വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ്

ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണു മാര്‍ട്ടിന്റെ ഹര്‍ജി.

വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ്

വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടുകെട്ടല്‍ ഉത്തരവിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 23 കേസുകള്‍ സിബിഐ എഴുതിത്തള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണു മാര്‍ട്ടിന്റെ ഹര്‍ജി.


കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസിന്റെ ഭാഗമായാണ് മാര്‍ട്ടിനെതിരെയുള്ള കണ്ടുകെട്ടല്‍ ഉത്തരവ് നിലനില്‍ക്കുന്നത് എന്നുള്ളതിനാല്‍ നിയമപ്രകാരമുള്ള അപ്പീല്‍ അധികാരികളെ സമീപിക്കാതെ കോടതിയില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിക്കുകയായിരുന്നു. മറ്റധികൃതരുടെ നിലപാട് അറിയാനായി ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ കേസ് മാറ്റി.

സിക്കിം ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളുടെ ലോട്ടറി വിതരണക്കാരനായ മാര്‍ട്ടിന്‍ വ്യാജലോട്ടറി വിറ്റുവെന്ന് ആരോപിക്കുന്ന 32 കേസുകളില്‍ ഏഴെണ്ണത്തിനു സിബിഐ അന്തിമറിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വന്തം ബിസിനസില്‍ കടന്നുകയറുന്നുവെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങാതായപ്പോള്‍ കോടതി ഇടപെട്ടു വില്‍പന അനുവദിച്ചതായി മാര്‍ട്ടിന്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. ഇതോടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണു സര്‍ക്കാര്‍ കേസുകള്‍ സിബിഐക്കു വിട്ടതെന്നും ആരോപിച്ചു.

സിബിഐ 23 കേസുകള്‍ എഴുതിത്തള്ളിയിരുന്നു. 2014 ഓഗസ്റ്റ് 19ന് ഏഴു കേസിലെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, വിശ്വാസവഞ്ചന, ഗൂഢാലോചനക്കുറ്റങ്ങള്‍ക്കാണു കേസ്. എന്നാല്‍ ലോട്ടറി നിയന്ത്രണ നിയമം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നു ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ നിയമപ്രകാരം നടപടിക്കു കാരണമില്ല എന്നാണ് സിബിഐയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ സൂചന. മറ്റു വകുപ്പുകളും നിലനില്‍ക്കില്ലെന്നും വഞ്ചിക്കപ്പെട്ടതായി ആര്‍ക്കും പരാതിയില്ലെന്നും മാര്‍ട്ടിന്റെ ഹര്‍ജിയില്‍ പറയുന്നു. സിക്കിം സര്‍ക്കാരിനല്ലാതെ ആര്‍ക്കും പരാതി നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. നിയമനടപടികളുടെ ദുരുപയോഗമായതിനാല്‍ നടപടി റദ്ദാക്കണമെന്നാണു മാര്‍ട്ടിന്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

Read More >>