രണ്ടു ശവങ്ങൾ ജീവിതം സംസാരിക്കുന്നു

രാം റെഡ്ഢിയുടെ തിഥി, ഡോൺ പാലത്തറയുടെ ശവം എന്നീ ചിത്രങ്ങളിൽ ഒളിപ്പിച്ച കറുത്ത ഹാസ്യത്തിന്റെ മാലപ്പടക്കങ്ങൾ- ഷാരോൺ വിനോദ് എഴുതുന്നു.

രണ്ടു ശവങ്ങൾ ജീവിതം സംസാരിക്കുന്നു

ഷാരോൺ വിനോദ്

ഒറ്റയ്ക്കും പെട്ടയ്ക്കും മുഴങ്ങുന്ന പള്ളിമണി. മുറ്റത്ത് ഓടിയിറങ്ങി വഴിയെ പോകുന്നവരെ പിടിച്ചു നിർത്തുന്ന 'ആരാ മരിച്ചത്?' എന്ന ചോദ്യം. മൂക്കത്ത് വിരൽ വച്ചു നിൽക്കുന്ന അസ്ഥിത്വദുഖം. മണിക്കൂറിനപ്പുറം സ്പീക്കറിലൂടെ ഓടക്കുഴൽ നീട്ടി തേങ്ങുമ്പോൾ തിങ്ങിക്കെട്ടിയ പേടിയെ മുഴുവൻ ആവാഹിക്കുന്ന ആബേലച്ചന്റെ ചോദ്യം,

'എവിടെയൊളിക്കും കർത്താവേ നിൻ സന്നിധി വിട്ടെങ്ങോടും ഞങ്ങൾ.
ആകാശം നിൻ പാർപ്പിടമല്ലോ, കരയും കടലും നിറയുന്നു നീ.

പാതാളത്തിലും അവിടുന്നല്ലോ വാഴുന്നെവിടെ ഒളിക്കും ഞങ്ങൾ?'

നാട്ടുകാർക്കറിയാം പള്ളിമേടയിൽ നിന്നു ശവമഞ്ചം ഒന്നു പുറത്തെടുത്താൽ മൂന്നു മരണം കാണാതെ തിരിച്ചു കയറില്ല എന്ന്. ഇനി ഞാനോ നീയോ എന്ന് പരസ്പരം നോക്കുന്നു. മരണപ്പാട്ടിനൊപ്പം ഞാനും നീയും കർത്താവു കാണാത്ത ഇടം നോക്കി ഉള്ളു കൊണ്ട് പായുന്നു.

കുട്ടിക്കാലത്തെ ഭയങ്ങൾ ഇത്തവണ ഉള്ളിൽ നിന്നു പിടച്ചു പുറത്തിറങ്ങിയത് പൊതുദർശനത്തിനു വച്ച രണ്ടു ശവങ്ങൾ ഒരാഴ്ച ഇടവേളയിൽ കണ്ടപ്പോഴാണ്. ഒന്ന് കർണാടക മാണ്ഡ്യയിലെ നൂറ്റൊന്നു വയസ്സായ സെഞ്ച്വറി ഗൌഡ. മറ്റൊന്ന് ഇടുക്കിയിൽ തോമാച്ചൻ എന്നൊരു ചെറുപ്പക്കാരൻ. പറഞ്ഞു വരുന്നത് രണ്ടു സിനിമാക്കഥകളാണ്.

രാം റെഡ്ഢി സംവിധാനം ചെയ്ത കന്നട ചിത്രം 'തിഥി'യും ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ശവം' എന്ന മലയാളം ചിത്രവും അടുത്തടുത്ത നാളുകളിൽ കണ്ടത് കൊണ്ടാവണം രണ്ട് ഇന്ത്യൻ അവസ്ഥകളെ തുലനം ചെയ്യാനും അന്തരം കാണാനും ഒക്കെ മനസ് വെമ്പുന്നത്. ഇവ രണ്ടും ഒരു ശവസംസ്‌ക്കാര ചടങ്ങിനെ ചുറ്റിപ്പറ്റി നിന്നു കൊണ്ട് ഗ്രാമ ജീവിതത്തെ വരച്ചിടുന്ന സിനിമകളാണ്. രണ്ടും രസികൻ ചിത്രങ്ങളാണ്. കറുത്ത ഹാസ്യത്തിന്റെ മാലപ്പടക്കങ്ങൾ.

മാണ്ഡ്യയിലെ മക്കോണ്ടോ

മാണ്ഡ്യയിലെ ഉൾഗ്രാമങ്ങളിൽ എവിടെയോ ആണ് തിഥിയുടെ പശ്ചാത്തലം. ഗ്രാമചത്വരത്തിൽ ആടുകളും കോഴികളും വിശ്രമിക്കുന്ന അടഞ്ഞ കടത്തിണ്ണയ്ക്കു മുന്നിൽ ഒരു സങ്കൽപ്പ സിംഹാസനത്തിൽ നൂറ്റൊന്നു വയസായ സെഞ്ച്വറി ഗൗഡ തന്റെ പ്രജകളെ നോക്കി ഇരിക്കുന്നു. ആടിന് പുല്ലു വെട്ടാൻ പോകുന്നവർ, പശുവിനെ തീറ്റാൻ പോകുന്നവർ, സ്‌കൂളിൽ പോകുന്ന കുട്ടികൾ. വഴിപോക്കരെ പള്ളുപറഞ്ഞും നാട്ടുകാരെ വെറുപ്പിച്ചും മടുത്തപ്പോൾ ഇച്ചിരി മാറി ഒരു മതിലിൻ ചുവട്ടിൽ അയാൾ പെടുക്കാനിരുന്നു. ആ ഇരുപ്പിൽ മറിഞ്ഞു വീണു മരിച്ചു.

ഇതുപോലെ നാടായ നാട് മുഴുവൻ യുദ്ധചരിത്രം രചിച്ചും പ്രേമിച്ചും പ്രാപിച്ചും അതിൽ നാലു മക്കളെ സ്വന്തം ഗ്രാമത്തിനു നൽകിയും അവസാനം മരച്ചുവട്ടിൽ മൂത്രം ഒഴിക്കുമ്പോൾ മരിച്ചു പോയ മറ്റൊരാളെ നമുക്കറിയാം - കേണൽ ഔറേലിയാനോ ബുവെന്തിയ. 'ഏകാന്തതയുടെ നൂറു വർഷങ്ങളി'ൽ മാർക്കേസ് സൃഷ്ടിച്ച, കഥയുടെ കടിഞ്ഞാൺ കയ്യിലേന്തി നിൽക്കുന്ന കഥാപാത്രം. തിഥി ഒരു തരത്തിൽ മാർക്കേസിന്റെ ഓർമ്മയ്ക്ക് മുന്നിൽ വച്ച ഒരു കരിമ്പിൻപൂവാണ്. മാണ്ഡ്യ മറ്റൊരു മക്കോണ്ടോയും.

സെഞ്ച്വറി ഗൗഡയുടെ ശവസംസ്‌ക്കാരവും അതിനു പതിനൊന്നാം നാളിൽ നടത്തുന്ന തിഥി എന്ന ചടങ്ങും മുൻനിർത്തി ഒരു ഗ്രാമത്തെ വരച്ചു കാട്ടുന്നു ഈ സിനിമ. സെഞ്ച്വറി ഗൗഡയുടെ നാലു മക്കളിൽ മൂത്ത മകൻ ഗദ്ദപ്പ (താടിക്കാരൻ എന്ന് ഏകദേശ പരിഭാഷ) ഗ്രാമത്തിനു നീളത്തിലും കുറുകെയും ബീഡിപ്പുകയൂതി, തൊണ്ണൂറു മില്ലിയുടെ ഒരു ടൈഗർ ബ്രാണ്ടിയും മടിക്കുത്തിൽ തിരുകി ലോകത്തിൽ നിന്നു തന്നെ വിട്ടു നിന്ന് തനിക്കറിയാവുന്ന ഉലകം ചുറ്റുന്ന ഒരു എൺപതുകാരൻ വൃദ്ധനാണ്. ഗദ്ദപ്പക്ക് ഒരു മകൻ തമണ്ണ; കുടുംബ വ്യാകുലതകളുമായി ഇനിയും മുന്നോട്ടു നീങ്ങേണ്ട ജീവിതത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ നോക്കി ഭയന്നു നിൽക്കുന്ന മധ്യവയസ്‌ക്കൻ. തമണ്ണയുടെ മകൻ അഭി ഇരുപതുകളുടെ ചെറുപ്പവും ചുറുചുറുക്കും തൃഷ്ണകളുമായി ജീവിക്കുന്നു. ഈ നാലു തലമുറകളുടെ കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സെഞ്ച്വറി ഗൗഡയുടെ പേരിലുള്ളതും കാലശേഷം മൂത്ത മകന്റെ പേരിൽ വന്നതുമായ അഞ്ചേക്കർ വസ്തു വിറ്റുകിട്ടിയാൽ കൊച്ചുമകൻ തമണ്ണയുടെ പ്രശ്‌നം പകുതിയും പരിഹരിക്കപ്പെടും. ജ്യോത്സ്യൻ പറഞ്ഞപടി പതിനൊന്നാം നാളിലെ തിഥി ചടങ്ങിന് മാംസം വിളമ്പിയും ഗ്രാമത്തെയും അയൽഗ്രാമത്തെയും ക്ഷണിച്ചും ചടങ്ങു ഭംഗിയാക്കാം. സെഞ്ച്വറിയുടെ മകനും തന്റെ അച്ഛനുമായ ഗദ്ദപ്പ കൊന്നാലും ഓഫീസുകളിൽ എഴുത്തു കുത്തുകൾക്കായി വരില്ല എന്ന് കട്ടായം പിടിക്കുമ്പോൾ അപ്പന്റെ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നത് മാത്രമാണ് അയാൾക്ക് മുന്നിലുള്ള പോംവഴി. ലോകം കറങ്ങാൻ കൈയ്യിൽ കാശും നൽകി അപ്പനെ പറഞ്ഞു വിടുന്നതും, ഒരു ഇടയ സ്ത്രീയുമായി അഭി പ്രണയത്തിലാകുന്നതും ഒക്കെയായി സിനിമ മുന്നോട്ടു പോകുമ്പോൾ ഈ ഗ്രാമം അതിന്റെ ദാരിദ്ര്യത്തിന്റെ വന്യതയിലും ഒരു പുഞ്ചിരി ആവുന്നു. വെയിലിന്റെ നിറമാണ് സിനിമയ്ക്ക്. വിയർപ്പിന്റെ മണവും.ഇനി മറ്റൊരു കഥ പറയാം. മാണ്ഡ്യയിലെ പാണ്ഡവപുരം താലൂക്കിൽ നിങ്കെ ഗൗഡ എന്നൊരു കരിമ്പു കർഷകൻ ഉണ്ടായിരുന്നു. ഏകദേശം ഈ കഥയിലെ തമണ്ണ ഗൗഡയുടെ പ്രായം ഉള്ള ആളാണ്. ഒരു ദിവസം രാവിലെ തന്റെ അരയേക്കർ കരിമ്പു പാടത്തു വന്ന ഗൗഡ ആ പാടത്തിനു തീ കൊളുത്തി. അതിലേക്ക് ചാടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിൽ കർണാടകയിൽ നൂറു കണക്കിന് കർഷക ആത്മഹത്യകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും നവലിബറൽ നയങ്ങൾ കൊന്നു തള്ളുന്ന നന്മകളെ നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട് തിഥി എന്ന ചിത്രം. കരിമ്പു പാടം നനയ്ക്കാൻ പറയുന്ന തമണ്ണയെ പുച്ഛിക്കുന്നുണ്ട് ഭാര്യയും മകനും ചിത്രത്തിൽ. ഫോറസ്റ്റുകാർ അറിയാതെ മകൻ പാഴ്മരം മുറിച്ചും അരുവിയിലെ മണൽ വാരി വിറ്റും കിട്ടുന്ന പണം കൊണ്ടാണ് ആ കുടുംബം കഴിയുന്നത്. കൃത്യമായ വൈദ്യുതി മുടങ്ങുന്നത് കൊണ്ട് വരണ്ടു പോകുന്ന കരിമ്പു പാടങ്ങളും, ഇതു മുഴുവൻ കിട്ടുന്ന വിലയ്ക്ക് പട്ടണത്തിൽ ഉള്ളവർക്ക് വിറ്റു മാറുന്നതിനെ പറ്റിയുള്ള പ്രതീക്ഷകളും ചൂണ്ടുന്നത് മറ്റൊന്നിലേക്കല്ല. ഈ മക്കോണ്ടോയുടെ മരണം പ്രകൃതിയുടെ കൈ കൊണ്ടല്ല, നയങ്ങളിൽ ചതിക്കപ്പെട്ട് ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നതാണ്. 'തിഥി' അടുത്തയിടെ ഇറങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രമാണ്.

കട്ടപ്പനയിൽ ഒരു ശവോടക്കു ദിവസം


തിഥിയിൽ പരിചയമില്ലാത്ത ഒരു സംസ്‌കാരത്തെ വിരണ്ടു നിന്നു കാണുകയായിരുന്നെങ്കിൽ ഡോൺ പാലത്തറയുടെ ''ശവ''ത്തിൽ എത്തിയപ്പോൾ ഞാൻ ആ സംസ്‌ക്കാര ചടങ്ങിൽ ഭാഗമാവുകയായിരുന്നു. പുറം ലോകത്തു നിന്ന് ഒറ്റപ്പെട്ട തുരുത്തിൽ ആയിരുന്നു സെഞ്ച്വറി ഗൗഡയുടെ ശവസംസ്‌ക്കാര ചടങ്ങെങ്കിൽ, കട്ടപ്പനയിലെ തോമാച്ചന്റെ സംസ്‌ക്കാര ശുശ്രൂഷയ്ക്ക് ചങ്ങനാശേരിയിൽ നിന്ന്, ബാംഗ്ലൂർ നിന്ന്, എന്തിന് യൂകെയിൽ നിന്ന് വരെ എത്തിയ ആളുകളുണ്ട്.

ശവം വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടതാകുന്നത് അത് ഉണർത്തി വിട്ട നൂറു കണക്കിന് ഓർമ്മകൾ മൂലമാണ്. ഒരു സിറിയൻ കത്തോലിക്കൻ വീട്ടിലെ ശവമടക്ക് ചടങ്ങിൽ ക്യാമറ സ്ഥാപിച്ചാൽ ഇതിനപ്പുറം ഒന്നും കാണാനില്ല. ഇത്ര മിഴിവോടെയും ജീവനോടെയും ചിത്രീകരിച്ച ഡോണിന് കൈയ്യടി കൊടുക്കാതെ തരമില്ല.

ശവത്തിൽ ഒരു കഥയോ അതിന്റെ വികാസമോ ക്‌ളൈമാക്‌സിലേക്കുള്ള യാത്രയോ ഒന്നും തന്നെയില്ല. തോമാച്ചൻ എന്ന ചെറുപ്പക്കാരന്റെ ശവം വീട്ടിൽ എത്തിക്കുമ്പോൾ മുതൽ വീട്ടിൽ നിന്ന് സെമിത്തേരിയിലേക്ക് ഇറക്കുന്നത് വരെയുള്ള സമയത്തിന്റെ ഡോക്യൂമെന്റേഷൻ ആണ് ഇത്. ബന്ധുക്കൾ മിത്രങ്ങൾ അയൽക്കാർ അങ്ങനെ പലരും ക്യാമറയ്ക്കു മുന്നിലൂടെ പോകുന്നു; മുന്നിലേക്ക് വരാത്ത പല പിൻവാതിൽ കാഴ്ചകളിലേക്ക് ക്യാമറ നേരിട്ടു പോകുന്നു. പെട്ടെന്നുണ്ടായ മരണത്തിൽ നടുക്കം മാറാത്ത കുടുംബം, ചടങ്ങു കൂട്ടിമുട്ടിക്കാൻ പെടുന്ന പാടുകൾ, വരുന്നവരിലും പോകുന്നവരിലും അവരുടെ സംസാരത്തിലും ഉരുത്തിരിയുന്ന ഗ്രാമീണ രാഷ്ട്രീയ ശീലുകൾ. നോട്ടത്തിന്റെ പ്രകൃതി കൊണ്ടു പോലും ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്ന ക്യാമറ.

ഒരു ശവത്തെ മുന്നിൽ കിടത്തി ഡോൺ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാവില്ല. അത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും കൊച്ചു വർത്തമാനങ്ങളിൽ കൂടി ഉടലെടുത്തു പൂർണ രൂപം പ്രാപിക്കുന്ന പല മനോഗതികളാണ്. ഒന്നു സൂക്ഷിച്ചു കേട്ടു നോക്കൂ..നമുക്ക് ബംഗാളികളെ പറ്റി കേൾക്കാം, ജോലിയെയും കൂലിയെയും കുറിച്ച് കേൾക്കാം, തൊഴിലില്ലായ്മ കേൾക്കാം, ഇന്ത്യ വിട്ട് പുറത്തു പോകാനുള്ള വെമ്പലുകൾ കേൾക്കാം. ഇതിന്റെയൊക്കെ അപ്പുറത്ത് 'മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ' എന്നു റെക്കോർഡർ പിന്നിൽ നിന്ന് പാടുന്നത് കേൾക്കാം. ഒരു മരണത്തിലൂടെ ഒരു നാടിനെ ഫോക്കസിൽ കൊണ്ടുവന്നു നിർത്താനും, ലൊക്കേഷനും സമയവും ഫ്രീസ് ചെയ്തു നിർത്തി ഡോക്യുമെന്റ് ചെയ്യാനും ഡോൺ വിജയിച്ചിരിക്കുന്നു. ആ നിലക്ക് ഡോണിന്റെ ആദ്യ ചിത്രം റിയലിസ്റ്റിക് സിനിമ നിറവേറ്റണ്ട രാഷ്ട്രീയ കടമ കൃത്യമായി നിർവഹിക്കുന്ന ഒന്നാണ്.

ഇടുക്കിയും മാണ്ഡ്യയും രണ്ടു കാർഷിക മേഖലകളാണ്. മാണ്ഡ്യക്കപ്പുറം ലോകം ഇല്ലാത്ത ആ ഗ്രാമവും കട്ടപ്പനയിലെ ഈ ഗ്രാമവും തമ്മിലുള്ള അന്തരം ഭീമമാണ്. ജീവിത നിലവാരത്തിലും ലോക വീക്ഷണത്തിലും. മാണ്ഡ്യയിൽ നിന്ന് ഇടുക്കിയിലേക്ക് എത്ര ദൂരമുണ്ട്?