ഒളിമ്പിക്‌സ്: പാകിസ്ഥാനില്‍ നിന്ന് ആര്‍ക്കും 'നേരിട്ട്' യോഗ്യതയില്ല

2016 റിയോ ഒളിമ്പിക്സിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാകിസ്ഥാനില്‍ നിന്ന് ആരും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ 'നേരിട്ട്' യോഗ്യത നേടിയില്ല.

ഒളിമ്പിക്‌സ്: പാകിസ്ഥാനില്‍ നിന്ന് ആര്‍ക്കും

ലാഹോര്‍: 2016 റിയോ ഒളിമ്പിക്സിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാകിസ്ഥാനില്‍ നിന്ന് ആരും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ 'നേരിട്ട്' യോഗ്യത നേടിയില്ല. ഇരുപത് കോടിയോളം ജനങ്ങള്‍ വസിക്കുന്ന പാകിസ്ഥാനില്‍ നിന്നും ഇത്തവണ ലോക കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് 'വൈല്‍ഡ് കാര്‍ഡ്' വഴി പ്രവേശനം ലഭിച്ച ഏഴ് കളിക്കാര്‍ മാത്രമാണ്.

ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും കായിക സംഘടനകളുടെ താത്പര്യമില്ലായ്മയുമാണ് രാജ്യത്തെ കായികരംഗത്തെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത്. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാവുന്ന ഒരു സൗകര്യവും രാജ്യത്തില്ലെന്ന് മുന്‍ താരങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭൂരിഭാഗം മൈതാനങ്ങളും പരിശീലന കേന്ദ്രങ്ങളും നോട്ടക്കുറവ് കൊണ്ട് അവഗണിക്കപ്പെട്ടുകിടക്കുകയാണ് എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. സ്ത്രീകള്‍ക്ക് പരിശീലനം നടത്തി വളര്‍ന്നു വരാനുള്ള യാതൊരു സാഹചര്യവും രാജ്യത്ത് ഇല്ലായെന്നു ചില വനിതാ താരങ്ങളും കുറ്റപ്പെടുത്തുന്നു. 

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലയെന്നാണ് പാകിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിന്റെ നിലപാട്.

ഒരു കാലത്ത് പാക് ടീമിന്‍റെ തട്ടകമായിരുന്ന ഒളിമ്പിക്സ് ഹോക്കിയില്‍ നിന്നും അവര്‍ ഇത്തവണ പുറത്തു പോയി. ചരിത്രത്തില്‍ ഇത് ആദ്യമായിയാണ് പാക് ടീം ഒളിമ്പിക്സ് ഹോക്കി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടാതെ പോകുന്നത്.

1992ലാണ് പാകിസ്ഥാന്‍ അവസാനമായി ഒരു ഒളിമ്പിക് മെഡല്‍ നേടുന്നത്. വ്യക്തിഗത വിഭാഗത്തില്‍ ഇതുവരെയായി രണ്ട് മെഡലുകള്‍ മാത്രമാണ് പാകിസ്ഥാന്‍ നേടിയത്. 1960ല്‍ ഗുസ്തിയിലും 1988ല്‍ ബോക്‌സിങ്ങിലും.