ഉഡ്ത പഞ്ചാബിനെ മലര്‍ത്തിയടിച്ചു സുല്‍ത്താന്‍

2016ന്‍റെ ആദ്യ പകുതി അവസാനിക്കുന്ന ഈ വേളയില്‍ ബോളിവുഡ് കാത്തിരുന്ന ഒരു പിടി ചിത്രങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു.

ഉഡ്ത പഞ്ചാബിനെ മലര്‍ത്തിയടിച്ചു സുല്‍ത്താന്‍

2016ന്‍റെ ആദ്യ പകുതി അവസാനിക്കുന്ന ഈ വേളയില്‍ ബോളിവുഡ് കാത്തിരുന്ന ഒരു പിടി ചിത്രങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴി വച്ച ചിത്രങ്ങളും തീയറ്ററുകളില്‍ എത്തി. ഒട്ടുമിക്ക നല്ല ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ബോളിവുഡില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ മാറി മറിഞ്ഞു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ സുല്‍ത്താനാണ് 2016ല്‍ ഏറ്റവും അധികം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം. അലി അബ്ബാസ്‌ സഫര്‍അണിയിച്ചു ഒരുക്കിയ ചിത്രം ആദ്യ നാല് ദിവസം കൊണ്ട് തന്നെ 142 കോടി രൂപ നേടി കഴിഞ്ഞു. അക്ഷയ് കുമാര്‍ ചിത്രം എയര്‍ ലിഫ്റ്റ്‌ നേടിയ 127 കോടി രൂപയുടെ റെക്കോര്‍ഡാണ് സുല്‍ത്താന്‍ ഇപ്പോള്‍ മറി കടന്നിരിക്കുന്നത്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്ക് ഉള്ളില്‍ സുല്‍ത്താന്‍ 200 കോടി ക്ലബില്‍ എത്തുമെന്ന് സല്‍മാന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.


ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹൌസ്ഫുള്‍ 3യാണ് 100 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം. 107 കോടി രൂപയാണ് ഹൌസ്ഫുള്‍ 3 നേടിയത്.

ഏറെ വിവാദങ്ങള്‍ക്കും  കോലാഹലങ്ങള്‍ക്കും വഴി വച്ച ഉഡ്ത പഞ്ചാബിന് 59 കോടി രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സെന്‍സറിംഗ് വിവാദങ്ങളില്‍ പെടുകയും രാജ്യം മൊത്തം ആകാംഷയോടെ കാത്തിരിക്കുകയും ചെയ്ത ചിത്രത്തിന് തീയറ്ററുകളില്‍എത്തിയപ്പോള്‍ വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. റിലീസിന് മുന്‍പ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായതും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു.

ഈ വര്‍ഷം പുറത്തിറങ്ങിയ ഷാരുഖ് ഖാന്‍ ചിത്രം ഫാനിന് 100 കോടി ക്ലബില്‍ എത്താന്‍ സാധിച്ചില്ല. 85 കോടി മാത്രമാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍.