പ്രൊഫഷണലുകള്‍ പാര്‍ട്ടിക്കൂറുള്ളവരാകാന്‍ അവരെ മന്ത്രിയാക്കിയാല്‍ മതി : എം കെ ഡി വക്കീലിന് ഉദ്ധരിക്കാന്‍ ഒരു വി ആര്‍ കൃഷ്ണയ്യര്‍ കഥ

ഇ എം എസ് ചെയ്തപോലെ, തനിക്ക് പ്രാപ്തിയും വിശ്വാസവും ബോധ്യപ്പെട്ട ഒരു വക്കീലിനെ മന്ത്രിയാകാന്‍ ക്ഷണിക്കാതിരുന്നതാണോ പിണറായി ചെയ്ത കുറ്റം? അങ്ങനെ എം കെ ഡി വക്കീലിനെ ഫുള്‍ ടൈം നീതിമാനാവാന്‍ പ്രേരിപ്പിക്കാതിരുന്നതാണോ പിണറായിയുടെ അപരാധം?

പ്രൊഫഷണലുകള്‍ പാര്‍ട്ടിക്കൂറുള്ളവരാകാന്‍ അവരെ മന്ത്രിയാക്കിയാല്‍ മതി : എം കെ ഡി വക്കീലിന് ഉദ്ധരിക്കാന്‍ ഒരു വി ആര്‍ കൃഷ്ണയ്യര്‍ കഥ

അനാഹതന്‍

ആഖ്യാതാവ് ഒരു വന്ദ്യവയോധികന്‍.
കാലിക്കറ്റ് സര്‍വ്വകലാശാലക്കടുത്തൊരു സ്‌കൂളില്‍ വര്‍ഷങ്ങള്‍ പഠിപ്പിച്ച് പിരിഞ്ഞ അധ്യാപകന്‍.

പഠിക്കാന്‍ മൂപ്പര്‍ ബഹു മിടുക്കനായിരുന്നു. ആഗ്രഹിച്ച പ്രവൃത്തി അധ്യാപനം തന്നെ. ആദ്യം കിട്ടിയ പിഎസ്സ്‌സി ജോലി പക്ഷെ, വനം വകുപ്പില്‍. വനപാലകന്‍.

പണി കിട്ടിയ അന്നുതന്നെ തന്റെ   ആപ്പീസര്‍ക്കും തന്റെ തന്നെ തസ്തികയിലുള്ള വനപാലകനുമൊപ്പം കാട്ടുകൊള്ള പിടിക്കാനിറങ്ങുന്നു മൂപ്പര്‍.

1957 നും മുമ്പുള്ള ഒരു കൊല്ലത്തിലാണേ. കയ്യിലുണ്ടാകാനിടയുള്ള ആയുധ സാമഗ്രികള്‍ ഭാവനയില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ടല്ലോ?


കാട്ടുകള്ളരെ  സംഘം പിടിച്ചു. വനപാലകരെ പ്രത്യാക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമമൊന്നും നടന്നില്ല. ഔപചാരികമായ ചെറു സംഘട്ടനം മാത്രം.

കേസ് വനം വകുപ്പ് കോടതിയില്‍.

ദാ വരുന്നു മുട്ടനൊരു കൗണ്ടര്‍ക്കേസ്. വാദി വനംകൊള്ള ചാര്‍ജ് ചെയ്തയാള്‍. പ്രതികളിലൊന്ന് നമ്മുടെ വന്ദ്യ സുഹൃത്തും. ചാര്‍ജ്, വാദിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന മട്ടില്‍ മാരക വകുപ്പുകള്‍.

വനം വകുപ്പ് പ്രതി ചേര്‍ത്തയാള്‍ മൂത്രമൊഴിക്കാനോ മറ്റോ കാട്ടില്‍ക്കയറിയപ്പോഴുണ്ടായ സംഭവമെന്ന മട്ടിലെന്തോ ഒരു കേസ് സ്റ്റോറി. ആര്‍ക്കും വിശ്വസിക്കാവുന്ന വിധത്തിലൊന്ന്.

വിചാരണ നടക്കുകയാണ്. നമ്മുടെ പരിചയക്കാരന്‍ കൂട്ടിലാവുമെന്നതിലേക്കായി കാര്യങ്ങള്‍. അമ്മാതിരി വിസ്താരം. എന്നെ ശിക്ഷിക്കൂ, ഞാന്‍ മഹാപരാധി എന്നദ്ദേഹം പറഞ്ഞുപോവും വിധമുള്ള മറുഭാഗം അഭിഭാഷകന്റെ ഭേദ്യമുറകള്‍.

മുറ സഹിക്കാന്‍ വയ്യാതെ ജഡ്ജി തന്നെ ഇടപെട്ടു പോയി, ഒരു ഘട്ടത്തില്‍. ഇങ്ങനെ:

'അയ്യരു വക്കീലേ, അയാള്‍ അധ്യാപകനാവാന്‍ ആശിച്ച് ജീവിതപ്രയാസം കൊണ്ട് സ്റ്റേറ്റിനെ ഇങ്ങനെ സേവിക്കാന്‍ ഇറങ്ങിയതല്ലേ? അയാളെ ഇനി പാതകിയെന്നുമാക്കണോ?'

ശിക്ഷയൊന്നും കിട്ടാതെ മൂപ്പരന്ന് രക്ഷപ്പെട്ടു.

ഭേദ്യക്കാരന്‍ വക്കീലിനെ, പിന്നീട് സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയായി ഒ.വി.വിജയന്‍ വിശേഷിപ്പിച്ച സര്‍ക്കാരിലേക്ക് മന്ത്രിയാവാന്‍ മുഖ്യമന്ത്രി ക്ഷണിച്ചു.

അനന്തരം അദ്ദേഹം നീതിമാനെന്നു മാത്രം അറിയപ്പെട്ടു.

അപ്പോ പറയൂ : ഇ എം എസ് ചെയ്തപോലെ, തനിക്ക് പ്രാപ്തിയും വിശ്വാസവും ബോധ്യപ്പെട്ട ഒരു വക്കീലിനെ മന്ത്രിയാകാന്‍ ക്ഷണിക്കാതിരുന്നതാണോ പിണറായി ചെയ്ത കുറ്റം? അങ്ങനെ എം കെ ഡി വക്കീലിനെ ഫുള്‍ ടൈം നീതിമാനാവാന്‍ പ്രേരിപ്പിക്കാതിരുന്നതാണോ പിണറായിയുടെ അപരാധം?

ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് അപകീര്‍ത്തികരമായി എന്തെങ്കിലും ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ ഏതെങ്കിലും ചാനലുകാരെ മാഷുടെ അടുത്തേക്കയക്കാം. അദ്ദേഹം കുറച്ചു കൂടി വസ്തുതാ കൃത്യതയോടെ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു തരും.

മഹാബിംബങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നത് ഐ.പി.സി. ഏതെങ്കിലും വകുപ്പു പ്രകാരം അക്ഷന്തവ്യം തന്നെയാവും. മാഷെ ഈ വയസ്സാം കാലത്തെങ്കിലും നമുക്കൊന്ന് തളയ്ക്കാം പണ്ടത്തെ കുറ്റത്തിന്. അപ്രിയ സത്യങ്ങള്‍ ഓര്‍ത്തു വെക്കുന്നവര്‍ക്ക്  പാഠമാവട്ടെ.

Read More >>