ഇലയ്ക്കും മുള്ളിനും കേടില്ലാതെ ദാമോദരൻ പടിയിറങ്ങുമ്പോൾ സാർത്ഥകമായത് സോഷ്യൽ മീഡിയയുടെ ഇടപെടൽ; ജനകീയ ഇച്ഛയെ മാനിച്ച് സർക്കാരും…

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുത്തില്ലെന്ന പ്രഖ്യാപനത്തിലൂടെ വിവാദത്തിന് അറുതിവരുത്തുവാനുള്ള അഡ്വ. എം കെ ദാമോദരന്റെ തീരുമാനത്തെ സോഷ്യൽ മീഡിയയുടെ വിജയമായി കാണുന്നതോടൊപ്പം ഇത്തരം തീരുമാനത്തിലേക്കു വഴിതെളിച്ചതിൽ സർക്കാരും പാർടിയും കാട്ടിയ കരുതലിനെയും അഭിനന്ദിക്കേണ്ടതുണ്ട്. ദാമോദരനെ അവസാന നിമിഷം കൈവിട്ടു എന്ന തോന്നൽ ഒരിടത്തും ഉണ്ടാക്കാതെ അദ്ദേഹത്തിന് ഏതു കേസിലും ഹാജരാകാൻ അവകാശമുണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ച് അപമാനഭാരം ഒഴിച്ചുനിർത്തി പുറത്തേക്കുള്ള വഴിതുറന്നത് ശ്രദ്ധേയമാണ്. ദാമോദരൻ ഒഴിയേണ്ടതില്ല എന്ന പഴയ മട്ടിലുള്ള കടുംപിടുത്തം ഉപേക്ഷിച്ച് ക്ലീൻ ആയി മുന്നിൽ വരാൻ തങ്ങളുടെ ഈഗോ ഉപേക്ഷിച്ചും സിപിഐ(എം) തയ്യാറായി എന്നതിലാണ്, അഭിനന്ദനത്തിനു സാധുത. വിമര്‍ശനങ്ങളും ഉപദേശങ്ങളും ട്രോളുകളുംകൊണ്ട് പഴുതടച്ച രീതിയിലുള്ള പ്രതിഷേധങ്ങള്‍ അവഗണിക്കാന്‍ ഒരു ഇരട്ടച്ചങ്കിനും കഴിയില്ലെന്നുകൂടി ഇന്നത്തെ ദിനം തെളിയിച്ചു.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ ദാമോദരൻ പടിയിറങ്ങുമ്പോൾ സാർത്ഥകമായത് സോഷ്യൽ മീഡിയയുടെ ഇടപെടൽ; ജനകീയ ഇച്ഛയെ മാനിച്ച് സർക്കാരും…

സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശന കൊടുങ്കാറ്റ് ആഞ്ഞടിച്ച ദിനങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന് ആചാരരഹിതമായ പടിയിറക്കം. അധികാരത്തിലെത്തി അന്‍പത്തിയാറാം നാള്‍ പ്രാധാന്യം നിറഞ്ഞ തീരുമാനത്തിൽ നിന്ന് ഒട്ടകപ്പക്ഷി ന്യായത്തിൽ പിന്നോട്ടുപോകേണ്ടിവന്നത് ഇടതു സര്‍ക്കാരിന് ഒരേ സമയം ആശ്വാസവും ആഘാതവുമാണ്. എല്ലാത്തരം ആധികാരികതകളുടെയും മേലെ സമതയുടെ രഥമോടിക്കുന്ന, ഒരു തരത്തിലുള്ള അധികാരത്തേയും വകവയ്ക്കാത്ത സോഷ്യൽ മീഡിയയുടെ ആരോഹണത്തിന്റെ നാളുകളാണു മുന്നിൽ. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കുമേൽ ജനകീയ ഇച്ഛയുടെ വെന്നിക്കൊടി പാറിയ ദിനം. ക്യാബിനറ്റ് തീരുമാനങ്ങൾ വിവരാവകാശത്തിൽ നിന്നു മറച്ചുവയ്ക്കില്ലെന്നും എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം ഉത്തരവാകുമെന്നും ഉത്തരവായാലുടനെ അതു പബ്ലിക് ഡൊമൈനിലെത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതും ഇതേ ദിവസമാണ്. ജനാധിപത്യത്തിൽ ജനാഭിപ്രായത്തിനു കൂടുതൽ വെയ്റ്റേജ് ലഭിക്കുന്നതിലേക്കാണ്, ഈ തിരുത്തൽ നടപടികൾ മുന്നേറുന്നത്.  ഒടുവില്‍ സര്‍ക്കാരിനും തനിക്കും കേടില്ലാത്ത രീതിയില്‍ ന്യായങ്ങള്‍ നിരത്തി ഉപദേശകന്‍ പദവിയില്‍ നിന്നും ഒഴിഞ്ഞുമാറിയപ്പോള്‍ ഒരിക്കല്‍ക്കൂടി ഈ വെര്‍ച്വല്‍ ലോകം കൈയടിയേറ്റു വാങ്ങുകയാണ്.


അറേബ്യയിലെ മുല്ലപ്പൂ വിപ്ലവത്തിനത്രത്തോളമൊന്നും വരില്ലെങ്കിലും എംകെ ദാമോദരന്‍ എന്ന നിയമോപദേഷ്ടാവിന്റെ സ്ഥാനചലനം ഈ കൊച്ചുകേരളത്തിലും സോഷ്യല്‍ മീഡിയ എന്ന ഇന്നത്തെ 'സംവാദയിട'ത്തിന്റെ പ്രാധാന്യം വ്യക്തമായി വരച്ചുകാട്ടിത്തരികയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലയളവിലാണ് സോഷ്യല്‍മീഡിയ അതിന്റെ പ്രഭാവത്തിലേക്ക് ഉയര്‍ന്നത്. അതിനനുബന്ധമായി തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പല നയങ്ങളും ഈ വെര്‍ച്വല്‍ ലേകത്തിലൂടെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇതിന്റെ പ്രഭാവം കണ്ടും കൊണ്ടുമറിഞ്ഞ രാഷ്ട്രീയ മുന്നണികള്‍ അതിനെ മുന്‍നിര്‍ത്തി തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും. സാധാരണക്കാരന്റെ ജീവിതത്തില്‍ ആഹാരം, വസ്ത്രം, പാർപ്പിടം തുടങ്ങിയ പ്രഥാമികാവശ്യങ്ങള്‍ക്കൊപ്പം സോഷ്യല്‍മീഡിയയും കൂടിച്ചേര്‍ന്ന അവസ്ഥയില്‍ അതിനെയൊഴിച്ചുനിർത്തിയുള്ള ഒരു നീക്കങ്ങള്‍ക്കും പ്രസ്‌കതിയില്ലെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു.

ഫേസ്ബുക്കിലൂടെയും മറ്റും ചര്‍ച്ചകളും അഭിപ്രായങ്ങളും പങ്കുവെച്ച് വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ ജനങ്ങള്‍ക്കിയില്‍ ഇറങ്ങിച്ചെന്നിരുന്ന സമയമായിരുന്നു തെരഞ്ഞെടുപ്പ് കാലം. അതിലൂടെ ഉരുത്തിരിഞ്ഞ ചര്‍ച്ചകളും ക്രോഡീകരിക്കപ്പെട്ട തീരുമാനങ്ങളുമാണ് തെരഞ്ഞെടുപ്പ് പത്രികയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം നല്‍കിയതും. ഒടുവില്‍, ഒരര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തന്നെ ഇടതുപക്ഷം അധികാരത്തിലേറുകയും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അമരക്കാരനാകുകയും ചെയ്തപ്പോള്‍ അത് പൗരസമൂഹ രാഷ്ട്രീയത്തിന്റെയും (civil society politics) സമജീവസമ്മർദ്ധത്തിന്റെയും (peer pressure)  വിജയം കൂടിയാണെന്ന് നാടു വിശ്വസിച്ചു. സോഷ്യൽ മീഡിയയുടെ ഇക്കാര്യത്തിലെ പങ്കിനെ പരസ്യമായി അംഗീകരിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തുവന്നു. സത്യവും അതുതന്നെയായിരുന്നു. പക്ഷേ, പണ്ട് വഴികാട്ടിയും ചിലസമയത്ത് ആയുധവുമായി ഉപയോഗിച്ച സമൂഹമാധ്യമങ്ങളെ ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്ന രീതിയില്‍ മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന ഭരണകൂടവും തെറ്റാവരം ലഭിച്ചവരെപ്പോലെ മുന്നോട്ടു നടന്നപ്പോള്‍ അത് തിരുത്താനും അതേ സോഷ്യല്‍മീഡിയ വേണ്ടിവന്നു.

എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ടുമാസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വ്യക്തിയാണ് എംകെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കേ സര്‍ക്കാരിന് എതിരായ കേസുകളില്‍ എംകെ ദാമോദരന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഹാജരായത് സര്‍ക്കാരിനെ വിഷമിപ്പിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരെ കുറച്ചാന്നുമല്ല വിഷമിപ്പിച്ചത്. എംകെ ദാമോദരന്റെ നിയമനത്തിന് എതിരെ പാര്‍ടിക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സര്‍ക്കാരിനും പാര്‍ടി നേതൃത്വത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് സോഷ്യല്‍മീഡിയയായിരുന്നു. പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയില്ലെങ്കില്‍ കൂടി കടുത്ത പിണറായി പക്ഷപാതികളും സിപിഐ(എം) സൈബര്‍ പോരാളികളും രഹസ്യ ഗ്രൂപ്പുകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ഈ വിഷയത്തെ രൂക്ഷമായ പ്രതികരണങ്ങള്‍ക്കിരയാക്കി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ നിലപാടിന് എതിരെ സിപിഐ(എം) അനുഭാവികള്‍ തന്നെ രൂക്ഷമായ വിമര്‍ശനങ്ങളുമായി എത്തിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതിനൊപ്പമാണു ദാമോദരന്‍ വിഷയം കേരളത്തില്‍ പടര്‍ന്നുപിടിച്ചത്. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരെ മാത്രമായിരുന്നില്ല സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. സര്‍ക്കാരിനേയും സര്‍വോപരി സിപിഐ(എം)നേയും പ്രതിസന്ധിലാക്കുന്ന വിഷയങ്ങളില്‍ പ്രതിരോധവുമായി എത്തുന്ന നേതാക്കളുടെ മൗനത്തിനെതിരെയും സോഷ്യല്‍മീഡിയയിൽ വിമര്‍ശനമുയര്‍ന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിനെ ടാഗ് ചെയ്ത് പലരും മൗനം ഭേദിക്കാൻ ആവശ്യപ്പെട്ടതോടെ, എംകെ ദാമോദരനെ പ്രതിരോധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവരാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ ഒരു ദയയും കാട്ടാതെ സോഷ്യല്‍മീഡിയ ആ വാദങ്ങളുടെ നടുവൊടിച്ചു.

സാധാരണക്കാരന്റെ വേദിയായി സോഷ്യല്‍മീഡിയ ഉയര്‍ന്നപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ വിമര്‍ശനങ്ങളോട് മുഖം തിരിച്ചു നിന്ന സര്‍ക്കാരിന് ഒടുവില്‍ പ്രതികരിക്കേണ്ടി വന്നു. പ്രതികരണം നിയമസഭയില്‍ പ്രസ്താവനയായി മുഖ്യമന്ത്രി അവതരിപ്പിച്ച ശേഷമാണ് ഈ വിഷയത്തില്‍ സിപിഐ(എം) പ്രവര്‍ത്തകരില്‍ നിന്ന് കുറച്ചെങ്കിലും പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നു തുടങ്ങിയത്. ആ പ്രതിരോധങ്ങള്‍ പോലും പാതി മനസ്സോടെയായിരുന്നുവെന്ന് അവയിലെ ഭാഷ ഒറ്റിക്കൊടുത്തു.  എംകെ ദാമോദരന്‍ എന്ന വ്യക്തി നല്‍കുന്ന ഉപദേശങ്ങളുടെ വലയത്തില്‍നിശിതവും കണിശവുമായ നിലപാടെടുക്കുന്ന പിണറായി വിജയന്‍ വീണുപോവില്ലെന്ന തരത്തിൽ പിണറായി എന്ന നേതൃബിംബത്തിന്റെ ആർജ്ജവത്തിൽ ഊന്നിയുള്ള ന്യായീകരണങ്ങളായിരുന്നു, അവ. എന്നാല്‍ അവരില്‍ പലരും വാട്‌സ്ആപ്പിലും ഫേസ്ബുക്ക് രഹസ്യ ഗ്രൂപ്പുകളിലും തങ്ങളുടെ പ്രസ്ഥാനത്തിന്റെ നന്മയ്ക്കായി ആയുധങ്ങള്‍ മൂര്‍ച്ചകുട്ടുന്നുമുണ്ടായിരുന്നു എന്നുള്ളതായിരുന്നു സത്യം.

ഒടുവില്‍ സംഭവബഹുലമായ ദിനങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരും ഉപദേശിയും പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സലാം ചൊല്ലി. ജനങ്ങളുടെ പ്രതിഷേധത്തിന്റെ ആഴം മനസ്സിലാക്കിയ സര്‍ക്കാരിനും എംകെ ദാമോദരനും മറ്റ് വഴികളില്ലായിരുന്നുവെന്നുള്ളതാണ് സത്യം.

ഇതാദ്യമായല്ല സോഷ്യല്‍ മീഡിയ ജനാധിപത്യ സംവിധാനത്തേയും ജന പ്രതിനിധികളേയും കടന്നാക്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാര്‍ പലരും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളുടെ ചൂടറിഞ്ഞിട്ടുണ്ട്. അവയെയൊക്കെ അവഗണിക്കുന്ന രീതിയാണു പൊതുവെ കണ്ടത്. അതേ സമയം വിമർശനങ്ങളോട് ആദ്യം മുഖം തിരിച്ചെങ്കിലും ഒടുവിൽ ജനത്തിന്റെ കൺസേൺ പരിഗണിക്കേണ്ടതുതന്നെ എന്ന ബോധ്യത്തിലേക്ക് സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ വന്നു എന്നത് നിസ്സാര കാര്യമല്ല. തന്നെ നിയമോപദേഷ്ടാവാക്കി ഉത്തരവിറങ്ങിയെങ്കിലും അത് ഏറ്റെടുത്തിട്ടില്ല എന്ന കണ്ണടച്ചുള്ള പാലുകുടിയുമായി ദാമോദരനും അതിനെ ആവർത്തിച്ചു സർക്കാർ അഭിഭാഷകരും ഹൈക്കോടതിയിൽ നിലപാടെടുത്തതോടെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കാണ് അയവു വന്നിരിക്കുന്നത്.

ഈ തീരുമാനത്തെ സോഷ്യൽ മീഡിയയുടെ വിജയമായി കാണുന്നതോടൊപ്പം ഇത്തരം തീരുമാനത്തിലേക്കു വഴിതെളിച്ചതിൽ സർക്കാരും പാർടിയും കാട്ടിയ കരുതലിനെയും അഭിനന്ദിക്കേണ്ടതുണ്ട്. ദാമോദരനെ അവസാന നിമിഷം കൈവിട്ടു എന്ന തോന്നൽ ഒരിടത്തും ഉണ്ടാക്കാതെ അദ്ദേഹത്തിന് ഏതു കേസിലും ഹാജരാകാൻ അവകാശമുണ്ടെന്നു പരസ്യമായി പ്രഖ്യാപിച്ച് അപമാനഭാരം ഒഴിച്ചുനിർത്തി പുറത്തേക്കുള്ള വഴിതുറന്നത് ശ്രദ്ധേയമാണ്. ദാമോദരൻ ഒഴിയേണ്ടതില്ല എന്ന പഴയ മട്ടിലുള്ള കടുംപിടുത്തം ഉപേക്ഷിച്ച് ക്ലീൻ ആയി മുന്നിൽ വരാൻ തങ്ങളുടെ ഈഗോ ഉപേക്ഷിച്ചും സിപിഐ(എം) തയ്യാറായി എന്നതിലാണ്, അഭിനന്ദനത്തിനു സാധുത. വിമര്‍ശനങ്ങളും ഉപദേശങ്ങളും ട്രോളുകളുംകൊണ്ട് പഴുതടച്ച രീതിയിലുള്ള പ്രതിഷേധങ്ങള്‍ അവഗണിക്കാന്‍ ഒരു ഇരട്ടച്ചങ്കിനും കഴിയില്ലെന്നുകൂടി ഇന്നത്തെ ദിനം തെളിയിച്ചു.

Read More >>