സൽമാൻ ഖാനും മാപ്പും

സിനിമയ്ക്ക് സാമ്പത്തിക വിജയം ഉറപ്പു വരുത്തുന്ന ലോകമെമ്പാടും ആരാധകരുള്ള ഒരു സൂപ്പർ താരം എന്ന നിലയിലും, ബോളിവുഡിലെ 'കോടിപതി ക്ലബിലെ' ഒന്നാം നിരക്കാരൻ എന്ന നിലയിലും സൽമാൻ ഖാൻ എന്ന വ്യക്തി രാജ്യത്തെ നിയമങ്ങൾക്കു അതീതനാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ജോണി എം എൽ എഴുതുന്നു.

സൽമാൻ ഖാനും മാപ്പും

ജോണി എം എൽ

ജീവിതത്തിൽ അധികമാരോടും അടുപ്പം കാണിക്കാത്ത സൽമാൻ ഖാൻ സ്വന്തം സിനിമകളുടെ റിലീസ് അടുക്കാറാകുമ്പോൾ ഏതെങ്കിലും വിവാദത്തിൽ ചെന്നുപ്പെടുകയും ദേശിയ ശ്രദ്ധയിലെത്തുകയും ചെയ്യും. ജൂലൈ 5 തീയതി ഈദ് ദിനത്തിൽ സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സുൽത്താൻ റിലീസ് ചെയ്യാനിരിക്കെ സിനിമാ ഷൂട്ടിംഗിന്റെ അനുഭവങ്ങളെ കുറിച്ചു പറയുന്ന വേളയിൽ ഒരു ഗുസ്തിക്കാരന്റെ റോളിൽ അഭിനയിക്കവേ വീണ്ടും വീണ്ടും നിലത്തടിക്കുന്നതും അടിക്കപ്പെടുന്നതും തനിക്ക് പീഡനത്തിനു വിധേയയായ ഒരു പെൺക്കുട്ടിയുടെ അനുഭവമാണ് നൽകിയതെന്ന് പറഞ്ഞു. പറഞ്ഞത് തെറ്റി പോയോ എന്ന് ഉടനടി ആ നടൻ സംശയിക്കുകയും ചെയ്തു. ഈ സംഭവം പക്ഷെ, വൻ വിവാദമാണ് ഉയർത്തിയത്. അതുക്കൊണ്ട്, റിലീസ് ആകാനിരിക്കുന്ന സിനിമയ്ക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. മിക്കവാറും എല്ലാ സ്ത്രീ സ്വാതന്ത്ര്യ സംഘടനകളും വ്യക്തികളും സൽമാന്റെ ഈ പ്രസ്താവനയെ വിമർശിച്ചു. ബോളിവുഡ് വ്യവസായത്തിന് ഉള്ളിൽ നിന്നു തന്നെ സൽമാൻ വിമർശനം നേരിട്ടു. വിഷയത്തിൽ സ്വമേധയാ ഇടപ്പെട്ട ദേശിയ വനിതാ കമ്മീഷൻ സൽമാൻ പ്രസ്തുത പരാമർശത്തിന്നു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടെങ്കിലും നടൻ നൽകിയ വിശദികരണത്തിൽ ഖേദപ്രകടനത്തിന്റെ സ്വരമല്ലാതെ ഒരു മാപ്പ് ചോദിക്കൽ ഇല്ലാത്തതിനാൽ അയാളെ വനിതാ കമ്മീഷന് മുൻപിൽ ഈ മാസം 8ന് ഹാജരാകാൻ നിർദേശിച്ചിരിക്കുകയാണ്.


സൽമാൻ അതിന്നു വഴങ്ങുമോ ഇല്ലയോ എന്ന കാര്യം വേറെ. പക്ഷെ, ഒരു സിനിമയ്ക്ക് സാമ്പത്തിക വിജയം ഉറപ്പു വരുത്തുന്ന ലോകമെമ്പാടും ആരാധകരുള്ള ഒരു സൂപ്പർ താരം എന്ന നിലയിലും, ബോളിവുഡിലെ 'കോടിപതി ക്ലബിലെ' ഒന്നാം നിരക്കാരൻ എന്ന നിലയിലും സൽമാൻ ഖാൻ എന്ന വ്യക്തി രാജ്യത്തെ നിയമങ്ങൾക്കു അതീതനാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. 1998 ലാണ് സൽമാൻ ആദ്യമായി നിയമവുമായി ഉരസുന്നത്. സിനിമ രംഗത്ത് എത്തിയിട്ടു പത്തു വർഷം പോലും തികഞ്ഞിട്ടില്ലായിരുന്നു. രാജസ്ഥാനിൽ വച്ച് 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗിന്റെ ഇടയിൽ സൽമാൻ 3 കൃഷ്ണമൃഗങ്ങളെ (ചിങ്കാര) വേട്ടയാടി കൊന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ ഒരു തോക്കും റിവോൾവറുമാണ് ഇതിനു ഉപയോഗിച്ചത്. ജോധ്പൂരിലെ ബിഷ്‌ണോയികൾ എന്ന അറിയപ്പെടുന്ന ഒരു മത വിഭാഗത്തിന്റെ ആരാധനാ മൃഗങ്ങളെയാണ് കൊന്നതെന്നതിനാൽ കേസ് ഉറച്ചു. സൽമാനെതിരെ മത വിശ്വാസികൾ തന്നെ കോടതിയിൽ സാക്ഷി പറയുകയും പിന്നീട് സൽമാന് 2 പ്രാവശ്യം ഇതിന്റെ ശിക്ഷയായി ജയിലിൽ കഴിയേണ്ടിയും വന്നു. വിദേശത്തു ഷൂട്ടിംഗിന് പോകുന്നതിനായി പിന്നീട് ഈ ശിക്ഷ ഇളവു ചെയ്യുകയായിരുന്നു.

2002 സെപ്റ്റംബർ 28 തീയതി സൽമാൻ വീണ്ടും വിവാദത്തിൽ പെട്ടു. സൽമാൻ ഓടിച്ചിരുന്നുവെന്നു പറയുന്ന ലാൻഡ് ക്രൂയിസർ എന്ന വാഹനം മുംബൈയിലെ ബാന്ദ്രയിലുള്ള ഹിൽ റോഡിൽ പാതയോരത്ത് ഉറങ്ങി കിടന്നിരുന്ന മനുഷ്യരുടെ മുകളിൽ പാഞ്ഞു കയറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസ് ഏകദേശം 14 കൊല്ലത്തോളം നീണ്ടു പോയി. അന്ന് സൽമാന്റെ സംരക്ഷണത്തിനായി ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ അജ്ഞാത കാരണങ്ങളാൽ തെരുവ് തെണ്ടിയായി മാറുകയും രോഗ ബാധിതനായി മരിക്കുകയും ചെയ്തു. സൽമാന് പകരം കുറ്റം ഏറ്റെടുക്കാൻ പലരും മുന്നോട്ടു വന്നു.

വൈരുദ്ധ്യം എന്നത് ഇക്കാലമത്രയും സൽമാൻ ഖാൻ 'ബീയിംഗ് ഹ്യുമൻ' ( മനുഷ്യനായിരിക്കുക) എന്ന സംഘടന നടത്തുകയും അതിന്റെ ലോഗോ പ്രിൻറ് ചെയ്തിട്ടുള്ള ടി-ഷർട്ടുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ വിപണിയിൽ വിറ്റ് അതിന്റെ ലാഭം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്നതാണ്. കൂടാതെ താൻ വരയ്ക്കുന്ന പെയിന്റിംഗുകൾ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റശേഷം ആ തുകയത്രയും പാവപ്പെട്ടവരെ സഹായിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്നു. ഇതിനൊക്കെയും പുറമേ ഒരു ക്രിമിനൽ കേസിലെ പ്രതിയെന്ന നിലയിൽ വിചാരണ നടക്കുന്ന കാലയളവിൽ തന്നെ സൽമാൻ ഖാൻ നീതിക്ക് വേണ്ടി പൊരുതുന്ന പോലീസ് ഓഫീസർ ആയും (ദബംഗ്) പെൺക്കുട്ടിയുടെ ജീവൻ എന്തു വില കൊടുത്തും സംരക്ഷിക്കുന്ന അംഗരക്ഷകനയും (ബോഡി ഗാർഡ്) ശത്രുനിഗ്രഹം ചെയ്യുന്ന ദേശസ്‌നേഹിയായും (ഏക് ഥാ ടൈഗർ) പാകിസ്ഥാനെയും ഇന്ത്യയും മനുഷ്യ സ്‌നേഹത്താൽ ഇണക്കുന്നവനായും (ബജ്രംഗ് ഭായിജാൻ) അഭിനയിച്ചു കോടികൾ കൊയ്യുകയും ചെയ്തു. ആർക്കും മനസിലാക്കാൻ കഴിയാത്ത ഒരു പ്രഹേളികയാണ് സൽമാൻ എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ജസിം ഖാൻ പറയുന്നത്. എന്നാൽ എന്റർറൈൻമെൻറ് വ്യവസായത്തിന്റെ പല രംഗങ്ങളിലും പ്രവർത്തിക്കുമ്പോൾ സൽമാൻഖാൻ തന്റെ പ്രഹേളിക മൂടുപടം അഴിച്ചുവയ്ക്കുന്നു. തന്റെ വ്യക്തി സ്വാധീനം കൊണ്ട് സൽമാൻ ഖാൻ പലരുടെയും കരിയറിനെ വാർത്തെടുക്കുകയും തകർക്കുകയും ചെയ്യുന്നു.

ഒരു നിത്യ ബ്രഹ്മചാരിയാണെന്ന ഇമേജ് നിലനിർത്തിക്കൊണ്ടുതന്നെ ബോളിവുഡ് ഫിലിം വ്യവസായ രംഗത്ത് കടന്നു വരുന്ന മിക്കവാറും എല്ലാ നായികമാരുടെയും രക്ഷാകർതൃത്വം അയാൾ ഏറ്റെടുക്കുന്നു. ഇതിൽ ചിലരെങ്കിലും സൽമാന്റെ കാമുകിമാർ എന്ന നിലയിലാണ് സിനിമാ രംഗത്ത് പ്രചാരം നേടിയത്. ഈ നായികമാർ എല്ലാം സിനിമാ കുടുംബങ്ങളിൽ നിന്ന് വന്നവരല്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഐശ്വര്യ റായി, കത്രീന കൈഫ് എന്നിവരുമായി സൽമാന് ഉണ്ടായിരുന്ന ബന്ധവും അത് തികച്ചും അശ്ലീയമാം വിധം അവസാനിച്ചു എന്ന കാര്യവും എല്ലാവർക്കും അറിയാം. പല ഗായകരുടെയും സംഗീത സംവിധായകരുടെയും ഭാവി നിർണ്ണയിക്കുന്നത് പോലും സൽമാൻ ആണെന്നു ഒന്നിലധികം തെളിവുകളുണ്ട്.

ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിൽ ബോളിവുഡിലെ 3 ഖാന്മാർ (ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ) ഉത്പാദിപ്പിക്കുന്ന സമ്പത്തിന്നു വലിയൊരു പങ്കുണ്ട്. 50 വയസ്സ് തികയാത്ത ഈ 3 ഖാന്മാരും പല അവസരങ്ങളിലും പരസ്പരം തല്ലുകൂടിയിട്ടുണ്ട്. സൽമാനിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്ന ഷാരുഖും ആമിറും സൽമാനെ അധികം വിമർശിക്കാറില്ല. പീഡന പ്രസ്താവനയുടെ കാര്യത്തിൽ ഷാരൂഖ് ഖാൻ സൽമാനെ വിമർശിച്ചില്ല എന്നു മാത്രമല്ല, താനും വിവാദ പുരുഷനാണ് അതിനാൽ മറ്റൊരാളെ ജഡ്ജ് ചെയ്യാൻ തനിക്കു കഴിയില്ലെന്ന് പറഞ്ഞു കൈയൊഴിയുകയാണ് ചെയ്തത്. ജനനം കൊണ്ട് മുസ്ലീമുകളാണെങ്കിലും വിവാഹം കൊണ്ടും മറ്റു ബന്ധങ്ങൾ കൊണ്ടും ഈ 3 ഖാന്മാരും ഹിന്ദു മതവുമായി അടുത്ത ബന്ധം പുലർത്തുന്നു. സൂപ്പർ സ്റ്റാർഡത്തിനു മതമില്ല..പണത്തിന്നും. കഴിവും സമ്പത്തും അവരെ മതത്തിനു അതീതരാക്കുന്നു.

പക്ഷെ നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാകണം. സൽമാൻ ഖാൻ ആയതുകൊണ്ട് മാത്രം അയാൾ തെറ്റായ ഒരു പദപ്രയോഗം നടത്തിയാൽ അതിന്നു മാപ്പ് പറയാതിരിക്കുന്നത് നിയമം തന്നെ ഒന്നും ചെയ്യില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണ്. എന്ന് മാത്രമല്ല, ഒരു പ്രാവശ്യം കുറ്റം ചെയ്യുകയും അതിനു ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നത് തുടർന്ന് കുറ്റം ചെയ്യാനുള്ള ലൈസൻസുമല്ല. മാപ്പ് പറയുന്നത് പിന്നീട് ഒരിക്കലും അത് ചെയ്യാതിരിക്കാനുള്ള ഉറപ്പായിട്ടു കൂടിയാണ്. സൂപ്പർസ്റ്റാർ എന്ന പദവി ഉത്തരവാദിത്തമുള്ള ഒന്നാണ്. സമൂഹത്തോട് അതിനു വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഉണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി പോലും സമ്മതിക്കുന്ന കാര്യമാണിത്. 50 വയസ്സ് കഴിഞ്ഞ സൽമാൻ പക്വത കാട്ടിയെ തീരു.

Story by