മെഴ്‌സിഡസ് ബെന്‍സിലെ പിക്കാച്ചു; പോക്കിമോന്‍ കളിച്ച് മുംബൈയില്‍ അപകടം

മുംബൈയിലാണ് പിക്കാച്ചു കാരണം അപകടമുണ്ടായത്. മുംബൈ സ്വദേശിയായ ജാബിര്‍ അലിയാണ് പിക്കാച്ചുവിനെ അന്വേഷിച്ചുള്ള തിരച്ചിലിനിടയില്‍ അപകടത്തില്‍പെട്ടത്.

മെഴ്‌സിഡസ് ബെന്‍സിലെ പിക്കാച്ചു; പോക്കിമോന്‍ കളിച്ച് മുംബൈയില്‍ അപകടം

പോക്കിമോന്‍ ഗോ ഗെയിം കളിച്ചുണ്ടാകുന്ന അപകടങ്ങളും അബദ്ധങ്ങളുമാണ് ഇന്ന് വിര്‍ച്വല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പിക്കാച്ചുവിനെ അന്വേഷിച്ചുള്ള ആളുകളുടെ നെട്ടോട്ടത്തിനിടയില്‍ പല അപകടങ്ങളുമുണ്ടായി. പിക്കാച്ചുവിനെ കണ്ടെത്താനായി രാജ്യാതിര്‍ത്തി കടന്നു വരെ ആളുകള്‍ പോയി. വലിയ ഗതാഗതക്കുരുക്ക് പോലും ലോകത്ത് പലയിടങ്ങളിലായി ഉണ്ടായി. ഒടുവില്‍ അത്തരമൊരു വാര്‍ത്ത ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.


മുംബൈയിലാണ് പിക്കാച്ചു കാരണം അപകടമുണ്ടായത്. പോകിമോന്‍ ഗോയുടെ പേരില്‍ ഇന്ത്യയില്‍ ആദ്യമായാണ് റോഡപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ സ്വദേശിയായ ജാബിര്‍ അലിയാണ് പിക്കാച്ചുവിനെ അന്വേഷിച്ചുള്ള തിരച്ചിലിനിടയില്‍ അപകടത്തില്‍പെട്ടത്.

കാറിലിരുന്ന് പോക്കിമോന്‍ കളിച്ച ജാബിറിന് പിക്കാച്ചു വരുത്തിവെച്ച നഷ്ടം ചില്ലറയല്ല. നടുറോട്ടില്‍ നിന്ന് ഗെയിം കൡ ജാബിറിന്റെ മെഴ്‌സിഡസ് ബെന്‍സ് ഇ240 ലാണ്  ഒരു ഓട്ടോറിക്ഷ വന്നിടിച്ചത്. സംഗതി തന്റെ മെഴ്‌സിഡസ് ബെന്‍സിന് അപകടം പറ്റിയെങ്കിലും പിക്കാച്ചുവിനെ ഉപേക്ഷിക്കാന്‍ ജാബിര്‍ തയ്യാറല്ല. പോക്കിമോന്‍ കളിക്കുന്നവര്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും ജാഗ്രതയോടുകൂടി ഗെയിം കളിക്കണമെന്നുമാണ് ഇരുപത്തിയാറുകാരനായ ജാബിറിന്റെ ഉപദേശം.

സംഭവത്തെ തുടര്‍ന്ന് മുംബൈ പോലീസ് വലിയ ക്യാമ്പെയ്‌നാണ് പിക്കാച്ചു ആരാധകര്‍ക്ക് വേണ്ടി നടത്തുന്നത്. ഗെയിം കളിക്കാനുള്ള സ്ഥലം റോഡല്ലെന്നും ജീവിതം കൊണ്ട് കളിക്കരുതെന്നും മുംബൈ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.പിക്കാച്ചുവിനായുള്ള ഓട്ടത്തിനിടയില്‍ വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തരുതെന്നാണ് പോലീസിന്റെ ഉപദേശം.