വാളയാർ-മധുരക്കര മേഖലയിൽ ട്രെയിൻ തട്ടി പിടിയാന ചരിഞ്ഞു; ട്രെയിനുകളുടെ അമിത വേഗതയെന്ന് ആരോപണം

ഏഴോളം ആനത്താരകള്‍ കേരള ഭാഗത്തും അഞ്ചോളം ആനത്താരകള്‍ തമിഴ്നാടിന്റെ ഭാഗത്തും ഉണ്ട്. അതിലൂടെയാണ് അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഏറെക്കുറെ എല്ലാ ട്രെയിനുകളും കടന്നുപോകുന്നത്. രാത്രി ഇതുവഴി അമിതവേഗതയില്‍ കടന്നുപോകുന്ന ട്രെയിനുകളാണ് അപകടം വരുത്തുന്നത്. പ്രത്യേകിച്ചും അര്‍ധരാത്രിക്കുശേഷമുള്ള എക്സ്പ്രസ്സ് ട്രെയിനുകള്‍

വാളയാർ-മധുരക്കര മേഖലയിൽ ട്രെയിൻ തട്ടി പിടിയാന ചരിഞ്ഞു; ട്രെയിനുകളുടെ അമിത വേഗതയെന്ന് ആരോപണം

പാലക്കാട്: എലിഫന്റ് പ്രോജക്റ്റ് മേഖല കൂടിയായ വാളയാര്‍- മധുക്കര മേഖലയില്‍ ആനകള്‍ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് റെയില്‍വേയുടെ അനാസ്ഥ മൂലമെന്ന് ആരോപണം. കഴിഞ്ഞ ദിവസം മധുക്കരയില്‍ ട്രെയിനിടിച്ച് പിടിയാന ചരിഞ്ഞതിന് പ്രധാന കാരണം തീവണ്ടിയുടെ വേഗകൂടുതലാണെന്നാണ് ആരോപണം.   15 വര്‍ഷത്തിനകം 20 ആനകള്‍ ഈ മേഖലയില്‍ തീവണ്ടി തട്ടി കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ മേഖലയില്‍ തീവണ്ടിയിടിച്ച് ആനകള്‍ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ടില്ല.  ഇതിനിടയിലാണ് ആനകൾ ട്രെയിൻ തട്ടി കൊലപ്പെടുന്ന സംഭവം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഏഴോളം ആനത്താരകള്‍ കേരള ഭാഗത്തും അഞ്ചോളം ആനത്താരകള്‍ തമിഴ്നാടിന്റെ ഭാഗത്തും ഉണ്ട്. അതിലൂടെയാണ് അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഏറെക്കുറെ എല്ലാ ട്രെയിനുകളും കടന്നുപോകുന്നത്. രാത്രി ഇതുവഴി അമിതവേഗതയില്‍ കടന്നുപോകുന്ന ട്രെയിനുകളാണ് അപകടം വരുത്തുന്നത്. പ്രത്യേകിച്ചും അര്‍ധരാത്രിക്കുശേഷമുള്ള എക്സ്പ്രസ്സ് ട്രെയിനുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ വേഗനിയന്ത്രണം ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പരിശോധിക്കാനുള്ള സംവിധാനമോ സാഹചര്യമോ ഇപ്പോഴും നിലവിലില്ല.

40കിലോമീറ്ററില്‍ താഴെ മാത്രം വേഗതയില്‍ ഓടിക്കേണ്ട ട്രെയിനുകളാകട്ടെ ഇരട്ടി വേഗത്തില്‍ ചീറിപ്പായുന്നതുകൊണ്ടാണ് ആനകളും മറ്റു വന്യമൃഗങ്ങളും കൊല്ലപ്പെടുന്നത്. വാളയാര്‍ മേഖലയില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നിരന്തരമായ ഇടപെടലുകളിലൂടെ വേഗത നിയന്ത്രിക്കുവാന്‍ നേരത്തെ നടപടി വന്നിരുന്നു. അതേസമയം മധുക്കര ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളിലും അത് നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല പകരം ആനത്താരകളില്‍ ആനയുടെ ചിഹ്നമുള്ള ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവിടെയെത്തിയാല്‍ ട്രെയിനുകള്‍ ഹോണ്‍മുഴക്കുകയാണ് പതിവ്. പക്ഷേ  ആനയുള്‍പ്പടെയുള്ള വന്യ ജീവികള്‍ക്ക് അവയുടെ ജീവിതരീതി മാറ്റി സഞ്ചരിക്കാനുള്ള പുതിയ രീതികളാകട്ടെ അറിയുകയില്ല. ഇതിനാല്‍ തന്നെ വേഗമേറിയ ട്രെയിനുകള്‍ തട്ടി ഇവ കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവാണ്.
ഈ മേഖലയില്‍ ആനകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ലോക്കോ പൈലറ്റിന്റെ പേരിലും ബന്ധപ്പെട്ട ഡിആര്‍എം പോലുള്ള ഉദ്യോഗസ്ഥരുടെ പേരിലും ഇതേവരെ നടപടി ഒന്നും എടുത്തിട്ടില്ല.  അതിനാല്‍ ആനകളുടെ കാര്യത്തില്‍ വകുപ്പധികൃതര്‍ നിസംഗതാ മനോഭാവമാണ് കാണിച്ചുവരുന്നതെന്നാണ് ആക്ഷേപം. കേരള-തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ താത്പര്യം കാണിക്കേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിയെടുക്കാന്‍ കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തിന്റെയും പ്രോജക്ട് എലിഫെന്റ് ഡയറക്ടറേറ്റിലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടാനൊരുങ്ങുകയാണ്. കൂടാതെ ആനസംരക്ഷണത്തിനായി നല്‍കുന്ന തുക വകമാറ്റി ചിലവാക്കിയതും പരിശോധിക്കണം എന്നും സംഘടന ആവശ്യപ്പെടും.

നിലവിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മധുക്കരയിലെ അപകട മേഖലയിൽ ട്രെയിന്‍ വേഗത 20 കിലോമീറ്ററായി കുറയ്ക്കുക, അപകടവുമായി ബന്ധപ്പെട്ട ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുക്കുക, ആനത്താരയില്‍ ആനകള്‍ക്ക് സ്വൈര്യമായ കടന്നുപോകാനുള്ള വഴിയൊരുക്കുക, കൂട്ടത്തിലുള്ള പതിനഞ്ചോളം വരുന്ന മറ്റ് ആനകളെ നിരീക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുക, ആനകള്‍ ട്രാക്ക് കടന്ന് വരാനുള്ള സാഹചര്യം പഠിച്ച് അത് പരിഹരിക്കാനുള്ള സാഹചര്യംഒരുക്കുക തുടങ്ങിയവ  വനം-റെയില്‍ ഉദ്യോഗസ്ഥരോട്  ആവശ്യപ്പെടുമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യന്‍ പ്രോജക്ട് ഓഫീസര്‍ എസ്.ഗുരുവായൂരപ്പന്‍ അറിയിച്ചു.

Read More >>