകർ ചേർന്ന് രചിച്ച 'തൻസീമുദ്ദൗലതിൽ ഇസ്ലാമിയ്യ' എന്ന അക്കാദമിക സ്വഭാവമുള്ള അറബി ഗ്രന്ഥം, ഇറാഖിലെ സദ്ദാം ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ബഅസ് പാർട്ടി നേതാക്കൾ ഖിലാഫത്തിന്റെ ഭാഗമായതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
അബൂബകർ അൽ ബഗ്ദാദിയെപോലുള്ള ചെറുത്തു നിൽപ് നേതൃത്വത്തെ പ്രതീകാത്മകമായി ഉയർത്തിപ്പിടിക്കുമ്പോൾതന്നെ സ്റ്റേറ്റ് രൂപീകരണ, വ്യാപന സംബന്ധമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും മുൻ സദ്ദാം ഭരണകൂടത്തിലെ ഉന്നതരായിരുന്നുവെന്നു പഠനം പറയുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ മോശമല്ലാത്ത സിവിൽ ഭരണം സാധ്യമാക്കുന്നതിലും ഇവരുടെ മുൻപരിചയം തൻസീമുദ്ദൗലക്ക് പ്രയോജനപ്പെട്ടിരിക്കാമെന്നും പുസ്തകം നിരീക്ഷിക്കുന്നു. പുസ്തകത്തിന്റെ അനുബന്ധത്തിൽ കൊടുത്ത ഇസ്ലാമിക് സ്റ്റേറ്റ് നേതൃത്വത്തിലെ 16 പ്രധാനികളിൽ എട്ടു പേരും മുൻ സദ്ദാം ഭരണകൂടത്തിന്റെ ഭാഗമായിരുന്നുവെന്ന് കാണാം. മറ്റു പോരാട്ട സംഘങ്ങളുമായി രഞ്ജിപ്പിലെത്താതെ ദൗല വേറിട്ടുതന്നെ ആധിപത്യം പുലർത്തണമെന്നത് അവരുടെ താൽപാര്യമാണെന്നും ഈ പഠനത്തിലുണ്ട്.

ക്യാമ്പ് ബുക്കയിലുണ്ടായിരുന്ന തൻസീമുദ്ദൗല നേതൃത്വത്തിലെ ഒരു പ്രധാനിയാണ് 2014 ജനുവരിയിൽ സിറിയയിലെ അലപ്പൊ പ്രവിശ്യയിൽ അന്നുസ്റ അധീനതയിലുള്ള 'തെല്ലുറിഫാത്' മേഖലയിലെ അർതാബ് പട്ടണത്തിൽ വച്ച് കൊല്ലപ്പെട്ട 'നിഴലിലെ നേതാവ്' എന്നറിയപ്പെട്ടിരുന്ന ഹജി ബകർ. തെല്ലുറിഫാത് പ്രദേശത്തിന്റെ ആധിപത്യത്തിനായി ദൗലയും അന്നുസ്റയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഹജി ബകർ താമസിച്ച വീട് ദൗർഭാഗ്യവശാൽ അന്നുസ്റയുടെ അധീന പ്രദേശത്തായി. പരിസരവാസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 'ദാഇശി ശെയ്ഖ്' താമസിക്കുന്ന വീട് വളഞ്ഞ അന്നുസ്റ പോരാളികൾ ഏറ്റുമുട്ടലിലൂടെ അദ്ദേഹത്തെ വധിച്ചതിനു ശേഷമാണ് കക്ഷി ആരായിരുന്നുവെന്ന് തിരിച്ചറിയുന്നത്.

സദ്ദാം ഹുസൈൻ ഭരണത്തിൽ ഇറാഖ് വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗംതലവനായിരുന്ന സാമിർ അബൂമുഹമ്മദ് അൽഖിൽഫാവിയാണ് യഥാർത്ഥത്തിൽ ഹജി ബകർ. ബഅസ്-കമ്യൂണിസ്റ്റ് ആശയക്കാരനായിരുന്ന ഇദ്ദേഹം അധിനിവേശത്തെ തുടർന്ന് സർഖാവി സംഘത്തോടൊപ്പം ചേർന്നുവെന്നു കരുതപ്പെടുന്നു. സദ്ദാം ഹുസൈന്റെ തകർച്ചയോടെ ബഅസിസ്റ്റ്കളിൽ പലരും അധിനിവേശ വിരുദ്ധ ചെറുത്തുനിൽപു സംഘങ്ങളിൽ ചേക്കേറിയിരുന്നു. ക്യാമ്പ് ബുക്ക ജയിൽ വാസത്തിനു ശേഷം സിറിയയിൽ താവളമുറപ്പിച്ച ഇദ്ദേഹമാണ് സിറിയയിലെ റഖ്ഖ മുതൽ ഇറാഖിലെ ദയാലി വരെ നീളുന്ന ഖിലാഫതിന്റെ ഭൂപടം മുതൽ നടപ്പാക്കൽ പദ്ധതിയുടെ വിശദാംശങ്ങൾവരെ തയ്യാറാക്കിയതെന്നു അന്നുസ്റ വിഭാഗം പുറത്തുവിട്ട രേഖകൾ ഉദ്ധരിച്ചു ജർമ്മൻ ഓൺലൈൻ സ്പീഗിസെർ വ്യക്തമാക്കുന്നു. പദ്ധതി പ്രകാരമുള്ള ഖിലാഫത്ത് യാഥാർത്ഥ്യമാവും മുമ്പ് ഇദ്ദേഹം കൊല്ലപ്പെട്ടുവെങ്കിലും കൃത്യമായും അദ്ദേഹത്തിന്റെ പദ്ധതിയാണ് നടപ്പിലായത്. സിറിയയിൽ ശക്തമായി താവളമുറപ്പിച്ച ശേഷം ഇറാഖിലേക്ക് നീങ്ങുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന സ്ട്രാറ്റജി. ബിലാദുശാമിൽനിന്ന് ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന്റെ പ്രചരണ സാധ്യത ഒരു കൃത്യമായ കണക്കു കൂട്ടലായിരുന്നു. അസദ് ഭരണകൂടത്തിന്റെ എല്ലാ ഞരമ്പുകളും വശമുള്ള ഇദ്ദേഹംതന്നെയാണ് റഖ്ഖയിലെ സിറിയൻ സൈനിക ക്യാമ്പ് ഇസ്ലാമിക് സ്റ്റേറ്റ്ന് തൽക്കാലം വിട്ടുകിട്ടുന്നതിനും പിന്നീട് സിറിയൻ സൈന്യത്തെ തുരത്തി ക്യാമ്പ് സ്വന്തമാക്കുന്നതിലും പ്രവർത്തിച്ച ബുദ്ധി. റഖ്ഖ, ദേരിസോർ തുടങ്ങിയ എണ്ണ സമ്പുഷ്ട പ്രദേശങ്ങളിൽ ശക്തമായ ആധിപത്യമുറപ്പിക്കുന്നതിനു പിന്നിലും ഇദ്ദേഹത്തെപോലുള്ളവരുടെ ബുദ്ധിയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഹജി ബകറിനൊപ്പം ഉണ്ടായിരുന്ന ഭാര്യയും ചെറിയ കുട്ടിയും അന്നുസ്റയുടെ തടവിലായിരുന്നു. ഇറാഖിലെ കുർദ് മേഖലയിൽനിന്നും ദൗല പിടികൂടിയ ഏതാനും തുർക്കി പട്ടാളക്കാരെ 2015 ൽ മോചിപ്പിച്ചത് അന്നുസ്റയുടെ തടവിലുള്ള ഹജി ബകർ കുടുംബത്തിനു പകരമായിരുന്നുവെന്ന് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൻസീമുദ്ദൗലയുടെ ഇറാഖിലെ ഖിലാഫത്ത് യഥാർത്ഥത്തിൽ മുൻ ബാത്തിസ്റ്റ്കളുടെ മറ്റൊരു തിരിച്ചു വരവാണെന്ന് മുൻ തുനീസ്യൻ പ്രസിഡണ്ടും അറബ് സോഷ്യലിസ്റ്റ് ചിന്തകനുമായ മുൻസിഫ് അൽ മർസൂഖി നിരീക്ഷിക്കുന്നത് ഇതോടു ചേർത്തു വായിക്കാം.
സ്വന്തം നിലനിൽപിന്വേണ്ടി ചെറുത്തു നിൽപ്സംഘങ്ങളെ സമർത്ഥമായി ചൂഷണം ചെയ്തതിൽ അതിമിടുക്കരാണ് സിറിയയിലെ അസദ് ഭരണകൂടം. ഫലസ്തീൻ ചെറുത്തു നിൽപു നേതൃത്വങ്ങൾക്ക് അഭയമേകി അന്താരാഷ്ട്രതലത്തിൽ കീർത്തി നേടുന്ന അതേ ഭരണകൂടം സിറിയയിലെ ഇസ്ലാമിക മുന്നേറ്റങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു.

അതേസമയം, അസദ് ഭരണകൂടത്തെ നുസൈരി, റാഫിദി, കുഫ്ര് ഭരണകൂടം എന്നൊക്കെ പേരിട്ടു അവർക്കെതിരെയുള്ള പോരാട്ട ആഹ്വാനങ്ങൾ ദൗലയുടെ സാഹിത്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. എന്നാൽ, പ്രായോഗിക തലത്തിൽ നിലനിൽപിന്വേണ്ടി പരസ്പരം ചില നീക്കുപോക്കുകൾ ഇരു കൂട്ടർക്കുമിടയിൽ നടക്കുന്നുവെന്നു സിറിയൻ സംഘർഷത്തിൽ കക്ഷികളായവർ വ്യാപകമായി ആരോപിക്കാറുണ്ട്. സിറിയയിൽനിന്ന് ഭരണ കൂടത്തിന്റെ അറിവോടെയും സിറിയൻ സൈന്യത്തിന്റെ സഹായത്തോടെയും ധാരാളം പോരാളികൾ അധിനിവേശ കാലത്ത് ഇറാഖിലേക്ക് ഒഴുകിയിരുന്നു. ഇത് തടയുവാൻ സർക്കാർ തലത്തിൽ നടന്ന ഇടപെടലുകൾ അസദ് സർക്കാരിന്റെ നിസ്സഹകരണം നിമിത്തം വിഫലമായിരുന്നുവെന്ന് മേൽ സൂചിപ്പിച്ച ഡോക്യുമെന്ററിയിൽ ഇറാഖ് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അൽ റുബാലി പറയുന്നുണ്ട്. അഫ്ഗാനിൽനിന്നു തിരിച്ചു വന്നപ്പോൾ അസദ് ഭരണകൂടം പിടികൂടി ജയിലിൽ അടച്ചവരായിരുന്നു ഇവരിലധികവും. ഇറാഖിനെ തുടർന്ന് സിറിയ ആക്രമിക്കുവാനുള്ള അമേരിക്കൻ ശ്രമം തടയുവാനുള്ള അസദ് ഭരണകൂടത്തിന്റെ ഒരു തന്ത്രമായിരുന്നു ഇറാഖിലെ ഈ തുറന്നുവിടലെന്നു നിരീക്ഷിക്കപ്പെടുന്നു. 2009 ഓടെ സിറിയയിലേക്ക് തിരിച്ചുവരികയായിരുന്ന ഈ പോരാളികളെ അതിർത്തിയിൽവച്ച് വീണ്ടും പിടികൂടി തടവിലിട്ടത് അക്കാലത്ത് വാർത്തയായിരുന്നു. 2011 ൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായപ്പോൾ 'ഭരണ പരിഷ്‌കാരങ്ങളുടെ' മറവിൽ അസദ് ഭരണകൂടം ജയിലുകളിലുണ്ടായിരുന്ന പോരാളികളെ തുറന്നുവിട്ടത് ജനകീയ വിപ്ലവത്തെ ദുർബലമാക്കാനായിരുന്നുവെന്നു സിറിയൻ പ്രതിപക്ഷം ആരോപിക്കാറുണ്ട്.

അസദ് ഭരണകൂടവും തൻസീമുദ്ദൗലയും പരസ്പരം ആരോപണം ഉന്നയിക്കുമെങ്കിലും ഈയടുത്ത മാസങ്ങൾവരെ ഇരുവർക്കുമിടയിൽ നേർക്കുനേർ പോരാട്ടം നടന്നിരുന്നില്ല. റഷ്യൻ സൈന്യം അസദ് ഭരണകൂടത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിലും യഥാർത്ഥത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിടാറില്ലെന്നും തങ്ങളെയാണ് ആക്രമിക്കുന്നതെന്നുമാണ് ജൈശുൽ ഫതഹ്പോലുള്ള പോരാട്ട സംഘങ്ങളുടെ പക്ഷം. അതേസമയം വാർത്തകൾ സൃഷ്ടിക്കുന്ന ഒത്തുകളികൾ നടക്കുകയും ചെയ്യുന്നു. ഒരു വർഷം മുമ്പ് പ്രസിദ്ധമായ പാൾമീര പൈതൃക നഗരം ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കുകയും ഏതാനും മാസങ്ങൾക്ക് മുമ്പ് റഷ്യൻ സഹായത്തോടെ അസദ് ഭരണകൂടം അത് തിരിച്ചുപിടിക്കുകയും ചെയ്തത് ഇത്തരമൊരു നാടകമായിരുന്നുവെന്നുള്ള വാദം സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നഗരം തൻസീമുദ്ദൗല കയ്യേറിയ യുദ്ധത്തിൽ ഒരൊറ്റ സിറിയൻ പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നില്ല. അഥവാ, ദൗല അവിടെയെത്തും മുമ്പ് സർക്കാർസൈന്യം അവിടുന്ന് പിൻവാങ്ങിയിരുന്നു. കയ്യടക്കിയ ശേഷം പ്രസിദ്ധമായ പാൾമീര ഓപൺ തിയേറ്ററിൽ ദൗല വധിച്ച ഏതാനും അസദ് പട്ടാളക്കാർ യഥാർത്ഥത്തിൽ സർക്കാരിന്വേണ്ടി പൊരുതുന്ന സായുധ സംഘത്തിൽപെട്ട ഇറാൻ, അഫ്ഗാൻ, പാകിസ്താൻ വംശജരായിരുന്നുവെന്ന് റിപോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് പാൾമീര തിരിച്ചു പിടിച്ചു യഥാർത്ഥ ഭീകര വിരുദ്ധ പോരാളിയായി അസദ് പ്രത്യക്ഷപ്പെട്ടത് ജനീവ സംഭാഷണങ്ങളിൽ ഭരണകൂടത്തിനു കളിക്കാൻ പറ്റിയ നല്ലൊരു കാർഡായി മാറി. റഷ്യൻ, സിറിയൻ സൈന്യങ്ങൾ പാൾമീരയിലെത്തും മുമ്പ് തൻസീമുദ്ദൗല അവിടുന്ന് പിൻവാങ്ങിയിരുന്നത് വലിയ വാർത്തയായില്ല. തൻസീമുദ്ദൗല പാൾമീര കൈവശപ്പെടുത്തിയപ്പോൾ അസദ് ഭരണകൂടത്തിന്റെ കൊടും പീഡനകേന്ദ്രമായ തദ്മുർ ജയിൽ തകർത്ത് കളഞ്ഞത് ഇരുകൂട്ടർക്കും ഇടയിലുള്ള ധാരണയായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഭരണകൂട വിരുദ്ധരെയും ഇസ്ലാമിക പ്രവർത്തകരെയും ഇഖ്വാൻ ബന്ധം ആരോപിച്ചു പിടികൂടി ഇല്ലാതാക്കുന്നതിനു ഹാഫിസ് അൽ അസദിന്റെ കാലം മുതൽ ഭരണകൂടം ഉപയോഗിച്ചിരുന്നത് തദ്മുർ ജയിലായിരുന്നു.

സിറിയയിലെയും ഇറാഖിലെയും പ്രധാന എണ്ണ നിക്ഷേപങ്ങൾ കയ്യടക്കിയ തൻസീമുദ്ദൗലയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നവരിൽ പ്രധാനി അസദ് ഭരണകൂടമാണ് എന്നതും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. അസദ് ഭരണകൂടവുമായുള്ള ഇത്തരം നീക്കങ്ങൾ തൻസീമുദ്ദൗലയുടെ പോരാട്ട തന്ത്രങ്ങളുടെ ഭാഗമായിരിക്കാം. അതേയവസരം പുതുതായി നടക്കുന്ന നീക്കങ്ങളിൽ സർക്കാർ അധീനതയിലുള്ള പ്രദേശങ്ങളിൽ ദൗലയുടെ ആക്രമണം നടക്കുന്നതായി റിപോർട്ടുകൾ വരുന്നു. ആധിപത്യത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിൽ നീക്കുപോക്കുകൾ താൽക്കാലികം മാത്രമാണല്ലോ.
ബിലാദുശാം പ്രദേശത്ത് ഒരു യഥാർത്ഥ ഇസ്ലാമിക ഖിലാഫത്ത് വന്നാൽ ഏറ്റവുമധികം മുട്ടു വിറക്കേണ്ടത് ശാം പ്രദേശങ്ങളുടെ കേന്ദ്രമായി പ്രമാണങ്ങൾ സൂചിപ്പിക്കുന്ന മസ്ജിദ�