വെയില്‍സിനെ 2 -0 ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് ; ക്രിസ്റ്റ്യാനോയ്ക്ക് യൂറോ റെക്കോര്‍ഡ്

ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോയുടെ കളിമികവില്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശം. സെമിയില്‍ ഒരു ഗോള്‍ നേടിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതു ഗോളുകളെന്ന മൈക്കിള്‍ പ്ലാറ്റിനിയുടെ റെക്കാർഡിനൊപ്പം ക്രിസ്റ്റ്യാനോയും എത്തി. 2004ന് ശേഷം യൂറോ കപ്പിന്റെ ഫൈനലിലേക്ക് അവര്‍ ആദ്യമായി പ്രവേശിക്കുകയും ചെയ്തു.

വെയില്‍സിനെ 2 -0 ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് ; ക്രിസ്റ്റ്യാനോയ്ക്ക് യൂറോ റെക്കോര്‍ഡ്

ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി പറങ്കിപ്പട യൂറോ കപ്പിന്റെ ഫൈനലിലേക്ക്. ഒരു ഗോള്‍ അടിക്കുകയും മറ്റൊരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോയുടെ കളിമികവില്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശം.
സെമിയില്‍ ഒരു ഗോള്‍ നേടിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതു ഗോളുകളെന്ന മൈക്കിള്‍ പ്ലാറ്റിനിയുടെ റെക്കാർഡിനൊപ്പം ക്രിസ്റ്റ്യാനോയും എത്തി.  2004ന് ശേഷം യൂറോ കപ്പിന്റെ ഫൈനലിലേക്ക് അവര്‍ ആദ്യമായി പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ ഇതേസമയം, ആദ്യമായി എത്തിയ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍മാരെ മുട്ടുകുത്തിച്ച ഗാരത് ബെയിലിന്റെ വെയില്‍സ് എന്ന കറുത്തകുതിരയ്ക്ക് പുറത്തേക്കുള്ള വഴിയും ഒരുങ്ങി.

ഗോളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 50-ആം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. പരിക്കില്‍ നിന്നും മോചിതനായി കളത്തിലിറങ്ങിയ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ റഫേല്‍ ഗ്വെരാരോയുടെ ക്രോസ് തല കൊണ്ട് കുത്തി റൊണാള്‍ഡോ വെയില്‍സിന്റെ വലയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം, വെയില്‍സ് ഗോളി ഹെന്നസിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യഗോളിന്റെ അമ്പരപ്പ് മാറുന്നതിനിടെ രണ്ടാം ഗോളും മൂന്നുമിനിറ്റിനകം (53ആം മിനിറ്റില്‍) പിറന്നു. ഇത്തവണ ഫോര്‍വേഡ് നാനിയുടെ വകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉയര്‍ത്തി നല്‍കിയ പന്ത് പിന്തുടര്‍ന്ന് പിടികൂടി ഹെന്നസിയെ കബളിപ്പിച്ച് ഫെനര്‍ബാഷെയുടെ സ്ട്രൈക്കര്‍ കൂടിയായ നാനി വെയില്‍സ് വലയിലാക്കി.
പിന്നീട് മിഡ്ഫീല്‍ഡര്‍ ജോ ലെഡ്ലിയെ മാറ്റി മറ്റൊരു സ്ട്രൈക്കറായ സാം വോക്സിനെയും ഹാള്‍ റോബ്സണ്‍ കാനുവിന് പകരം സൈമണ്‍ ചര്‍ച്ചിനെയും മുന്‍നിരയിലേക്ക് അയച്ച് ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടാന്‍ വെയില്‍സ് കോച്ച് ക്രിസ് കോള്‍മാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ പ്രതിരോധനിരയില്‍ നിന്ന് കോളിന്‍സിന് പകരം മിഡ്ഫീല്‍ഡര്‍ ജൊനാഥന്‍ വില്യംസിനെയും ക്രിസ്മാന്‍ കളത്തിലിറക്കി.
തുടര്‍ന്ന് 76-ആം മിനിറ്റിലും 83-ആം മിനിറ്റിലും ഗാരത് ബെയില്‍ പറങ്കികളുടെ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടെങ്കിലും പന്ത് ഗോളി റൂയി പട്രീഷ്യോയുടെ കൈകളില്‍ വിശ്രമിച്ചു. കളിയില്‍ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഗാരത് ബെയിലിനും മഞ്ഞക്കാര്‍ഡ് കാണേണ്ടിവന്നു. ഇരുഭാഗത്തുമായി അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് പിറന്നത്. 56 ശതമാനം പൊസഷനോടെ വെയില്‍സ് ആണ് കളം നിറഞ്ഞ് കളിച്ചതെങ്കിലും വിജയം പോര്‍ച്ചുഗലിനൊപ്പം ആയിരുന്നു നിന്നത്. ഇതിനിടെ 510 പാസുകള്‍ വെയില്‍സ് പരസ്പരം കൈമാറിയപ്പോള്‍ പറങ്കികള്‍ക്ക് കൈമാറാനായത് 393 പാസുകള്‍ മാത്രം. എന്നാല്‍ പോര്‍ച്ചുഗല്‍ ആറു ഷോട്ടുകള്‍ ഗോള്‍മുഖത്തേക്ക് പായിച്ചപ്പോള്‍ മൂന്നു ഷോട്ടുകള്‍ മാത്രമാണ് വെയില്‍സിന് തൊടുക്കാനായത്.
ഇത്തവണത്തെ യൂറോ കപ്പില്‍ നിശ്ചിത 90 മിനിറ്റിനുള്ളില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ വിജയിക്കുന്നത്. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ വെള്ളിയാഴ്ച രാത്രി (ഇന്ത്യന്‍ സമയം 12.30ന്) നടക്കുന്ന മത്സരത്തിലെ വിജയികളെയാകും പറങ്കികള്‍ക്ക് ഫൈനലില്‍ നേരിടേണ്ടിവരിക.

Read More >>