സിറിയയില്‍ ഐഎസിനെ നേരിടാന്‍ റഷ്യയുമായി സൈനിക സഹകരണത്തിന് ശ്രമിച്ച് അമേരിക്ക

മുമ്പ് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ അഭ്യര്‍ത്ഥന പ്രകാരം റഷ്യ സിറിയയില്‍ ഇടപെട്ടിരുന്നു. അന്ന് റഷ്യന്‍ ആക്രമണത്തില്‍ വന്‍ തകര്‍ച്ചയാണ് ഐഎസിനുണ്ടായത്. എന്നാല്‍ ഈ ഇടപെടലിനെ വിമര്‍ശിച്ച് അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തുകയും തുടര്‍ന്ന് മാസങ്ങള്‍ നീണ്ട സൈനിക നീക്കം റഷ്യ അവസാനിപ്പിക്കുകയുമായിരുന്നു. അതിനുശേഷമാണ് പ്രശ്‌നത്തില്‍ റഷ്യന്‍ സഹകരണം തേടി അമേരിക്ക നേരിട്ടുതന്നെ രംഗത്തെത്തിയത്.

സിറിയയില്‍ ഐഎസിനെ നേരിടാന്‍ റഷ്യയുമായി സൈനിക സഹകരണത്തിന് ശ്രമിച്ച് അമേരിക്ക

സിറിയയില്‍ ഐഎസിനെയും അല്‍ക്വയ്ദയെയും നേരിടാന്‍ റഷ്യയുമായി സൈനിക സഹകരണത്തിന് ശ്രമിച്ച് അമേരിക്ക. ഇന്നു മോസ്‌കോയില്‍ എത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം സംബന്ധിച്ചു റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ച സഹായിക്കുമെന്ന് യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ മിസ്തൂര പ്രത്യാശിച്ചു.

മുമ്പ് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ അഭ്യര്‍ത്ഥന പ്രകാരം റഷ്യ സിറിയയില്‍ ഇടപെട്ടിരുന്നു. അന്ന് റഷ്യന്‍ ആക്രമണത്തില്‍ വന്‍ തകര്‍ച്ചയാണ് ഐഎസിനുണ്ടായത്. എന്നാല്‍ ഈ ഇടപെടലിനെ വിമര്‍ശിച്ച് അമേരിക്കയും സഖ്യരാജ്യങ്ങളും രംഗത്തെത്തുകയും തുടര്‍ന്ന് മാസങ്ങള്‍ നീണ്ട സൈനിക നീക്കം റഷ്യ അവസാനിപ്പിക്കുകയുമായിരുന്നു. അതിനുശേഷമാണ് പ്രശ്‌നത്തില്‍ റഷ്യന്‍ സഹകരണം തേടി അമേരിക്ക നേരിട്ടുതന്നെ രംഗത്തെത്തിയത്.

എന്നാല്‍ റഷ്യയുമായി സഹകരിക്കുന്നതിനോട് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. സിറിയയില്‍ യുഎസിന്റെയും അമേരിക്കയുടെയും ലക്ഷ്യം വ്യത്യസ്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ ഐഎസിനെ തുരത്തുന്നതില്‍ അമേരിക്കയ്ക്കു താത്പര്യമില്ലെന്നു സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് അമേരിക്കയിലെ എന്‍ബിസി ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു. അമേരിക്ക നേരത്തെതന്നെ സിറിയയില്‍ ഭീകരര്‍ക്കെതിരേ വ്യോമാക്രമണം ആരംഭിച്ചെങ്കിലും ഭീകര പ്രവര്‍ത്തനം ശക്തിപ്പെടുകയായിരുന്നു. റഷ്യ വ്യോമാക്രമണം ആരംഭിച്ചതിനെത്തുടര്‍ന്നാണു ഭീകരര്‍ ഒതുങ്ങിയതെന്ന് അസാദ് പറഞ്ഞു. ഭീകരരെ തുടച്ചുനീക്കാനാണ് സിറിയയും റഷ്യയും ലക്ഷ്യമിടുന്നത്. എന്നാല്‍ ചില ഭീകരഗ്രൂപ്പുകളെ സഹായിക്കാനും തന്റെ സര്‍ക്കാരിനെ അവരുടെ സഹായത്തോടെ മറിച്ചിടാനുമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് അസാദ് ആരോപിച്ചു.