ജയിലിനുള്ളിലെ ഹൃദയം കാണാന്‍ നിയമം കണ്ണു തുറക്കുമോ?

നിയമത്തിന്റെ മനമുരുകി പരോള്‍ ലഭിച്ചാലും ജയില്‍ പുള്ളികളുടെ അവയവങ്ങള്‍ മാറ്റി വെക്കാന്‍ ആശുപത്രികള്‍ തയ്യാറല്ല. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ അവയവം ഉപയോഗിച്ച് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തില്ലെന്നും ഇതിന് പ്രത്യേക അനുമതി വേണം എന്നുമാണ് സ്വകാര്യ ആശുപത്രികളുടെ വാദം.

ജയിലിനുള്ളിലെ ഹൃദയം കാണാന്‍ നിയമം കണ്ണു തുറക്കുമോ?

പാലക്കാട്: നിയമത്തിന്റെ മനമുരുകിയില്ല. കാത്തിരിപ്പിനൊടുവില്‍ മലപ്പുറത്ത് താമരമംഗലം സ്വദേശിയായ ശ്രീകുമാര്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കരള്‍ മാറ്റിവെക്കൽ നടത്തിയില്ലെങ്കിൽ ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഡോക്ടര്‍മാര്‍ ഈ യുവാവിന് നല്‍കിയിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഇയാള്‍ക്ക് കരള്‍ നല്‍കാന്‍ തയ്യാറായതായിരുന്നു. പക്ഷെ ജയില്‍പുള്ളികൾക്ക്  അവയവം ദാനം ചെയ്യാൻ നിയമം അനുവദിക്കാത്തതിനാൽ അത് നടന്നില്ല.  നിയമത്തിന്റെ  മനമുരുകാന്‍ അപേക്ഷ നല്‍കി  ശ്രീകുമാറിനെ പോലെ  നിരവധി പേര്‍  ജയില്‍പുള്ളികളുടെ അവയവത്തിനായി  ഇപ്പോഴും കാത്തിരിക്കുന്നുണ്ട്.


സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ഖയറുന്നീസ് (28), കേച്ചേരിയിലെ പതിയില്‍ ലക്ഷ്മി ( 45), കാസര്‍ഗോഡ് പടന്നയില്‍ അഹമ്മദ്( 42) തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടും. നാട്ടുകാര്‍ കമ്മിറ്റി രൂപികരിച്ച് മിക്കവര്‍ക്കും ഓപ്പറേഷനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ കരളും വൃക്കയും നല്‍കാന്‍ തയ്യാറുമാണ്. പക്ഷേ നിയമത്തിന്റെ ചില ഇരുണ്ട വശങ്ങള്‍ ഇവരുടെ പ്രതീക്ഷകള്‍ക്ക് തടസമാവുകയാണ്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ജയില്‍പുള്ളികള്‍ക്ക് സ്വയമേവ അവയവ ദാനം ചെയ്യാന്‍ നിയമം വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത് നിയമമായതെങ്കിലും ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഉത്തരവ് ജയില്‍ വകുപ്പ് സെക്രട്ടറിക്ക് ലഭിച്ചിട്ടില്ല. തടവുകാര്‍ക്ക് അവയവദാനത്തിന് നിയമ തടസമില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നിയമ വകുപ്പ് ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.  പക്ഷേ പിന്നീട് ആ റിപ്പോര്‍ട്ടിന് ജീവന്‍ ഉണ്ടായില്ല. അവയവ ദാനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് 2012 ല്‍ പുറത്തിറക്കിയ ഉത്തരവില്‍ തടവുകാരുടെ അവയവദാനത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. തടവുകാര്‍ സ്വതന്ത്ര വ്യക്തികളല്ലെന്നും അതിനാല്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ അന്നത്തെ വിശദീകരണം. ഈ ഉത്തരവിനെയാണ് കഴിഞ്ഞ വര്‍ഷത്തെ നിയമ വകുപ്പ് അസാധുവാക്കിയതെങ്കിലും നടപ്പിലായില്ല.

കുന്നംകുളം കലശമലയിലെ ആര്യ മഹര്‍ഷിയും ഭാര്യ സിമിയും നേതൃത്വം നല്‍കുന്ന ആംസ് ഓര്‍ഗന്‍ ഡൊണേഴ്സ് ഇന്ത്യ എന്ന ജീവകാരുണ്യ സംഘടന കഴിഞ്ഞ വര്‍ഷം ജനുവരി 26 ന് കണ്ണൂര്‍ ജയിലിലെത്തി അവയവ ദാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയിരുന്നു. ശരീരത്തില്‍ നിന്ന് ഏതൊക്കെ അവയവങ്ങളാണോ ദാനം ചെയ്യാന്‍ കഴിയുക, അവയെല്ലാം ദാനം ചെയ്യാന്‍ സമ്മതമാണെന്ന് കാണിച്ച് നാലു തടവുകാര്‍ സമ്മത പത്രത്തില്‍ അന്ന്  ഒപ്പിട്ട് നല്‍കിയിരുന്നു. ജയില്‍ സൂപ്രണ്ടും ഇതിന് വേണ്ട പിന്തുണ നല്‍കി.

[caption id="attachment_32886" align="alignnone" width="640"]maharshi ആര്യ മഹര്‍ഷി ജയിലില്‍ ക്ലാസ് എടുക്കുന്നു[/caption]

ജയില്‍ സംബന്ധമായ പുതിയ നിയമങ്ങള്‍ കണ്ണൂരില്‍ നിന്നാണ് തുടക്കം കുറിക്കുക എന്നതിനാല്‍ കണ്ണൂര്‍ ജയിലാണ്  ഇതിനായി തിരഞ്ഞെടുത്തത്. തടവുകാരുടെ അവയവങ്ങള്‍ മാറ്റി വെക്കണമെങ്കില്‍ ആദ്യം പരോൾ ലഭിക്കണം. ഡി.ജി. പി. ക്ക് ഇതിനായി അപേക്ഷ നല്‍കിയപ്പോള്‍ ഇത്തരമൊരു കീഴ്വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിന് നേരിട്ട് അപേക്ഷ നല്‍കാന്‍ പറഞ്ഞു. മരിച്ച  ശ്രീകുമാരന് വൃക്ക നല്‍കാന്‍ തയ്യാറായ സുകുമാരന് അധികൃതരോട് നേരിട്ട് സംസാരിക്കാന്‍ അവസരം നല്‍കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നെങ്കിലും ഫലം ഉണ്ടായില്ല.

പക്ഷെ നിയമത്തിന്റെ മനമുരുകി പരോള്‍ ലഭിച്ചാലും ജയില്‍ പുള്ളികളുടെ അതായത് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ അവയവങ്ങള്‍ മാറ്റി വെക്കാന്‍ ആശുപത്രികള്‍ തയ്യാറല്ല. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരുടെ അവയവം ഉപയോഗിച്ച് അവയവ മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തില്ലെന്നും ഇതിന് പ്രത്യേക അനുമതി വേണം  എന്നുമാണ് സ്വകാര്യ ആശുപത്രികളുടെ വാദം. ചെയ്തു പോയ തെറ്റില്‍ പശ്ചാത്തപിച്ച്  ജയിലില്‍ കഴിയുന്ന ചിലര്‍, ആയുസ്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഒരു പ്രതിഫലവും കൈപറ്റാതെ മുന്നിട്ട് വരുമ്പോഴാണ് ജയില്‍പുള്ളികളുടെ അവയവം ഉപയോഗിച്ച് അവയവ മാറ്റം ചെയ്യില്ലെന്ന  നിലപാട്. വിറ്റാല്‍ ലക്ഷങ്ങള്‍ കിട്ടുന്ന കരളും വൃക്കയും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കാന്‍ തയ്യാറായി വരുന്നവരുടെ മുമ്പിലാണ് കരള്‍ ഇല്ലാത്ത പുതിയ നിയമങ്ങള്‍.

അവയവങ്ങള്‍ ആവശ്യമുള്ള പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ അവയവങ്ങള്‍ സൗജന്യമായി കണ്ടെത്തി നല്‍കുകയാണ് ആര്യ മഹര്‍ഷിയും ഭാര്യ സിമിയും അവരുടെ സംഘടന വഴി ചെയ്യുന്നത്.  ജയില്‍പുള്ളികളുടെ അവയവ ദാനത്തിന് നിലവില്‍ വന്ന നിയമം നടപ്പിലാക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അടുത്താഴ്ച്ച ആവശ്യപ്പെടാനിരിക്കുകയാണ് ആര്യ മഹര്‍ഷി.

Read More >>