നടൻ ദിലീപിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവനം’ പദ്ധതിക്ക് ചിങ്ങം ഒന്നിന് തുടക്കം

ദിലീപിനൊപ്പം കേരള ആക്ഷന്‍ ഫോഴ്സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും പദ്ധതിയുടെ ഭാഗമാകുന്നു

നടൻ ദിലീപിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവനം’ പദ്ധതിക്ക് ചിങ്ങം ഒന്നിന് തുടക്കം

ആലുവ: നടൻ ദിലീപിന്റെ നേതൃത്വത്തിൽ കേരള ആക്ഷന്‍ ഫോഴ്സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും ഭാഗമാകുന്ന ‘സുരക്ഷിത ഭവനം’ പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ രൂപരേഖ തയാറായി. ചിങ്ങം ഒന്നിന് ആലപ്പുഴ ജില്ലയിൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വാത്തികുളത്തു ആദ്യ വീടിന്‍റെ ശിലസ്ഥാപനം നടക്കുന്നു. ദിലീപ് തന്നെയാണ് ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നത്.

മരിച്ചു എന്ന് കരുതി മറവു ചെയ്യാന്‍ പോയ കുഞ്ഞിനു ജീവന്‍ ഉണ്ടെന്നു മനസ്സിലാക്കി എടുത്തു വളര്‍ത്തിയ ഇന്ദിരക്കാണ് ആദ്യ വീട് നല്‍കുന്നത്. ഇന്ദിരയുടെയും അവര്‍ ഏറ്റെടുത്തു വളര്‍ത്തിയ മകള്‍ കീര്‍ത്തിയുടെയും കഥ വായിച്ചറിഞ്ഞ ദിലീപ് ആക്‌ഷൻ ഫോഴ്സ് പ്രസിഡന്റ് ഡോ. ടോണി ഫെർണാണ്ടസും സെക്രട്ടറി ഡോ. സി.എം.ഹൈദരാലിയുമായി ആലോചിച്ച് വീടു പണിതു നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു കേരള ആക്‌ഷൻ ഫോഴ്സ് വൊളന്റിയർമാരും ദിലീപും ചേര്‍ന്ന് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഷൈല ലക്ഷ്മണൻ, പഞ്ചായത്തംഗം മോഹൻ എന്നിവരുമായി ചര്‍ച്ച നടത്തി സ്ഥലവും സന്ദര്‍ശിച്ച ശേഷമാണ് വീടിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. വീട്നിര്‍മ്മാണത്തില്‍ നാട്ടുകാര്‍ നല്‍കിയ സഹകരണസഹായങ്ങള്‍ക്ക് ദിലീപ് നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. മൂന്നു മാസങ്ങള്‍ക്കകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


430 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പദ്ധതിയിലെ വീടുകൾ. രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങിയ വീടുകള്‍ക്ക് അഞ്ചര ലക്ഷം രൂപയാണു നിർമാണ ചെലവ്. സ്കൂട്ടറിൽ സഞ്ചരിക്കവേ തണൽ മരം കടപുഴകി വീണു മരിച്ച ആലുവ സ്വദേശിയായ വർക്‌ഷോപ് ജീവനക്കാരൻ സുരേഷിന്റെ കുടുംബത്തിന് ആദ്യ വീടു നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇവർക്കു സ്വന്തം സ്ഥലമില്ല. സുരേഷിന്റെ കുടുംബത്തിനു മൂന്നു സെന്റ് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ റവന്യു മന്ത്രിക്കു നൽകിയ നിവേദനം കലക്ടർക്കു കൈമാറിയിട്ടുണ്ട്.പദ്ധതിയിൽ 1000 വീടുകളാണ് സൗജന്യമായി നിർമിച്ചു നൽകുന്നത്. രണ്ടു സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ളവരുടെ അപേക്ഷകളാണു ഭവന നിർമാണത്തിനു പരിഗണിക്കുക. അപേക്ഷകൾ തപാലിലും നേരിട്ടും സ്വീകരിക്കും. വിലാസം: കേരള ആക്‌ഷൻ ഫോഴ്സ്, അൻവർ മെമ്മോറിയൽ ആശുപത്രി, ആലുവ–683101.

Read More >>