വിവരാവകാശ നിയമവും വെല്ലുവിളികളും

സർക്കാരിന്റെ രഹസ്യ സ്വഭാവം അവസാനിപ്പിക്കുക വഴി നമ്മുടെ ജനാധിപത്യ ഭരണ സംവിധാനത്തിലെ ജനങ്ങളുടെ തൊട്ടുകൂടായ്മ ഇല്ലാതാക്കിയ നാഴികക്കല്ലാണ് വിവരാവകാശ നിയമം എന്ന് വിശേഷിപ്പിക്കാം. മഹേഷ് വിജയന്‍ എഴുതുന്നു.

വിവരാവകാശ നിയമവും വെല്ലുവിളികളും

മഹേഷ് വിജയന്‍

വിവരാവകാശ നിയമം അഥവാ അറിയുവാനുള്ള അവകാശ നിയമം പാർലനമെന്റ് പാസ്സാക്കി കേന്ദ്രത്തിലും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ട് ഒരു ദശാബ്ദം കഴിഞ്ഞു. നമ്മുടെ സർക്കാർ പൂർണമായും പ്രവർത്തിക്കുന്നത് ജനങ്ങളിൽ നിന്നും പിരിയ്ക്കുന്ന നികുതിപ്പണം കൊണ്ടായതിനാൽ ആ പണം എങ്ങനെ ചിലവഴിച്ചു എന്നറിയുന്നതിനുള്ള അവകാശം രാജ്യത്തെ എല്ലാ പൗരന്മാർക്കുമുണ്ട്. 2005ലെ വിവരാവകാശ നിയമം ആ അവകാശം പൗരന് നിയമപരമായി അനുവദിച്ച് കൊടുത്തു. സർക്കാരിന്റെ രഹസ്യ സ്വഭാവം അവസാനിപ്പിക്കുക വഴി നമ്മുടെ ജനാധിപത്യ ഭരണ സംവിധാനത്തിലെ ജനങ്ങളുടെ തൊട്ടുകൂടായ്മ ഇല്ലാതാക്കിയ നാഴികക്കല്ലാണ് വിവരാവകാശ നിയമം എന്ന് വിശേഷിപ്പിക്കാം.


അറിവാണ് ആയുധം

അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരായ സാധാരണക്കാരന്റെ കയ്യിലെ ഇരുതല മൂർച്ചയുള്ള ആയുധമായി മാറി വിവരാവകാശ നിയമം 2005. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൈവരികയും ജനങ്ങളോടുള്ള ഉത്തരവാദിത്വം കൂടുകയും ചെയ്തു. നിയമം നടപ്പാക്കിയവരും കാലാകാലങ്ങളിൽ മാറിമാറി വന്ന വിവിധ സർക്കാരുകളും പൗരോന്മുഖമായ ഈ നിയമത്തെ അട്ടിമറിക്കുവാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത് നിയമത്തിന്റെ കരുത്തിനെ ഭയന്നാണ്.

കേരളവും വിവരാവകാശവും

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന വിവരാവകാശ നിയമം ജനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. വിവിധ വിവരാവകാശ സംഘടനകളും കൂട്ടായ്മകളും കേരളത്തിൽ രൂപം കൊണ്ടു. മാധ്യമ, പരിസ്ഥിതി, സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവരാണ് ഇവിടെ ഏറ്റവും കൂടുതൽ നിയമം പ്രയോജനപ്പെടുത്തുന്നത്. ആർ.ടി.ഐയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായിട്ടുള്ള സുപ്രധാനമായ പല കോടതിവിധികളും കേരളത്തിലെ വിവരാവകാശ പ്രവർത്തകരുടെ ശ്രമഫലമായാണ് എന്നതും ശ്രദ്ധേയമാണ്. അനുദിനം ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും ആർ.ടി.ഐ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നിയമത്തിന്റെ സാദ്ധ്യതകൾ

പഞ്ചായത്ത് ഓഫീസ് മുതൽ സുപ്രീം കോടതി വരെ സർക്കാരിന്റെ അധീനതയിലുള്ള രേഖകളും വിവരങ്ങളും പത്ത് രൂപ മുടക്കി വളരെ ലളിതമായ ഒരു അപേക്ഷ നല്കി മുപ്പത് ദിവസത്തിനുള്ളിൽ ഏതൊരു പൗരനും നേടാമെന്ന് വന്നതോടെ, ഇത് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ നിയമങ്ങളിലൊന്നായി തീർന്നു. തങ്ങളുടെ ഏതൊരു പ്രവൃത്തിയും പൊതുസമൂഹത്തിന്റെ നിരീക്ഷണത്തിലാണ് എന്ന ചിന്ത ഉദ്യോഗസ്ഥരെ ജാഗരൂകരും പലപ്പോഴും കർമ്മനിരതരുമാക്കി. സർക്കാർ ഓഫീസുകളിൽ നല്കുന്ന അപേക്ഷകൾക്കും പരാതികൾക്കും യഥാസമയം നിവൃത്തി ലഭിക്കാതെ വരുമ്പോൾ സാധാരണക്കാരും നിയമം പ്രയോജനപ്പെടുത്തി. മന്ത്രിമാരുടേയും വിവിധ വകുപ്പുകളുടേയും പ്രവർത്തനങ്ങളേയും, രാജ്യത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളേയും പൊതുജനങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുകയും അവ മാധ്യമങ്ങളിലുൾപ്പെടെ വാർത്തകയാകുകയും ചെയ്തു. നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ചികിത്സാ രേഖകൾ വരെ പൗരന് ലഭിക്കും. ഉദാഹരണത്തിന്, ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ രോഗിക്കോ അയാളുടെ അടുത്ത ബന്ധുക്കൾക്കോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിവരാവകാശ അപേക്ഷ നല്കിയാൽ 72 മണിക്കൂറിനകം ലഭിക്കുന്നതാണ്.

നേരിടുന്ന വെല്ലുവിളികൾ

നിയമം നടപ്പിൽ വന്ന് 120 ദിവസങ്ങൾക്കുള്ളിൽ എല്ലാ ഓഫീസുകളും തങ്ങളുടെ കൈവശമുള്ള എല്ലാ രേഖകളുടേയും പട്ടികയും സൂചികയും തയ്യാറാക്കണമെന്നും പരമാവധി വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കണമെന്നും സ്വമേധയാ പരസ്യപ്പെടുത്തണമെന്നുമാണ് സെക്ഷൻ 4ൽ പറഞ്ഞിരിക്കുന്നത്. നിയമം നടപ്പിൽ വന്ന് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സെക്ഷൻ 4 നടപ്പാക്കാനായിട്ടില്ല.

ജനങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാൽ മാത്രമേ നിയമം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുകയുള്ളൂ. എന്നാലിന്നും നല്ലൊരു ഭാഗം ജനങ്ങളും നിയമത്തെ കുറിച്ച് അജ്ഞരാണ് എന്നതാണ് യാഥാർത്ഥ്യം. നിശ്ചിത യോഗ്യതയില്ലാത്തവരെ വിവരാവകാശ കമ്മീഷനിൽ അംഗങ്ങളാക്കിയതും നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ, സംസ്ഥാന വിവരാവകാശ കമ്മീഷൻ ശിക്ഷാനടപടികൾ സ്വീകരിക്കാതിരുന്നതും തിരിച്ചടിയായി. വിവരാവകാശ കമ്മീഷൻ ഇപ്പോൾ മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസിൻ എം പോൾ മാത്രമുള്ള ഏകാംഗ കമ്മീഷനാണ്; കെട്ടിക്കിടക്കുന്നതാകട്ടെ 13,200 അപ്പീലുകളും.

മാറിമാറി വന്ന സർക്കാർ നിലപാടുകളും മുഖം തിരിഞ്ഞ് നില്ക്കുന്ന ബ്യൂറോക്രസിയും സർക്കാരിൽ നിന്നും ഗണ്യമായ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമ പ്രകാരം പൊതു അധികാരികളാണെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനം ധിക്കരിച്ച രാഷ്ട്രീയ പാർട്ടികളും നീതിന്യായ നടപടികളുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമം പ്രകാരം നല്കില്ല എന്ന് ചട്ടമുണ്ടാക്കിയ ജുഡീഷ്യറിയും എല്ലാം ചേരുമ്പോൾ വെല്ലുവിളികളുടെ വിവരാവകാശ ചിത്രം പൂർണമാകുന്നു.

വിവരാവകാശ പ്രവർത്തകർ

പൊതുവിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനും നിയമം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തയ്യാറായി യുവജനങ്ങൾ ഉൾപ്പെടെ നിരവധി പേർ കേരളത്തിലും മുന്നോട്ട് വന്നു. നവമാധ്യമങ്ങൾ ഇവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. അഡ്വ: ഡി.ബി ബിനു, ധനരാജ് എസ് എന്നിവർ വളരെ ഫലപ്രദമായി സർക്കാരുകളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുന്നു. വിവരാവകാശ പരിശീലന ക്ലാസുകളുമായി ഡോ എബി ജോര്ജുംള വിവരാവകാശ ക്ലിനിക്കുമായി സാമൂഹ്യ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെ.വി ഷാജിയും ജേര്ണുലിസം വിദ്യാര്ഥിടയായിരിക്കെ തന്നെ തുടർച്ചയായ ഇടപെടലുകളിലൂടെ കാസര്‌ഗോകഡ് മടിക്കൈയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തിയ രഹനാസും ഫാക്ടറിമാലിന്യങ്ങൾ കിണറുകൾ മലിനമാക്കിയ എണ്ണൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനായി പോരാടുന്ന അവിഞ്ഞിക്കാട് പരമേശ്വരനും വിവരാവകാശ പ്രവർത്തകരുടെ ലിസ്റ്റ് അങ്ങനെ നീളുകയാണ്.

ഭാവി ജനങ്ങളിൽ

വിവരാവകാശ നിയമം ദുർബലപ്പെടുത്തുന്നതിനുള്ള ശക്തമായ നീക്കങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും എല്ലാക്കാലത്തും പ്രതീക്ഷിക്കാവുന്നതാണ്. ജാഗരൂകരായിരിക്കുന്ന ഒരു പൊതുസമൂഹത്തിന് മാത്രമേ ഇതിനെ ചെറുത്ത് തോല്പ്പിക്കാനാകൂ. അല്ലെങ്കിൽ മറ്റ് പല ജനപക്ഷ നിയമങ്ങൾക്കും വന്ന ഗതി ഇതിനും ഉണ്ടായെന്ന് വരാം.