റഷ്യയുടെ ഒളിമ്പിക്‌സ് മോഹങ്ങള്‍ക്ക് തിരിച്ചടി

സര്‍ക്കാരിന്റെ സഹായത്തോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്നായിരുന്നു റഷ്യക്കെതിരായ പരാതി.

റഷ്യയുടെ ഒളിമ്പിക്‌സ് മോഹങ്ങള്‍ക്ക് തിരിച്ചടി

വിയന്ന: റിയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ താരങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയ റഷ്യയുടെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ റഷ്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ വിലക്ക് വന്നേക്കും.

സര്‍ക്കാരിന്റെ സഹായത്തോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്നായിരുന്നു റഷ്യക്കെതിരായ പരാതി. ഉത്തേജക പരിശോധനയില്‍ പിടികൂടാതിരിക്കാന്‍ സര്‍ക്കാറും അത്‌ലറ്റിക് ഫെഡറേഷനും ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ)ക്കു വേണ്ടി അന്വേഷണം നടത്തിയ കനേഡിയന്‍ നിയമവിദഗ്ദ്ധന്‍ റിച്ചാര്‍ഡ് മക്ലാറന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.


2010മുതല്‍ 2014വരെ നാലുവര്‍ഷത്തോളം റഷ്യയില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ഉത്തേജകമരുന്നുപയോഗം നടന്നുവെന്നാണ് കണ്ടെത്തല്‍.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, റഷ്യയെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വാഡ രംഗത്തെത്തുകയായിരുന്നു. അമേരിക്ക, കാനഡ, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഏതാനും അത്‌ലറ്റുകളുടെ പ്രവര്‍ത്തിയുടെ പേരില്‍ രാജ്യത്തെ മുഴുവന്‍ വിലക്കുന്നതിനെതിരെയായിരുന്നു അന്താരാഷ്ട്ര കോടതിയില്‍ റഷ്യയുടെ വാദം. കോടതി വിധിയും റഷ്യക്കെതിരെയായതോടെ ഒളിമ്പിക്‌സില്‍ റഷ്യയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

റഷ്യയുടെ റിയോ ഒളിമ്പിക്‌സ് ഭാവി ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് ഇന്റര്‍നാഷനല്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. തര്‍ക്ക പരിഹാര കോടതിയുടെ വിധി വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചത്.