പരമ്പരാഗത സ്വര്‍ണാഭരണ നിര്‍മ്മാണം പ്രതിസന്ധിയില്‍; തമിഴ് വിശ്വകര്‍മ്മജര്‍ വറുതിയില്‍

1990 ല്‍ ഇന്ത്യ ഗാട്ട് കരാര്‍ ഒപ്പിട്ടതോടെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് എടുത്തു കളഞ്ഞു . അതോടെ പരമ്പരാഗതമായി സ്വര്‍ണപ്പണി നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു സമുദായത്തിന്റെ തന്നെ തകര്‍ച്ചയുടെ ആരംഭമായി .

പരമ്പരാഗത സ്വര്‍ണാഭരണ നിര്‍മ്മാണം പ്രതിസന്ധിയില്‍; തമിഴ് വിശ്വകര്‍മ്മജര്‍ വറുതിയില്‍

കോട്ടയം: പതിനഞ്ച് ലക്ഷത്തോളോം അംഗങ്ങളുള്ള തമിഴ് വിശ്വകര്‍മ്മജര്‍ ( വിശ്വ ബ്രാഹ്മണര്‍ ) കുലത്തൊഴിലായ സ്വര്‍ണാഭരണ നിര്‍മാണം മുന്നോട്ടു കൊണ്ട് പോകാനാവാതെ വര്‍ഷങ്ങളായി വലിയ പ്രതിസന്ധി നേരിടുകയാണ് . ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും അളവില്‍ കൂടുതല്‍ പ്രതിപത്തി കാട്ടാതിരുന്നതിന്റെ വില വലുതായിരുന്നെന്നു ഇന്നവര്‍ തിരിച്ചറിയുന്നു. കാരണം അവരുടെ പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കാനോ പരിഹാരം കാണാനോ ഒരു പ്രസ്ഥാനവും മുന്നോട്ടു വന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കോട്ടയം ജില്ലയില്‍ നിന്നു മാത്രം മറ്റു മാര്‍ഗങ്ങളില്ലാതെ ഈ തൊഴില്‍ ഉപേക്ഷിച്ചു കെട്ടിട നിര്‍മ്മാണ മേഖലയിലേക്കും പെയിന്റിങ് അടക്കമുള്ള ജോലികളിലേക്കും തിരിഞ്ഞവര്‍ 3000 നും മേലെ വരും.


ഏതാണ്ട് 450 വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിയ ഇവരുടെ പൂര്‍വികര്‍ വൈക്കം , കിടങ്ങൂര്‍ , തൊടുപുഴ , കുമാരനല്ലൂര്‍ , ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുകയും തൊഴില്‍ സംബന്ധമായി മറ്റു ദേശങ്ങളിലേക്കും മാറി വാസമുറപ്പിച്ചു തങ്ങളുടെ കുലത്തൊഴിലിന്റെ പ്രചാരകരായി .

1962 ലെ ഇന്ത്യ ചൈന യുദ്ധ വേളയില്‍ ജനുവരി 9 നു ആഭ്യന്തര സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ സ്വര്‍ണ നിയന്ത്രണ ചട്ടം ( GOLD CONTROL ACT ) ) പാസാക്കുന്നതിന് മുന്‍പ് സ്വര്‍ണം ആഭരണമാക്കുന്നതിനോ വില്‍ക്കുന്നതിനോ നിയന്ത്രണമുണ്ടായിരുന്നില്ല . ആക്ട് നിലവില്‍ വന്നതോടെ സ്വര്‍ണ വ്യാപാരം തടയുകയും അത് പിടിച്ചെടുത്തു സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയും ചെയ്തു . പിന്നീട് 1963 ഇല്‍ ഈ നിയമം ഭേദഗതി ചെയ്തു സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിനു കീഴില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് ഒരു രൂപയും ജ്വലറി തുടങ്ങുന്നതിനു നൂറു രൂപയും നിരക്കില്‍ ലൈസെന്‍സ് ഏര്‍പ്പെടുത്തി. അത് പിന്നീട് ഭേദഗതി ചെയ്തു

1990 ല്‍ ഇന്ത്യ ഗാട്ട് കരാര്‍ ഒപ്പിട്ടതോടെ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട് എടുത്തു കളഞ്ഞു . അതോടെ പരമ്പരാഗതമായി സ്വര്‍ണപ്പണി നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു സമുദായത്തിന്റെ തന്നെ തകര്‍ച്ചയുടെ ആരംഭമായി . സ്വര്‍ണം യഥേഷ്ടം വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിനും എവിടെയും നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും സാഹചര്യമുണ്ടായി.  ആഭരണമാക്കി ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയില്‍ ഇളവും ലഭിക്കും . ഇത്തരത്തില്‍ സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കോയമ്പത്തൂര്‍ , ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട നിര്‍മാണശാലകളില്‍ നിന്നും വരുന്ന ആഭരണങ്ങള്‍ കാരിയര്‍മാരുടെ സഹായത്തോടെ വിപണി വിലയിലും താഴ്ത്തി വന്‍കിടക്കാര്‍ക്ക് വില്‍ക്കുന്നു. ഇതില്‍ കൂടുതലും നികുതി അടക്കാതെ കൊണ്ടു വരുന്നതാണ് .ഇത്തരത്തില്‍ കടത്തിയ 8.5 കിലോ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പിടിച്ചെടുത്തത് ഇങ്ങനെ വില കുറച്ചു കിട്ടുമ്പോള്‍ പണിക്കൂലി സൗജന്യമായി നല്‍കാന്‍ വന്‍കിട ജ്വല്ലറികള്‍ക്കു കഴിയുന്നു . എന്നാല്‍ കട്ടി സ്വര്‍ണത്തിനു നികുതി ഇളവില്ലാത്തതിനാല്‍ അതു വാങ്ങി ഉരുക്കി ആഭരണമാക്കുന്ന ചെറുകിട ജ്വല്ലറിക്കാര്‍ക്കും പണിക്കാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.

gold

ഓരോ വര്‍ഷവും ശരാശരി ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 650 ടണ്‍ സ്വര്‍ണമാണ് . ഇതില്‍ 75 ടണ്ണും കേരളത്തിലാണ് വില്‍ക്കുന്നത് . 20000 കോടി രൂപയുടെ വ്യാപാരം. കേരള ജനതയുടെ സ്വര്‍ണ ഭ്രമം തന്നെ കാരണം. ഇതില്‍ 70 % കച്ചവടവും നടക്കുന്നത് 300 ഓളോം വരുന്ന വന്‍കിടക്കാരിലൂടെയാണ് കേരളത്തില്‍ അകെ 2500 നു മുകളി ജ്വല്ലറികള്‍ ഉണ്ടെന്നോര്‍ക്കണം . കോഴിക്കോട് കോട്ടപ്പള്ളിയിലെ ഗോള്‍ഡ് വില്ലേജില്‍ തന്നെ 100 ജ്വല്ലറി ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന ആര്‍ട്ടിസാന്‍ മന്ത്രാലയം കൈത്തൊഴിലുകള്‍ പരിപോഷിപ്പിക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട് . ഈ കേന്ദ്രങ്ങളില്‍ കയര്‍ കൈത്തറി , മണ്‍പാത്ര നിര്‍മാണം , കാര്‍പ്പെന്ററി അടക്കമുള്ള മേഖലകളില്‍ പരിശീലനം നല്‍കുന്നുണ്ട് . ഇത്തരം കേന്ദ്രങ്ങളിലെ സിലബസ്സില്‍ സ്വര്‍ണാഭരണ നിര്‍മാണം ഉള്‍പ്പെടുത്തി ഇവരുടെ പുതു തലമുറക്ക് ആധുനിക മെഷിനറികളില്‍ മികച്ച പരിശീലനം നല്‍കുന്നതിനുള്ള നടപടി ഉണ്ടാവണം.

അതോടൊപ്പം തന്നെ ജ്വല്ലറി പണിശാലകളില്‍ സ്റ്റോക്കിന് ആനുപാതികമായി മിനിമം 5 തൊഴിലാളികളെ എങ്കിലും നിയമിക്കണം. അവര്‍ക്കു മിനിമം കൂലി ഉറപ്പാക്കണം . ഇതു ലേബര്‍ ഓഫീസര്‍ മാരുടെ ചുമതലയാണ് . അതിനു രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ് . ഇപ്പോള്‍ ഒരു തൊഴിലാളിയുടെ ശരാശരി കൂലി 300/ 400 രൂപയാണ് . കൂലിപ്പണിക്ക് പോയാല്‍ 700 / 800 കിട്ടുമെന്നുള്ളതിനാല്‍ ഇപ്പോള്‍ ഈ തൊഴില്‍ ചെയ്യുന്നവര്‍ കൂടി പടിയിറങ്ങുന്നു.

ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും ഒരു പ്രസ്ഥാനവും മുന്നോട്ടു വന്നിട്ടില്ല . ഇനിയും ഈ സ്ഥിതി തുടര്‍ന്നു പോവരുത് . ഈ സാധു സമൂഹം നൂറ്റാണ്ടുകളായി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.  പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണം .പഴയ പ്രൗഢിയോടെ കേരളത്തിന്റെ പാരമ്പര്യ തനിമയുള്ള ആഭരണങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടണം . എല്ലാം ശരിയാക്കുമെന്ന പ്രത്യാശയില്‍ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കുകയാണ് വിശ്വ ബ്രാഹ്മണ സമൂഹം.